ADVERTISEMENT

‘എന്റെ തങ്കു പൂച്ചേ... മിട്ടു പൂച്ചേ... ഇനി എല്ലാവരും ഒരുമിച്ച് സ്നേഹത്തോടെ നീട്ടി വിളിച്ചേ...തങ്കു പൂച്ചേ...’ കേരളം ഒന്നടങ്കം ഹാജരാണ് ഇൗ ടീച്ചറുടെ ക്ലാസിൽ. അത്ര മനോഹരമാണ് ടീച്ചറുടെ അവതരണം. ജൂൺ ഒന്നിന് കുട്ടികളെ സ്കൂളിലാക്കി പുറത്ത് ഏതെങ്കിലും മരത്തിന്റെ ചുവട്ടിലിരുന്ന്, ക്ലാസിൽ വിങ്ങിപ്പൊട്ടിയിരിക്കുന്ന കുഞ്ഞുങ്ങളെ, ജനലിലൂടെ ഒരുനോട്ടം കൊണ്ട് ആശ്വസിപ്പിക്കുന്ന അമ്മമാർ ഇന്ന് ചാനൽ ക്യാമറകളിൽ പതിഞ്ഞില്ല. പകരം വീട്ടിലിരുന്നു മക്കൾക്കൊപ്പം പഠിക്കുന്ന കുടുംബങ്ങളായി അവർ മാറി

അവിടേക്കാണ് ഒന്നാംക്ലാസിലെ കുട്ടികൾക്കുള്ള പാഠങ്ങളുമായി ടീച്ചർ എത്തിയത്. ആരും കേട്ടിരിക്കുന്ന ക്ലാസ് ഇപ്പോൾ കേരളത്തിൽ വൈറലാണ്. ചുരുക്കം പറഞ്ഞാൽ കേരളത്തിലെ കുടുംബങ്ങൾ ടിവിക്ക് മുന്നിൽ പഠിക്കുകയാണ്.

പൂച്ചകളുമായിട്ടാണ് ഒന്നാംക്ലാസിലെ കുട്ടികളെ കാണാൻ സായി ടീച്ചർ എത്തിയത്. ഇൗണത്തിൽ, താളത്തിൽ, കൊഞ്ചിച്ച് കുഞ്ഞുങ്ങളെ തൊടാതെ തൊട്ട് ടീച്ചർ ക്ലാസ് പൂർത്തിയാക്കി. പിന്നാലെ അഭിനന്ദനങ്ങളുടെ പ്രവാഹം. ടീച്ചറുടെ ക്ലാസ് ടിവിയിലൂടെ കേട്ടിരുന്നത് കുഞ്ഞുങ്ങൾ മാത്രമായിരുന്നില്ല. ആ അനുഭവം സായി ശ്വേത എന്ന കോഴിക്കോട്ടുകാരി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

‘അയ്യോ.. ഇത്രമാത്രം വൈറലായോ..? കുട്ടികളുടെ ഇഷ്ടം നേടേണ്ടേ.., ഒന്നാം ക്ലാസ് അല്ലേ.. അവരുടെ ഇഷ്ടത്തിന് പഠിപ്പിക്കണമല്ലോ അതുകൊണ്ടാണ് അങ്ങനെ ചെയ്തത്. എന്റെ പേര് സായി ശ്വേത. കോഴിക്കോടാണ് സ്വദേശം. ഭർത്താവ് ദിലീപ്. അദ്ദേഹം ഗൾഫിലാണ്. ഇപ്പോൾ ചോമ്പാല ഉപജില്ലയിലെ എൽ.പി സ്കൂൾ അധ്യാപികയാണ്. കഴിഞ്ഞ വർഷമാണ് അധ്യാപികയായി ജീവിതം തുടങ്ങുന്നത്. കഴിഞ്ഞ തവണ രണ്ടാം ക്ലാസ് കുട്ടികളെയായിരുന്നു പഠിപ്പിച്ചിരുന്നത്. ഇത്തവണ ഒന്നാം ക്ലാസിന് ഓൺലൈനായി ക്ലാസെടുക്കാൻ അവസരം കിട്ടി. അങ്ങനെയാണ് എത്തുന്നത്. നാളെ 10.30 മുതൽ എന്റെ ക്ലാസുണ്ട്. ആഴ്ചയിൽ രണ്ടു ദിവസമാണ് ഉള്ളത്.

ടിക്ടോക് വിഡിയോകളൊക്കെ ചെയ്യാറുണ്ട്. പിന്നെ അത്യാവശ്യം ഡാൻസൊക്കെ ചെയ്യും. കുട്ടികൾക്ക് ഇഷ്ടപ്പെടുന്ന രീതിയിൽ അങ്ങനെ ക്ലാസ് എടുക്കാൻ ടിക്ടോക് വിഡിയോകൾ സഹായിച്ചെന്നാണ് എന്റെ വിശ്വാസം. അതു എല്ലാവർക്കും ഇഷ്ടമായെന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം. നിമിഷനേരം കൊണ്ട് ക്ലാസ് വൈറലാക്കിയ ട്രോളൻമാർക്ക് നന്ദി..സ്നേഹം..’ ടീച്ചർ പറയുന്നു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com