ADVERTISEMENT

പഞ്ചരത്നങ്ങളുടെ അമ്മ. രമാദേവിക്ക് കേരളത്തിൽ ഇതിനപ്പുറമൊരു വിശേഷണം വേണ്ട. ഒറ്റ പ്രസവത്തിൽ ജനിച്ച അഞ്ച് മക്കളെയും തളരാതെ പറക്കമുറ്റുന്നത് വരെ തന്റെ ചിറകിൻ കീഴിൽ വളർത്തി വലുതാക്കിയ അമ്മ. 4 പെൺമക്കളിൽ മൂന്നുപേരുടെയും വിവാഹം കഴിഞ്ഞു. ഒരാളുടെ വിവാഹത്തിനായി എല്ലാം ഒരുക്കി കാത്തിരിക്കുന്നു. ഉത്രജൻ എന്ന ആൺതരി അമ്മയ്ക്ക് താങ്ങും തണലുമായി എപ്പോഴും കൂടെയുണ്ട്. തന്റെ ജീവിതവഴികൾ രമാദേവി മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

1995 വൃശ്ചികമാസത്തിലെ (നവംബർ 18) ഉത്രം നാളിൽ നിമിഷങ്ങളുടെ വ്യത്യാസത്തിലാണ് പ്രേംകുമാർ-രമാദേവി ദമ്പതികളുടെ മക്കളായി ഒരേ പ്രസവത്തിൽ ഉത്തമ, ഉത്തര, ഉത്രജ, ഉത്ര, ഉത്രജൻ എന്നിവരുടെ ജനനം. പിന്നീട് പഞ്ചരത്ങ്ങൾ എന്നാണ് ഇവരെ സ്നേഹത്തോടെ മലയാളികൾ വിളിച്ചത്. 

പ്രതിസന്ധികളിൽ താങ്ങായത് എന്തെല്ലാം?

തളർന്ന് പോയി എന്ന് തോന്നിയപ്പോഴെല്ലാം ഭഗവാൻ കൈപിടിച്ചുയർത്തി. ഒരു സുഖത്തിന് ഒരു ദു:ഖം എന്നരീതിയിലാണ് ജീവിതം. എപ്പോഴും ദു:ഖം മാത്രമായിരിക്കില്ല ജീവിതത്തിൽ. എന്റെ ജീവിതം ഇൗശ്വരന് സമർപ്പിച്ചിരിക്കുകയാണ്. മക്കളെ വളർത്താൻ ഒരുപാട് പ്രയാസപ്പെട്ടു. അവർക്ക് ഞാൻ മാത്രമേ ഉള്ളൂ എന്ന ചിന്ത എപ്പോഴും ഉണ്ടായിരുന്നു. മക്കളിൽ ഒരാൾക്ക് വയ്യാതായാൽ എല്ലാവരേയും കൂട്ടി ആശുപത്രിയിലേക്ക് പോകണം. രാത്രിയിലായാലും ഇങ്ങനെതന്നെ. അവരെ ഏൽപിച്ചു പോകാൻ ആരുമില്ല. എനിക്ക് വയ്യാതെ വന്നാലും അവരേയും കൊണ്ടു മാത്രമേ ആശുപത്രിയിലേക്ക് പോകാൻ കഴിയൂ. ഹൃദ്രോഗ ബാധിതയാണ് ഞാൻ. പേസ്‌മേക്കറിന്റെ സഹായത്തോടെയാണ് ജീവിക്കുന്നത്. 

മക്കളുടെ വിവാഹം നടത്തിയത് എങ്ങനെ?

നല്ലവരായ മലയാളികളുടെ എല്ലാം സഹായം ജീവിതത്തിലുണ്ടായിരുന്നു. പിന്നെ ജോലി. അത് വലിയ അനുഗ്രഹമായിരുന്നു. കുട്ടികളുടെ അച്ഛൻ മരിച്ചപ്പോൾ ഉമ്മൻചാണ്ടി സാറാണ് എന്റെ അവസ്ഥകണ്ട് അന്ന് സഹകരണ ബാങ്കിൽ ജോലി തന്നത്. ജീവിക്കാൻ സഹായിച്ചത് അതാണ്. കുട്ടികളുടെ വിവാഹശേഷം അദ്ദേഹം എല്ലാവരേയും കാണാൻ വീട്ടിൽ വന്നിരുന്നു. സർക്കാരിന്റെ സഹായത്തോെടയാണ് മക്കളെ പഠിപ്പിച്ചതും വളർത്തിയതുമെല്ലാം. സർക്കാരിന്റെ പിൻബലം വലുതായിരുന്നു. മലയാള മനോരമ ദിനപത്രം നൽകിയ സഹായവും വലുതാണ്. മക്കളുടെ പേരിൽ ഒരു തുക അന്ന് മനോരമ നിക്ഷേപിച്ചിരുന്നു. അതിൽ നിന്ന് ഒരുഭാഗം ഇപ്പോൾ വിവാഹത്തിനായി ഉപയോഗിച്ചു.

വെള്ള വസ്ത്രധാരണത്തിന് കാരണം?

ആത്മീയ വഴിയിലാണ് എന്റെ ജീവിതം. എല്ലാം ഭഗവാന് സമർപ്പിച്ചിരിക്കുന്നു. ലൗകിക ജീവിതത്തിലെ ഒന്നും എന്നെ ഭ്രമിപ്പിക്കില്ല. കുട്ടികളുടെ അച്ഛൻ മരിക്കുന്നതിന് മുമ്പ് തന്നെ ജീവിതത്തിൽ ആത്മീയപാത തിരഞ്ഞെടുത്തിരുന്നു. എല്ലാ ദു:ഖങ്ങളും ഇൗശ്വരനിൽ അർപ്പിക്കുന്നു. പണ്ടുമുതലേ വെള്ളവസ്ത്രമാണ് ഉപയോഗിച്ചിരുന്നത്

ഉത്രജൻ എന്ന ‘സഹോദരൻ’ ?

അവനാണ് എന്നെ ഇത്രയും കാലം തളരാതെ മുന്നോട്ടുകൊണ്ടുപോയത്. മക്കൾക്ക് ഒമ്പതുവയസുള്ളപ്പോഴാണ് അവരുടെ അച്ഛൻ മരിക്കുന്നത്. അതിനുശേഷം എന്റെ മോൻ ഉത്രജൻ സ്വയം ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുകയായിരുന്നു. സഹോദരിമാർക്കു വേണ്ടി എല്ലാ കാര്യങ്ങൾക്കും അവൻ മുന്നിട്ടിറങ്ങും, ചിലപ്പോഴോക്കെ അവന്റെ പഠനം തന്നെ ഇതിന്റെ പേരിൽ മുടങ്ങാറുണ്ട്. സഹോദരിമാരോടൊപ്പം പഠനാവശ്യത്തിനൊക്കെ കൂട്ടുപോകുന്നത് അവനാണ്. അവസാനം ഹോട്ടൽ ഭക്ഷണമൊക്കെ കഴിച്ച് ഛർദിലൊക്കെ പിടിപെട്ട് അവന്റെ ക്ലാസുകൾ മുടങ്ങും. 

പതിനെട്ട് വയസായപ്പോഴെ എന്നെ സഹായിക്കാനായി അവൻ വിദേശത്ത് പോകാൻ ഒരുങ്ങിയതാണ്. ഞാൻ സമ്മതിച്ചില്ല. ചെറുപ്രായമല്ലേ എന്ന് പറഞ്ഞു. പിന്നീട് പോകാനൊരുങ്ങിയപ്പോഴേക്കും കൊറോണ വന്നു. ഇപ്പോൾ സഹോദരിമാരുടെ വിവാഹം കഴിഞ്ഞു. ഉത്രജയുടെ വരൻ നാട്ടിലെത്തിയാൽ ഉടൻ വിവാഹമുണ്ടാകും. എല്ലാം തയ്യാറാണ്. ഇനി താലികെട്ടുകയേ വേണ്ടൂ.

മക്കൾക്ക് കൊടുക്കുന്ന ഉപദേശം എന്താണ്?

പ്രതിസന്ധികളിലൊന്നും തളരരുത്. ഒരു താഴ്ചയ്ക്ക് ഒരു ഉയർച്ച ജീവിതത്തിൽ ഉണ്ടാകും. ആത്മവിശ്വാസം ഒരിക്കലും കൈവിടരുത്. നമ്മുടെ കർമങ്ങൾ നന്നാക്കുക. ബാക്കി എല്ലാം ഇൗശ്വരൻ തരും. സർക്കാർ സഹായത്തോടെ ലഭിച്ച ജോലിയാണ് എന്നെ ജീവിക്കാൻ സഹായിച്ചത്. 

വിവാഹ വിശേഷങ്ങൾ?

മസ്കറ്റിൽ ഹോട്ടൽ മാനേജരായ ആയൂർ സ്വദേശി കെ.എസ്. അജിത്കുമാർ ഫാഷൻ ഡിസൈനറായ ഉത്രയെയും, കോഴിക്കോട് സ്വദേശിയായ മാധ്യമപ്രവർത്തകൻ മഹേഷ് ഓൺലൈൻ മാധ്യമപ്രവർത്തന രംഗത്തുള്ള ഉത്തരയെയും, മസ്കറ്റിൽ അക്കൗണ്ടന്റായ വട്ടിയൂർക്കാവ് സ്വദേശി വിനീത് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിൽ അനസ്സ്തീഷ്യാ ടെക്നീഷ്യയായ ഉത്തമയെയുമാണ് വിവാഹം കഴിച്ചത്. കുവൈത്തിൽ അനസ്തീഷ്യാ ടെക്നിഷ്യനായ പത്തനംതിട്ട സ്വദേശി ആകാശിന് നാട്ടിലെത്താൻ കഴിയാതിരുന്നതിനാൽ ഉത്രജയുടെ വിവാഹം നീട്ടി വച്ചിരിക്കുകയാണ്.</p>

ഇനിയുള്ള ആഗ്രഹം?

മക്കൾക്കൊപ്പം ഇനിയും താങ്ങായി ഉണ്ടാകണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com