sections
MORE

സംശയിക്കണ്ട; ഇതാണ് ഞങ്ങളുടെ ശരീരം; വൈറലായി ‘ട്രാൻസ് ന്യൂഡിറ്റി’ ഫോട്ടോഷൂട്ട്; ചിത്രങ്ങൾ

sheethal-shoot
ശീതൾ ശ്യാം, സ്വീറ്റി ബർണാഡ്. എയ്ൻ ഹണി ആരോഹി ചിത്രം∙ മനൂപ് ചന്ദ്രൻ
SHARE

‘നിറം മങ്ങിയവളാണ് ഞാൻ. ഒരു ട്രാൻസ് വുമണായതിൽ അഭിമാനിക്കുന്നു. സ്വത്വത്തിനായുള്ള എന്റെ പോരാട്ടങ്ങളാണ് ഈ  ചിത്രം പറയുന്നത്. എന്നെയും എന്റെ ശരീരത്തെയും ഞാൻ സ്നേഹിക്കുന്നു.  ന്യൂഡ് ഫോട്ടോഗ്രാഫി ഒരു ആർട്ടാണ്. സ്വയം  സ്നേഹിക്കുക’. സ്വന്തം സ്വത്വത്തെ സമൂഹത്തിനു മുന്നിൽ തുറന്നു കാണിക്കാൻ ഏറെ ഭയപ്പെട്ടിരുന്നവർ ആത്മവിശ്വാസത്തോടെ ഇങ്ങനെ പറയുമ്പോൾ ആ വാക്കുകൾക്ക് തീക്ഷ്ണതയേറും. സാധാരണക്കാർക്ക് ചിന്തിക്കാവുന്നതിലും അപ്പുറമാണ് ട്രാൻസ്ജെൻഡറായ ഒരാൾ നേരിടേണ്ടി വരുന്ന യാതനകൾ. നികൃഷ്ടജീവികളെ പോലെ ആട്ടിയിറക്കിയപ്പോഴായിരുന്നു ഈ സമൂഹത്തിൽ നിന്നും അവർ ഉൾവലിഞ്ഞത്. 

കഴിഞ്ഞ ഏതാനും ദിവസങ്ങളായി മൂന്നു ട്രാൻസ്ജെൻഡർ വനിതകളുടെ മനോഹര ചിത്രങ്ങൾക്കു പിന്നാലെയാണ് സോഷ്യൽ മീഡിയ. ശീതൾ ശ്യാം, എയ്ൻ ഹണി ആരോഹി, സ്വീറ്റി ബെർണാഡ് എന്നിവരാണ് ആ താരങ്ങൾ. ന്യൂഡിറ്റി ഫോട്ടോഗ്രാഫിയിലൂടെ പകർത്തിയ  ജീവനുള്ള ചിത്രങ്ങളെ കുറിച്ച് പറയുകയാണ് മോഡലും ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റുമായ ശീതൾ ശ്യാമും ചിത്രങ്ങൾ പകർത്തിയ മനൂപ് ചന്ദ്രനും. 

സ്വത്വബോധവും ന്യൂഡിറ്റിയും

‘നമ്മുടെ ശരീരം എങ്ങനെയാണെന്നറിയാൻ പലർക്കും ഒരു ആകാംക്ഷയാണ്. പ്രത്യേകിച്ച് നമ്മൾ ഒരു ട്രാൻസ് വ്യക്തിത്വത്തിനുടമയാണെങ്കില്‍ പറയേണ്ട കാര്യമില്ല. വസ്ത്രം ധരിച്ചുള്ള ഫോട്ടോയ്ക്കു താഴെ പലപ്പോഴും ഇത് യഥാർഥമാണോ അല്ലെങ്കിൽ ഫോട്ടോഷോപ്പാണോ എന്നൊക്കെയുള്ള കമന്റുകൾ വരാറുണ്ട്.  പക്ഷേ, അവരുടെ ആകാംക്ഷ മാറ്റാനായി അല്ല. മറിച്ച് ഇതാണ് ശരീരം എന്ന് പൊതു സമൂഹത്തോട് ഉറക്കെ പറയുകയാണ് ഈ ചിത്രങ്ങൾ.  വൈവിധ്യങ്ങൾ നിറഞ്ഞതാണ് മനുഷ്യ ശരീരം. ജെൻഡർ എന്ന സ്പെക്ട്രത്തിൽ ട്രാൻസ് വിഭാഗം വളരെ പ്രത്യേകതയുള്ളവരാണ്. പലരീതിയില്‍ അതിനെ അവതരിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. 

സർജറി കഴിഞ്ഞ് ഒരു ട്രാൻസവുമണായാൽ പോലും പിറകെ നടന്ന് ശല്യം ചെയ്യുന്ന പ്രവണത പൊതുസമൂഹത്തിലുണ്ട്. അടുത്തിടെ തൃശൂരിൽ ഞങ്ങൾ ഒരു പ്രതിഷേധം നടത്തി. അവിടെ ധാരാളം ട്രാൻസ് വനിതകൾ ഉണ്ട്. അതായത് സർജറിയിലൂടെ ലൈംഗികാവയവം മാറ്റി സ്ത്രീകളാണവർ. അവർ പുറത്തിറങ്ങി നടക്കുമ്പോൾ അവിടത്തെ രണ്ട് പൊലീസുകാർ അവരുടെ പിന്നാലെ  നടന്ന് ശല്യപ്പെടുത്തുകയാണ്. നിങ്ങൾ യഥാർഥത്തിൽ ആണുങ്ങളല്ലേ? വേഷംകെട്ടി നടക്കുന്നതല്ലേ? നിങ്ങൾക്ക് ആർത്തവമുണ്ടോ? ഗര്‍ഭിണികളാകുമോ എന്നിങ്ങനെയുള്ള പലചോദ്യങ്ങളാണ് അവര്‍ ചോദിക്കുന്നത്. നിയമം അറിയുന്ന വിദ്യാഭ്യാസമുള്ളവരെന്ന് പറയപ്പെടുന്ന ഉദ്യോഗസ്ഥ തലത്തിൽ നിന്നു പോലും ട്രാൻസ്ജെൻഡഴ്സായവർക്ക് ഇത്തരം മോശം അനുഭവം ഉണ്ടാകുന്നു. അപ്പോൾ പിന്നെ സാധാരണക്കാരുടെ കാര്യം പറയണോ? 

സർക്കാരിന്റെ നിർദേശ പ്രകാരം പലമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ട്രാൻസ് ജെൻഡർ സംബന്ധിച്ച് ബോധവത്കരണ ക്ലാസുകൾ നടത്താറുണ്ട്. എന്നാൽ ഇത്തരം ബോധവത്കരണം കൊണ്ട് കാര്യമില്ലെന്നാണ് അനുഭവങ്ങൾ വ്യക്തമാക്കുന്നത്. നീതി നിർവഹണം നടത്തുന്നവരുടെ ഭാഗത്തു നിന്നു തന്നെ മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിനെ നിയമപരമായി നേരിടേണ്ടതുണ്ട്. ഒരാളുടെ ശരീരം എങ്ങനെയോ ആകട്ടെ. പക്ഷേ, ഒരു മനുഷ്യനാണെന്ന പരിഗണന നൽകണം. ന്യൂസിലാന്‍ഡിൽ ജെസീന്തയുടെ മന്ത്രിസഭയിൽ ഒരു എൽജിബിടി വ്യക്തി വന്നപ്പോഴും ഒരു ഇന്ത്യൻ വംശജ വന്നപ്പോഴും നമ്മൾ കയ്യടിക്കുകയാണ്. നമ്മുടെ നാട്ടിൽ  ഇത്തരം മാറ്റങ്ങൾ എന്നു വരും? രാഷ്ട്രീയം, കുടുംബം, മതം, സമൂഹം എന്നിവിടങ്ങളിലെല്ലാം മാറ്റങ്ങൾ ഉണ്ടാകണമെന്ന് പ്രതീക്ഷിച്ചാണ് ഇത്തരം തുറന്നു പറച്ചിലുകൾ ഉണ്ടാകേണ്ടത്. ആരെയും പേടിക്കാതെ നേർവഴിയിലൂടെ തന്നെയാണ് നമ്മൾ മുന്നോട്ട് പോകുന്നത്. നമ്മുടെ ശരീരം, നീതി, വികാരങ്ങൾ ഇതെല്ലാം കലയിലൂടെ പൊതുസമൂഹത്തിലേക്ക് എത്തിക്കാനുള്ള ശ്രമം നടക്കുന്നുണ്ട്. നമ്മുടെ വ്യക്തിത്വം എന്താണെന്ന് കലയിലൂടെ അറിയിക്കുകയാണ്.’– ശീതളൾ ശ്യാം പറയുന്നു

nude-shoot

ന്യൂഡിറ്റിയെ ആർട്ടായി കാണണം. അതിന് സദാചാരത്തിന്റെ മൂടുപടം ചാർത്തരുതെന്നാണ് ചിത്രത്തിന്റെ ഫോട്ടോഗ്രാഫർ മനൂപ് ചന്ദ്രൻ പറയുന്നത്. ഫോട്ടോഗ്രാഫി ഇരുട്ടുകൊണ്ടും വെളിച്ചം കൊണ്ടും നടത്തുന്ന ഒരു ആർട്ടാണ്. മറ്റുള്ളവരിൽ നിന്നും വ്യത്യസ്തമായി ഒരു പ്രോഡക്ട് പുറത്തിറക്കണമെന്നതായിരുന്നു ആഗ്രഹമെന്നും മനൂപ് പറയുന്നു. 

ട്രാൻസ് ശരീരത്തിലെ വർണ വൈവിധ്യം

എൽജിബിടിയുടെ മഴവില്‍ പതാകയെ അടിസ്ഥാനമാക്കിയാണ് ശരീരത്തിനു നൽകിയിരിക്കുന്ന നിറങ്ങൾ. മേക്കപ്പ്, ഹെയര്‍ സ്റ്റൈൽ, കോസ്റ്റ്യൂം, ആറ്റിറ്റ്യൂഡ് എല്ലാം തന്നെ വർണവൈവിധ്യവുമായി ബന്ധപ്പെട്ടാണ് നല്‍കിയിരിക്കുന്നത്. ഈജിപ്ഷ്യൻ, ആഫ്രിക്കൻ തീമുകൾ, രണ്ട് ട്രാൻസ് വനിതകൾ തമ്മിലുള്ള ബന്ധം, പുരുഷനുമായുള്ള ബന്ധം അങ്ങനെ പല തീമുകൾ അടിസ്ഥാനമാക്കിയാണ് ഈ ഫോട്ടോഷൂട്ട് നടത്തിയിരിക്കുന്നതെന്നും ശീതൾ പറഞ്ഞു. 

ചിത്രങ്ങളിലെ വർണ വൈവിധ്യത്തെ കുറിച്ച് ഫോട്ടോ ഗ്രാഫർ മനൂപ് ചന്ദ്രൻ പറയുന്നത് ഇങ്ങനെ: ‘പലപ്പോഴും നമ്മുടെ സമൂഹം വെളുപ്പിനാണ് പ്രാധാന്യം നൽകുന്നത്. ഒരു കുഞ്ഞുണ്ടായാൽ തന്നെ ആദ്യം നോക്കുന്നത് കറുപ്പാണോ വെളുപ്പാണോ എന്നാണ്. മിക്കവരും മോഡലുകൾക്ക് നിറം കുറവാണെങ്കിൽ വെളുപ്പിക്കാനുള്ള ശ്രമം നടത്തുന്നതായി കണ്ടിരുന്നു. അതിമനോഹരമായ നിറമാണ് കറുപ്പ്. നിറത്തിന്റെ പേരിൽ ആരും മാറ്റി നിർത്തപ്പെടേണ്ടവരുമല്ല. എന്റെ ആ മോഡലുകളെല്ലാംവെളുത്ത നിറമുള്ളവരാണ്. കറുപ്പ് ഷേഡാണ് നമ്മൾ ഉപയോഗിക്കുന്നതെന്നു പറഞ്ഞപ്പോൾ  അതിനു പിന്നിലുള്ള ഉദ്ദേശം പറഞ്ഞപ്പോൾ അവരും അത് സമ്മതിച്ചു. ബേസ് ചെയ്ത ശേഷം സ്പ്രേഗണിലാണ് മേക്കപ്പ് ആർടിസ്റ്റ് അതെല്ലാം  ചെയ്്തത്. ആ കളര്‍ ടോണിനെ ഹൈലൈറ്റ് ചെയ്യാനാണ് ഗോൾഡൻ ഹൈലൈറ്റ്  ചെയ്തത്.’

ട്രാൻസ് മോഡലിങ്

കലോത്സവ വേദികളിലായിരുന്നു പലപ്പോഴും ഫോട്ടോകൾ എടുത്തിരുന്നത്. ഡാൻസ് പഠിപ്പിക്കുന്ന ഭൂരിഭാഗം പേരും ട്രാൻസ് ജൻഡേഴ്സായിരുന്നു. അന്ന് അവരോടൊക്കെ സംസാരിക്കാൻ ഞാൻ ശ്രമിക്കും. പക്ഷേ, അവര്‍ സംസാരിക്കാൻ വിമുഖത കാണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. അവര്‍ നേരിട്ട ചൂഷണങ്ങൾ കൊണ്ടാണ് പൊതു സമൂഹത്തിൽ നിന്നും അകന്നു പോകുന്നത്. ഇവരെ ഉള്‍പ്പെടുത്തി ഒരു ഫോട്ടോ ഷൂട്ട് നടത്തണമെന്ന് അന്നേ ആഗ്രഹിച്ചിരുന്നതായും മനൂപ് പറഞ്ഞു. 

manoop
ഫോട്ടോഗ്രാഫർ മനൂപ് ചന്ദ്രനൊപ്പം മോഡലുകൾ

മോഡലിങ്ങ് എന്നു പറയുമ്പോൾ മുൻപ് സ്ത്രീകളും പുരുഷന്മാരും മാത്രമായിരുന്നു. പക്ഷേ, ഇന്ന് അങ്ങനെയല്ല. 2017 മുതൽ മോഡലിങ് രംഗത്തേക്ക് ട്രാൻസ് ജൻഡഴ്സും കടന്നു വരാൻ തുടങ്ങി. വർഷം തോറും നമ്മൾ ഇത്തരം പ്രവർത്തനങ്ങൾ നടത്തി വരുന്നുണ്ട്. പലപ്പോഴും വലിയ സ്വീകാര്യത ലഭിക്കാറുണ്ട്. മാത്രമല്ല, കേരള ഫാഷൻ ലീഗ് പോലുള്ള പരിപാടിയിൽ ട്രാൻസ്ജെൻഡേഴ്സ് എത്തുന്നു. അങ്ങനെയുള്ള ഫാഷൻ ഇവന്റുകളിൽ ട്രാൻസ് ജൻഡേഴ്സ് എത്തുന്നതു തന്നെ വലിയ മാറ്റമായി കാണുകയാണ്. മാത്രമല്ല, ഈ ഫോട്ടോകൾക്ക് ലഭിക്കുന്ന വലിയ സ്വീകാര്യതയും പൊതുസമൂഹം ട്രാൻസ് മോഡലുകളെ അംഗീകരിച്ചതിന്റെ സൂചനയാണ് നൽകുന്നതെന്നും ശീതൾ പറയുന്നു.

English Summary: Sheethal Shyam and Manoop Chandran About Trans Nudity Photoshoot

  

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA