sections
MORE

നട്ടെല്ലിലെ ക്ഷതം ചലനശേഷി നഷ്ടപ്പെടുത്തി; ദുരിതത്തിലും തളരാതെ എംബിബിഎസ് നേടിയതിനെ കുറിച്ച് മരിയ

maria
മരിയ ബിജു
SHARE

പ്രതിസന്ധികൾ നേരിടേണ്ടി വരുമ്പോൾ അവ എങ്ങനെ മറികടക്കുമെന്ന് അറിയാതെ ജീവിതം തന്നെ കൈവിട്ടു കളയുന്നവർക്ക് ഒരു പാഠപുസ്തകമാണ് മരിയ ബിജു എന്ന പെൺകുട്ടി. അപകടത്തെത്തുടർന്ന് നെഞ്ചിനു താഴേക്ക് ചലനശേഷി നഷ്ടപ്പെട്ടിട്ടും  സ്വപ്നങ്ങൾ കൈവിടാതെ എംബിബിഎസ് ഉയർന്ന മാർക്കോടെ വിജയിച്ചാണ് മരിയ മാതൃകയാകുന്നത്.  മനസ് ഇടറാതെ കഠിന പ്രയത്നം കൊണ്ട് വെട്ടിത്തെളിച്ച വിജയ വഴികളെക്കുറിച്ച് മരിയ മനോരമ ഓൺലൈനിനോട്  .. 

സ്വപ്നങ്ങൾ തട്ടിത്തെറിപ്പിക്കാനെത്തിയ  അപകടം

2016 തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളേജിൽ ഒന്നാംവർഷ എംബിബിഎസ് വിദ്യാർഥിനിയായിരിക്കെയാണ് കോളേജ് ഹോസ്റ്റലിൽ വച്ച് മരിയയുടെ ജീവിതം തന്നെ മാറ്റി മറിക്കുന്ന അപകടം നടന്നത്. മുകൾനിലയിൽ  ഉണങ്ങാനിട്ടിരുന്ന വസ്ത്രങ്ങൾ എടുക്കുന്നതിനിടെ കാൽ വഴുതി താഴേക്ക് പതിക്കുകയായിരുന്നു. തലയിൽ ആഴത്തിൽ മുറിവേറ്റിരുന്നു. ഇതിനുപുറമെ തുടയെല്ലിനും നട്ടെല്ലിനു ക്ഷതം സംഭവിച്ചു.നട്ടെല്ലിനേറ്റ ക്ഷതം ഗുരുതരമായതിനാൽ ശരീരത്തിന്റെ ചലനശേഷി നഷ്ടപ്പെട്ടു. സങ്കീർണമായ ശസ്ത്രക്രിയകൾക്ക് ഒടുവിൽ ആറു മാസത്തിനു ശേഷമാണ് വീൽചെയറിൽ ഇരിക്കാവുന്ന നിലയിലേക്ക് എത്തിയത്.

ആശുപത്രി കിടക്കയിൽ വച്ച് നെയ്ത വിജയ സ്വപ്നങ്ങൾ

അപകടം നടന്ന ശേഷം  എങ്ങനെയും എംബിബിഎസ് പഠനം പൂർത്തിയാക്കണം  എന്ന ഒറ്റ ലക്ഷ്യമാണ് മനസ്സിൽ ഉണ്ടായിരുന്നത് എന്ന് മരിയ പറയുന്നു . ഒന്നാംവർഷത്തിൻറെ  അവസാന പരീക്ഷകളുടെ സമയത്താണ് അപകടം നടന്നത്.എന്നാൽ മനസ് തളരാതെ പഠനത്തെ കൂടുതൽ ഗൗരവത്തോടെ കാണാൻ തുടങ്ങി. ആറുമാസ കാലയളവിനുള്ളിൽ നടക്കുന്ന സപ്ലിമെൻററി പരീക്ഷകൾ എങ്കിലും എഴുതണമെന്ന് ഉറച്ച തീരുമാനമെടുത്തു. അങ്ങനെ ചികിത്സകൾക്ക് ഇടയിലും കൃത്യമായി പഠിച്ച് പരീക്ഷ എഴുതുകയും ചെയ്തു.

നേരിട്ട വെല്ലുവിളികൾ

ശാരീരിക ബുദ്ധിമുട്ടുകൾ മൂലം പരീക്ഷ എഴുതാൻ സഹായിയെ ആശ്രയിക്കേണ്ടി വരുന്ന നിലയിലായിരുന്നു. എന്നാൽ മെഡിക്കൽ സംബന്ധമായ വാക്കുകൾ മറ്റൊരാളുടെ സഹായത്തോടെ എഴുതുന്നതിലുള്ള  ബുദ്ധിമുട്ട് ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. അങ്ങനെ വഴങ്ങാത്ത കൈകളെ വരുതിയിൽ കൊണ്ടുവരാൻ കൃത്യമായ പരിശ്രമങ്ങൾ നടത്തിത്തുടങ്ങി. ഫിസിയോ തെറാപ്പിക്ക് പുറമേ ചിത്രങ്ങൾ വരച്ച് പരിശീലിച്ചത്  ഏറെ ഗുണം ചെയ്തതായി മരിയ പറയുന്നു. സഹായിയുടെ സാന്നിധ്യം ഉണ്ടായിരുന്നുവെങ്കിലും  എല്ലാ പരീക്ഷകളും  തനിയെയാണ് എഴുതിയത്.

അവസാന വർഷ പരീക്ഷയുടെ സമയത്ത് കൂടുതൽ സമയം പഠനത്തിനായി ചെലവഴിക്കേണ്ടി വന്നതോടെ ശാരീരിക ബുദ്ധിമുട്ടുകൾ വർദ്ധിച്ചു. സ്ട്രെച്ചറിൽ കിടന്നായിരുന്നു പിന്നീടുള്ള പഠനം. പ്രാക്ടിക്കൽ സെഷനുകൾ  തുടക്കത്തിൽ അധ്യാപകരുടെ സഹായത്തോടെയാണ് ചെയ്തിരുന്നത്. എന്നാൽ രണ്ടാം വർഷം ആയപ്പോഴേക്കും അധ്യാപകരുടെ പ്രചോദനത്തിൽ തനിയെ ചെയ്തു പരിശീലിച്ചു തുടങ്ങി.

maria-biju

യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നുണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. കേരളത്തിലെ പൊതുഗതാഗത സംവിധാനങ്ങൾ വീൽചെയറിൽ യാത്രചെയ്യുന്നവർക്ക് സൗകര്യപ്രദം അല്ല. അതിനാൽ സ്വാതന്ത്ര്യത്തോടെ പുറത്തിറങ്ങാൻ കഴിയാത്തത് മാത്രമാണ് വലിയ വിഷമം.

താങ്ങായി കുടുംബവും കൂട്ടുകാരും

തന്റെ ചുറ്റുമുള്ളവർ പകർന്ന കരുത്താണ് എല്ലാ വിജയങ്ങൾക്കും ആധാരമെന്ന്  മരിയ പറയുന്നു. പഠനം തുടരണമെന്ന ആഗ്രഹം അറിഞ്ഞതോടെ അതിനു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കാൻ കുടുംബവും കോളേജ് അധികൃതരും സുഹൃത്തുക്കളും ഒപ്പം നിൽക്കുകയായിരുന്നു. കോളേജ് ഹോസ്റ്റലിലെ താഴത്തെ നിലയിൽ മരിയയ്ക്ക് മുറി ഒരുക്കി. പഠനകാലയളവിൽ അത്രയും അമ്മയും ഹോസ്റ്റലിൽ മരിയയോടൊപ്പം തന്നെ കഴിയുകയായിരുന്നു.

കോളേജിലെ എല്ലാ പരിപാടികളിലും മരിയയുടെ സാന്നിധ്യം ഉറപ്പാക്കിക്കൊണ്ട് സുഹൃത്തുക്കളും കൂടെ തന്നെയുണ്ട്. ഫാഷൻ ഷോ, ബോഡി പെയിന്റിങ് തുടങ്ങി എല്ലാ പരിപാടികളിലും പങ്കെടുത്ത് സമ്മാനങ്ങൾ വാങ്ങുകയും ചെയ്തു. നിലവിൽ ടേബിൾ ടെന്നീസും പരിശീലിച്ചു വരുന്നു.

വിജയവഴിയിൽ മുന്നോട്ട്

എംബിബിഎസ് നേടിയെടുത്തത് കൊണ്ട്  മരിയയുടെ സ്വപ്നങ്ങൾ അവസാനിക്കുന്നില്ല. സർജൻ ആവണം എന്നതാണ് ആഗ്രഹം. എന്നാൽ ഹൗസ് സർജൻസി കഴിഞ്ഞ് ഏതു മേഖലയാണ് തനിക്ക് കൂടുതൽ സൗകര്യപ്രദം എന്ന് അറിഞ്ഞശേഷം സ്പെഷ്യലൈസേഷനെക്കുറിച്ച് തീരുമാനമെടുക്കാനാണ് ഉദ്ദേശിക്കുന്നത്.

കുടുംബത്തെക്കുറിച്ച്

ബിസിനസ് മേഖലയിൽ പ്രവർത്തിക്കുന്ന അച്ഛൻ ബിജു പീറ്ററും അമ്മ സുനിയും അനുജത്തിയും അടങ്ങുന്നതാണ് മരിയയുടെ കുടുംബം. തിരിച്ചടികളെ സധൈര്യം നേരിട്ട് സഹോദരി  എംബിബിഎസ് പഠനം നടത്തുന്നത് കണ്ട പ്രചോദനത്തിൽ അനുജത്തിയും എംബിബിഎസ് തന്നെ തന്റെ മേഖലയായി തെരഞ്ഞെടുത്തിരിക്കുകയാണ്.

English Summary: Interview With Maria Biju

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഉരുൾ പൊട്ടിയ കൂട്ടിക്കലിന്റെ ആകാശദൃശ്യങ്ങൾ

MORE VIDEOS
FROM ONMANORAMA