sections
MORE

അസുഖത്തെ പറ്റി തുറന്നു പറഞ്ഞു; പിന്നെ വിവാഹം; സ്വപ്നങ്ങൾ എത്തിപ്പിടിച്ച് സന്ധ്യ

sandya
SHARE

സന്ധ്യ രാധാകൃഷ്ണന്റെ ഒരു ഫെയ്‌സ്ബുക്ക് പോസ്റ്റ് വളരെ വൈറലാണ്. സ്വന്തം അസുഖത്തെക്കുറിച്ചു തുറന്നെഴുതിയ ഒരു സ്ത്രീ. സാധാരണ അധികമാരും പ്രത്യേകിച്ചു സ്ത്രീകൾ പറയാൻ വിഷമിക്കുന്ന അസുഖം തനിക്കുണ്ടെന്നും ധൈര്യത്തോടെ പറയുകയും അതുപോലെയുള്ളവരെ പ്രചോദിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത ഒരാൾ. ഒരുപാട് പേര് ആ പോസ്റ്റിൽ സ്നേഹമറിയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം സന്ധ്യയുടെ ഗ്രാഫ് മുകളിലേക്ക് പോകുന്നതാണ് എല്ലാവരും കണ്ടത്. പൊതുവെ സ്ത്രീകളെ നാട്ടിൽ പരിഹസിക്കുന്നത് അവരുടെ ശരീരത്തെ ഒരു ഉപകാരണമാക്കി കൊണ്ട് തന്നെയാണ്. എന്നാൽ അതെ ശരീരം കൊണ്ട് തന്നെ സന്ധ്യ ഫാഷൻ ലോകത്ത് തന്റേതായ ഇടം തീർക്കാൻ ശ്രമിക്കുന്നു. ആളുകളുടെ മുഖങ്ങൾ സൂചികൊണ്ട് തുന്നിപ്പിടിപ്പിച്ച് സമ്മാനങ്ങൾ നൽകുന്നു. ലോക്ക് ഡൗൺ മാറ്റി മറിച്ച ചില ജീവിതങ്ങളിൽ ഒന്നാണ് സന്ധ്യയുടേതും. പക്ഷേ, പൊതുവെ കരിയറിൽ ഒരാൾക്ക് മറ്റൊരാളെ കണ്ടുകൂടാത്ത രീതിയല്ല സന്ധ്യ പിന്തുടരുന്നത്, തനിക്കൊപ്പമുള്ള സ്ത്രീകളെയും ഏറ്റവും കരുതലോടെ ചേർത്ത് പിടിച്ച് മുന്നോട്ട് നടക്കാൻ അവർ പ്രേരിപ്പിക്കുന്നു.

സ്റ്റൈലിങ് ഇഷ്ടങ്ങൾ.

പണ്ടുതൊട്ടേ പലരും പറയാറുണ്ടല്ലോ ഇത്രയും മെലിഞ്ഞിരിക്കുന്നവരൊന്നും സാരിയുടുക്കാൻ പാടില്ല എന്നൊക്കെ, പക്ഷേ, അത്തരം കാര്യങ്ങളൊന്നും എന്നെ ബാധിക്കാറില്ല, എനിക്ക് സമാധാനം എന്താണ് എന്ന് തോന്നുന്നതാണ് എന്റെ സ്റ്റൈലിങ് ഇഷ്ടങ്ങൾ. ഒരു കടയിൽ പോയാൽ യുണീക്ക് ആയ ഒന്നിനോടാണ് താൽപര്യം. എന്റെ കയ്യിൽ പത്തു വസ്ത്രങ്ങളുണ്ടെങ്കിൽ പത്തും പത്തു രീതിയിലുള്ളതായിരിക്കും. ബ്രാൻഡിന്റെ പിന്നാലെ പോകാറില്ല, കാഴ്ചയിൽ ഭംഗിയുള്ള, സുഖകരമായതാണ് ശ്രദ്ധിക്കുക. ജീൻസ് ടോപ്, സാരി, ഫുൾ ഡ്രസ്സ്, ഇപ്പോൾ സ്ലീവ്‌ലെസ് ഒക്കെ ഇടാൻ ആത്മവിശ്വാസം ഉണ്ട്.

പണ്ട് പ്രസവത്തിന്റെ പാടുകൾ മുതൽ തുടങ്ങി ഒരുപാട് ആശങ്കകളുണ്ടായിരുന്നു, എന്നാലിപ്പോൾ ഫാഷൻ ലോകത്തെക്കുറിച്ച് കാര്യങ്ങളറിഞ്ഞപ്പോൾ കുറച്ചു കൂടി എനിക്കെന്നെ മനസ്സിലായി. നമ്മുടെ ശരീരം എങ്ങനെയാണോ നമ്മൾ അങ്ങനെ തന്നെ ഭംഗിയാണ്, അതാണ് സത്യം. ഇപ്പോൾ ഷോർട്സ് ഒക്കെ ഇടാറുണ്ട്, സ്ലെവ്ലെസ്സ് ഇടാറുണ്ട്.നമ്മുടെ ശരീരം നമ്മുടെ സ്വാതന്ത്ര്യമാണ്. നമുക്ക് എന്തെന്നു വേണ്ടതെന്ന് നോക്കി അത് തിരഞ്ഞെടുക്കുക. ഓരോ സാഹചര്യമനുസരിച്ചാണ് വസ്ത്രവും സ്റ്റൈലിംഗും തിരഞ്ഞെടുക്കുക.പൊതുവെ പുറത്തു പോകുമ്പോഴും, ഷൂട്ടിന് പോകുമ്പോഴും തീരെ മേക്കപ്പ് ചെയ്തതല്ല പോകാറുള്ളത്. ഓഫീസിലോ മറ്റു ഔദ്യോഗിക ആവശ്യങ്ങൾക്കോ പോകുമ്പോൾ കുറച്ചു കൂടി ശ്രദ്ധിക്കാറുണ്ട്. ചടങ്ങുകൾക്ക് പോകുമ്പോൾ സാരിയാണെങ്കിൽ ഹെവി ജൂവലറി ഉപയോഗിക്കാം, എന്ത് തന്നെയായാലും എന്റെ മുഖത്തിന് അനുസരിച്ചാണ് ആഭരണങ്ങൾ തിരഞ്ഞെടുക്കുക, എന്റെ കുഞ്ഞു മുഖമാണ്, അപ്പോൾ അതനുസരിച്ചാണ് തെരഞ്ഞെടുപ്പ്. പൊതുവെ സ്വർണത്തോട് വലിയ താൽപര്യമില്ല. കോസ്റ്റ്യൂമിന് അനുസരിച്ച് ആഭരണങ്ങൾ ഉപയോഗിക്കും, എന്തായാലും പണ്ട് ഒരുങ്ങിയാലേ ഭംഗിയുണ്ടാകൂ എന്ന് വിശ്വസിച്ചിരുന്നൊരു ഞാനുണ്ടായിരുന്നു, ഇന്ന് കൂടുതൽ അതിലേയ്ക്ക് ഇറങ്ങിയപ്പോൾ മനസ്സിലായി, ഒരുങ്ങുന്നതല്ല സ്വാഭാവിക ഭംഗിയാണ് നല്ലതെന്ന്. ക്യാമെറയിലേയ്ക്ക് വേണ്ടിയാണെങ്കിൽ ഹെവി മേക്കപ്പ് ആയിരിക്കും, കാരണം നമ്മുടെ ഫീച്ചറുകൾ ഹൈലൈറ്റ് ചെയ്യപ്പെടണം. സാധാരണ കല്യാണത്തിനൊക്കെ പോകുമ്പോൾ ലളിതമായി മതി.

ഞാൻ എന്നെ സ്നേഹിക്കുന്നു

ഞാൻ സ്വയം സ്നേഹിക്കുന്ന ഒരാളാണ്, അതുകൊണ്ട് എന്നെക്കുറിച്ച് മറ്റൊരാൾ പറഞ്ഞാലും അതിലെ വേണ്ടുന്നത് മാത്രമേ എടുക്കാറുള്ളൂ, ബാക്കിയുള്ളതൊക്കെ അവഗണിക്കും. എന്നെക്കുറിച്ച് എനിക്ക് തന്നെ ബോധ്യമുണ്ട്, അതാണല്ലോ പ്രധാനം.

sandya1

കറുത്ത ആളുകൾ ഇന്ന നിറമെ ഉപയോഗിക്കാവൂ, ചിലത് പറ്റില്ല എന്നൊക്കെ പണ്ട് മുതലേ നമ്മൾ പറഞ്ഞു കേട്ടിട്ടുണ്ടല്ലോ. പക്ഷേ ഫാഷൻ ലോകത്ത് അങ്ങനെയൊരു കൺസെപ്റ്റ് ഇല്ല, നിറം കുറഞ്ഞവർക്കും എന്ത് നിറവും ഉപയോഗിക്കാം. മെലിഞ്ഞിരിക്കുന്ന ഒരാളെ കൂടുതൽ മെലിയിക്കാനും വണ്ണം തോന്നിപ്പിക്കാനും സ്റ്റൈലിംഗ് കൊണ്ട് പറ്റും. നൈലോൺ ഒക്കെ ആണെങ്കിൽ ശരീരത്തോട് ഒട്ടിക്കിടക്കും, കോട്ടൺ മിക്സ് ആണെങ്കിൽ കുറച്ചു വിടർന്നിരിക്കും, അങ്ങനെയുള്ള കാര്യങ്ങൾ വസ്ത്രമെടുക്കുമ്പോൾ ശ്രദ്ധിക്കും. മിനിമൽ കോൺസെപ്റ്റിൽ ഇപ്പോൾ കോൺഷ്യസ് ആണ്. 

എന്താണ് പൂർണത?

വണ്ണം കുറഞ്ഞതിനും കൂടിയതിനും ഇടയിൽ വളരെ പെർഫെക്റ്റ് ആയ ഒരു ശരീരമുണ്ടെന്നും അതാണ് സൗന്ദര്യ സങ്കല്പമെന്നും നമ്മൾ വിശ്വസിക്കുന്നുണ്ട്. ചെറുപ്പം മുതൽ എന്റെയും ചിന്ത അതായിരുന്നു. പക്ഷേ, പണ്ട് മുതലേ പഠിക്കുന്ന കാര്യത്തിലൊക്കെ നല്ല മാർക്ക് വാങ്ങാൻ ശ്രമിച്ച് മിടുക്കി എന്ന പേര് വാങ്ങാൻ ശ്രമിക്കുമായിരുന്നു. അതുകൊണ്ട് നല്ല ജോലിയും കിട്ടി. ആദ്യം മൾട്ടിനാഷണൽ കമ്പനിയിൽ , പിന്നീട് ഒന്ന് രണ്ടു ചാനലുകളിൽ ജോലി ചെയ്തു, അപ്പോഴേക്കും വിവാഹമായി. അതിനു ആറു മാസം മുൻപാണ്, അൾസറൈറ്റിസ് കൊളൈറ്റിസ് ആണെന്ന് മനസിലാക്കിയത്. പക്ഷേ അന്നേ അദ്ദേഹം, വിവാഹം കഴിക്കാൻ പോകുന്ന ആൾ, സുമൻ, എന്നോടൊപ്പം തന്നെ നിന്നു. എന്റെ ശരീരം മെലിയുന്നതിന്റെ കാരണം അന്നാണ് എനിക്ക് മനസിലായത്. അതിനു മുൻപൊരിക്കലും ആ അസുഖത്തെക്കുറിച്ച് ഞാൻ കേട്ടിരുന്നില്ല. കേരളത്തിൽ ഒരുപാട് പേർക്ക് ഈ അസുഖമുണ്ട്, പക്ഷേ, പലരും നാണക്കേട് കൊണ്ട് ഇത് പുറത്ത് പറയില്ല, വാഷ്‌റൂമിൽ പോകുമ്പോൾ ബ്ലീഡിങ് ഒക്കെ ഉള്ളതുകൊണ്ട് പലർക്കും വിഷമവുമാണ്. എന്നാൽ ഞാൻ ഇത് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നു. കാരണം അത് മറ്റൊരാൾക്ക്, ഇതേ അസുഖമുള്ള ഒരാൾക്ക് എനിക്ക് കൊടുക്കാൻ കഴിയുന്ന ഒരു ഊർജമാണ്. അവർക്ക് ബോധവത്‌കരണം നൽകാൻ വേണ്ടിക്കൂടിയാണ് അതിനെക്കുറിച്ച് സംസാരിക്കാൻ തുടങ്ങിയത്. 

വിവാഹം കഴിഞ്ഞു ഗർഭിണിയായിരിക്കുമ്പോൾ അസുഖം വല്ലാതെ മാരകമായി. ആദ്യത്തെ നാല് മാസം ആശുപത്രിയിലായിരുന്നു. കഴിക്കുന്നതൊന്നും ശരീരത്തിൽ പിടിക്കാതെ ശർദ്ദിച്ച് പുറത്തേയ്ക്ക് പോകും. ആകെ പേടിയായിരുന്നു, കുഞ്ഞിനെ ബാധിക്കുമോ എന്ന ഭയം കാരണം ഭക്ഷണം ഒന്നുമില്ല. ഡ്രിപ്പ് ഇട്ടാണ് ആശുപത്രിയിൽ കിടക്കുന്നത്. നല്ല ടെൻഷനുണ്ടായിരുന്നു. ഒടുവിൽ വിഷാദ അവസ്ഥയിലെത്തി. അന്ന് ഡോക്ടർ പറഞ്ഞു. പ്രെഗ്നൻസി ഹോർമോൺ നല്ല ബലമുള്ളതാണ്. അത് കുഞ്ഞിനെ രക്ഷിക്കും. അത് സത്യമായി തീർന്നു. കാരണം അഞ്ചു മാസം കഴിഞ്ഞപ്പോഴേക്കും ചർദി കുറഞ്ഞു. അത് കഴിഞ്ഞതോടു കൂടി വല്ലാത്തൊരു പോസിറ്റീവ് എനെർജി തോന്നി. 

മെലിഞ്ഞിരുന്നാൽ കല്യാണം നടക്കില്ലേ?

പലരും പറഞ്ഞു കേട്ടിട്ടുണ്ട് മെലിഞ്ഞിരുന്നാൽ കല്യാണം നടക്കില്ല, കുഞ്ഞുണ്ടാവാൻ ബുദ്ധിമുട്ടാണ് എന്നൊക്കെ, ആലോചന വന്നപ്പോഴും പ്രശ്നമുണ്ടായിരുന്നു.ഒരുപാട് ആലോചനകൾ മുടങ്ങിപ്പോയിട്ടുണ്ട്. (ഇപ്പോൾ അവരെല്ലാം എനിക്ക് ഫെയ്‌സ്ബുക്കിൽ റിക്വസ്റ്റ് അയക്കുകയും എന്നെ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട് എന്നത് രസകരമായ ഒരു അനുഭവമാണ്) പ്രസവത്തിന്റെ കാര്യത്തിലും നോർമൽ പ്രസവം ഉണ്ടാവില്ലെന്നൊരു ധാരണയുണ്ടായിരുന്നു. അതുകൊണ്ട് ഡെലിവറി നോർമൽ ആയി വേണമെന്ന് എനിക്കാഗ്രഹം തോന്നി. അങ്ങനെ വ്യായാമം ചെയ്യാൻ തുടങ്ങി, പ്രസവത്തിന്റെ തലേന്ന് വരെ ചെയ്യുമായിരുന്നു. പലരും എന്റെ ശരീരം കണ്ടു ഉപദേശിക്കാറുമുണ്ടായിരുന്നു. പക്ഷെ, അതൊക്കെ അവരുടെ അറിവില്ലായ്മയാണെന്നു എനിക്കറിയാം. അവസാനം വളരെ നോർമൽ ആയി തന്നെ ഞാൻ പ്രസവിച്ചു. 

പ്രസവം കഴിഞ്ഞു ആറു മാസം കഴിഞ്ഞു കലയിലേക്കെത്തി, എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമായിരുന്നു, അതിനൊപ്പം തുന്നലും വീണ്ടും തുടങ്ങി. സ്‌കൂളിൽ പഠിച്ചപ്പോൾ അമ്മയുടെ നിർദ്ദേശപ്രകാരം അന്ന് തുന്നൽ പഠിച്ചതാണ്, അത് വീണ്ടും തുടങ്ങാൻ കഴിഞ്ഞതാണ് മറ്റൊരു ട്വിസ്റ്റ്. ജോലിയൊക്കെ നഷ്ടപ്പെട്ടിരുന്നതുകൊണ്ട് പോക്കറ്റ് മണിയൊന്നും ഇല്ലാത്ത അവസ്ഥ. സുമൻ എല്ലാത്തിനും ഒപ്പമുണ്ട്,എന്നാലും നമ്മുടേതായ ജോലി ചെയ്‌തെടുക്കുന്ന പണത്തിനു മറ്റൊരു ഫീൽ ആണല്ലോ. അങ്ങനെയാണ് പഴയ ശീലങ്ങൾ വീണ്ടെടുക്കാൻ ശ്രമിക്കുന്നത്. അല്ലെങ്കിലും എന്റെ വസ്ത്രങ്ങൾ പലതും ഞാൻ തന്നെയാണ് തുന്നിക്കൊണ്ടിരുന്നത്. യൂട്യൂബിൽ നോക്കി ബോട്ടിൽ ആർട്ടും പഠിക്കാൻ തീരുമാനിച്ചു. ലോക്ക് ഡൌൺ തുടങ്ങിയപ്പോഴേക്കും പത്ത് ബൾക്ക് ഓർഡർ എനിക്ക് കിട്ടിയിരുന്നു. 

sandya2

'അമ്മ ഹാൻഡ് എംബ്രോയിഡറി ചെയ്യുന്നത് കണ്ടിട്ടുണ്ട്, അത് ഓർത്താണ് അതും തുന്നൽ തുടങ്ങിയത്. ക്വീൻസ് ലോഞ്ച് എന്നൊരു സൗഹൃദ കൂട്ടായ്മയുണ്ട് സ്ത്രീകളുടെ, എന്റെ ബോട്ടില്‍ ആർട്ട് ആദ്യം വാങ്ങിയതും അവിടെയുള്ളവർ തന്നെയാണ്. എംബ്രോയിഡറി പലരും ചെയ്യുന്ന കണ്ടിടാണ് ഞാനും തുടങ്ങിയത്, അത് നന്നായി ഹിറ്റായി. അതിന്റെ റെസ്പോൺസ് കണ്ടു അത് തന്നെ തുടരാൻ തീരുമാനിച്ചു. ബോട്ടിൽ ആർട്ടിനേക്കാൾ വിലക്കുറവുമാണ് തുന്നൽ. ഒരാൾ പറഞ്ഞിട്ടാണ് പോർട്രെയിറ്റ് തുന്നുന്ന വർക്ക് കിട്ടിയത്. ഛായ വരുത്തേണ്ടുന്ന ആർട്ട് അതുവരെ ചെയ്തിരുന്നില്ല, ഒരാളുടെ മുഖം വരയ്ക്കാൻ പറ്റുമോ എന്നറിയില്ലായിരുന്നു. അങ്ങനെ ആ ചിത്രം ലൈൻ ആർട്ട് ആക്കി വരച്ചെടുത്ത് ഞാൻ തുന്നി നോക്കി. അന്നും ഇന്നും ഞാൻ അത് എല്ലാവർക്കും പറഞ്ഞു കൊടുക്കാറുമുണ്ട്. ഒന്ന് രണ്ടു വർക്കുകൾ ഹിറ്റായതോടെ ഒരുപാട് വർക്കുകൾ കിട്ടി. ചെയ്യുന്നത് ഏറ്റവും വൃത്തിയായി ചെയ്തു കൊടുക്കുക എന്നതാണ് പോയ്ന്റ്. 

English Summary: Interview with Sandhya Radhakrishnan

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN INTERVIEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ദുരിതപ്പെയ്ത്തോ?, മേഘവിസ്ഫോടനമോ?– മനോരമ ഓൺലൈൻ എക്സ്പ്ലെയ്നർ

MORE VIDEOS
FROM ONMANORAMA