ADVERTISEMENT

‘ഡോർ തുറന്നുവന്ന പപ്പ കയ്യിലിരുന്ന ഫയൽ ടേബിളിലേക്ക് വച്ചു. ടിവി കണ്ടോണ്ട് ഇരുന്ന എന്നെ തന്നെ നോക്കി ഒരേയിരുപ്പ്. ഇമവെട്ടാതെ നോക്കുന്ന പപ്പയെ കണ്ടപ്പോൾ എനിക്കും എന്തോ സംശയം തോന്നി. അപ്പോഴേക്കും അമ്മയും വന്നു. അച്ഛൻ അമ്മയെയും കൂടി അടുക്കളയിലേക്ക് പോയി. കുറച്ച് കഴിയുമ്പോൾ കണ്ണുനിറഞ്ഞ് ഇരുവരും എന്നെ നോക്കുന്നതാണ് കണ്ടത്. 24 വയസുമാത്രമുള്ള മകൾക്ക് കാൻസർ സ്ഥിരീകരിച്ച നിമിഷത്തെ എന്റെ പപ്പയും അമ്മയും വരവേറ്റത് ഇങ്ങനെയാണ്.. എന്നാൽ ഇന്ന് ഞാൻ ഇവിടെ ബെംഗളൂരുവിൽ നിന്ന് കാൻസറിനോട് ഒറ്റയ്ക്ക് പോരടിക്കുന്നു. യാത്ര ചെയ്യുന്നു, നൃത്തം ചെയ്യുന്നു, ചിരിയോടെ മോഡലിങ് ചെയ്യുന്നു. കാൻസറിന് പറ്റിയ മരുന്ന് ജീവിക്കണം എന്ന ആഗ്രഹവും പൊരുതാനുള്ള മനസുമാണെന്ന് ആവർത്തിച്ച് ജീവിതം കൊണ്ട് അടിവരയിടുകയാണ് പാലാക്കാരി ജോസ്ന. ഒരുപാട് പേർക്ക് പ്രചോദനമാകുന്ന കഥ ജോസ്ന മനോരമ ന്യൂസ് ഡോട്ട്കോമിനോട് പറയുന്നു.

ശരീരം സൂചന തരുമ്പോൾ വച്ചോണ്ട് ഇരിക്കരുത്

കീമോ ചെയ്യാനായി ആശുപത്രിയുടെ പുറത്ത് കാത്തിരിക്കുമ്പോൾ ‍ഞാനൊരു ചേച്ചിയെ കണ്ടു. ആകെ തളർന്നുപോയ അവസ്ഥയിലായിരുന്നു അവർ. കാര്യങ്ങൾ ചോദിച്ചപ്പോൾ അവർ സങ്കടത്തോടെ പറഞ്ഞു. എനിക്ക് മുൻപ് തന്നെ സംശയം ഉണ്ടായിരുന്നു മോളെ.. ബ്രെസ്റ്റിലെ തടിപ്പ് എനിക്ക് സംശയം തോന്നിയിരുന്നു. പക്ഷേ എന്റെ ഭർത്താവിനെയും കുട്ടികളെയും ഓർത്തപ്പോൾ എനിക്ക് അത് പറയാൻ തോന്നിയില്ല. ഇന്ന് എന്റെ ബ്രെസ്റ്റ് പൂർണമായും മുറിച്ചുമാറ്റുക അല്ലാതെ വേറെ വഴിയില്ല. ഒരു പക്ഷേ ആദ്യ സംശയം തോന്നിയപ്പോൾ തന്നെ വേണ്ടത് ചെയ്തിരുന്നെങ്കിൽ മുറിഞ്ഞു പോയ ആ ചേച്ചിയുടെ വാക്കുകൾ അവരുടെ മാത്രം അവസ്ഥയല്ല. ഇതുപോലെ ആയിരങ്ങളുണ്ട്.

കുളിക്കുമ്പോഴാണ് എനിക്കും സംശയം തോന്നിയത്. എന്റെ ബ്രെസ്റ്റിൽ ഒരു തടിപ്പ്. അമ്മയോട് പറഞ്ഞപ്പോൾ അമ്മയും പറഞ്ഞു. അമ്മയ്ക്കും അങ്ങനെയുണ്ട് എന്ന്. അമ്മ ആദ്യം പോയി പരിശോധിച്ചു. പേടിക്കാനൊന്നുമില്ല എന്നായിരുന്നു ഡോക്ടറുടെ മറുപടി. ഞാൻ അന്ന് പരിശോധനയ്ക്ക് പോയില്ല. പക്ഷേ പിന്നീട് എനിക്ക് ആ മുഴ വളരുന്ന പോലെ തോന്നി. ഒടുവിൽ ‌ഞാനും പപ്പയും കൂടി ആശുപത്രിയിൽ പോയി പരിശോധിച്ചു. അതേ ബ്രെസ്റ്റ് കാൻസർ ആണ്. വെറും 24 വയസ്. ബ്രെസ്റ്റ് നീക്കം ചെയ്യണം എന്ന് ആർസിസിയിലെ ഡോക്ടർ ഒരു കാരുണ്യവും കാട്ടാതെ 24കാരിയുടെ മുഖത്ത് നോക്കി പറഞ്ഞു.

ആ വാക്കുകളിലെ മയമില്ലായ്മ എന്നെ മാത്രമല്ല പപ്പയെയും തളർത്തി. പിന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു മയത്തിൽ ഡോക്ടറും അവിടുത്തെ ജീവനക്കാരും അന്ന് കരുതിയിരുന്നെങ്കിൽ എന്ന്.. അവർ ആയിരക്കണക്കിന് രോഗികളെ നിരന്തരം കാണുന്നവരാകും. പക്ഷേ മുന്നിലുള്ള രോഗിയുടെ അവസ്ഥ അതായിരിക്കില്ല എന്ന കുറഞ്ഞ പക്ഷം അവരെങ്കിലും മനസിലാക്കിയിരുന്നെങ്കിൽ എന്ന് ആലോചിച്ച് പോയിട്ടുണ്ട്.  24 വയസുമാത്രം പ്രായമുള്ളപ്പോൾ ഇത്തരമൊരു ഓപ്പറേഷൻ. പിന്നീടുള്ള ജീവിതം ഒക്കെ ആലോചിച്ചപ്പോൾ ആകെ തളർന്നു. മറ്റ് ആശുപത്രികളിലേക്ക് പോകാം എന്ന് മനസിൽ ഉറപ്പിച്ചു. അവിടുന്ന് പടിയിറങ്ങി.

ചെന്നൈയ്ക്ക് വണ്ടി കയറി..

ചെന്നൈ അപ്പോളോ ആശുപത്രിയിൽ പോയി. പരിശോധനകൾ നടത്തി. ബ്രെസ്റ്റ് റിമൂവ് ചെയ്യാതെ ട്രീറ്റ്മെന്റ് ചെയ്യാമെന്ന് ഡോക്ടർ പറഞ്ഞു. കാൻസർ കോശങ്ങളെ വലിച്ചെടുത്ത് ഫാറ്റ് റീഫിൽ ചെയ്യുന്ന രീതിയാണ് അവിടെ നിർദേശിച്ചത്. പക്ഷേ കീമോ ചെയ്യാൻ ഞാൻ ഒരുക്കമായിരുന്നില്ല. കാരണം എനിക്ക് ജോലി ചെയ്യണം. ആശുപത്രി ചെലവിന് പണം വേണം. കിടക്കയിലേക്ക് ഒതുങ്ങാൻ മനസ് വന്നില്ല. ഒരു ഇടത്തരം കുടുംബത്തെ തകർക്കാൻ പോകുന്ന ചെലവ് വരുന്ന ചികിൽസയാണ്. കീമോ കഴിഞ്ഞവർ പറഞ്ഞു തന്ന പേടിപ്പിക്കുന്ന അനുഭവം എന്നെ പിന്നോട്ടടിച്ചു. മുടി പോകും. ശരീരം മോശമാകും. കിടക്ക വിട്ട് എഴുന്നേൽക്കാൻ കഴിയില്ല. അങ്ങനെ. അങ്ങനെ ഇതിലും ഭേദം പോയി മരിക്കുന്നതല്ലേ എന്ന് ചിന്തിച്ചുപോകുന്ന അനുഭവങ്ങളാണ് അവരെല്ലാം പറഞ്ഞത്. 

josna-bike-pic

എന്തുവന്നാലും കീമോയ്ക്ക് ഞാനില്ല എന്ന് ഉറപ്പിച്ച് പറഞ്ഞു. കൃത്യമായ ട്രീറ്റ്മെന്റും മെഡിസിനും ചെക്കപ്പും എടുത്ത് നാലു വർഷത്തോളം മുന്നോട്ടു പോയി. കാൻസറിനെ തോൽപ്പിച്ചു തുടങ്ങിയതിന്റെ സൂചന വന്നു. പക്ഷേ അവൻ തോൽക്കാൻ തയാറായിരുന്നില്ല. 28ാം  വയസിൽ എന്റെ നെ‍ഞ്ചിൽ വീണ്ടും മുഴകൾ വന്നു. അതേ രണ്ടാം വരവാണ്. ഇനി കീമോ കൂടാതെ രക്ഷയില്ല എന്ന് ഉറപ്പായി.

കീമോയെ പേടിക്കരുത്

ഭീമമായ ചെലവ് താങ്ങാൻ കഴിയാതെ വന്നതോടെ എന്റെ ചികിൽസ ഞാൻ തന്നെ ബെംഗളൂരുവിലേക്ക് മാറ്റി. അവിടെ പല ആശുപത്രിയിലെത്തി ചോദിച്ചറിഞ്ഞു. ഒടുവിൽ ഒരിടത്ത് ഞാൻ തുടർ ചികിൽസ ഉറപ്പിച്ചു. വീട് വിട്ട് എത്രനാൾ പപ്പയും അമ്മയും എനിക്കൊപ്പം വന്നു നിൽക്കും എന്ന ചോദ്യം സ്വയം ചോദിച്ചു തുടങ്ങിയതോടെ ‍ഞാൻ തീരുമാനമെടുത്തു. ഒറ്റയ്ക്ക് മതി. കീമോ ചെയ്യുമ്പോൾ മാത്രം കൂടെ ഒരാൾ വേണം. അപ്പോൾ മാത്രം പപ്പ വന്നാൽ മതിയെന്ന് തറപ്പിച്ച് പറഞ്ഞു. എന്റെ വാശിക്ക് മുന്നിൽ അവർ തോറ്റു. ചികിൽസയ്ക്കുള്ള പണം തന്ന് ഒരുപാട് സുഹൃത്തുക്കളും ഒരു ട്രെസ്റ്റും എന്നെ ചേർത്തുപിടിച്ചു. ബെംഗളൂരുവിലെ ഒരു വീട്ടിൽ വാടകകാരിയായി ഞാൻ ചികിൽസ ആരംഭിച്ചു. ഇതിനിടയിൽ ജോലി രാജി വയ്ക്കേണ്ടി വന്നെങ്കിലും ഈ മഹാനഗരം എന്നെ ഇവിടെ പിടിച്ചുനിർത്തി. ഇന്നും ഇതേ നഗരത്തിലൂടെ ചിരിയോടെ ഒറ്റയ്ക്ക് പോയി കാൻസർ ചികിൽസ നേടുന്നു.

കീമോ െകാണ്ടുപോകും മുൻപ് ‍ഞാൻ തന്നെ എന്റെ നീട്ടിവളർത്തിയ മുടി മുറിച്ചുമാറ്റി. ഇന്നും ഞാനത് കാത്തുവച്ചിട്ടുണ്ട്. തല മുണ്ഡനം ചെയ്തു. മൊട്ടത്തല പുറത്തുകാട്ടി നടക്കാൻ തുടങ്ങി. ടാക്സി വിളിച്ച് ഞാൻ ഒറ്റയ്ക്ക് ചെക്കപ്പുകൾക്ക് പോകും. ആശുപത്രി പടികൾ ഓടി കയറും. രോഗിക്ക് ഒപ്പം വന്നതാണോ എന്ന് പലരും ചോദിച്ചിട്ടുണ്ട്. അല്ല ‍ഞാനാണ് രോഗി എന്ന് പറയുമ്പോൾ അവർ അമ്പരക്കും. എന്നിട്ട് അവർ അവർക്കൊപ്പം വന്ന ഒരുപാട് പ്രിയപ്പട്ടവരെ നോക്കും. കീമോ ചെയ്യുമ്പോൾ പപ്പ കൂടെ വരും അത്രമാത്രം. ഫോൺവിളിക്ക് പിന്നിൽ എന്റെ കരുത്ത് ഉൗർജമാക്കി അമ്മ വീട്ടിലുണ്ടാകും. കാരണം ‍ഞാൻ ഇവിടെ ഒറ്റയ്ക്കല്ല എനിക്കൊപ്പം കാൻസറില്ലേ എന്ന് ചിരിയോടെ അത്ര ലാഘവത്തോടെ എടുക്കുന്നതിന് അപ്പുറമൊരു മരുന്നുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. കണ്ണീരും സഹതാപവുമൊക്കെ നമ്മളെ തന്നെ പിറകോട്ട് വലിക്കും. അതുകൊണ്ടാണ് ഒറ്റയ്ക്ക് നിന്ന് പോരാടാൻ തീരുമാനിച്ചത്. 

കീമോയെ ഭയക്കരുത് എന്ന് പറയാൻ ഞാൻ എന്റെ ജീവിതം തന്നെ ഇനി സമർപ്പിക്കുകയാണ്. പലരുടെ അഭിപ്രായം കേട്ട് കീമോ ഭയന്ന് ഓടിയ വ്യക്തിയാണ് ‍ഞാൻ. ആ ഞാൻ ഇന്ന് കീമോകൾ ഏറെ ചെയ്തു. കീമോ കഴിഞ്ഞ് വീട്ടിൽ വന്ന് ജോലി ചെയ്യാൻ എനിക്ക് പറ്റുന്നു. തളരുന്നത് മനസാകാതിരുന്നാൽ അതുമാത്രം മതി മുന്നോട്ടുപോകാൻ. അതു വിളിച്ചു പറയാൻ ഞാൻ മോഡലായി ക്യാമറയ്ക്ക് മുന്നിൽ നിന്നു. എന്റെ ആശയം ഇതാണെന്ന് പറഞ്ഞപ്പോൾ ഫോട്ടോഷൂട്ടിന് പണം ഒന്നും വേണ്ട ഈ ചിരി മാത്രം മതി എന്നു പറഞ്ഞ രജീഷ് രാമചന്ദ്രനെന്ന ക്യാമറമാനും അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്കും ഏറെ നന്ദിയുണ്ട്. കോട്ടയം പാലായാണ് എന്റെ നാട്. പപ്പ ജോസിയും അമ്മ ബിൻഷിയും രണ്ട് സഹോദരങ്ങളും അടങ്ങുന്നതാണ് എന്റെ കുടുംബം. ബെംഗളൂരുവിലെ ഇന്റേണൽ ഓ‍ഡിറ്ററായുള്ള ജോലിയുമായി മുന്നോട്ടു പോകുമ്പോഴാണ് കാൻസർ വില്ലനായി വരുന്നത്. 

രോഗത്തോട് പോരാടാനുള്ള കരുത്തുണ്ടെങ്കിലും വേണ്ടി വരുന്ന ചെലവ് പലരെയും കീഴടങ്ങാൻ പ്രേരിപ്പിക്കും. ചിലർ ജീവിതത്തിൽ നിന്നുതന്നെ ഒളിച്ചോടും. അത് അവർ ഭീരു ആയതുകൊണ്ടല്ല. മറിച്ച് ആകെയുള്ള കിടപ്പാടം പോലും വിറ്റ് ചികിൽസ നടത്തി പ്രിയപ്പട്ടവരെ തെരുവിലേക്ക് ഇറക്കാൻ മനസില്ലാത്തത് കൊണ്ടാണ്. അവരെ ഭീരു എന്ന് വിളിക്കരുത്. പക്ഷേ എനിക്ക് പറയാനുള്ളത്. ‍ഞാനും നിങ്ങളെ പോലെ ഒരാളാണ്. സാധാരണക്കാരിയാണ്. എത്രയെടുത്താലും തീരാത്ത സമ്പത്തല്ല എന്റെ കരുത്ത്. ‍ജീവിക്കണം എന്ന മോഹം മാത്രമാണ്. അതുണ്ടെങ്കിൽ നമ്മളെ ചേർത്തുപിടിക്കാൻ ആരെങ്കിലുമാെക്കെ എവിടെങ്കിലും കാണും. ദൈവം പല രൂപത്തിൽ പ്രത്യക്ഷപ്പെടും എന്നു പറയുന്നതു പോലയാണ്. ധൈര്യമായി മുന്നോട്ടുപോകൂ. ഞാൻ ജീവിതം കൊണ്ട് കാണിച്ചു തരികയല്ലേ. ബെംഗളൂരുവിൽ നിന്ന് കാൻസറിനെതിരെ ഒറ്റയ്ക്ക് പോരാടുന്ന ഒരു പാലാക്കാരി ആയിട്ട് കൂട്ടിക്കോ. കാൻസർ തോൽക്കും. നമ്മൾ ജയിക്കും.

 

English Summary: Story About Josna Cancer Survivor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com