എല്ലാവരെയും പ്രീതിപ്പെടുത്താൻ പറ്റില്ല; ഒരു വർഷത്തെ ‘റോസ്റ്റിങ്ങി’നെ പറ്റി ഗായത്രി

Mail This Article
നിത്യജീവിതത്തിൽ പറയുകയും ചിരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പല 'നിഷ്കു' തമാശകളും ശീലങ്ങളും അത്ര നിഷ്കളങ്കമല്ലെന്ന് മുഖത്തു നോക്കി പറഞ്ഞാണ് ഗായത്രി എന്ന യുട്യൂബർ പ്രേക്ഷകശ്രദ്ധ നേടിയത്. ഗെറ്റ് റോസ്റ്റ് വിത്ത് ഗായ3 എന്ന ചാനലിലൂടെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ടു തന്നെ ഗായത്രി മലയാളികളെ ഇരുത്തി ചിന്തിപ്പിച്ചു. പലരും വ്യക്തികളെ 'റോസ്റ്റ്' ചെയ്തപ്പോൾ ഗായത്രി മലയാളികളുടെ ചിന്തകളെയും ശീലങ്ങളെയുമാണ് വറചട്ടിയിലിട്ടത്. കൊണ്ടും കൊടുത്തും ചർച്ച ചെയ്തും ഒരു വർഷം പിന്നിടുമ്പോൾ ഏറെ ആത്മവിശ്വാസത്തിലാണ് ഗായത്രി. ഒറ്റ വിഡിയോയിലൂടെ അവസാനിക്കുമെന്ന് കരുതിയ ആ യാത്ര നിരവധി പേരെ ചിന്തിപ്പിച്ചും രസിപ്പിച്ചും മുന്നോട്ടു പോകുമ്പോൾ നമുക്കു ചുറ്റുമുള്ളവരും മാറി ചിന്തിക്കുന്നുണ്ടെന്ന് പറയുന്നു ഗായത്രി. റോസ്റ്റിങ് അനുഭവങ്ങളും വിശേഷങ്ങളുമായി ഗായത്രി മനോരമ ഓൺലൈനിൽ.
എന്തുകൊണ്ട് റോസ്റ്റിങ് തിരഞ്ഞെടുത്തു?
റോസ്റ്റിങ്ങിന് ഒരു ഹ്യൂമർ ടച്ച് ഉണ്ടല്ലോ. സാമൂഹികപ്രസക്തിയുള്ള വിഷയം നേരെ പറയുന്നതിനെക്കാൾ അൽപം ഹാസ്യം കലർത്തി അവതരിപ്പിക്കുകയാണെങ്കിൽ കൂടുതൽ പേരിലേക്ക് അത് എത്താനുള്ള സാധ്യത കൂടുതലാണ്. റോസ്റ്റിങ് എന്ന വാക്ക് അൽപം നെഗറ്റീവ് ഷെയ്ഡുള്ള വാക്കാണ് എന്ന് മനസിലാക്കുന്നു. പലപ്പോഴും വ്യക്തിഹത്യ ചെയ്യുന്നതിന് ലോകമെമ്പാടും ഉപയോഗിക്കുന്ന ഒരു വാക്ക് കൂടിയാണ് റോസ്റ്റിങ്. എന്നാൽ ആ ഒരു സാധ്യത മാത്രമേ ആ വാക്കിനുളളൂ എന്നു കരുതരുത്. വ്യക്തികളെ അല്ല ആശങ്ങളെയാണ് ഞാൻ റോസ്റ്റ് ചെയ്യുന്നത്. ആ വഴിയാണ് ഞാൻ തിരഞ്ഞെടുത്തത്. റോസ്റ്റിങ്ങിനെ ഗൗരവമായി സമീപിക്കാനുള്ള കാരണവും ഇതാണ്.

സ്വന്തം നിലപാടു പറയുന്ന സ്ത്രീകളെ പൊതുവെ സമൂഹത്തിന് ദഹിക്കില്ല. അവർക്കിടയിൽ എങ്ങനെയാണ് സ്വീകാര്യത നേടിയത്?
മലയാളികൾക്ക് പൊതുവെ വിമർശിക്കുന്നവരോട് ഒരു പുച്ഛമുണ്ട്. പ്രത്യേകിച്ചും അതു സ്ത്രീകളാണെങ്കിൽ! ഞാൻ ഇങ്ങനെയൊരു ഉദ്യമം തുടങ്ങാൻ ആദ്യം മടിച്ചതും ഇത്തരം ചിന്തകൾ കൊണ്ടു കൂടിയാണ്. മലയാളികൾക്ക് വിമർശനം പൊതുവെ ഇഷ്ടമല്ല. അതു സ്ത്രീയാണ് നടത്തുന്നതെങ്കിൽ പിന്നെ പറയുകയും വേണ്ട. ഔട്ട്സ്പോക്കൺ ആയ സ്ത്രീയെ സമൂഹം പുച്ഛിക്കും എന്നുറപ്പിച്ചു തന്നെയായിരുന്നു ഞാനും തുടങ്ങിയത്. പക്ഷേ, എന്തുകൊണ്ടാണ് എന്നറിയില്ല... തുടക്കത്തിൽ പോലും ഞാൻ പ്രതീക്ഷിച്ചത്ര എതിർപ്പ് നേരിടേണ്ടി വന്നില്ല. ആദ്യ വിഡിയോ പോസ്റ്റ് ചെയ്തപ്പോൾ ഇതു സ്ഥിരമാക്കാനുള്ള ആലോചനയൊന്നും ഉണ്ടായിരുന്നില്ല. ആളുകളുടെ ചീത്ത വിളി വന്ന് വിഡിയോ പിൻവലിക്കേണ്ടി വരുമെന്നൊക്കെയായിരുന്നു മനസിൽ! എന്നാൽ എന്നെ ഞെട്ടിച്ചുകൊണ്ട് നല്ല പ്രതികരണമായിരുന്നു ലഭിച്ചത്. എന്റെ ചിന്തകൾ അംഗീകരിക്കുന്നവരുണ്ടെന്നും അതു കാണാൻ ആളുകളുണ്ടെന്നും തിരിച്ചറിഞ്ഞത് അപ്പോഴാണ്.
പത്തു വർഷം മുൻപ് ഇക്കാര്യങ്ങൾ സംസാരിച്ചിരുന്നെങ്കിൽ ഇപ്പോൾ കേൾക്കുന്ന പോലെ കേൾക്കാൻ ആളുകളുണ്ടാകുമോ എന്ന് സംശയമുണ്ട്. ഇന്ന് അംഗീകരിക്കുന്നതിന്റെ 10 ശതമാനം ആളുകൾ പോലും അന്ന് അംഗീകരിക്കണമെന്നില്ല. എന്നാലിപ്പോൾ ആളുകൾ മാറി ചിന്തിച്ചു തുടങ്ങി. മാനവികതയിലൂന്നിയ പുരോഗമനപരമായ നിരവധി ചർച്ചകൾ ഇപ്പോൾ സജീവമായി നടക്കുന്നുണ്ട്. അതും എനിക്ക് അനുകൂല ഘടകമായി പ്രവർത്തിച്ചു എന്നാണ് എനിക്ക് തോന്നുന്നത്. എങ്കിലും സെക്സിസ്റ്റ് കമന്റുകളൊക്കെ വന്നിരുന്നു. ഞാൻ പറയുന്ന കാര്യങ്ങൾ ഒരു പുരുഷൻ പറഞ്ഞിരുന്നെങ്കിൽ ലഭിക്കുന്നതിനെക്കാൾ കൂടുതൽ നെഗറ്റീവ് കമന്റുകൾ എനിക്ക് കിട്ടാറുണ്ട്. അതു പ്രതീക്ഷിച്ചതാണ്.
തുടക്കം എങ്ങനെയായിരുന്നു?
പണ്ടു മുതലെ കുറെ കാര്യങ്ങൾ മനസിലുണ്ടായിരുന്നു. എന്നാൽ അതു പ്രകടിപ്പിക്കാനുള്ള ആത്മവിശ്വാസമോ ധൈര്യമോ ഉണ്ടായിരുന്നില്ല. ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ അതു സ്വാഭാവികമായി പരണമിച്ചുണ്ടാവുകയായിരുന്നു. പറയാനുള്ളത് നേരിട്ടു പറയാനുള്ള ധൈര്യത്തിലേക്ക് ഞാനെത്തി. പരിണാമം എന്ന വാക്കാണോ രൂപാന്തരം എന്ന വാക്കാണോ എന്റെ ഈ യാത്രയെ കൃത്യമായി സൂചിപ്പിക്കുക എന്നറിയില്ല. ആ രീതിയിലാണ് ഞാൻ മാറിയിട്ടുള്ളത്. പത്തു വർഷം മുൻപ് എന്നെ കണ്ടവർ പറയും, അന്നത്തെ നീയല്ലല്ലോ ഇന്നത്തെ നീ എന്ന്!
പൊളിറ്റിക്കൽ കറക്ട്നസ് എന്ന വാക്കും അതിന്റെ പ്രാധാന്യവും ആ അർത്ഥത്തിൽ പരിചിതമായിട്ട് കുറച്ചു വർഷങ്ങളെ ആയിട്ടുള്ളൂ. എന്നാൽ അതിനു മുൻപെ ഇക്കാര്യങ്ങൾ ചിന്തയിൽ വരാറുണ്ട്. അറിഞ്ഞോ അറിയാതെയോ നമ്മുടെ വാക്കും പെരുമാറ്റവും ചിലരെ വേദനിപ്പിച്ചേക്കാമെന്ന തിരച്ചറിവിൽ നിന്നാണ് ഇതെല്ലാം തുടങ്ങിയത്. പിന്നീട് എന്റെ സുഹൃദ്‍വലയങ്ങൾ വിസ്തൃതമായി. അവർക്കൊപ്പമുള്ള ചർച്ചകൾ ... സംവാദങ്ങൾ... ഇതിൽ നിന്നെല്ലാമാണ് പൊളിറ്റിക്കൽ കറക്ട്നസിന്റെ പ്രാധാന്യമൊക്കെ തിരിച്ചറിയുന്നത്. പലരും ചോദിക്കും എന്തിനാണ് എപ്പോഴും പൊളിറ്റിക്കൽ കറക്ട്നസ് നോക്കുന്നത്? ഓർഗാനിക് ആയി സംസാരിച്ചാൽ പോരെ എന്ന്. അങ്ങനെയല്ല. ചരിത്രപരമായി അവഗണനയും മാറ്റിനിറുത്തലും അനുഭവിച്ചിട്ടുള്ള ഒരു സമൂഹത്തെ വേദനിപ്പിക്കുകയും അപമാനിക്കുകയും ചെയ്യുന്നത് എങ്ങനെ ഓർഗാനിക് ആകും? അതു സ്വാഭാവികമാകുന്നത് എങ്ങനെയാണ്?
ചിന്തകളെ സ്വാധീനിച്ചത് പ്രവാസജീവിതം ആണോ?
പ്രവാസജീവിതം മാത്രമല്ല എന്നെ സ്വാധീനിച്ചത്. കൂടുതൽ വായിക്കാൻ തുടങ്ങി... സുഹൃദ്‍വലയങ്ങൾ വിസ്തൃതമായി. അതെല്ലാം സ്മൂത്തായി പ്രാവർത്തികമാക്കാൻ പ്രവാസജീവിതം സഹായകരമായി. ഒരു ജെൻഡർ ന്യൂട്രൽ ഗൃഹാന്തരീക്ഷം സാധ്യമാകുന്നത് ഞാൻ പ്രവാസി ആയതുകൊണ്ടാകാം. നാട്ടിലായിരുന്നെങ്കിൽ ഇത് എത്രത്തോളം സാധ്യമാകുമെന്ന് അറിയില്ല. സാധ്യമാകുമെന്നതിൽ തർക്കമില്ല. എന്നാൽ അതിനായി നന്നായി ഫൈറ്റ് ചെയ്യേണ്ടി വരും. ഇവിടെയാകുമ്പോൾ ആരെയും ബോധിപ്പിക്കാനില്ല. ഞാനും ഭർത്താവും മകനും മാത്രമല്ലേയുള്ളൂ.
ഭർത്താവ് രൂപേഷ് ശിവം ഐടി പ്രൊഫഷണൽ ആണ്. മകൻ നോയലിന് എട്ടു വയസായി. നാട്ടിൽ അച്ഛനുണ്ട്. അമ്മ നേരത്തെ മരിച്ചിരുന്നു. ഒരു അനിയത്തിയുണ്ട്. അവർ വിവാഹിതയാണ്. അമ്മൂമ്മയും അപ്പൂപ്പനുമാണ് എന്നെ വളർത്തിയത്. അവരിപ്പോഴില്ല. വീട്ടിൽ അങ്ങനെ പ്രത്യേകിച്ച് ജൻഡർ റോളുകളില്ലാതെയാണ് മകനെ വളർത്തുന്നത്. എനിക്ക് കുക്കിങ് ഒട്ടും ഇഷ്ടമല്ല. എന്നാൽ ഡ്രൈവിങ് വലിയ ക്രേസ് ആണ്. വീട്ടിൽ പാചകമൊക്കെ ഞങ്ങൾ രണ്ടുപേരും ചേർന്നാണ് ചെയ്യുക. കൂടുതൽ ചെയ്യുന്നത് രൂപേഷാണ്.

പ്രവാസജീവിതം സ്ത്രീകൾക്ക് കൂടുതൽ സ്വാതന്ത്ര്യം നൽകുന്നതായി തോന്നിയിട്ടുണ്ടോ?
എനിക്ക് തോന്നുന്നു ഗൾഫിലെ പ്രവാസികളായ സ്ത്രീകളിൽ ഭൂരിപക്ഷവും സ്ത്രീകൾ ഹോംമേക്കേഴ്സ് ആണെന്ന്. ജോലിക്കായി എത്തുന്നവർ താരതമ്യേന കുറവാണ്. പാശ്ചാത്യ രാജ്യങ്ങൾ എടുത്തു നോക്കിയാൽ ഈ അനുപാതത്തിലായിരിക്കില്ല കാര്യങ്ങൾ. എന്നാൽ ഗൾഫിലെത്തുന്ന കൂടുതൽ സ്ത്രീകൾക്കും പുറംലോകവുമായി കാര്യമായ ബന്ധമൊന്നും ഉണ്ടാകാൻ വഴിയില്ല. എന്നാൽ, ഏതെങ്കിലും രീതിയിൽ മറ്റു കൾച്ചറുകളുള്ള ആളുകളുമായി ഇടപെഴകുന്നുണ്ടെങ്കിൽ തീർച്ചയായും മാറ്റങ്ങൾ ഉണ്ടാകും. വസ്ത്രധാരണം മുതൽ ഭക്ഷണരീതികളിലും ചിന്തകളിലും വരെ ആ മാറ്റമുണ്ടാകാം.
സ്ത്രീകൾക്ക് യുട്യൂബ് തുറന്നു വച്ച സാധ്യതകളെക്കുറിച്ച്?
ഒരു മൊബൈലും ഇന്റർനെറ്റും ഉണ്ടെങ്കിൽ ആർക്കും ചെയ്യാവുന്നതാണ് വ്ലോഗിങ്ങും യുട്യൂബ് ചാനലുമൊക്കെ. എഡിറ്റ് ഒക്കെ വളരെ സിംപിൾ ആയി ചെയ്യാവുന്നതേയുള്ളൂ. കുക്കിങ്ങിലും ബ്യൂട്ടി ടിപ്സിലും ഒതുങ്ങുന്നതല്ലല്ലോ സ്ത്രീകളുടെ യുട്യൂബ് സാധ്യതകൾ. ഏതിലാണോ കഴിവും താൽപര്യവുമെന്ന് തിരിച്ചറിഞ്ഞ് ആ മേഖല തിരഞ്ഞെടുക്കാം. അഭ്യസ്തവിദ്യരായ സ്ത്രീകൾ ഏറ്റവും കൂടുതൽ വീടുകളിലുള്ളത് നമ്മുടെ രാജ്യത്താണ്. സിനിമയും നിരൂപണമൊന്നും നമ്മുടെ മേഖലയല്ല എന്നു ചിന്തിക്കേണ്ടതില്ല. ഏതാണ് നമ്മുടെ മേഖല അല്ലാത്തത്? സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള വലിയ സാധ്യതകൾ യുട്യൂബ് തുറന്നു തരുന്നുണ്ട്. Unlimited സാധ്യതകൾ എന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഒന്നാണ് അത്. അതിനൊപ്പം നമുക്കൊരു വ്യക്തിത്വം കൂടി പരുവപ്പെടുന്നുണ്ട്. യുട്യൂബ് എന്നല്ല മറ്റു പ്ലാറ്റ്ഫോമുകളിലേക്കും സ്ത്രീകൾ സജീവമായി കടന്നു വരണം. ഈ അവസരങ്ങൾ പ്രയോജനപ്പെടുത്തണം.
റോസ്റ്റിങ്ങിന്റെ ഒരു വർഷം നൽകിയ തിരച്ചറിവ്?
ഞാൻ ആദ്യ വിഡിയോ എടുത്ത് എഡിറ്റ് ചെയ്തതിനു ശേഷം അതു അപ്‍ലോഡ് ചെയ്യണോ എന്ന കാര്യത്തിൽ നല്ല ആശയക്കുഴപ്പമുണ്ടായിരുന്നു. പെട്ടെന്നൊരു തോന്നലിലാണ് അതു ലൈവ് ആക്കിയത്. അതു ചെയ്തില്ലായിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു. ഞാൻ ചെയ്യുന്നത് എല്ലാവർക്കും സ്വീകാര്യമായ കാര്യമല്ല. എല്ലാവരെയും പ്രീതിപ്പെടുത്തുന്നതും അല്ല. അതും ലിംഗസമത്വം ഒട്ടുമില്ലാത്ത ഒരു സമൂഹത്തോടാണ് സംവദിക്കുന്നത്. എന്നിട്ടും ഇതെല്ലാം അംഗീകരിക്കാൻ കുറച്ചു പേരെങ്കിലുമുണ്ടല്ലോ. ദശലക്ഷക്കണക്കിന് സബ്സ്ക്രൈബേഴ്സ് ഉള്ള ചാനലുകളുണ്ട്. അതിൽ എനിക്കുള്ള രണ്ടു ലക്ഷം വലിയ സംഭവമൊന്നുമല്ല. എങ്കിലും ഞാൻ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന ആശയങ്ങളെ വച്ചു നോക്കുമ്പോൾ ഞാൻ ഹാപ്പിയാണ്. ഇത്തരം ആശയങ്ങൾ കേൾക്കാൻ രണ്ടു ലക്ഷം പേരെങ്കിലുമുണ്ടല്ലോ എന്നതാണ് എന്റെ സന്തോഷം. ആ ചർച്ചകൾ തുടരട്ടെ.
English Summary: Interview with Gayathri