ADVERTISEMENT

പാമ്പെന്നു കേട്ടാൽ പെണ്ണുങ്ങളൊക്കെ പേടിച്ചോടും എന്നാരാണ് പറഞ്ഞത്? പാമ്പിനെ കണ്ടാൽ മലപ്പുറം തിരൂരുകാരി ഉഷ പിന്നാലെ ഒാടും. തല്ലാനല്ല, തലോടാൻ. എവിടെയെങ്കിലും പാമ്പുണ്ടെന്ന് ആളുകൾ വിളിച്ചുപറഞ്ഞാലോ, ഉഷ തന്റെ ബുള്ളറ്റിൽ പറന്നു വരും. പാമ്പിനെ ചാക്കിലാക്കി കൊണ്ടു പോകുകയും ചെയ്യും. നാട്ടിലെ അറിയപ്പെടുന്ന പാമ്പ് പിടുത്തക്കാരിയാണ്. ഇതിൽ ലൈസൻസസും നേടി. എങ്ങനെയാണ് ഇൗ മേഖലയിലേക്ക് എത്തിയതെന്ന് ഉഷ മനോരമ ഒാൺലൈനോട് പറയുന്നു.

പാമ്പിനോട് ഒരു പ്രത്യേക ഇഷ്ടം

പാടവരമ്പത്തായിരുന്നു വീട്. ചെറുപ്പം മുതലേ ഇഴജന്തുക്കളോട് വളരെ സ്നേഹമാണ്. പ്രത്യേകിച്ച് പാമ്പിനോട്. സ്കൂളിൽ പോയി വരുന്ന വഴിക്ക് പാമ്പിനെ വാലിലൊക്കെ  പിടിച്ച് കറക്കുമായിരുന്നു. ചേര, നീർക്കോലി, പച്ചിലപ്പാമ്പ് ഇതൊക്കെയായിരുന്നു അന്നത്തെ പ്രധാന വിനോദങ്ങൾ. വിഷമുള്ള പാമ്പിനെ അന്ന് പിടിച്ചിരുന്നോ എന്നറിയില്ല. ഇപ്പോ തോന്നാറുണ്ട് അന്ന് പിടിച്ച് കറക്കിയതിൽ വിഷമുള്ളതൊക്കെ കാണുമെന്ന്. വീട്ടുകാർ അറിയാതെയായിരുന്നു അന്ന് പാമ്പ് പിടുത്തം. പാമ്പിനോട് ഒരു പ്രത്യേക മനുഷ്യത്വമാണ്.  ഇതുവരെ പേടി തോന്നിയിട്ടില്ല. 

നാട്ടിൽ അറിഞ്ഞ് തുടങ്ങിയത്

ഒമ്പതാംക്ലാസിൽ പഠിക്കുമ്പോൾ അടുത്തുള്ള വീട്ടിൽ പാമ്പ് കയറി. രണ്ട് വയസുള്ള കുട്ടി മാത്രമേ അകത്തുള്ളൂ. വീട്ടുകാർ പുറത്ത് നിൽക്കുന്നു. പെണ്ണുങ്ങൾ മാത്രമേ അവിടെ ഉണ്ടായിരുന്നുള്ളൂ. വെള്ളിയാഴ്ച ആയതുകൊണ്ട് ആണുങ്ങൾ പള്ളിയിൽ പോയിരുന്നു. ഞാൻ ഒച്ചകേട്ട് മതിൽ ചാടി ചെന്നപ്പോൾ വീടിന്റെ ചവിട്ടുപടിയിൽ മൂർഖൻ പത്തി വിടർത്തി നിൽക്കുന്നു. കുഞ്ഞ് അകത്ത് കട്ടിലിൽ ഇരുന്ന് കരയുന്നു. വീട്ടുകാരും നാട്ടുകാരുമെല്ലാം പുറത്ത് ബഹളമുണ്ടാക്കുന്നുണ്ട്. പാമ്പിനെ ഒരു വടികൊണ്ട് തോണ്ടി ഞാൻ ദൂരെയിട്ടു. വീടിനുള്ളിൽ കയറി കുഞ്ഞിനെ രക്ഷിച്ചു. അതിനുശേഷം നാട്ടിലെവിടെ പാമ്പു വന്നാലും എന്നെ വിളിക്കാൻ തുടങ്ങി.

പേടി ഇല്ല

ഒരിക്കലും പേടി തോന്നിയിട്ടില്ല. നമ്മൾ കുഞ്ഞുങ്ങളെ സ്നേഹത്തോടെ വിളിച്ചാൽ അവർ നമ്മുടെ കയ്യിലേക്ക് വരില്ലേ? അതുപോലെ തന്നെയാണ് പാമ്പുകളും. അവരെ സ്നേഹത്തോടെ സമീപിക്കണം. ഭയപ്പെടുത്തിയാൽ ഉപദ്രവിക്കും. അവർ ദേഷ്യത്തിലുള്ള സമയമാണെങ്കിൽ അപ്പോൾ വിട്ടുകളഞ്ഞിട്ട് പിന്നീട് പിടിക്കുക.

പാമ്പ് കടിയേറ്റിട്ടുണ്ടോ?

വിഷമുള്ളതൊന്നും ഇതുവരെ കടിച്ചിട്ടില്ല. ഒരിക്കൽ ചേര കടിച്ചിട്ടുണ്ട്. അത് എന്റെ കുഴപ്പം കൊണ്ടാണ്. ഒരിടത്ത് കുടുങ്ങിപ്പോയെ ചേരയെ അതിന്റെ വാ മൂടുന്നതിന് മുമ്പ് തന്നെ രക്ഷിക്കാൻ നോക്കി. അത് കടിച്ചു.

പരീശിലനം, ലൈസൻസ്

പത്രത്തിലെ വാർത്ത കണ്ടാണ് ലൈസൻസിന് അപേക്ഷിച്ചത്. ഒരു ദിവസം പരിശീലനത്തിന് വിളിച്ചു. രാവിലെ തിയറി ക്ലാസും ഉച്ചയ്ക്ക് ശേഷം പ്രാക്ടിക്കലും ആയിരുന്നു. പാമ്പ് പിടിക്കാൻ നേരത്തെ അറിയാമായിരുന്നതിനാൽ പ്രാക്ടിക്കൽ എളുപ്പമായിരുന്നു. ഒരു ഹുക്കുണ്ട്. അത് വച്ചാണ് പാമ്പിനെ പിടിക്കുന്നത്. ​ഞാൻ പാമ്പിനെ പിടിച്ചാൽ ഒരു ബോട്ടിലിലേക്ക് മാറ്റുകയാണ് പതിവ്. ഇവർ അതിനെ ഒരു പിവിസി പൈപ്പിലൂടെ കടത്തിവിട്ട് ബാഗിലെത്തിക്കും. പാമ്പിനെ പിടിക്കുമ്പോൾ അവയുടെ അസ്ഥി പൊട്ടാതെ നോക്കണം. പരിശീലനം ലഭിച്ച ശേഷം പിവിസി പൈപ്പിലൂടെ കടത്തിവിട്ട് ബാഗിലെത്തിക്കും. പാമ്പിനെ പിടിച്ചിട്ട് വനം വകുപ്പിനെ അറിയിച്ചാൽ അവർ വന്ന് കൊണ്ടുപോകും

വാവാസുരേഷിനെ കാണണം

വാവ സുരേഷിന്റെ വലിയ ആരാധികയാണ്. നേരിട്ട് കാണാൻ വലിയ ആഗ്രഹമുണ്ട്, ഇത് വരെ സാധിച്ചിട്ടില്ല. ഒരിക്കൽ നമ്പർ തപ്പിയെടുത്ത് വിളിച്ചിരുന്നു, അങ്ങോട്ട്. പകുതി സംസാരിച്ചപ്പോൾ വച്ചുകളഞ്ഞു, നാണം കൊണ്ട്. അവരൊക്കെ വലിയ തിരക്കുള്ള ആളുകളല്ലേ. ടിവിയിൽ പുള്ളീടെ പരിപാടി സ്ഥിരം കാണുമായിരുന്നു. അദ്ദേഹത്തെ കാണാൻ ആഗ്രഹമുണ്ടെന്ന് പരിചയമുളളവരോടൊക്കെ പറയാറുണ്ട്. 

ആഗ്രഹം

പത്താം ക്ലാസ് പാസാകണം. ഫോറസ്റ്റ് വാച്ചറാകണമെന്നാണ് ആഗ്രഹം. ചെറുപ്പത്തിൽ ഉഴപ്പി പഠനം പൂർത്തിയാക്കിയില്ല. ഇപ്പോൾ സ്വസ്ഥമായി ഒരു ജോലി വേണമെന്ന് ആഗ്രഹമുണ്ട്. പത്താം ക്ലാസ് പാസായിട്ടില്ലെന്ന് പറയാൻ നാണമാണ്. എത്രയും വേഗം അത് സാധിക്കണം. അത്കഴിഞ്ഞ് എന്നേയും കൂടി ജോലിക്കെടുക്കുമോ എന്ന് വനംവകുപ്പിൽ ചോദിക്കണം, ഉഷ പറയുന്നു.

ഉഷയെന്നാൽ പാമ്പ് പിടിത്തക്കാരി മാത്രമല്ല. ഡ്രൈവിങ് സ്കൂൾ ടീച്ചറായും, ട്രോമാ കെയർ വൊളന്റിയറായും, നീന്തൽ വിദഗ്ധയായും, വനം വകുപ്പിന്റെ വൈൽഡ് ലൈഫ് റെസ്ക്യൂ ടീമംഗമായും, കബഡി കളിക്കാരിയായുമെല്ലാം കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ്. കഴിഞ്ഞ വർഷം വനം വകുപ്പിന്റെ ലൈസൻസ് കിട്ടിയതോടെയാണ് പാമ്പുപിടിത്തം സജീവമാക്കിയത്. ജില്ലയിൽ 2 വനിതകൾക്കു മാത്രമാണ് ഈ ലൈസൻസുള്ളത്. ഇതുവരെ ഉഗ്രവിഷമുള്ളവ അടക്കം നൂറ് കണക്കിന് പാമ്പുകളെയാണ് ഉഷ പിടികൂടിയത്.

ഉഷയുടെ നമ്പർ 9995354656.

English Summary: A Woman Snake Catcher In Kerala

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com