ADVERTISEMENT

യോഗാ ദിവസം കടന്നു പോയി, നൃത്ത ദിവസവും കടന്നു പോയി. ഒരുപാടുപേർ ഇതൊക്കെയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി ലോകത്തിനു മുന്നിൽ കാട്ടിയിരുന്നു. അതിൽ നിന്നൊക്കെ വേറിട്ടു നിന്നത് തൃശൂർ ആസ്ഥാനമായ നടന സാത്വിക പെർഫോമിങ് ആർട്സ് സ്കൂളിലെ അധ്യാപികയായ ഉഷ ഫ്രഡ്‌ഡിയുടെ യോഗ ദിവസ സ്പെഷ്യൽ പോസ്റ്ററുകളായിരുന്നു. നൃത്താധ്യാപികയാണ് ഉഷ. പക്ഷേ, നമുക്കൊന്നും അത്ര പരിചിതമല്ലാത്ത നാട്യ യോഗയാണ് ടീച്ചർ തന്റെ കുട്ടികൾക്ക് വേണ്ടി പരിശീലനം ചെയ്യിക്കുന്നത്. കേരളത്തിനു പുറത്തു പലയിടത്തും നടപ്പിലുള്ള ഒരു സമ്പ്രദായികമല്ലാത്ത നൃത്ത രീതിയാണിത്. കേരളത്തിൽ യോഗായെന്നു കേൾക്കുമ്പോഴേ അസ്വസ്ഥരാക്കുന്ന മനുഷ്യരിലേക്കാണ് അതിനെ നൃത്തവുമായി സംയോജിപ്പിച്ച് ഉഷ ടീച്ചർ അവതരിപ്പിക്കുന്നത്. നൃത്തം ഉഷ ടീച്ചർക്കു പ്രാണനാണ്. ദിവസവും മണിക്കൂറുകൾ ഊർജം തെല്ലും നഷ്ടപ്പെടാതെ നൃത്താധ്യാപനം ചെയ്യുന്നുണ്ട് ഉഷ ടീച്ചർ, എന്നിട്ടും മടുക്കാത്ത മനസ്സും ശരീരവും നാട്യ യോഗ തനിക്ക് തന്ന സമ്മാനമാണെന്നു ടീച്ചർ പറയുന്നു.

എന്താണ് നാട്യ യോഗ?

കാലങ്ങളായി ഉള്ള ഒന്നാണ് നാട്യ യോഗ. പക്ഷേ, നമ്മുടെ സംസ്ഥാനത്ത് അതത്ര പോപ്പുലർ അല്ല. പ്രശസ്തമായ യോഗ പഠന കേന്ദ്രങ്ങളിൽ യോഗ അതായത് ആസനങ്ങൾ നൃത്ത രൂപത്തിലാക്കി സംഗീതം കൊടുത്ത് ചെയ്യുന്ന രീതി ചെയ്യാറുണ്ട്. ധ്യാനത്തിനും ഈ രീതി ഉപയോഗിക്കാറുണ്ട്. ഞാൻ കുറെ നാളായിരുന്നു ഈയൊരു രീതി ശ്രദ്ധിക്കാൻ തുടങ്ങിയിട്ട്. അതിൽ താൽപര്യവും തോന്നി, അങ്ങനെ പതുക്കെ നൃത്തത്തിലെ ചില പോസുകളിൽ ഇത്തരം യോഗയുടെ രീതി അവലംബിച്ചു. ഇതിനെക്കുറിച്ചുള്ള ഒരുപാട് വിവരങ്ങളൊന്നും കിട്ടാനില്ല. എങ്കിലും എന്റെ ഗുരു ഒരുപാട് പരീക്ഷണങ്ങളൊക്കെ നടത്തുന്ന ആളായിരുന്നു. നമ്മളെയും അതിനു നിർബന്ധിക്കാറുമുണ്ട്. പണ്ട് എനിക്ക് ശാരീരികമായ അസ്വസ്ഥതകൾ തുടങ്ങിയപ്പോഴാണ് സൂര്യ നമസ്കാരം പോലെയുള്ള യോഗ പഠിക്കാൻ തുടങ്ങിയത്. അത് ഒരുപാട് ഗുണം ചെയ്തു. എന്റെ നൃത്ത ക്‌ളാസിൽ ഞാൻ ആവശ്യമുള്ളവർക്ക് യോഗ ഉൾപ്പെടെയുള്ള പല പ്രോഗ്രാമുകളും ചെയ്യുന്നുണ്ട്. എനിക്കത് നല്ലതെന്ന് തോന്നിയത് കൊണ്ടാണ് കുട്ടികൾക്കും എടുക്കാൻ തുടങ്ങിയത്. അവർക്കും ഗുണമായെന്നു മനസിലായപ്പോൾ അത് നാട്യ യോഗ എന്ന രീതിയിൽ മാറ്റിയെടുത്തു. ചില സ്റ്റേജുകളും ഞങ്ങൾ ചെയ്തിട്ടുണ്ട്. സത്യത്തിൽ ഒരു പരീക്ഷണം പോലെ തുടങ്ങിയതാണ്. എന്റെ കുട്ടികളിലൂടെ മാത്രമാണ് ചെയ്യുന്നതിപ്പോൾ.

എന്റെ അടുത്ത് നൃത്തം പഠിക്കാൻ വരുന്ന ചില കുട്ടികൾക്ക് ശ്വാസത്തിന്റെയൊക്കെ പ്രശ്നമുണ്ടായിരുന്നു. പക്ഷേ, അവർ നാട്യയോഗ തുടങ്ങിയതിനു ശേഷം ശ്വാസം മുട്ടൽ. ടെൻഷൻ പോലെയുള്ള ഒരുപാട് പ്രശ്നങ്ങൾ മാറിക്കിട്ടി. വീട്ടുകാരും നല്ല സപ്പോർട്ടാണ് ഇത്. യോഗ ഉൾക്കൊള്ളുന്ന ചില പോസ്റ്ററുകളാണ് ഞങ്ങൾ ചെയ്യുന്നത്. അസുഖം മാറുന്നത് മാത്രമല്ല, ചില പെൺകുട്ടികളുടെ പീരീഡ്സ് പ്രശ്നങ്ങളുൾപ്പെടെ മാറ്റാൻ ഈ രീതി സഹായിക്കുന്നുണ്ട് എന്ന് അനുഭവമാണ്.

natyayoga1

പരിഹാസങ്ങളൊക്കെയുണ്ട്

ചിലരൊക്കെ ചോദിക്കാറുണ്ട്, നൃത്തം പഠിപ്പിച്ചാൽ പോരെ, എന്തിനാണ് യോഗയൊക്കെ ഇതിൽ കൊണ്ട് വരുന്നത് എന്നൊക്കെ, പലപ്പോഴും പരിഹാസമൊക്കെ കേൾക്കാറുണ്ട്. ഞാൻ മറുപടി കൊടുക്കാറില്ല. പക്ഷേ, കുട്ടികളെ നോക്കുമ്പോഴറിയാം. അവർക്ക് ലഭിച്ചിരിക്കുന്ന ഫ്ലക്സിബിലിറ്റി ഒക്കെ. എനിക്ക് ഗുണം ആണെന്ന് കണ്ടതുകൊണ്ടു മാത്രമാണ് മറ്റുള്ളവരോട് ഞാനത് നല്ലതെന്ന് പറയുന്നത്. വെറുതെ യോഗ ചെയ്യുകയല്ല, സംഗീതമനുസരിച്ചു മാത്രമാണ് കൃത്യമായ, യോജിച്ച പോസ്റ്ററുകൾ എടുക്കുന്നത്. സംഗീതം എടുക്കുന്നതിൽ പോലും ശ്രദ്ധിക്കാറുണ്ട്. ഞാൻ കളരി പഠിച്ചതാണ് അതുകൊണ്ട് നൃത്തവും യോഗയും ഒന്നിച്ചാവുമ്പോൾ അതിൽ കളരിയുടെ ചില രീതിയും എടുക്കാറുണ്ട്. കുറച്ചു നാളുകളായി ഇത്തരം പരീക്ഷണങ്ങൾ ചെയ്യുന്നുണ്ട്. ഏകദേശം നാല് വയസ്സ് മുതലുള്ള കുട്ടികൾക്കു മുതൽ വലിയ കുട്ടികൾക്കു വരെ ചെയ്യുന്നുണ്ട്. ഇതു സത്യത്തിൽ ഞാൻ മാത്രമല്ല ഒരുപാടു പേര്‍ ചെയ്യുന്നുണ്ട്, പക്ഷേ, നമ്മുടെ നാട്ടിൽ അത്ര പ്രചാരം കിട്ടിയിട്ടില്ല എന്നേയുള്ളൂ.

കുട്ടികൾ വെറുതെയിരിക്കില്ല ടീച്ചറെ!

കുട്ടികൾക്ക് ഒരിക്കലും വെറുതെയിരിക്കുന്നതിഷ്ടമല്ല. ലോക്ക് ഡൗൺ ഒക്കെയായപ്പോഴും അവർ വിളിക്കുമായിരുന്നു, എന്തെങ്കിലും ചെയ്യണം എന്നും പറഞ്ഞു. അങ്ങനെ ഓൺലൈനിൽ ഓരോ പോസ്റ്ററുകൾ ഞാൻ ചെയ്ത് അയക്കും, അവരെക്കൊണ്ട് അത് ചെയ്തു തിരികെ ചിത്രങ്ങളും വീഡിയോയും ഒക്കെ അവശ്യപ്പെടുകയും ചെയ്യും. മൂന്ന് ഗ്രൂപ്പായാണു കുട്ടികളെ വേർതിരിക്കുന്നത്, അവർക്ക് ലീഡർമാരുമുണ്ട്. അവരിൽ ഓരോരുത്തർക്കും ഓരോ പോസ്റ്ററുകൾ ചെയ്തു കൊടുക്കും, അത് കൃത്യമായി ചെയ്യാൻ ടൈം ടേബിളും വയ്ക്കുന്നുണ്ട്. പീരീഡ്സ്, പരീക്ഷ ഒഴികെയുള്ള സമയങ്ങളിൽ അവരതു കൃത്യമായി പാലിക്കുന്നുമുണ്ട്.

natyayoga2

കുട്ടികളുടെ സ്റ്റാമിന വലിയൊരു ഘടകമാണ്. കളിച്ച് കുറച്ചു കഴിയുമ്പോൾ പല ബുദ്ധിമുട്ടുകളുമുണ്ട്. അതിൽ നിന്നും അവരെ പുറത്ത് കൊണ്ട് വരണം. സ്റ്റേജ് പ്രോഗ്രാമുകൾ നിരവധി കിട്ടാറുണ്ട്, അപ്പോൾ കുട്ടികൾ പെട്ടെന്ന് തളർന്നു പോയാൽ ശരിയാവില്ല, അതുകൊണ്ടാണ് ഇങ്ങനെയൊരു ആശയത്തിലേയ്ക്ക് വന്നത്. നാട്യ യോഗയിലൂടെ പെട്ടെന്നവർ ഊർജം സംഭരിച്ച് നൃത്തം ചെയ്യാറുണ്ട്. ശരീരം ആരോഗ്യമായി ഇരിക്കാനും അധികം വണ്ണം വയ്ക്കാതെയിരിക്കാനും അവർക്ക് സാധിക്കുന്നുണ്ട്.

മുൻപൊക്കെ കഠിനമായ യോഗയും മെഡിറ്റേഷനും വ്യായാമവും കൊടുക്കാറുണ്ടായിരുന്നു. അത് അവർക്ക് ഒരുപാടു പ്രയോജനപ്പെടാറുണ്ട്. മാതാപിതാക്കളുടെ സമ്മതവും ഒപ്പമുണ്ട്. പലപ്പോഴും ഏറെ നേരം നൃത്തം കളിച്ച് ക്ഷീണമായിരിക്കുന്ന കുട്ടികളെ കണ്ടപ്പോഴാണ് അവരുടെ സ്റ്റാമിന കൂട്ടാൻ ഇത്തരത്തിലെന്തെങ്കിലും ചെയ്യണമെന്നു തന്നെ തോന്നിയത്. അത് അവർക്ക് ഉപകാരപ്പെട്ടു എന്നതാണ് ഏറ്റവും വലിയ സന്തോഷം.

ഓരോരുത്തർക്കും ഓരോ സ്റ്റൈൽ

ഓരോ ഗുരുക്കന്മാർക്കും ഓരോ ചിട്ടകളുണ്ടാവും, എനിക്കുമുണ്ട്. ആദ്യം മെഡിറ്റേഷൻ, പിന്നെ വ്യായാമം, പിന്നെ ശവാസനം. അതിനു ശേഷം സ്ഥിരമായി ചെയ്യുന്ന പോസ്റ്ററുകൾ ചെയ്യിക്കും. സ്ഥിരം ആസനങ്ങളുടെ ഒപ്പം നൃത്തരീതിയിലാണ് ചെയ്യിക്കുക. സ്ഥിരം ചെയ്യുന്നതിന്റെ കൂടെ പുതിയത് പതുക്കെ പതുക്കെ ചെയ്യിക്കും. കുട്ടികളുടെ സ്റ്റാമിന ലെവൽ കൂട്ടുക, ഊർജം നിലനിർത്തുക,അസുഖം ഇല്ലാതാക്കുക ഇതെലാം നോക്കണം. ഞാനൊരു ജിം ട്രെയിനർ കൂടിയാണ് അതുകൊണ്ട് ഇതെല്ലം മിക്സ് ചെയ്ത് കൊടുക്കുമ്പോൾ പല കുട്ടികളുടെയും പീരീഡ്സ് വരെ റെഗുലർ ആയി കണ്ടിട്ടുണ്ട്. മറ്റു സൈഡ് എഫക്ടുകൾ ഇല്ല എന്നുറപ്പായാൽ മാത്രമേ ഞാൻ കുട്ടികളെ കൊണ്ട് ചെയ്യിക്കാറുള്ളൂ. ഏറ്റവും പ്രധാനമാണ് പോസ്റ്ററുകളിൽ സ്വയം ബാലൻസ് ചെയ്യുക എന്നത്. അത് ക്ഷമയോട് കൂടി അവരോടൊപ്പം നിന്ന് അവരെ സപ്പോർട്ട് ചെയ്താണ് അവരെക്കൊണ്ട് ചെയ്യിക്കുന്നത്

നൃത്തം എന്നത് തന്നെ നല്ലൊരു വ്യായാമമാണ്. നാട്യ യോഗയാകുമ്പോൾ അത് നൃത്തം പ്രൊഫെഷൻ ആക്കാൻ ഉദ്ദേശിക്കുന്ന ആർക്കും ഗുണകരമാണ്. പ്രായത്തിനെ തടഞ്ഞു നിർത്തും, അങ്ങനെ ഒരുപാടു ഗുണങ്ങളുണ്ട്. ശരീര സൗന്ദര്യം നിലനിർത്തുകയാണല്ലോ പലരുടെയും ആവശ്യം. അതോടൊപ്പം സ്‌പൈനൽ കോഡിന്റെ ആരോഗ്യം, കഴുത്തിന്റെ ആരോഗ്യം ഒക്കെ പ്രധാനമാണ്. രക്ത ചംക്രമണം ശരിയാക്കുക അതൊക്കെ ഇതുവഴി ശരിയാകാറുണ്ട്. ആഴ്ച്ചയിൽ രണ്ടു ദിവസമാണ് ക്‌ളാസ് എടുക്കാറുള്ളത്.

natyayoga4

ഗുരുക്കന്മാർ ക്ഷമയോട് കൂടി നോക്കുകയാണെങ്കിൽ നാട്യ യോഗ ഒരുപാടു ഗുണകരമാണ്. ആദ്യം നമ്മൾ യോഗ പഠിക്കണം. ഇപ്പോൾ ചെറിയ കെട്ടികൾക് പോലും ഈ ലോക്ക് ഡൌൺ കാലത്ത് വിഷാദമുണ്ടാകുന്നുണ്ട്. കുട്ടികൾക്ക് പലർക്കും ദേഷ്യം, സങ്കടം ഒക്കെയാണ്. മാതാപിതാക്കളും പറയുമായിരുന്നു കുട്ടികളെ വെറുതെയിരുത്താൻ പറ്റില്ല. പല കുട്ടികളും കൂട്ടിലടച്ച പോലെയാണ്. അപ്പോൾ ഞാൻ എന്റെ കുട്ടികളെക്കൊണ്ട് ഉള്ള സമയം പരമാവധി കൂടെ നിർത്തി ചെയ്യിക്കാൻ നോക്കും. ക്‌ളാസ് കഴിഞ്ഞാലും അവരെക്കൊണ്ട് പലതും ചെയ്യിക്കാനുള്ള അസൈന്മെന്റ്റ് കൊടുക്കും.

ഞാനാണ് ഉദാഹരണം

കളരി, യോഗ ഒക്കെ പഠിക്കുന്നത് നൃത്തത്തിൽ നന്നായി ഉപയോഗിക്കാം. വെറുതെ പറയുന്നതല്ല, വിഷാദത്തിൽ നിന്നും ഞാൻ പുറത്തു കടന്നത് എന്റെ നൃത്തത്തിൽ നിന്നാണ്. ദിവസം മണിക്കൂറുകളോളം ക്ലാസുണ്ട്. പല കാര്യങ്ങൾ ചെയ്യാറുണ്ട്, ഇതിനൊക്കെ എനിക്ക് ശാരീരികമായും മാനസികവുമായ ധൈര്യയും ഊർജ്ജവും ലഭിക്കുന്നതും ഇതേ നാട്യ യോഗയിൽ നിന്നാണ്. അതുകൊണ്ട് എനിക്ക് എന്നെത്തന്നെയാണ് ഇതിൽ ഉദാഹരണമായി പറയാനുള്ളത്.

എന്റെ കുട്ടികളുടെ അംഗീകാരം മതി

സർക്കാർ തലത്തിൽ അംഗീകാരങ്ങൾക്കൊന്നും ശ്രമിച്ചിട്ടില്ല. എന്റെ കുട്ടികൾക്ക് ആവശ്യമാണെന്ന് തോന്നിയപ്പോൾ ചെയ്തു. അവരുടെ മാതാപിതാക്കൾ കൂടെ നിന്നു എന്നല്ലാതെ ഔദ്യോഗികമായ അംഗീകാരത്തിന് വേണ്ടി ഇതുവരെ ശ്രമിച്ചിട്ടില്ല. പലപ്പോഴും ഞാൻ മറന്നു പോയാലും കുട്ടികളുടെ മാതാപിതാക്കൾ തന്നെ അവരെക്കൊണ്ട് നിർബന്ധിച്ച് ചെയ്യിക്കാറുണ്ട്. ഒരുപാട് സ്റ്റേജുകളിൽ ഞങ്ങൾ ചെയ്യുന്നതിനെ വിശദീകരിച്ചൊക്കെ പറയാറുണ്ട്. അത് മതി, അംഗീകാരത്തിന് വേണ്ടിയല്ല അല്ലെങ്കിലും ഒന്നും ചെയ്യുന്നത്. പലപ്പോഴും സീനിയേഴ്സായ കുട്ടികൾ അവർ ഒന്നിച്ച് നിന്ന് ചർച്ച ചെയ്തു പുതിയ പോസ്റ്ററുകൾ കണ്ടെത്തി എന്നെ കാണിക്കാറുണ്ട്. അതാണ് സന്തോഷം.

ശ്രീനാരായണ ഗുരു ചരിതം നൃത്തരൂപം ചെയ്തത് ഒരുപാട് അഭിനന്ദിക്കപ്പെട്ടിട്ടുണ്ട്. അതുപോലെ രാമായണം ആധാരമാക്കി ഒന്നു .ക്ഷണിക്കപ്പെട്ട അതിഥികളുടെ മുന്നിലായിരുന്നു അത് അന്ന് ചെയ്തത്. പിന്നെ പ്രളയവും കൊറോണയുമൊക്കെ വന്നതോടെ സ്റ്റേജ് ഒക്കെ പ്രശ്നമായല്ലോ. ഇപ്പോൾ ഒരു കാവ്യത്തിന്റെ സ്ക്രിപ്റ്റ് എഴുതിക്കൊണ്ടിരിക്കുകയാണ്. അങ്ങനെ സ്ക്രിപ്റ്റ് എഴുതിയാണ് നൃത്തശില്പങ്ങൾ ചെയ്യുക പതിവ്. എന്തുചെയ്യുമ്പോഴും ഗുരുതുല്യരായുള്ളവരോട് ചോദിക്കാറുണ്ട്. അവരുടെ നിർദ്ദേശങ്ങൾ സ്വീകരിക്കാൻ ശ്രദ്ധിക്കാറുമുണ്ട്. കുട്ടികൾ 'അമ്മ എന്നാണു വിളിക്കുന്നത്. ഞാനത് എപ്പോഴും ആസ്വദിക്കാറുണ്ട്. എനിക്കവരെ മക്കളെപ്പോലെ കാണാനാണ് ഇഷ്ടവും. എല്ലാം ഈശ്വരൻ തന്നതാണെന്നു കരുതുന്ന ഒരു സാധാരണക്കാരിയാണ് ഞാൻ. കയ്യിലുള്ളതിനെ മിനുക്കിയെടുക്കാൻ ശ്രമിച്ചുകൊണ്ടേയിരിക്കുന്നു. അത് എനിക്ക് വേണ്ടി മാത്രമല്ല എന്റെ മക്കൾക്കും കൂടെ വേണ്ടിയാണ്.

കുടുംബമാണ് സപ്പോർട്ട്

ഫ്രഡ്‌ഢി എന്നാണ് ഭർത്താവിന്റെ പേര്. അദ്ദേഹം വിദേശത്താണ്. സംഗീതജ്ഞനാണ്. കീബോർഡ് വായിക്കും, വോക്കലും പാടാറുണ്ട്. മക്കൾ രണ്ടു പേരാണ്. മൂത്ത മോൾ നൃത്തക്കാരിയാണ്, ഒപ്പം മോഡലിങ്ങും ഉണ്ട്. മകൻ ഫെല്‍ഡസ് ഫോട്ടോഗ്രാഫർ. എല്ലാവരും നല്ല സപ്പോർട്ടാണ്. യോഗ ഡേ ആയതുകൊണ്ടാണ് മകളുടെ ഒരു സുഹൃത്താണ് യോഗ പോസ്റ്ററുകൾ ചിത്രമെടുത്ത് സോഷ്യൽ മീഡിയയിൽ ഇടാമെന്നു പറഞ്ഞത്. അതുകൊണ്ടാണ് അങ്ങനെ കുറച്ചു ചിത്രങ്ങൾ എടുക്കാമെന്ന് തന്നെ വിചാരിച്ചത്. അത് ഇൻസ്റ്റാഗ്രാമിൽ ഒക്കെ ഇട്ടപ്പോൾ നല്ല ഹിറ്റായി. ഇപ്പോൾ ഒരുപാട് പേര് വിളിക്കുന്നുണ്ട്. അവർക്ക് ക്ലസ്സെടുത്ത് കൊടുക്കണം എന്നാണു ആവശ്യം. നൃത്തമല്ലേ, അതുകൊണ്ട് അതൊക്കെ സന്തോഷമാണ്.

English Summary: Dancer Usha About Natya Yoga

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com