ADVERTISEMENT

നാലു വർഷത്തോളം ഈ നീതിമാൻമാർ എവിടെയായിരുന്നു? ഇലക്‌ഷന്റെ അന്നു പുലർച്ചെ ഒരു മണിക്ക് എന്നെ മോശമായി ചിത്രീകരിച്ചു കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടതെന്തിനാണ്? ഞാൻ പിണറായിക്കെതിരെ മത്സരിച്ചതാണോ കാരണം? ഞാൻ കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.’’ വാക്കിൽ നീതിയുടെ കൊളുത്തുള്ള ഉറച്ച ശബ്ദമായിരുന്നു ആ അമ്മയുടേത്

‘‘എവിടെ നോക്കിയാലും എന്റെ മക്കളുടെ മുഖമാണ്. തല മുണ്ഡനം ചെയ്ത ദിവസവും ‘അമ്മാ’ എന്നു കൊഞ്ചിക്കൊണ്ട് എന്റെ മക്കൾ വന്നിരുന്നു. അവരെവിടെയാണു നിൽക്കുന്നതെന്നോ, കൂടെ ആരാണുള്ളതെന്നോ എനിക്കു മനസ്സിലായില്ല.‘മക്കളെവിടെയാ?’എന്നു ചോദിച്ച് പിടഞ്ഞെണീറ്റപ്പോഴേക്കും അവരെ കാണാതായി.’’പുലർച്ചെയുടെ വെളിച്ചത്തിലും തണുപ്പിലുമിരുന്നു, വാളയാറിലെ അമ്മ മരിച്ചു പോയ മക്കളെ കുറിച്ചു പറഞ്ഞുതുടങ്ങി. ആ സമയം പഴുത്ത പേരയ്ക്കാമണമുള്ള കാറ്റ് ഞങ്ങൾക്കിടയിൽ ചുറ്റിത്തിരിഞ്ഞു.

‘‘എന്റെ മക്കൾ നട്ടു നനച്ചു വളർത്തിയ മരമാണത്.’’ ആ അമ്മ മുറ്റത്തെ പേരമരം ചൂണ്ടി കാണിച്ചു.‘‘പോകുന്ന അന്നു വരെ എന്റെ മകൾ അതിനു വെള്ളമൊഴിച്ചിരുന്നു.’’ അമ്മയുടെ കണ്ണിൽ നിന്നു സങ്കടത്തിന്റെ ചോര പൊടിയാൻ തുടങ്ങി. തകര ഷീറ്റുകൾ കൊണ്ടു മറച്ച ഷെഡ്ഡിനു നേർക്കുറച്ചു അമ്മയുടെ നോട്ടം. അവിടെയായിരുന്നു പന്ത്രണ്ടും എട്ടും വയസ്സുള്ള അമ്മയുടെ രണ്ടു പെൺകുട്ടികൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ടത്.

അതു സംഭവിച്ചിരുന്നെങ്കിൽ, എന്റെ മക്കൾ ജീവിച്ചിരുന്നേനേ...

മുറ്റത്തെ ചെടികൾക്ക് വേനലിന്റെ വാട്ടം കണ്ടു വെള്ളമൊഴിച്ചു കൊടുത്തിട്ട് അമ്മ ഇറയത്തു വന്നിരുന്നു.‘‘2012ലാണ് ഈ വീടു വയ്ക്കാനുള്ള ലോൺ പാസായത്. സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതി വഴി കിട്ടിയ സ്ഥലമാണ് ഈ മൂന്നുസെന്റ്. വീടിന്റെ വലുപ്പം 450 സ്ക്വയർഫീറ്റ് എന്നു നിർബന്ധമുണ്ട്. ഞങ്ങൾക്കg മൂന്നു മക്കളാണ്. അവർ ഓരോ മുറികൾക്കായി ആശ പറയുന്നതു കേട്ടപ്പോൾ ചെയ്യാതിരിക്കാൻ തോന്നിയില്ല.

ഞാനും ഭർത്താവും വാർക്കപ്പണിക്കു പോകുന്നവരാണ്. വീടിന്റെ പണി പകുതിയും ഞങ്ങൾ തന്നെയാണ് ചെയ്തത്. പണിതു വന്നപ്പോൾ 650 സ്ക്വയർഫീറ്റായി. അതിന്റെ പേരിൽ ബാക്കി പണം കിട്ടിയില്ല.‘ബാക്കി പൈസ തന്നില്ലേലും കുഴപ്പമില്ല. എന്റെ മൂന്നു മക്കൾക്ക് കയറിക്കിടക്കാൻ ഓരോ മുറി ഉണ്ടാകട്ടെ.’ അങ്ങനെ പറഞ്ഞു ഞാൻ പോന്നു.

വീടുപണി പാതി വഴിയിൽ നിർത്തി വയ്ക്കേണ്ടി വന്നു. അന്നു ബാക്കി പൈസ തന്നിരുന്നേൽ എങ്ങനേലും പണി കഴിച്ച് ആ തകര ഷെഡ്ഡിൽ നിന്ന് ഈ അടച്ചുറപ്പുള്ള വീട്ടിലേക്കു താമസം മാറിയേനേ. ആ കാട്ടാളൻമാർ വരുമ്പോൾ എന്റെ മക്കൾക്കു വാതിൽ തുറക്കാതിരിക്കാമായിരുന്നു.

ഒഴിവു ദിവസമായാൽ മൂന്നു മക്കളും ‘എന്റെ മുറി’ എന്നു പറഞ്ഞ് പണി തീരാത്ത വീട്ടിലെ ഓരോ മുറിയിൽ കയറി കളിച്ചു കൊണ്ടിരിക്കും. മക്കൾ മരിച്ചു രണ്ടു വർഷം കഴിഞ്ഞപ്പോൾ ചിട്ടി പിടിച്ചും മറ്റും പണി പൂർത്തിയാക്കി ഈ വീട്ടിൽ താമസിക്കാൻ തുടങ്ങി. എന്റെ അമ്മുക്കുട്ടിക്കും സ്വത്തുക്കുട്ടിക്കും കിടന്നുറങ്ങാൻ യോഗമില്ലാത്ത മുറികളിൽ കിടന്നാലും സ്വസ്ഥതയില്ലാതായി. ഞങ്ങളിപ്പോൾ ഹാളിലാണ് കിടക്കുന്നത്.

ജനിച്ചു വളർന്നത് ഈ നാട്ടിൽ തന്നെയാണ്. അ‍ഞ്ചാം ക്ലാസു വിദ്യാഭ്യാസമേ ഉള്ളൂ. എന്റെ അമ്മ ഹോട്ടലിൽ പാത്രം കഴുകാൻ പോയാണ് വീടു കഴിഞ്ഞു പോയിരുന്നത്. 35 രൂപയാണ് അന്നു ഞങ്ങൾക്കു കിട്ടുന്ന കൂലി. തളർവാതം വന്നു വയ്യാതെ കിടക്കുന്ന അച്ഛനു വേണ്ടി പ്രാർഥിക്കാൻ അടുത്തുള്ള മഠത്തിലെ കന്യാസ്ത്രീമാർ വീട്ടിൽ വന്നു. വീട്ടിലെ അവസ്ഥ കണ്ട് അവരുടെ കൂടെ ചെന്നാൽ 50 രൂപ കൂലിയും വയറു നിറയെ ഭക്ഷണവും നല്ല ഉടുപ്പും തരാം എന്നു പറഞ്ഞപ്പോൾ അച്ഛനും അമ്മയും സമ്മതിച്ചു. അങ്ങനെയാണ് തൃശൂർ ചൂണ്ടലിലുള്ള കന്യാസ്ത്രി മഠത്തിലേക്കു ഞാൻ പണിക്കു പോണത്.

വയ്യാതെ കിടക്കുന്ന അമ്മമാരെ നോക്കണ പണിയായിരുന്നു. അതിലൊരു അമ്മ മരിച്ചപ്പോൾ എനിക്കു വലിയ സങ്കടായി. പിന്നെ, അവിടെ നിൽക്കാൻ തോന്നിയില്ല. എന്നെ ഗുരുവായൂര്‍ ബഥനിയിൽ കൊണ്ടാക്കി. 22 വയസ്സു വരെ അവിടെത്തന്നെയായിരുന്നു. അച്ഛന് അസുഖം കൂടിയപ്പോൾ വീട്ടിലേക്കു പോന്നു.

വീട്ടിൽ പട്ടിണിയായപ്പോൾ കോൺക്രീറ്റു പണിക്കു പോകാൻ തുടങ്ങി. അവിടെ വച്ച് ഒരാളോടു സ്നേഹായി, കല്യാണം കഴിച്ചു. ഒരു മാസം കഴി‍ഞ്ഞപ്പോഴാണ് അയാൾക്ക് വേറെ ഭാര്യയും കുട്ടികളും ഉള്ളത് അറിഞ്ഞത്. ഞാനായിട്ടു തന്നെ ബന്ധം ഒഴിവാക്കി. അയാൾ പോയിക്കഴിഞ്ഞാണ് ഗർഭിണിയാണെന്ന് അറിയുന്നത്. അതും വച്ച് ഞാൻ പണിക്കു പോകും.അ‍ഞ്ചു മാസമായപ്പോൾ എന്റെ കൂടെ കോൺക്രീറ്റു പണി ചെയ്യണ ഒരാള് എന്നോടു ഇഷ്ടം പറഞ്ഞു. വീട്ടിൽ വന്നു ചോദിച്ചോളാൻ ഞാനും പറഞ്ഞു. അങ്ങനെ ഷാജി ഏട്ടൻ വീട്ടിൽ വന്നു പെണ്ണു ചോദിച്ചു.

ഞങ്ങളുടെ കല്യാണം കഴിഞ്ഞു നാലു മാസമാകുന്നതിനു മുന്നേ ഞാൻ പ്രസവിച്ചു. അമ്മുക്കുട്ടീന്നു വിളിക്കുന്ന മൂത്തമോളെ നഴ്സുമാരുടെ കയ്യിൽ നിന്നു വാങ്ങിയത് ഏട്ടനാണ്.’’ 

അങ്ങനെ സംഭവിക്കാതിരുന്നെങ്കിൽ, എന്റെ മക്കൾ ജീവിച്ചിരുന്നേനേ...

പിന്നെ, ഒരു മോളും മോനും കൂടിയുണ്ടായി. ബഥനി മഠത്തിൽ തന്നെ പെൺമക്കളെ ഏൽപിച്ചു. പത്തു വയസ്സിൽ മൂത്തമോള് വയസ്സറിയിച്ചു. ശരിക്കു തുണി ഉടുക്കാനൊന്നും അറിയാത്തോണ്ട് പാവാടയിലൊക്കെ ആയതു കണ്ട് കൂട്ടുകാരികൾ കളിയാക്കി ചിരിച്ചപ്പോൾ മോൾക്കു വിഷമമായി. ‘ഒരു കൊല്ലം അവള് അമ്മയുടെ കൂടെ നിക്കട്ടെ. അപ്പോഴേക്കും കാര്യങ്ങൾ ശരിയായി ചെയ്യാനൊക്കെ പഠിക്കും.’ എന്നു സിസ്റ്റർമാരും പറഞ്ഞു. ചേച്ചി പോരുന്നെന്നു കേട്ടപ്പോൾ സ്വത്തുക്കുട്ടിക്കും വരണമെന്നു കരച്ചിലായി. രണ്ടുപേരെയും വീട്ടിലേക്ക് കൊണ്ടു പോന്നു. അങ്ങനെയൊന്നു നടന്നില്ലായിരുന്നുവെങ്കിൽ...

ഒരു വർഷം വെറുതേ പോകണ്ടാന്നു വച്ചു രണ്ടുപേരെയും ഇവിടത്തെ സ്കൂളിൽ ചേർത്തു. പാലക്കാടാണ് ഞങ്ങൾക്കു പണി. ചോര നീരാക്കണ പണിയാണ് വാർക്കപണി. ഒരാളുടെ പൈസ കൊണ്ടു വീട്ടുചെലവു നടത്തും. പിന്നെയുള്ളത് ചിട്ടിയടക്കലൊക്കെയായി കരുതി വയ്ക്കും. വീടു പണിയേണ്ടേ, മക്കളെ പോറ്റേണ്ടേ, പെൺമക്കളെ കെട്ടിച്ചു വിടേണ്ടേ...’’

ഒരു നിമിഷം അമ്മ മിണ്ടാതിരുന്നു. സാരിയുടെ അരികിലൂടെ മെല്ലെ വിരലോടിച്ചു. പിന്നെ, തലയുയർത്തി പറഞ്ഞു. ‘ഇനി അതൊന്നും വേണ്ട.’ നിറയെ തണലുള്ള മുറ്റത്തു വെയിൽ കത്തിപ്പിടിക്കാൻ തുടങ്ങി.

ഞാനതു ചെയ്തിരുന്നെങ്കിൽ, എന്റെ മക്കൾ ജീവിച്ചിരുന്നേനെ....

‘‘മക്കൾ എന്നോടൊരിക്കലും ഒന്നും പറഞ്ഞിട്ടില്ല. ഞാൻ അടിക്കുമെന്നു ഭയന്നിട്ടാണോ അതോ അച്ഛനേയും അമ്മയേയും കൊന്നു കളയുമെന്നു അവർ പേടിപ്പിച്ചിട്ടാണോ എന്നറിയില്ല.‌ ക്ലാസില്ലാത്ത ദിവസമാണെങ്കിൽ അവര് എന്റെ അമ്മേന്റെ അടുത്തു പോയിരിക്കലായിരുന്നു പതിവ്. വൈകുന്നേരം പണി കഴിഞ്ഞു വരുമ്പോൾ കൂട്ടിക്കൊണ്ടു പോരും. പണിസ്ഥലത്തു നിന്നു കിട്ടുന്ന പൊറോട്ടയും ബിരിയാണിയുമൊന്നും കഴിക്കില്ല. വീട്ടിൽ കൊണ്ടുവന്നു മക്കൾക്ക് കൊടുക്കും.

ഏട്ടന്റെ കാലിലെ ഞരമ്പു വലിഞ്ഞു കുറച്ചുനാൾ നടക്കാൻ പറ്റാതെ വന്നിരുന്നു. കയ്യില് ചെരിപ്പിട്ടു ഇഴഞ്ഞാണു നടന്നിരുന്നത്. മക്കളാണ് അച്ഛനെ നോക്കിയത്. ഏട്ടനെ കാണാനെന്ന മട്ടിലാണ് എന്റെ ചെറിയച്ഛന്റെ മോനും ചേച്ചിയുടെ മോനുമൊക്കെ വന്നിരുന്നത്. ഏട്ടനോടു വർത്താനം പറഞ്ഞു യാത്ര പറഞ്ഞശേഷം ഷെഡ്ഡിന്റെ പിന്നിലൂടെ പണിതീരാത്ത വീട്ടിലേക്കു കയറി വരും. ഒരു ദിവസം ഇതു പോലെ ചെറിയച്ഛന്റെ മകൻ വന്നു പോയി.

വെള്ളം ദാഹിച്ചപ്പോൾ എടുത്തു തരാനായി ഏട്ടൻ മക്കളെ വിളിച്ചു. വിളി കേൾക്കാതായപ്പോൾ മുറ്റത്തേക്കു ഇഴഞ്ഞു വന്നു നോക്കുമ്പോൾ മൂത്ത മോളെ വീടിനുള്ളിൽ ചുമരോടു ചാരി നിറുത്തി അവൻ ഓരോന്നു ചെയ്യുന്നു. ഏട്ടൻ ‘ഡാ’ എന്നു അലറിയപ്പോൾ അവൻ പിന്നിലെ കാട്ടിലൂടെ ചാടിപോയി. ഇളയ മോളെയും മോനെയും അടുത്ത വീട്ടിലേക്കു അവൻ പറഞ്ഞു വിട്ടിരുന്നു. ഞാൻ പണി കഴിഞ്ഞെത്തുമ്പോൾ ഏട്ടൻ മുൻവശത്തു കരഞ്ഞുകൊണ്ടിരിക്കുകയാണ്. കാര്യങ്ങളറിഞ്ഞ് ‘എന്താ അമ്മൂ അവര് ഇങ്ങനെ ചെയ്യുന്നത് പറയാതിരുന്നേന്നു ചോദിച്ചപ്പോൾ ‘അച്ഛനേയും അമ്മയേയും സ്വത്തിനേയും അപ്പൂനേയും കൊല്ലുെമന്നു പറഞ്ഞു.’ മോള് കര‍ഞ്ഞു.

ഞാൻ അവന്റെ വീട്ടിലെത്തുമ്പോൾ കോലായിലിരുന്നു അവൻ ഫോണിൽ കുത്തിക്കൊണ്ടിരിക്കുന്നു. ഒറ്റയടി അടിച്ചു. ബഹളം കേട്ടു വീട്ടുകാർ വന്നു. ‘എന്താണ് അവൻ എന്റെ മകളെ ചെയ്തതെന്നു ചോദിക്ക്. കൂടപ്പിറപ്പുകൾ തന്നെ ചതിക്കേ? ഞാൻ പൊലീസ് സ്േറ്റഷനിൽ പരാതി കൊടുക്കാൻ പോവാ’ന്നു പറഞ്ഞു. ചെറിയമ്മ സമാധാനപ്പെടുത്തി. ‘ഇനി അവൻ അവിടെ വരാതെ ഞങ്ങൾ നോക്കിക്കൊള്ളാം. പൊലീസ് കേസായാൽ വീട്ടിലെ പെൺകുട്ടിയുടെ കല്യാണം ഉറപ്പിച്ചിരിക്കുന്നതു മുടങ്ങിപ്പോകും.’ ഒരു പെൺകുട്ടിയുടെ ജീവിതം കളയരുതെന്നു വച്ചു ഞാനും അടങ്ങി. അത്ര വിവരമേ എനിക്കുണ്ടായിരുന്നുള്ളൂ.

അന്നു പരാതി കൊടുത്തിരുന്നെങ്കിൽ ഇന്ന് എന്റെ മക്കൾ എന്റെ കൂടെ കണ്ടേനേ. അവരുടെ പെൺമക്കൾക്കു വേണ്ടി ഞാനെന്റെ മക്കളെ നഷ്ടപ്പെടുത്തി.’’ സാരിത്തുമ്പു കൊണ്ടു എത്ര അമർത്തിതുടച്ചിട്ടും അമ്മയുടെ മുഖത്തു നിന്നു കണ്ണീരിന്റെ വടുക്കൾ മാഞ്ഞു പോയതേയില്ല.

അന്നതു കേട്ടിരുന്നെങ്കിൽ, ഒരു മകളെയെങ്കിലും ജീവിച്ചിരുന്നേനെ...

അമ്മുവിന്റെ മരണം നടന്നു കഴിഞ്ഞു സ്വത്തുക്കുട്ടി എന്നോടു പറഞ്ഞതാണ്. ‘അമ്മേ, ഞാൻ ആടിനേയും കൊണ്ടു വരുമ്പോൾ രണ്ടുപേർ തൂവാല കൊണ്ടു മുഖം കെട്ടി നമ്മുടെ വീടിന്റെ അവിടെനിന്നു പുറത്തേക്കു പോകുന്നു. എനിക്കവരെ മനസ്സിലായില്ല. വേഗം വീടിനുള്ളിൽ കയറി നോക്കിയപ്പോൾ ജനലിനടുത്തു അമ്മുചേച്ചി തല കുമ്പിട്ടു താഴേക്കു നോക്കി നിൽക്കുന്നു. അടുത്തു ചെന്നു നോക്കിയപ്പോൾ കഴുത്തിലൊരു കെട്ട്. േചച്ചി തൂങ്ങിയാടുന്ന കണ്ടപ്പോൾ ഞാൻ വേഗം കസേര കൊണ്ടുപോയിട്ടു കൊടുത്തു.’ ആ വാക്കുകൾക്ക് പൊലീസുകാർ വില വച്ചിരുന്നുവെങ്കിൽ... കൊല്ലപ്പെട്ട അന്ന് അമ്മുക്കുട്ടിക്കു വയറുവേദന വന്നു. ഇന്നു സ്കൂളിൽ പോണില്ലമ്മേ എന്നു പറഞ്ഞപ്പോൾ. ‘എന്നാൽ പോണ്ട, സ്വത്തിനെയും കൂട്ടീട്ട് ഇരിക്ക്.’ എന്നു ഞാൻ പറഞ്ഞു

രാവിലെ ആറു മണിക്കു ഞങ്ങൾ പണിക്ക് പോകാനിറങ്ങുമ്പോൾ ചെടികൾക്കു തളിക്കാനായി വളം കലക്കികൊണ്ടിരിക്കുകയായിരുന്നു അമ്മുക്കുട്ടി. ചെടികളോടു വലിയ ഇഷ്ടമായിരുന്നു. സ്കൂളിൽ നിന്നു പരിസ്ഥിതി ദിനത്തിനു കിട്ടുന്ന ചെടികളെല്ലാം നട്ടു വളർത്തും. എന്റെ അമ്മ ശബരിമലയ്ക്കു പോകാൻ മാലയിടാനായി മേൽവത്തൂർ അമ്പലത്തിലേക്കു മകൻ അപ്പുവിനെയും കൂട്ടി പോയി. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് അവർ പോയത്. ഞങ്ങൾക്ക് രണ്ടുമൂന്നു ആടുകളുണ്ടായിരുന്നു. വീട്ടിൽ കെട്ടിയിടാൻ സ്ഥലമില്ലാത്തതു കൊണ്ടു തറവാട്ടിലാണ് കെട്ടിയിരുന്നത്. ‘പോയി ആടിനെ അഴിച്ചിട്ടു വാ, നീ വരുമ്പോഴേക്കും ഞാൻ കുളിച്ചു ഉടുപ്പു മാറി നിൽക്കാം. എന്നിട്ട് ആടിനെ തീറ്റാൻ പോകാം.’ എന്ന് അമ്മു സ്വത്തുക്കുട്ടിയോടു പറഞ്ഞു. ഉടുപ്പുകൾ കഴുകി വച്ചിട്ടുണ്ട്. അയ ഉയരത്തിലായതുകൊണ്ടു ഞാൻ വന്നിട്ടാണ് അതു വിരിച്ചിടാറ്. കുളിച്ചു മാറ്റാനുള്ള ഉടുപ്പ് കുളിമുറിയിൽ വച്ചിട്ടുണ്ട്. പക്ഷേ, കുളിച്ചിട്ടില്ല. അത്രയും ചെയ്ത കുട്ടിക്കു പെട്ടെന്ന് ആത്മഹത്യ ചെയ്യണമെന്നു തോന്നുമോ?’’ അമ്മ ഏങ്ങലടിച്ചു കരയാൻ തുടങ്ങി.

‘എന്റെ സ്വത്തുക്കുട്ടി പറഞ്ഞത് പൊലീസുകാർ അന്നു ശ്രദ്ധിച്ചിരുന്നെങ്കിൽ ആ മകളെങ്കിലും ബാക്കിയുണ്ടാകുമായിരുന്നു. വരില്ലെന്ന് എനിക്ക് ഉറപ്പു തന്നവർ ഇവിടെ വരാറുണ്ടായിരുന്നെന്നു അയൽവാസികളും പറഞ്ഞു. ഞങ്ങൾ ചൂണ്ടി കാണിച്ചതനുസരിച്ചു പൊലീസ് അറസ്റ്റു ചെയ്തു ചോദ്യം ചെയ്തപ്പോൾ അവൻ സമ്മതിക്കുകയും ചെയ്തു.

സ്വത്തുക്കുട്ടി നന്നായി പഠിക്കും.‘അമ്മു ചേച്ചീനെ ഇങ്ങനെ ചെയ്തവരെയൊക്കെ ഞാൻ പഠിച്ചു പൊലീസായി ശിക്ഷിക്കും’ എന്നെല്ലാം പറയും. വരയ്ക്കാൻ വലിയ ഇഷ്ടമാണ്. ചേച്ചി മരിച്ചു പോയിട്ടും ‘സ്വത്തുക്കുട്ടി വരയ്ക്കണ വീട്ടിൽ അമ്മു േചച്ചി ഉണ്ടാകും. അമ്മുചേച്ചി അങ്ങനെ ചെയ്യില്ല അമ്മേ, ആരോ കൊന്നതാണ്’ എന്നുറപ്പായിരുന്നു എന്റെ മോൾക്ക്.

മരണത്തിന്റെ ചടങ്ങുകളും വീട്ടുച്ചെലവുകളും കൂടി 25000 രൂപ കടം വന്നിരുന്നു. ഇനിയും വീട്ടിൽ ഇരുന്നാൽ എങ്ങനെ കടം വീട്ടും. 40 ദിവസം കഴിഞ്ഞപ്പോൾ മക്കളെ എന്റെ അമ്മയുടെ അടുത്താക്കി ഞാനും ഏട്ടനും പണിക്കു പോയിത്തുടങ്ങി. അമ്മയെ എപ്പോഴും ഓർമ്മിപ്പിക്കും, ‘സ്വത്തുക്കുട്ടിയെ ഒറ്റയ്ക്കാക്കി എവിടെയും പോകരുതേ’ എന്നിട്ടും...

ആ കരുതലുണ്ടായിരുന്നെങ്കിൽ, എന്റെ മക്കൾ ജീവിച്ചിരുന്നേനെ...

ഉച്ചത്തിരിഞ്ഞ് മൂന്നുമണി സമയത്ത് അമ്മ ആടിനെ മേയ്ക്കാൻ വേണ്ടി പോകാൻ വിളിച്ചപ്പോൾ സ്വത്തുക്കുട്ടി വരുന്നില്ലെന്നു പറഞ്ഞു. അമ്മ മകൻ അപ്പുവിനെയും കൊണ്ടു പോയി. വിളിച്ചാൽ കേൾക്കാത്ത ദൂരത്തേക്കാണ് അമ്മ പോയത്. അന്ന് സ്വത്തുക്കുട്ടിയെ കൂടി കൊണ്ടുപോയിരുന്നെങ്കിൽ... ഞങ്ങൾ പണി കഴിഞ്ഞു പോരുമ്പോൾ ഏട്ടൻ മക്കൾക്ക് ബിസ്ക്കറ്റ് വാങ്ങി വരാമെന്നു പറഞ്ഞു കടയിൽ കയറി. ഞാൻ വീടിന്റെ പിന്നാമ്പുറത്തുള്ള വഴിയിലൂടെ കേറി വരുമ്പോൾ വീട്ടിലാകെ ഇരുട്ട്. സ്വത്തുക്കുട്ടീന്നു കുറേ വിളിച്ചു. വിളി കേട്ടില്ല. ലൈറ്റ് ഇട്ടു നോക്കിയപ്പോൾ ജനാലയുടെ അടുത്ത് തല കുമ്പിട്ടു നിൽക്കുന്നു.‘എന്താ സ്വത്തേ അമ്മ വിളിച്ചിട്ടു മിണ്ടാത്തത്’ എന്നു ചോദിച്ചു അടുത്തു ചെന്നു നോക്കിയപ്പോൾ...

കഴുത്തിൽ മുണ്ടു കുരുങ്ങികിടക്കുന്നതു കണ്ടതും എന്റെ ഉടലിൽ കൊള്ളിയാൻ മിന്നി. പിന്നെ, എനിക്കൊന്നും ഓർമയില്ല. പലഹാരപ്പൊതിയും കൊണ്ടു വരുന്ന ഏട്ടനോട് ആളുകൾ വിവരം പറഞ്ഞു. ഓടി വന്നു മോളെ വാരിയെടുത്തതും ഏട്ടന്റെ തോളിലേക്കു ആ കുടുക്ക് അഴിഞ്ഞു വീണു. എന്റെ മൂത്ത മകൾ മരിച്ച് അൻപത്തി രണ്ടാം ദിവസമായിരുന്നു അത്.

രണ്ടുമക്കളുടെയും പോസ്റ്റ്മാർട്ടം റിപ്പോർട്ട് ഒരുമിച്ചാണു കിട്ടിയത്. രണ്ടുപേരും ലൈംഗികമായി....

അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT