ADVERTISEMENT

ലൊക്ഡൗൺ  കാലത്ത് അതിജീവന വഴികൾ തിരഞ്ഞ ഒരുപാട് പേരുണ്ട്. സ്ത്രീകളാണ് അതിൽ കൂടുതലും.  ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ടതും കൂടിവരുന്ന ജീവിത ചെലവുകളും അതിനനുസരിച്ചുള്ള വരുമാനമില്ലായ്മയും എല്ലാം അവരെ അതിനു പ്രേരിപ്പിച്ചു എന്ന് പറയുന്നതാകും ശരി. നോമിയ രഞ്ജനും "നോമീസ് ധ്രുവി" എന്ന പേരിൽ ഹെയർ ഓയിൽ നിർമ്മിച്ച് തുടങ്ങിയത് ലൊക്ഡൗൺ കാലത്താണ്, എന്നാൽ അതിനു അതിജീവനത്തിന്റെയപ്പുറം സ്വപ്ന സാക്ഷാത്കാരം എന്ന വാക്കു കൂടി ഉപയോഗിക്കണം. ഒരു വർഷമെടുത്തില്ല, അതിനു മുൻപ് തന്നെ തന്റെ വീട്ടിലെ ഒരു മുറിയിൽ തുടങ്ങിയ ഹെയർ ഓയിൽ നിർമ്മാണം ഇപ്പോൾ കേരളം മുഴുവൻ വ്യാപിച്ചു കിടക്കുന്ന വിപണി എന്ന സാധ്യതയിലേയ്ക്ക് വളർന്നിരിക്കുന്നു. ധ്രുവിക്ക് ഇപ്പോൾ കോർപറേറ്റ് ഓഫീസുണ്ട്. ലൈസൻസുണ്ട്, കേരളത്തിലുടനീളം ഒരുപാട് ഹൈപ്പർമാർക്കറ്റുകളുടെയും മെഡിക്കൽ ഷോപ്പുകളുടെയും റാക്കുകളിലും ആമസോണിലും ഒക്കെ ധ്രുവി ഇടം പിടിക്കുകയും ചെയ്തിരിക്കുന്നു. സത്യത്തിൽ ഇതൊരു ലൊക്ഡൗൺ കാല സ്ത്രീ ജീവിതത്തിന്റെ കഥയാണ്, ഒരു വിജയിച്ച സ്ത്രീയുടെ കഥ. 

ലൊക്ഡൗൺ സംരംഭകയാക്കി 

എല്ലാവരുടെയും പോലെ തന്നെ കോവിഡ് തുടങ്ങിയ സമയത്തു ഞാനും വിചാരിച്ചു കുറച്ചു ദിവസം ലൊക്ഡൗൺ ഒക്കെ കഴിഞ്ഞു എല്ലാം പഴയപോലെ ആവുമെന്ന്. ലൊക്ഡൗൺ തുടക്കത്തിൽ അടുക്കളയിലെ പാചക പരീക്ഷണങ്ങളിലും അതെടുത്തു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിലുമൊക്കെയായിരുന്നു സന്തോഷം. പക്ഷേ, കുറച്ചു ദിവസങ്ങൾ കൊണ്ട് തന്നെ വ്യക്തമായി ഈ സമയം അങ്ങനൊന്നും കടന്നു പോവില്ല. ഒരു ഓൺലൈൻ ബുട്ടീക്ക് ആ സമയത്ത് നടത്തിയിരുന്നു, പക്ഷെ  കൊറിയർ ഒക്കെ താറുമാറായതോടെ നിർത്തേണ്ടി വന്നു. സ്വന്തമായി ഒരു ബിസിനസ്‌ എന്നത് എട്ടു വർഷം മുൻപ് ജോലി ഉപേക്ഷിച്ച നാൾ മുതൽ ഉള്ള ആഗ്രഹമായിരുന്നു." Being your own Boss " എന്നത് ചെറിയ കാര്യമല്ലല്ലോ.വളരെ യാദൃച്ഛികമായാണ് ഞാൻ സംരംഭകയായത് . 

നോമീസ് ധ്രുവിയുടെ തുടക്കം. 

ഞാൻ ആഗ്നേയ എന്ന ഒരു വുമൺ ഗ്രൂപ്പിൽ മെമ്പറാണ് . കഴിഞ്ഞ വർഷം ജൂലൈയിൽ അവിടെ ഒരു ദിവസം മുടി കൊഴിച്ചിൽ പരിഹരിക്കാൻ എന്തെങ്കിലും ടിപ്പ് ഉണ്ടോ എന്ന് ചോദിച്ചു ഒരു സുഹൃത്ത്‌ പോസ്റ്റിട്ടു.  എന്തോ ഒക്കെ ടിപ്സ് അവിടെ വരുന്നുണ്ടായിരുന്നു. അപ്പോഴാണ് ഞാൻ എന്റെ പ്രസവത്തിനു ശേഷമുണ്ടായ സമയത്ത് ഉണ്ടായിരുന്ന മുടി കൊഴിച്ചിലിൽ നിന്ന് രക്ഷപെട്ടതെങ്ങനെ എന്നോർമ വന്നത് 

രണ്ടാമത്തെ ഡെലിവറിക്ക് ശേഷം മുടി കൊഴിച്ചിൽ അസഹനീയമായിരുന്നു. എല്ലാവരെയും പോലെ മാർക്കറ്റിൽ കിട്ടുന്ന പേരും പെരുമയുമുള്ള പല ഹെയർ ഓയിലുകളും നല്ല വില കൊടുത്തു തന്നെ ഞാനും വാങ്ങി ഉപയോഗിച്ച് നോക്കി. കൊഴിച്ചിൽ കൂടുന്നതല്ലാതെ വലിയ മാറ്റം ഒന്നുമില്ലാതെ തുടർന്നു. ഈ മുടി കൊഴിച്ചിൽ എന്നത് അത്ര നിസാര പ്രശ്നമല്ല. "പോസ്റ്റ് ഡെലിവറി ഹെയർ ഫാൾ" സാധാരണമെങ്കിലും എനിക്കതു വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. കൂടെ യൂട്യൂബിൽ കാണുന്ന പലതും പരീക്ഷിക്കുന്നുണ്ടായിരുന്നു. സാമ്പാറും മണ്ണെണ്ണയും വരെ തലയിൽ തേക്കും എന്നൊരു അവസ്ഥയായിരിന്നു. ഈ പരാക്രമങ്ങൾ ഒക്കെ കണ്ട് എന്റെ അമ്മ  വീട്ടിൽ കാച്ചിയ എണ്ണ തേച്ചാൽ മതി മുടി കൊഴിച്ചിൽ കുറയും എന്ന് ഇടയ്ക്കിടെ പറയുന്നുണ്ടായിരുന്നു. കാച്ചെണ്ണയിൽ ഒന്നും ഒരൽപം പോലും വിശ്വാസമില്ലായിരുന്നു. പിന്നെയും പിന്നെയും പറഞ്ഞപ്പോൾ ഒന്ന് ട്രൈ ചെയ്യാമെന്ന് കരുതിയാണ് ഉപയോഗിച്ചത്. ഒരാഴ്ചയ്ക്കകം തന്നെ മുടികൊഴിച്ചിൽ കൊണ്ടുള്ള സമാധാനകേട് ഒരുപാട് മാറി. 

nomees
നോമീസ് ഹെയർ ഓയിൽ

സുഹൃത്തിന്റെ പോസ്റ്റിൽ എന്റെ എക്സ്പീരിയൻസ് ഷെയർ ചെയ്തപ്പോൾ സമാന അവസ്ഥയിൽ കൂടി കടന്നു പോകുന്ന ഒൻപതു പേർ എങ്ങനെങ്കിലും ആ ഓയിൽ കുറച്ചു തരണം എന്നാവശ്യപ്പെട്ടു വന്നു. മുടി കൊഴിച്ചിൽ ഉണ്ടാക്കുന്ന മാനസിക ബുദ്ധിമുട്ട് അറിയുന്നതു കൊണ്ടു തന്നെ ലാഭം ഒന്നും പ്രതീക്ഷിക്കാതെയാണ് ആ ഒൻപതു പേർക്ക് ഞാൻ ഉപയോഗിച്ച് കൊണ്ടിരുന്ന വീട്ടിലുണ്ടാക്കിയ ഓയിൽ അയച്ചു കൊടുത്തത്. 

ഒൻപതു പേരുടെ തുടക്കം 

ആദ്യമായി ഉപയോഗിച്ച ആ ഒൻപതു പേരും എനിക്കുണ്ടായത് പോലെ തന്നെയുള്ള എക്സ്പീരിയൻസ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തപ്പോൾ എണ്ണയ്ക്ക് കൂടുതൽ ആവശ്യകാരുണ്ടായി. പതിയെ ഇതിലെ ബിസിനസ്‌ സാധ്യതകൾ മനസിലായി തുടങ്ങി.  

ധ്രുവിയുടെ ഹൈലൈറ്റ്. 

യാതൊരു വിധ കെമിക്കലുകളുമില്ലാതെ വെളിച്ചെണ്ണയിൽ ഹെർബ്സ് മാത്രം ചേർത്ത് തയ്യാറാക്കുന്നതാണ്. കഷണ്ടിയല്ലാത്ത എന്ത് തരം മുടി കൊഴിച്ചിലും താരനും പരിഹരിക്കാൻ ഉപയോഗിക്കാം. സാധാരണ എണ്ണ തേക്കുമ്പോൾ നീരിറക്കം പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുന്നവർക്കും ധ്രുവി ഉപയോഗിക്കുമ്പോൾ പ്രശ്നങ്ങൾ ഉണ്ടാകുന്നില്ല എന്നതും പ്രത്യേകതയാണ് 

ഒറ്റ മുറിയിലെ ധ്രുവിയിൽ നിന്ന് ഒരു വർഷത്തിൽ കോർപറേറ്റ് ഓഫീസിലേയ്ക്ക് 

എന്റെ ഒൻപതു സുഹൃത്തുക്കളായിരുന്നു ആദ്യത്തെ കസ്റ്റമേഴ്സ്. മൗത്ത് പബ്ലിസിറ്റി എന്നതൊരു മാജിക്‌ ആണ്. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും എണ്ണ ഉപയോഗിച്ചവർ എഴുതിയ സത്യസന്ധമായ റിവ്യൂസ് എന്റെ ബിസിനസ്‌ ഞാൻ പോലും വിചാരിക്കാത്ത ഉയരങ്ങളിലേക്കാണ് എത്തിച്ചത്. നോമീസ് ധ്രുവി എന്നൊരു ഫേസ്ബുക് ഗ്രൂപ്പ് പത്തു മാസം മുൻപ് തുടങ്ങിയപ്പോൾ ആകെയുണ്ടായിരുന്ന സാമ്പാദ്യം ഒൻപതു ഹാപ്പി കസ്റ്റമേഴ്സ് ആയിരുന്നു. ഇപ്പോഴത് പതിനയ്യായിരം കടന്നിരിക്കുന്നു. വീട്ടിൽ തന്നെ ഒരു റൂം ഓഫീസ് ആയി ഉപയോഗിച്ചായിരുന്നു തുടക്കം. ഇന്നത് മറ്റൊരു ബിൽഡിങ്ങിൽ ധ്രുവിക്കുവേണ്ടി മാത്രം ഒരു ഓഫീസും പാക്കിങ് സെക്ഷനുമൊക്കെയായി വളർന്നിട്ടുണ്ട്. 

ആദ്യം പേരൊന്നുമില്ലാതെ 200 മില്ലി ബോട്ടിലുകളിൽ കൊറിയർ വഴി അയച്ചു തുടങ്ങിയപ്പോൾ ഇങ്ങനൊരു ബിസിനസ്‌ ചെയ്യുവാൻ എന്തൊക്കെ ലൈസൻസ് വേണമെന്ന് പോലും അറിയില്ലായിരുന്നു. കസ്റ്റമേഴ്സിന്റെ എണ്ണം കൂടിയപ്പോൾ ഡ്രഗ് ലൈസൻസ് എടുക്കാതെ പറ്റില്ല എന്ന് മനസിലായി. പിന്നീട് അതിനു വേണ്ടിയുള്ള ഓട്ടമായിരുന്നു. വിചാരിച്ചത്ര എളുപ്പമായിരുന്നില്ല. എന്നിരുന്നാലും എല്ലാ കടമ്പയും കടന്നു ഇന്നിതൊരു ആളുകൾ അന്വേഷിച്ചു വരുന്ന ഹെയർ ഓയിൽ ബ്രാൻഡ് ആയി ആമസോണിലും ഹൈപ്പർമാർകെറ്സിലും മെഡിക്കൽ ഷോപ്സിലും ഒക്കെ കാണുമ്പോൾ ഇതുവരെ നേരിട്ട പ്രതിസന്ധികൾ ഒക്കെ പുഞ്ചിരിയോടെ ഓർക്കാൻ കഴിയുന്നുണ്ട്. കാനഡ, യു എസ് എ, യു കെ, അയര്‍ലണ്ട്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലും ഡിസ്ട്രിബൂട്ടര്‍മാരുള്ള സംരഭമാണ്‌ ധ്രുവി ഇന്ന്. 

കുറച്ചു നാളുകളായി മുടങ്ങിയ ധ്രുവിയുടെ ഗൾഫിലെ ലോഞ്ച് അടുത്ത മാസം നടക്കുന്നു എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ സന്തോഷം. അബുദാബി ബേസ്ഡ് ആയിട്ടുള്ള സിനർജി എന്ന കമ്പനിയാണ് ധ്രുവിയുടെ ഗൾഫിലെ വിതരണക്കാർ . 

3 ലിറ്റർ ആയിരുന്നു ആദ്യമായി ചെയ്ത ഓർഡർ. ഇപ്പോഴത് മാസത്തിൽ നാല് ടൺ എന്ന അളവിലേക്കു എത്തി ചേർന്നു.  ഡ്രഗ് ഡിപ്പാർട്മെന്റിന്റെ നിയമങ്ങൾ അനുസരിച്ചു ഉൽപാദനം കണ്ണൂർ തന്നെയുള്ള മാനുഫാക്ചറിങ് യൂണിറ്റിൽ ആരംഭിച്ചു . ഒപ്പം സ്വന്തം നാട്ടിൽ തന്നെ ഓഫീസും പാക്കിങ് യൂണിറ്റും തുടങ്ങി.

ബിസിനസ്സിൽ നിന്നും കിട്ടുന്ന പണം മാത്രമല്ല എന്റെ സന്തോഷം.സംതൃപ്തരായ ഒരുപിടി ഉപഭോക്താക്കളാണ് ധ്രുവിയെന്ന ബ്രാൻഡ്.ഒരിക്കലും  ലാഭത്തിന് വേണ്ടി ധ്രുവിയുടെ ക്വാളിറ്റിയിൽ മാറ്റം വരുത്തില്ല എന്നൊരു ഉറപ്പ് കസ്റ്റമേഴ്സിന് കൊടുത്തിട്ടുണ്ട് .അത് എന്നും പാലിക്കും. 

തലമുടിയിൽ ധ്രുവി ഇടപെടുന്ന വിധം 

മുടിയുടെ പ്രശ്നം എല്ലാവർക്കും ഏറ്റവും കൂടുതൽ ബാധിക്കുന്നത് മനസ്സിനെയാണെന്നാണ് തോന്നിയിട്ടുള്ളത്.  മുടികൊഴിച്ചിലിനൊപ്പം സ്‌ട്രെസും വരും. കുറച്ചു കൂടുതൽ മുടി പൊഴിയുമ്പോൾ തലയിലുള്ളതെല്ലാം പൊഴിഞ്ഞു തീരുമോ എന്നൊരു പേടി എല്ലാവർക്കുമുണ്ടാകുന്നുണ്ട്. ധ്രുവിയുടെ പ്രവാസി കസ്റ്റമേഴ്സ് ഭൂരിഭാഗവും പറയുന്നത് വർക്ക്‌ പ്രഷർ ക്ലൈമറ്റ് വെള്ളം ഒക്കെ കൊണ്ടാണ് മുടി കൊഴിച്ചിൽ എന്നാണ്.   ചില ഡയറ്റുകൾ കൊണ്ടും മുടി കൊഴിയുന്നതായി പറഞ്ഞു ചിലർ ധ്രുവി വാങ്ങി ഉപയോഗിക്കാറുണ്ട്.  നമ്മുടെ എണ്ണ ഓർഡർ ചെയ്യുന്ന പലരിലും ഈ ടെൻഷൻ കണ്ടിട്ടുണ്ട്. പോസ്റ്റ് ഡെലിവറി, കാലാവസ്ഥ, വെള്ളം, സ്‌ട്രെസ്, ഹോർമോൺ ഇഷ്യൂസ് തുടങ്ങി മറ്റു പല കാരണങ്ങളാൽ മുടി കൊഴിച്ചിലുള്ളവരുണ്ട് .  കൃത്യമായി ഉപയോഗിച്ചാൽ ഫലം കിട്ടും എന്നത് ഉപയോഗിച്ചവർ തന്ന റിവ്യൂസിൽ നിന്നും മനസിലാക്കാം. ബിസിനസ്‌ വർധിപ്പിക്കാൻ വേണ്ടി തോളൊപ്പമുള്ള മുടി വളർന്നു മുട്ടൊപ്പമാകുമെന്നോ കഷണ്ടിയിൽ മുഴുവൻ മുടി വരുമെന്നോ എന്നൊന്നുമുള്ള പൊള്ളയായ വാദങ്ങളൊന്നുമില്ല. സെലിബ്രിറ്റികളെ കൊണ്ട് ക്യാഷ് കൊടുത്ത് ചെയ്യിക്കുന്ന റിവ്യൂസും ഉപയോഗിച്ചവരുടെ ആത്മാർത്ഥമായ വാക്കുകളും തമ്മിലുള്ള വ്യത്യാസം ധ്രുവിയുടെ ഫേസ്ബുക് ഗ്രൂപ്പിൽ കയറിയാൽ മനസിലാക്കാം. 

സോഷ്യൽ മീഡിയ ജീവിതത്തിൽ ഇടപെട്ടത് 

സോഷ്യൽ മീഡിയയുടെ ശക്‌തി എത്രത്തോളമെന്നു പറഞ്ഞറിയിക്കാനാവില്ല. എന്നാൽ അത് എന്റെ ജീവിതത്തിൽ ഇത്രയധികം മാറ്റം കൊണ്ടുവരുമെന്ന് ഒരിക്കൽ പോലും വിചാരിച്ചിട്ടില്ല. ഒരു രൂപ പോലും പരസ്യത്തിന് വേണ്ടി മുടക്കാതെ ധ്രുവി എന്ന ബ്രാൻഡ് ഇത്രത്തോളമൊക്കെ എത്തിച്ചേർന്നുവെങ്കിൽ അത് സോഷ്യൽ മീഡിയ എന്നൊരു പ്ലാറ്റ്ഫോം ഉള്ളത് കൊണ്ട് മാത്രമാണ്. 

ധ്രുവി എന്റെ കുഞ്ഞാണ്. എനിക്കറിയുന്നത് പോലെ അത് മറ്റൊരാൾക്കും അറിയില്ല. അത് കൊണ്ട് തന്നെ എത്ര തിരക്കിലും ഉപഭോക്താക്കളുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്നതിനും അവരുടെ സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനും സമയം കണ്ടെത്താറുണ്ട്. 

ലൊക്ഡൗൺ കാല ജീവിതങ്ങൾ 

ലിംഗ വ്യത്യാസമില്ലാതെ ഒരുപാട് ആളുകളുടെ ജോലിയിലൂടെയുള്ള വരുമാനം ഇല്ലാതാക്കിയ പാൻഡെമിക് സമയമാണിത്. പലർക്കും പുതിയതൊന്നു തുടങ്ങേണ്ടത് നിലനിൽപിന്റെ തന്നെ ആവശ്യമായി മാറി. അതേ സമയം സ്വന്തമായി ചെറുതെങ്കിലും ഒരു ബിസിനസ്‌ ചെയ്യുന്ന പലർക്കും "comparatively less or no pandemic effect" എന്നൊരു അവസ്ഥയും ഉണ്ടായിരുന്നു. 

എത്ര ചെറുതെങ്കിലും ഒരു വരുമാനം സ്ത്രീകൾ കണ്ടെത്തേണ്ടത് വളരെ അത്യാവശ്യമായൊരു കാലഘട്ടത്തിലൂടെയാണ് നമ്മൾ കടന്നു പോകുന്നത്. സാമ്പത്തികമായി ആശ്രയിച്ചിരിക്കുന്നു എന്നത് കൊണ്ട് ഗാർഹിക പീഡനമോ  ദുരുപയോഗമോ ഒന്നും സഹിക്കേണ്ടി വരില്ല സാമ്പത്തിക സ്വാതന്ത്ര്യമുള്ള ഒരു സ്ത്രീക്ക്. സാമ്പത്തികമായും സാമൂഹികമായും വൈകാരികമായും മറ്റും കുടുംബത്തിന്റെ ആവശ്യങ്ങളെ പിന്തുണയ്‌ക്കാൻ കഴിയുന്ന ഒരു സ്ത്രീ വീണ്ടും വീണ്ടും തെളിയിക്കുന്നത് ലിംഗ പക്ഷപാതം സമൂഹം സൃഷ്ടിച്ചതാണെന്നാണ്. ഈ കാലത്ത് ഒരുപാട് സ്ത്രീകൾ സ്വയം ചെറുകിട ബിസിനസുകൾ പലതും തുടങ്ങിയിട്ടുണ്ട്. അതിൽ പലതും ഇപ്പോഴും നന്നായി പോകുന്നുമുണ്ട്. പാൻഡെമിക് കാലവും ലോക്ക് ഡൌൺ സമയവുമൊക്കെയാണ് നമുക്ക് മനസ്സിലാക്കി തന്നത് വലിയ വിപണിയെക്കാൾ എളുപ്പത്തിൽ ലഭ്യമാകുന്നത് ചെറിയ വിപണികൾ തന്നെയാണെന്ന്. എനിക്ക് പണ്ട് മുതലേ സംരംഭകയാകാനായിരുന്നു ആഗ്രഹം. എന്നാലത് ഈയൊരു വർഷം കൊണ്ട് ഇങ്ങനെയൊരു തലത്തിലേയ്ക്ക് വരുമെന്ന് കരുതിയില്ല. പക്ഷെ നന്നായി വർക്ക് ചെയ്തിട്ടുണ്ട്. പിന്നെ ഇപ്പോഴും ധുവീസിന്റെ ശക്തി അതിന്റെ സന്തോഷവും സംതൃപ്തിയുമുള്ള ഉപഭോക്താക്കളാണ്. ഒരിക്കൽ ഉപയോഗിച്ചവർ തന്നെയാണ് ഞങ്ങളുടെ പരസ്യം. 

കൂടെയുള്ള കുടുംബം 

കുടുംബം മുഴുവനും ഒപ്പം തന്നെയുണ്ട്. തുടക്കക്കാരിയെന്ന നിലയിൽ ചിലപ്പോഴെങ്കിലും ഒറ്റക്കെടുക്കുന്ന തീരുമാനങ്ങൾ കൃത്യമാവണമെന്നില്ല. ഭർത്താവ് രഞ്ജൻ ആണ് എല്ലാത്തിനും എപ്പോഴും കൂടെയുള്ളത് .  രണ്ട് കുട്ടികളുണ്ട്. ആറു വയസ്സുകാരൻ റയാനും മൂന്നു വയസ്സുള്ള റിക്കിയും. അവരുടെ കാര്യങ്ങളൊക്കെ അമ്മയാണ് കൂടുതലും നോക്കുന്നത്. എന്റെ തിരക്കുകളൊക്കെ അവർക്കിപ്പോൾ ശീലമായി. കുടുംബം മുഴുവൻ ഒന്നിച്ച് നിൽക്കുമ്പോഴാണ് എല്ലാം നന്നായി മുന്നോട്ട് കൊണ്ട് പോകാനാവുക. എല്ലാവരും കൂടെയുള്ളത് കൊണ്ട് തന്നെയാണ് നോമീസ് ധ്രുവി എന്ന സംരംഭം ഇത്ര ഭംഗിയായി മുൻപോട്ടു പോകുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com