ADVERTISEMENT

പാട്ടുകാരി, മോഡൽ, വ്ലോഗർ എന്നിങ്ങനെ വിവിധ മേഖലകളിലെ തിളക്കത്തിന്റെ ശോഭയുണ്ടെങ്കിലും, ഇതിലെല്ലാം ഉപരിയായി മഹത്തരമായ മറ്റൊരു പദവിയലങ്കരിക്കുന്നയാളാണ് അമൃത സുരേഷ്. അവർ ഇന്ന് ഒരു ഒൻപതു വയസ്സുള്ള പെൺകുട്ടിയുടെ അമ്മയാണ്. പാടിയും പറഞ്ഞും പൂമ്പാറ്റ പോൽ മകൾക്കൊപ്പം പറന്നു നടക്കുന്ന അമ്മ. എല്ലാ അമ്മമാരെയും പോലെ സ്വന്തം കുഞ്ഞിനെ മാറോടണയ്ക്കുമ്പോഴും ആ പുഞ്ചിരി കാണുമ്പോഴും മാഞ്ഞു പോകുന്ന ദുഃഖങ്ങളേ അമൃതയ്ക്കുമുള്ളു. അച്ഛന്റെയും അമ്മയുടെയും സ്നേഹം ഏറ്റക്കുറച്ചിലുകളില്ലാതെ മകളിലേയ്ക്കു പകർന്ന്, അവളെ കരുതലോടെ കാക്കുന്ന അമൃതയ്ക്കുമുണ്ട് പറയാനേറെ. 

സിംഗിൾ പാരന്റിങ് അത്ര നിസാരമായ ഒന്നല്ല. ചിലപ്പോഴൊക്കെ അത് തെറ്റാണെന്ന തെറ്റിദ്ധാരണയും സമൂഹത്തിന്റെ കണ്ണിൽ ഉണ്ടാകുന്നു. പക്ഷേ, ഒന്നു ചിന്തിച്ചാൽ എത്രയോ വെല്ലുവിളികളാണ് ഓരോ സിംഗിൾ പാരന്റും നേരിടുന്നത്, പ്രത്യേകിച്ച് ഈ ഡിജിറ്റൽ യുഗത്തിൽ. കാലത്തിനൊപ്പം മക്കൾ അതിവേഗം ഓടിപ്പോകുമ്പോഴും അവരിൽ ധാർമിക മൂല്യങ്ങളുടെ ശോഷണം ഉണ്ടാകാതിരിക്കാൻ ശ്രദ്ധേക്കേണ്ടതുതന്നെ വലിയ വെല്ലുവിളിയല്ലേ? ഇന്ന് ലോകം വീണ്ടുമൊരു ‘ഗേൾ ചൈൽഡ് ഡേ’യിലൂടെ കടന്നു പോകുമ്പോൾ ‘മകളുടെ അമ്മ’ എന്ന നിലയിൽ അമൃത സുരേഷ് ചിലതു പറയുകയാണ് ഈ പൊതുസമൂഹത്തോട്. മനോരമ ഓൺലൈനിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ അമൃത മനസ്സ് തുറന്നപ്പോൾ. 

സ്നേഹവും കരുതലും ഒരാളിലൂടെ

ഒരു കുട്ടിയെ സംബന്ധിച്ച് അച്ഛനും അമ്മയും തുല്യ പ്രാധാന്യമുള്ളവരാണ്. കാരണം, അച്ഛനും അമ്മയ്ക്കും വ്യത്യസ്തമായ കാര്യങ്ങളായിരിക്കും ചെയ്യാനുണ്ടാവുക. സിംഗിൾ പാരന്റിന്റെ ഒപ്പമാണ് കുട്ടി എങ്കിൽ അവന്/ അവൾക്കു യാതൊന്നും നിഷേധിക്കപ്പെടാൻ പാടില്ല. മാതാപിതാക്കളിൽ നിന്നും ആ കുട്ടിക്കു കിട്ടേണ്ടത് എന്തൊക്കെയാണോ അതൊക്കെ കൊടുക്കുന്നതിൽ സിംഗിൾ പാരന്റ് വീഴ്ച വരുത്താതിരിക്കണം. വിവാഹജീവിതത്തിൽ ഒരു മുന്നോട്ട് പോക്ക് സാധ്യമായിരുന്നെങ്കിൽ ഞാൻ ഒരിക്കലും സിംഗിൾ പാരന്റിങ് തിരഞ്ഞെടുക്കില്ലായിരുന്നു. യാതൊരു സാധ്യതയും ഇല്ലാത്തതുകൊണ്ടുമാത്രമാണ് ഇത്തരമൊരു സാഹചര്യവുമായി പൊരുത്തപ്പെട്ടു പോകാൻ ശ്രമിക്കുന്നത്. എന്റെ മകൾക്കു (പാപ്പു എന്ന അവന്തിക) വേണ്ടി അച്ഛന്റെയും അമ്മയുടെയും കടമകൾ ഞാൻ നിർവഹിക്കണം. അച്ഛൻ എന്നു പറയുമ്പോൾ മക്കൾക്കു ശക്തമായ സംരക്ഷണവും അമ്മ എന്നാൽ പരിപൂർണമായ സ്നേഹവുമാണ്. ഇതു രണ്ടും എന്റെ മകൾക്കു നൽകേണ്ടതു ഞാൻ തന്നെയാണ്. അത് അത്ര എളുപ്പമല്ല എങ്കിലും എനിക്കതു ചെയ്തേ പറ്റൂ. കാരണം, ഞാൻ ഒരു അമ്മയാണ്. മകൾക്കു വേണ്ടിയാണ് ജീവിക്കുന്നത്. പിന്നെ മക്കൾക്കുവേണ്ടി എന്തൊക്കെ ചെയ്താലും അതൊന്നും അധികമാകില്ലല്ലോ. അല്ലെങ്കിലും സിംഗിള്‍ പാരന്റ്സിന്റെ മക്കള്‍ കാര്യങ്ങൾ കുറച്ചുകൂടി മനസ്സിലാക്കുന്നവരാണെന്നു തോന്നുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ചു ജീവിക്കാൻ അവർക്കറിയാം.

എന്റെ പാപ്പു!

പാപ്പു എപ്പോഴും ഭയങ്കര ആക്ടീവ് ആണ്. അവൾക്കു കംഫർട്ടബിൾ ആണെന്നു തോന്നുന്ന കാര്യങ്ങൾ ചെയ്യാൻ ആണ് ഞാൻ ശീലിപ്പിക്കുന്നത്. എപ്പോഴായാലും എവിടെ ആയാലും യാതൊരു സമ്മർദത്തിനും കീഴ്പ്പെട്ട് ഒന്നും ചെയ്യരുത് എന്നാണ് ഞാൻ പറയാറുള്ളത്. ശരിയും തെറ്റും മനസ്സിലാക്കിക്കൊടുത്ത് നേർവഴിയൂടെ നടത്തുമ്പോൾ പൊതുബോധം ഉൾക്കൊണ്ട് അവൾ ശരികൾ തിരഞ്ഞെടുക്കും. മറ്റുള്ളവർക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങൾ ചിലപ്പോൾ നമ്മുടെ കുട്ടികൾക്ക് അങ്ങനെ ആകണമെന്നില്ല. അവരുടെ ചിന്തകളും വികാരങ്ങളും അവർക്കു മാത്രമല്ലേ അറിയൂ. അതുകൊണ്ട്, എന്തുകാര്യമായാലും അവർക്കു കംഫർട്ടബിൾ ആണെങ്കിൽ മാത്രം ചെയ്യട്ടെ. പാപ്പു ഓരോ കാര്യത്തിലും അങ്ങനെയാണ്. അവൾക്ക് ഇഷ്ടപ്പെടാത്ത എന്തെങ്കിലുമുണ്ടായാൽ അത് എന്നോടു പറയും. അപ്പോൾ തന്നെ ആ സാഹചര്യത്തിൽ നിന്നും ഞാൻ അവളെ മാറ്റുകയാണു ചെയ്യുന്നത്. അതിനു ശേഷം കാര്യം എന്താണെന്ന് അന്വേഷിക്കും. അവൾക്കു ‘നോ’ പറയാന്‍ തോന്നുമ്പോൾ അത് പറയണം. അങ്ങനൊരു സ്വാതന്ത്ര്യം ഞാൻ കൊടുത്തിട്ടുണ്ട്. അത് എല്ലാ കുട്ടികൾക്കും വേണം എന്നാണ് എനിക്കു പറയാനുള്ളത്. 

amritha-suresh-post-photos-of-daughter-avanthika-with-pet-dog

തുല്യതയുടെ തട്ട് 

നമ്മുടെ സമൂഹത്തിൽ ആൺ–പെൺ ഭേദമില്ലാതെയാണ് പലപ്പോഴും കുട്ടികൾക്കു നേരെ പോലും അക്രമങ്ങളും അനീതികളും ഉണ്ടാകുന്നത്. ഇപ്പോഴത്തെ സമൂഹിക സാഹചര്യം അത്തരത്തിലാണ്. ആരെയും കണ്ണടച്ചു വിശ്വസിക്കാൻ സാധിക്കില്ല. ചുറ്റിലും നടക്കുന്ന പല സംഭവങ്ങളും ഭയപ്പെടുത്തുന്നു. ഇത്തരമൊരു സാഹചര്യത്തിൽ കുട്ടികളെ വളർത്തുമ്പോൾ കുറേയേറെക്കാര്യങ്ങൾ പറഞ്ഞുകൊടുക്കേണ്ടതുണ്ട്. ആൺകുട്ടികളുമായി താരതമ്യം ചെയ്താൽ പെൺകുട്ടികൾക്കു സ്വാതന്ത്ര്യക്കുറവ് ഉണ്ടെന്നതാണ് പൊതുവായ അവസ്ഥ. പക്ഷേ, ആ ചിന്ത മാറണം. മക്കളുടെ സുരക്ഷ ഉറപ്പു വരുത്തിക്കൊണ്ട് മാതാപിതാക്കൾ സ്വാതന്ത്ര്യം കൊടുക്കണം. അവിടെയാണ് കാര്യങ്ങൾ മാറുന്നത്. ആ മാറ്റമാണ് അനിവാര്യം. സുരക്ഷ മുൻനിർത്തി ആൺകുട്ടിക്കും പെൺകുട്ടിക്കും തുല്യമായ അവകാശങ്ങളും സ്വാതന്ത്ര്യവും നൽകുന്നതാണ് ഉചിതം. എന്റെ അച്ഛനും അമ്മയും ആൺ–പെൺ ഭേദമില്ലാതെയാണ് എന്നെയും അനിയത്തി (അഭിരാമി സുരേഷ്) യെയും വളർത്തിയത്. അനാവശ്യ നിയന്ത്രണങ്ങളൊന്നും ഞങ്ങൾക്കു മുന്നിൽ അവർ വച്ചില്ല. അതൊക്കെ കൊണ്ടായിരിക്കാം എനിക്ക് ജീവിതത്തിൽ ഇത്രയേറെ ധൈര്യവും ആത്മവിശ്വാസവും ലഭിച്ചത്. എന്റെ മകളെയും ഞാൻ അങ്ങനെ തന്നെയാണു വളർത്തിക്കൊണ്ടു വരുന്നത്. 

ചോദ്യവും പറച്ചിലും

ഇപ്പോഴത്തെ തലമുറ സാങ്കേതിതകതയുടെ കാര്യത്തിൽ വളരെ മുന്നിലാണ്. അവർക്ക് എന്തെങ്കിലും കാര്യത്തില്‍ സംശയങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ഇന്റർനെറ്റിൽ കയറി പരതുകയാണു ചെയ്യുന്നത്. അത്തരത്തിൽ ഒരുപാട് അവസരങ്ങളുണ്ട് അവർക്ക്. എന്നാൽ ഡിജിറ്റല്‍ യുഗത്തിൽ നിന്ന് എന്തൊക്കെ കിട്ടുന്നുണ്ടെങ്കിലും ധാർമിക മൂല്യങ്ങൾ മാതാപിതാക്കളിൽ നിന്നും അവരുടെ ജീവിതരീതികളിൽ നിന്നും മാത്രമേ കുട്ടികൾക്കു ലഭിക്കൂ. അവന്തികയ്ക്ക് അത്തരം മൂല്യങ്ങൾ പകർന്നുകൊടുക്കുന്നതിനാണ് ഞാൻ എപ്പോഴും പ്രാധാന്യം നൽകുന്നത്. കുട്ടികൾക്ക് എന്തു സംശയം തോന്നിയാലും അത് മാതാപിതാക്കളോടു ചോദിക്കാനുള്ള അവസരവും സ്വാതന്ത്ര്യവും കൊടുക്കണം എന്നാണ് ഒരു അമ്മ എന്ന നിലയിൽ എനിക്കു പറയാനുള്ളത്. എന്റെ മകളെ ഞാൻ അങ്ങനെയാണു വളർത്തുന്നത്. അവൾക്ക് ഒരു സുഹൃത്തിനോടെന്ന പോലെ എന്നോട് എന്തും പറയാം, ചോദിക്കാം. 

amritha-suresh-daughter

ഒഴിഞ്ഞുമാറൽ അല്ല വേണ്ടത്!

നമ്മളൊക്കെ വളർന്നതിൽ നിന്നും ഒരുപാട് വ്യത്യസ്തമായ സാഹചര്യത്തിലാണ് ഇന്നത്തെ കുട്ടികൾ. അവർക്കു തെറ്റായ വിവരങ്ങൾ പലയിടത്തു നിന്നും കിട്ടുന്നുണ്ട്. എല്ലാം ഓൺലൈനിൽ ആയതുകൊണ്ട് കുട്ടികൾ പല ചിത്രങ്ങളിലൂടെയും വിഡിയോകളിലൂടെയുമൊക്കെ പല കാര്യങ്ങളും മനസ്സിലാക്കി വയ്ക്കുന്നു. ലൈംഗികത സംബന്ധിച്ച സംശയങ്ങൾ പോലും കുട്ടികൾക്ക് ഉണ്ടാകുന്നു. എന്റെ മോൾ എന്നോട് ഇടയ്ക്ക് അത്തരം സംശയങ്ങൾ ചോദിക്കും. അപ്പോഴൊന്നും പക്ഷേ നമ്മൾ അവരോട് ‘അതേക്കുറിച്ച് ഇപ്പോൾ അറിയേണ്ട’ എന്നു പറഞ്ഞ് ഒഴിവാക്കുകയല്ല വേണ്ടത്. മറിച്ച്, അവർക്കു മനസ്സിലാകുന്ന രീതിയിൽ പറഞ്ഞുകൊടുക്കണം. മാതാപിതാക്കളിൽ നിന്നും സംശയനിവാരണം കിട്ടിയില്ലെങ്കിൽ അവർ ഉടന്‍ പോയി ഇന്റർനെറ്റിൽ തിരയും. ആ തിരച്ചിൽ പിന്നീട് മുന്നോട്ടു പോയി പോയി ചിലപ്പോൾ അശ്ലീല സൈറ്റുകളിലേയ്ക്കു വരെ എത്തിയേക്കാം. അതൊക്കെ പിന്നീട് ഗുരുതരമായ സാഹചര്യങ്ങളിലേയ്ക്കു നയിക്കും. എപ്പോഴാണെങ്കിലും കുട്ടികൾ ലൈംഗികത സംബന്ധിച്ച എന്തെങ്കിലും സംശയങ്ങൾ ചോദിച്ചാൽ പറഞ്ഞു മനസ്സിലാക്കി കൊടുക്കാൻ മാതാപിതാക്കൾ ശ്രമിക്കുക. എന്റെ മകൾക്കു മനസ്സിലാകുന്ന രീതിയിൽ ഞാനതു പറഞ്ഞുകൊടുക്കാറുണ്ട്. കുട്ടികൾക്കു ചിലപ്പോൾ എതിർ ലിംഗക്കാരുടെ ശരീരഭാഗങ്ങൾ കാണുമ്പോൾ പലതരത്തിലുള്ള സംശയങ്ങൾ തോന്നിയേക്കാം. ആൺകുട്ടിയുടെയും പെൺകുട്ടിയുടെയും സ്വകാര്യഭാഗങ്ങൾ ചൂണ്ടിക്കാണിച്ച് അവ തമ്മിൽ വ്യത്യാസപ്പെട്ടിരിക്കുന്നത് എന്തുകൊണ്ടാണെന്നു ചിലപ്പോൾ അവർ ചോദിക്കും. ആ ചോദ്യങ്ങള്‍ക്കനുസരിച്ച് കുഞ്ഞുങ്ങൾക്കു മനസ്സിലാകുന്ന രീതിയിൽ മറുപടി പറയാന്‍ ശ്രദ്ധിക്കുകയാണു വേണ്ടത്. നമ്മുടെയൊക്കെ കാലഘട്ടത്തിൽ ഇത്തരം കാര്യങ്ങളെക്കുറിച്ചു സംശയങ്ങൾ ഉണ്ടായാലും അടുപ്പമുള്ള ചില സുഹൃത്തുക്കളോടു മാത്രമേ സംസാരിക്കുമായിരുന്നുള്ളു. പിന്നെ കുറച്ചുകൂടി വളരുമ്പോൾ പാഠപുസ്തകങ്ങളിലൂടെയും ക്ലാസുകളിലൂടെയും നമുക്ക് എല്ലാം സംശയങ്ങളും മാറിക്കിട്ടിയിരുന്നു. പക്ഷേ അതുപോലെയല്ല ഇന്നത്തെ തലമുറ. 

എല്ലാം നല്ലതു തന്ന, പക്ഷേ

ഇപ്പോഴത്തെ കുട്ടികളിൽ ഭൂരിഭാഗവും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. പ്രത്യേകിച്ച് ഈ കോവിഡ് വന്നതോടെ പഠനവും അസംബ്ലിയും കലാപരിപാടികളും ഉൾപ്പെടെ എല്ലാം ഓൺലൈനായാണു നടക്കുന്നത്. അതുകൊണ്ടൊക്കെത്തന്നെ പലപ്പോഴും കുട്ടികളുടെ ലോകം ഇന്റർനെറ്റിലേയ്ക്കു ചുരുങ്ങുന്നു. അതിനു പക്ഷേ നെഗറ്റീവ്, പോസിറ്റീവ് വശങ്ങളുമുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കുന്നതിലൂടെ കുട്ടികളുടെ കഴിവും മികവും വർധിക്കുന്നുണ്ട്. ഏതാനും ദിവസങ്ങൾക്കു മുൻപ്, പാപ്പു ഒരു ഓൺലൈന്‍ ഗെയിം പ്രോഗ്രാം ചെയ്തു. അവൾ അതെന്നെ കാണിച്ചപ്പോൾ എനിക്ക് അതിശയം തോന്നി. അവളുടെ ഈ പ്രായത്തിൽ നമ്മളൊക്കെ സാധാരണ ഗെയിമുകളല്ലേ കളിച്ചിരുന്നത്. ഇന്നത്തെ തലമുറ കംപ്യൂട്ടറിലെ എല്ലാ കാര്യങ്ങളും അതിവേഗം പഠിച്ചെടുക്കുകയാണ്. അതിലൂടെ അവരുടെ കഴിവുകളും വർധിക്കുന്നു. പക്ഷേ മറുവശത്ത് ചില ദോഷങ്ങളും ഉണ്ടാകുന്നുവെന്നതാണു വസ്തുത. ഇന്റർനെറ്റിന്റെ അതിപ്രസരം കുട്ടികളുടെ സാമൂഹിക ബന്ധങ്ങളെയും ധാർമിക മൂല്യങ്ങളെയും ഇല്ലാതാക്കാനുള്ള സാധ്യത ഏറെയാണ്. അവർ അവരുടേതു മാത്രമായ ഒരു ലോകത്തിലേയ്ക്കു മാറിത്തുടങ്ങും. ഗുണങ്ങൾ ഏറെയുണ്ടെങ്കിലും ഈ ഡിജിറ്റൽ യുഗം കുഞ്ഞുങ്ങളുടെ നിഷ്കളങ്ക ബാല്യത്തെ ദോഷകരമായി ബാധിക്കുന്നു. കുറച്ചുകൂടെ കഴിയുമ്പോൾ നമ്മൾ ചെയ്തിരുന്ന പല കാര്യത്തെയും കുറിച്ചു കേട്ട് കുട്ടികൾക്ക് അതിശയം തോന്നിയേക്കാം. കടകളിൽ നേരിട്ടു പോയി സാധനം വാങ്ങിയിരുന്നതും തിയറ്ററിൽ പോയി സിനിമ കണ്ടിരുനന്തുമൊക്കെ അവർക്കു കേട്ടുകേള്‍വി മാത്രമുള്ള കാര്യങ്ങളായി അവശേഷിക്കുമോ എന്നു പോലും സംശയിക്കേണ്ടിയിരിക്കുന്നു. 

ഞങ്ങൾ അമ്മമാർ

എന്റെ സുഹൃത്തുക്കൾക്കിടയിൽ ഞാൻ ആണ് ഏറ്റവും ആദ്യം അമ്മയായത്. അക്കൂട്ടത്തിൽ ചിലർക്കു കുട്ടികൾ ആകുന്നതേയുള്ളു, മറ്റു ചിലർ വിവാഹം കഴിച്ചിട്ടു പോലുമില്ല. ഇപ്പോഴും ചില സുഹൃത്തുക്കളൊക്കെ പല കാര്യത്തിലും സംശയമുണ്ടാകുമ്പോൾ ആദ്യം വിളിക്കുന്നത് എന്നെയാണ്. മക്കൾക്ക് ഉടുപ്പ് വാങ്ങുമ്പോഴും എന്തെങ്കിലും മരുന്ന് വാങ്ങേണ്ടിവരുമ്പോഴുമൊക്കെ ആദ്യം അവർ എന്നെയാണു വിളിച്ചു ചോദിക്കുക. കൂട്ടുകാർക്കിടയിൽ അതൊക്കെ സ്വഭാവികമായും നടക്കുന്ന കാര്യമാണല്ലോ. 

amritha-suresh-post-daughter-avanthika-s-photo

എന്നും എപ്പോഴും കൂടെയുള്ള സ്വാതന്ത്ര്യം

കുട്ടിക്കാലം മുതൽ എന്റെ അച്ഛനും അമ്മയും ആവശ്യമുള്ള സ്വാതന്ത്ര്യം നൽകിയാണു വളർത്തിയത്. അന്നത്തെ തലുമുറയിലെ മറ്റു മാതാപിതാക്കളുമായി താരതമ്യം ചെയ്യുമ്പോൾ എന്റെ മാതാപിതാക്കൾ അനാവശ്യനിയന്ത്രണങ്ങൾ ഒന്നും വച്ചിരുന്നില്ല. ഞങ്ങളുടെ സന്തോഷത്തിനു വേണ്ടയാണ് അവർ എപ്പോഴും നിലകൊള്ളുന്നത്. ആദ്യം മുതൽ തന്നെ എന്റെ ജീവിതത്തിലെ തീരുമാനങ്ങള്‍ക്കും അഭിപ്രായങ്ങള്‍ക്കുമെല്ലാം അവർ വേണ്ടത്ര വില കല്‍പ്പിച്ചിരുന്നു. എന്തെങ്കിലും കാര്യം ചെയ്യുന്നതിനെക്കുറിച്ചു പറയുമ്പോൾ അവർ അതു സമ്മതിക്കുകയും ഒപ്പം അതിൽ എന്റെ സുരക്ഷ കൂടി ഉറപ്പു വരുത്തുകയും ചെയ്താണു വളർത്തിക്കൊണ്ടു വന്നത്. അത് അന്നും ഇന്നും എപ്പോഴും അങ്ങനെ തന്നെ. അവർ എല്ലാ പിന്തുണയും നൽകി ഒപ്പം നിന്നതുകൊണ്ടാണ് ജീവിതത്തിലെ ഉയർച്ച താഴ്ചകളിലൂടെ ഞാൻ ഇത്ര എളുപ്പത്തിൽ കടന്നു പോകുന്നതും പല കാര്യങ്ങളും അതിജീവിക്കുന്നതും. അച്ഛനും അമ്മയും അന്നു മുതൽ എനിക്കു നൽകിവരുന്ന സ്വാതന്ത്ര്യത്തിൽ നിന്ന് ഒരു പടി കൂടി കടന്നാണ് ഞാൻ എന്റെ മകളെ വളർത്തുന്നത്. കാരണം, തലമുറ മാറുകയാണല്ലോ.

വീട്ടിലെ പെൺമ

ഞങ്ങളുടെ കുടുംബത്തിൽ പല പ്രായത്തിലായി ഒരുപാട് സ്ത്രീകളുണ്ട്. അമ്മായിമാരും വല്യമ്മമാരും അവരുടെ പെൺകുട്ടികളും ഉൾപ്പെടെ വലിയ പെൺബലമാണു വീട്ടിൽ. അതു രസകരമായ സംഗതി തന്നെ. ഞങ്ങൾ എല്ലാവരും തമ്മിലുള്ള ആത്മബന്ധം വളരെ ദൃഢമാണ്. വീട്ടിൽ എന്തെങ്കിലും പൊതുപരിപാടിയോ ആഘോഷങ്ങളോ വച്ചാൽ എല്ലാവരും ഒത്തു ചേരും. പെൺകൂട്ടവും പെണ്ണിരുത്തങ്ങളുമൊക്കെ ഞങ്ങൾ ഒരുപാട് ആസ്വദിക്കുന്ന ഒന്നാണ്.

English Summary: International Girl Child Day Special Interview With Amritha Suresh

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com