ADVERTISEMENT

കരിയറും സ്വപ്നങ്ങളും എപ്പോൾ വേണമെങ്കിലും തിരിച്ചുപിടിക്കാം.  പ്രായമോ ജീവിതസാഹചര്യങ്ങളോ അതിനൊരു തടസ്സമേ അല്ല.  തിരുവനന്തപുരം പേട്ട സ്വദേശിയായ സാനിയ സ്റ്റീഫൻ എന്ന വീട്ടമ്മയുടെ ജീവിതം നമുക്ക് തരുന്ന പാഠമതാണ്.  മോഡലിങ്ങിൽ പരിചയമോ റാംപിലെ സ്റ്റൈലിഷ് നടത്തമോ അറിയാത്ത ഒരു സാധാരണ കുടുംബിനിയായ സാനിയ സ്റ്റീഫൻ ഇന്ന് മിസ്സിസ് ഇന്ത്യ 2021 - 22 ഫോർത്ത് റണ്ണർ അപ്പ് എന്ന സുവർണ്ണ നേട്ടം കൈവരിച്ചിരിക്കുകയാണ്.  സ്കൂളിലും കോളേജിലും കലാപരിപാടികളിൽ വളരെ സജീവമായി പങ്കെടുത്തിരുന്ന സാനിയ കുടുംബത്തിലെ ഉത്തരവാദിത്തം ഏറ്റെടുക്കാനായി ചെറിയ പ്രായത്തിൽ തന്നെ തന്റെ സ്വപ്നങ്ങളെല്ലാം മാറ്റിവയ്ക്കുകയായിരുന്നു.  ശിശുവായിരുന്നപ്പോൾ തന്നെ പിതാവ് നഷ്ടപ്പെട്ടതും അമ്മയുടെ ആരോഗ്യസ്ഥിതിയും ഒരു ജോലി സമ്പാദിച്ച് കുടുംബത്തെ താങ്ങിനിർത്തുക എന്ന വലിയ ഉത്തരവാദിത്തം സാനിയക്ക് നൽകി.  വിവാഹത്തിന് ശേഷം ഭർത്താവും കുട്ടികളുമായി സന്തുഷ്ടകുടുംബജീവിതം നയിച്ചിരുന്ന സാനിയയെ വർണങ്ങളുടെ ലോകത്തേക്ക് കൈപിടിച്ച് നയിച്ചത് ഭർത്താവു തന്നെയാണ്.  ‘മിസ്സിസ് ഇന്ത്യ പേജന്റി’ൽ പങ്കെടുത്തത് തന്റെ കരിയർ തിരിച്ചുപിടിക്കുന്നതിലെ ആദ്യത്തെ ചുവടാണെന്ന് സാനിയ പറയുന്നു.  സ്വന്തം സ്വപ്നങ്ങളെ ഏതു പ്രായത്തിൽ വേണമെങ്കിലും പിന്തുടരാം എന്ന സന്ദേശമാണ് കുടുംബത്തിലെ തിരക്കുകാരണം ജോലി ഉപേക്ഷിച്ച് വീട്ടിലിരിക്കുന്ന സ്ത്രീകൾക്ക് സാനിയ നൽകുന്നത്.  

സാധാരണ വീട്ടമ്മയിൽ നിന്നും മിസ്സിസ് ഇന്ത്യ റണ്ണർ അപ്പിലേക്ക് 

ഞാൻ കുടുംബത്തോടൊപ്പം  സൗദി അറേബ്യയിൽ താമസിക്കുകയാണ്.  മിസ്സിസ് ഇന്ത്യ 2021-2022 എന്ന യാത്ര തുടങ്ങിയത് 2020 ജനുവരിയിൽ ആയിരുന്നു.  എന്റെ ഒരു സുഹൃത്താണ് മിസ്സിസ് ഇന്ത്യ പേജന്റ് വരുന്നുണ്ട് നിനക്ക് അപേക്ഷിച്ചുകൂടെ എന്ന് ചോദിച്ചത്.  വിവാഹിതയായ ആർക്കുവേണമെങ്കിലും അപേക്ഷിക്കാം, പ്രായപരിധി ഇല്ല. 40 വയസ്സിനു താഴെ മിസ്സിസ് ഇന്ത്യ, 40 വയസ്സിനു മുകളിൽ ക്ലാസിക് മിസ്സിസ് ഇന്ത്യ, 60 വയസ്സിനു മുകളിൽ സൂപ്പർ ക്ലാസിക് മിസ്സിസ് ഇന്ത്യ അങ്ങനെയായിരുന്നു ടൈറ്റിലുകൾ.  എന്റെ ഭർത്താവാണ് പേജന്റിലേക്ക് എന്റെ പേര് രജിസ്റ്റർ ചെയ്തത്.  അതിനു ശേഷം കോവിഡ് വ്യാപനം കടുത്തതോടെ ലോക്ഡൗൺ ആയി പിന്നെ അപ്ഡേറ്റ് ഒന്നുമില്ലായിരുന്നു.  അങ്ങനെയിരിക്കെ 2021 ൽ ഓഡിഷന് വിളിച്ചുകൊണ്ടു മെയിൽ വന്നു.  ഓഡിഷൻ സൂം പ്ലാറ്റ്ഫോമിൽ ആയിരുന്നു.  ഒഡിഷനിൽ എന്നെ തിരഞ്ഞെടുത്തു എന്ന് മെയിൽ വന്നു.  വീഡിയോ, ഫോട്ടോഷൂട്ട്, ടാസ്കുകൾ അങ്ങനെ കുറച്ച് ഫോര്‍മാലിറ്റികൾ ഉണ്ടായിരുന്നു എല്ലാം ഓൺലൈൻ ആയിരുന്നു.  സെപ്റ്റംബറിൽ ഫൈനൽ ഉണ്ടാകും എന്ന് ഓഗസ്റ്റിൽ മെയിൽ വന്നു.  ഇടയ്ക്കിടെ ഓരോ ടാസ്ക് തരും അതെല്ലാം വീഡിയോ ആയി ചെയ്തു അയച്ചുകൊടുക്കണം.  കോവിഡ് കാരണം മത്സരം പിന്നെയും നീണ്ടുപോയി.  രാജസ്ഥാനിലെ ഉദയ്‌പൂരിൽ വച്ച് ഡിസംബറിൽ ഫൈനൽ ഉണ്ടാകും എന്ന് മെയിൽ വന്നു.  ആ സമയത്തേക്ക് അവധി പ്ലാൻ ചെയ്തു ഞങ്ങൾ ബാംഗ്ലൂർ എത്തി അവിടെനിന്ന് ഉദയ്പൂരിലേക്ക് പോയി.  ഡിസംബർ 23 വരെ അവിടെ മത്സരങ്ങളും ഫോട്ടോഷൂട്ടുമുണ്ടായിരുന്നു.  23 നു ആയിരുന്നു ഫൈനൽ.  ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള മത്സരാർഥികളും ഉണ്ടായിരുന്നു.  കേരളത്തെ പ്രതിനിധീകരിച്ച് ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  മോഡലിംഗ്, പേജന്റ് അനുഭവപരിചയം ഇല്ലാത്ത ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളൂ.  ഒരു സാധാരണ വീട്ടമ്മയായിരുന്നു ഞാൻ കണ്ണടച്ച് തുറക്കുന്ന നേരംകൊണ്ട് അങ്ങനെ മിസ്സിസ് ഇന്ത്യ പേജന്റിൽ ഫൈനൽ 10 ലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.  ഒടുവിൽ ടോപ് 5 ൽ വന്നു ഫോർത്ത് റണ്ണർ അപ്പ് ആയി.  

പഠനം ജോലി 

saniya5

ഞാൻ ഡിപ്ലോമ ഇൻ സെക്രെട്ടറിൽ കോഴ്സ് ആണ് ചെയ്തത്.  എനിക്ക് മൂന്നു വയസ്സുള്ളപ്പോൾ എന്റെ അച്ഛൻ ഒരു അപകടത്തിൽ മരിച്ചുപോയിരുന്നു.  എന്റെ 'അമ്മ ഒരു ഹൃദ്രോഗി ആണ്.  കുടുംബത്തെ സപ്പോർട്ട് ചെയ്യണം എന്നുള്ളതുകൊണ്ട് പഠനം കഴിഞ്ഞയുടെനെ ഞാൻ ജോലിക്ക് കയറി.  ആദ്യം ഒരു കാൾ സെന്ററിൽ മൂന്നുവർഷം ജോലി ചെയ്തു.  അതിനു ശേഷം ഒരു പ്രോപ്പർട്ടി കൺസൾട്ടിങ് കമ്പനിയിൽ ജോലി നോക്കി.  അവിടെ ജോലി ചെയ്യുമ്പോഴാണ് വിവാഹിതയായത്.  സ്കൂളിൽ പഠിക്കുമ്പോൾ മുതൽ ഞാൻ കലാപരിപാടികളിലെല്ലാം പങ്കെടുത്തിരുന്നു.  സ്കൂളിലും പള്ളിയിലെ പരിപാടിയിലും ഒക്കെ പങ്കെടുക്കുമായിരുന്നു.  പിന്നെ കുടുംബപരമായ ഉത്തരവാദിത്തങ്ങൾ കൂടിയപ്പോൾ എല്ലാം നിർത്തി. വിവാഹത്തിന് ശേഷം ഞാൻ ഭർത്താവിനോടൊപ്പം സൗദിയിലേക്ക് പോയി.  എനിക്ക് ഒൻപതും അഞ്ചും വയസ്സുള്ള രണ്ടു കുട്ടികളുണ്ട്, ഒരു മകനും മകളും.  പിന്നെ കുടുംബമായി കുട്ടികളുടെ കാര്യം നോക്കി വീട്ടമ്മയായി ഒതുങ്ങിക്കൂടി.  ഇടയ്ക്ക് ലുലുവിന്റെ ന്യൂസ് റീഡിങ് ചെയ്തിരുന്നു.  ഡാൻസ് എനിക്ക് ഏറെ പ്രിയമായതുകൊണ്ടു കുട്ടികളെ സിനിമാറ്റിക് ഡാൻസ് പഠിപ്പിക്കുന്നുണ്ട്.  യൂട്യൂബിൽ ഡാസ്‌ലിംഗ് കെഎസ്എ  എന്നൊരു യാത്രാ ചാനലുമുണ്ട്.  ഇതെല്ലം ഞാൻ ഇഷ്ടപ്പെട്ടു ചെയ്യുന്ന എന്റെ ഹോബികളാണ്.  അങ്ങനെയിരിക്കെയാണ് മിസ്സിസ് ഇന്ത്യയിലേക്ക് മത്സരിക്കുന്നത്.  ഈ പേജന്റിൽ പങ്കെടുത്തതിന് ശേഷം സ്വന്തമായി തീരുമാനങ്ങളെടുക്കാനും എല്ലാ കാര്യങ്ങളും തനിയെ ചെയ്യാനും പഠിച്ചു.  മുൻപ് ഞാൻ എല്ലാകാര്യങ്ങള്കും പൂർണ്ണമായും ഭർത്താവിനെ ആശ്രയിച്ചിരുന്നു.

കുടുംബത്തിന്റെ പിന്തുണ 

പേജന്റിൽ രെജിസ്റ്റർ ചെയ്തതും അതിൽ പങ്കെടുക്കണമെന്ന് പറഞ്ഞതും ഭർത്താവാണ്.  അദ്ദേഹത്തിന്റെ പൂർണ പിന്തുണ എനിക്ക് ഇക്കാര്യത്തിൽ ഉണ്ടായിരുന്നു.  ഈ മത്സരത്തിന്റെ കാര്യം ഞാൻ കുടുംബത്തിൽ മറ്റാരോടും പറഞ്ഞിരുന്നില്ല.  കാരണം ഇതിൽ ഞാൻ പങ്കെടുത്ത് വിജയിക്കുമോ എന്ന് ഒരു ഉറപ്പും ഇല്ലായിരുന്നു.  ഫൈനലിലേക്ക് തിരഞ്ഞെടുത്തതിന് ശേഷമാണു ഞാൻ എല്ലാവരോടും ഇതിനെക്കുറിച്ച് പറഞ്ഞത്.  അറിഞ്ഞപ്പോൾ കുടുംബത്തിൽ എല്ലാവരും പൂർണ്ണ പിന്തുണ തന്നു.  ബന്ധുക്കൾക്കെല്ലാം വളരെയേറെ സന്തോഷമായി.  ഞാൻ പേജന്റിൽ  പങ്കെടുക്കാൻ പോയപ്പോൾ ഭർത്താവാണ് കുട്ടികളുടെ കാര്യം നോക്കിയത്.  അദ്ദേഹത്തിന്റെ പിന്തുണയില്ലായിരുന്നെങ്കിൽ എനിക്ക് ഈ നേട്ടം കൈവരിക്കാൻ കഴിയില്ലായിരുന്നു. 

മിസ്സിസ് ഇന്ത്യ പേജന്റിൽ പങ്കെടുത്ത അനുഭവം

മോഡലിങ് ചെയ്ത അനുഭവം പോലുമില്ലാത്ത എനിക്ക് മിസ്സിസ് ഇന്ത്യ പ്ലാറ്റ്ഫോം വളരെ പുതിയ ഒരു അനുഭവമായിരുന്നു പക്ഷേ, എവിടെപ്പോയാലും  പുതുതായി എന്തെങ്കിലും പഠിക്കാൻ ഞാൻ ശ്രമിക്കാറുണ്ട്.  വീഡിയോ കാൾ വഴി കണ്ടിട്ടുള്ളവരായിരുന്നു അവിടെയുള്ള എല്ലാവരും.  എല്ലാവരും വളരെ സൗഹൃദപരമായി ആണ് പെരുമാറിയത്.  നാല്‍പതു വയസ്സിനു മുകളിലുള്ളവരും ഉണ്ടായിരുന്നു അവർ ക്ലാസിക് മിസ്സിസ് ഇന്ത്യ എന്ന കാറ്റഗറി ആയിരുന്നു.  പല സംസ്ഥാനങ്ങളിലുള്ള ആളുകളെ പരിചയപ്പെടാനും അവർ അവരുടെ അനുഭവങ്ങൾ പങ്കുവയ്ക്കുന്നതു കേൾക്കുന്നതും നല്ല അനുഭവമായിരുന്നു.  ഹോസ്റ്റലിൽ നിന്നുപോലും ശീലമില്ലാത്ത എനിക്ക് പുതിയ ആളുകളുമായുള്ള സഹവാസം പുതിയതായിരുന്നു.  പരിപാടികൾ തീരുമ്പോൾ തന്നെ വെളുപ്പാൻകാലമാകും അതുകൊണ്ടു ഉറക്കം കുറവായിരുന്നു.  അത് കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.   പക്ഷേ, എല്ലാവരും കൂടിച്ചേർന്ന് ഒരു വെക്കേഷൻ മൂഡിലായിരുന്നു.   ഞാൻ എവിടെപ്പോയാലും എന്റെ നാടിനെക്കുറിച്ച് അഭിമാനമുള്ളവളായിരിക്കും.  എന്റെ പരിചയപ്പെടുത്തൽ വിഡിയോയിലും ഞാൻ അക്കാര്യം പറഞ്ഞിട്ടുണ്ട്.  ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്നും ഈ പേജന്റിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ എനിക്ക് അഭിമാനമുണ്ട്.    

അവസാന റൗണ്ടിലെ ചോദ്യം 

saniya4

എനിക്ക് കിട്ടിയ ചോദ്യം അടുത്ത ജന്മത്തിൽ ആരുടെ മകളായി ജനിക്കണം എന്നുള്ളതായിരുന്നു, സ്പോർട്സ് മാൻ, കൃഷിക്കാരൻ, സിനിമാതാരം എന്ന മൂന്നു ഓപ്ഷൻ തന്നിരുന്നു.  എന്റെ ഉത്തരം സ്പോർട്സ്മാന്റെ മകൾ എന്നായിരുന്നു. അതും എന്റെ അച്ഛന്റെ മകളായി ഒന്നുകൂടി ജനിക്കണം. എന്റെ അച്ഛൻ ഒരു ഫുട്ബോൾ താരം ആയിരുന്നു.  എനിക്ക് മൂന്നുവയസ്സുള്ളപ്പോൾ എന്റെ പപ്പാ മരിച്ചു.  ഒരു അച്ഛൻ വീട്ടിൽ എങ്ങനെ പെരുമാറും എന്നോ മകളോട് എങ്ങനെ പെരുമാറും എന്നോ അറിയില്ല.  അച്ഛന്റെ വാത്സല്യം എനിക്ക് കിട്ടിയിട്ടില്ല.  എനിക്ക് അച്ഛനെ ഒരുപാടു മിസ് ചെയ്തിട്ടുണ്ട്, അച്ഛന്റെ വാത്സല്യവും സ്നേഹവും എന്താണെന്ന് അറിയാൻ എനിക്ക് ആഗ്രഹമുണ്ട് അതുകൊണ്ടാണ് അങ്ങനെ ഒരു ഉത്തരം പറഞ്ഞത്.

ഭാവി പരിപാടികൾ 

മിസ്സിസ് ഇന്ത്യ പേജന്റിൽ പങ്കെടുത്തുകൊണ്ട് ഞാൻ എന്റെ കരിയർ വീണ്ടും തുടങ്ങുകയാണ്.  വിവാഹം കഴിഞ്ഞു പതിനൊന്നു വര്‍ഷം ഞാനൊന്നും ചെയ്തിട്ടില്ല.  കരിയർ വീണ്ടും തുടങ്ങണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു.  മോഡലിങ് ചെയ്യണമെന്ന് ആഗ്രഹമുണ്ട്.  ഈ മാസം അവസാനം ഞാൻ സൗദിയിലേക്ക് മടങ്ങിപ്പോകും.  എവിടെപ്പോയാലും ഞാൻ ജോലി ചെയ്യാൻ ശ്രമിക്കും.  സൗദിയിൽ ചില അവസരങ്ങൾ വന്നിട്ടുണ്ട്.  നല്ല അവസരങ്ങൾ ലഭിച്ചാൽ സിനിമയിൽ അഭിനയിക്കാനും താല്‍പര്യം ഉണ്ട്.  ഈ പേജന്റ് എന്റെ കരിയറിന്റെ തുടക്കമാണെന്നാണ് ഞാൻ കരുതുന്നത്.  പ്രായം ഒന്നിനും ഒരു തടസമല്ല എന്നാണു അവിടെ പങ്കെടുത്ത സ്ത്രീകളിൽ നിന്ന് എനിക്ക് പഠിക്കാൻ കഴിഞ്ഞത്. 

സൗദി ഇപ്പോൾ സ്ത്രീ സൗഹൃദരാജ്യം

saniya2

പുതിയ രാജാവ് വന്നതിനുശേഷം സൗദി ആകെ മാറി.  ഇപ്പോൾ സ്ത്രീകൾക്ക് ജോലികളിൽ പ്രാതിനിധ്യം കൂടുതലുണ്ട്.  മുൻപ് എല്ലാ സ്ത്രീകളും നിർബന്ധമായും ബുർഖ ധരിക്കണം പക്ഷേ, ഇപ്പോൾ അങ്ങനെ ഇല്ല മാന്യമായ എന്ത് വസ്ത്രവും ധരിക്കാം.  റോഡ് ക്രോസ്സ് ചെയ്യുമ്പോൾ വണ്ടികൾ നിർത്തിത്തരും.  സിനിമ കാണാൻ തീയറ്ററുകൾ വന്നിട്ടുണ്ട്.  എവിടെപ്പോയാലും ഇപ്പോൾ സ്ത്രീകൾ ആണ് കൂടുതൽ.  ആളുകളുടെ മാനസികാവസ്ഥയും ഒരുപാടു മാറിയിട്ടുണ്ട്.  മുൻപ് സൗദിയിലുള്ളവർ പുറത്തുള്ളവരോട് അധികം അടുക്കില്ല.  നമ്മളും കുറച്ച് അകലമിട്ടാണ് അവരോടു പെരുമാറിയിട്ടുള്ളത്.  എന്നാൽ ഇപ്പോൾ അവസ്ഥ ഒരുപാടു മാറി.  അന്യനാട്ടിലുള്ളവരോട് അവർ വളരെ സൗഹൃദപൂർവ്വം പെരുമാറുന്നുണ്ട്.     

സ്വപ്നത്തിനു പിന്നാലെ പോകൂ 

saniya3

കുടുംബവും കുട്ടികളുമായി വീട്ടിൽ ഒതുങ്ങിക്കൂടുന്ന പെൺകുട്ടികളോട് എനിക്ക് പറയാനുള്ളത് ഒരിക്കലും നിങ്ങൾ നിങ്ങളുടെ സ്വപ്‌നങ്ങൾ ഉപേക്ഷിക്കരുത് എന്നാണ്.  കുടുംബം തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ടത്.  കുടുംബത്തെ ഒപ്പം ചേർത്ത് നിർത്തി നിങ്ങളുടെ സ്വപ്നങ്ങൾക്ക് പിന്നാലെ പോവുക.  ഒന്നും മാറ്റി വയ്ക്കരുത്.  പിന്നീട് ഒരിക്കൽ ആരോഗ്യം അനുവദിക്കാത്ത സമയത്ത് പശ്ചാത്തപിച്ചിട്ട് കാര്യമില്ല.  പുരുഷന്മാർക്ക് ഉള്ളതുപോലെ തന്നെ സ്ത്രീകൾക്കും അവരുടേതായ കരിയറുണ്ട്‌.  ആർക്കുവേണ്ടിയും അത് ത്യജിക്കേണ്ട കാര്യമില്ല.  പ്രായം ഒരു നമ്പർ മാത്രമാണ് ഏതു പ്രായത്തിൽ വേണമെങ്കിലും നിങ്ങൾക്ക് ആഗ്രഹമുള്ളത് ചെയ്യാം.  ഞാൻ പങ്കെടുത്ത പേജന്റിൽ 70 വയസ്സായ ഒരു സ്ത്രീ ഉണ്ടായിരുന്നു.  അവർ ഇന്നിപ്പോൾ സൂപ്പർ ക്ലാസ്സിക് മിസ്സിസ് ഇന്ത്യ വിജയി ആണ്.  ഈ പേജന്റിൽ അവർ മോഡൽസിനെ അല്ല പ്രതീക്ഷിക്കുന്നത് റോൾ മോഡൽ ആകാൻ കഴിയുന്നവരെയാണ്.  പേജന്റിൽ പങ്കെടുത്ത സ്ത്രീകൾ എല്ലാം തന്നെ ഓരോ ജോലിചെയ്യുന്നവരായിരുന്നു.  70 വയസ്സുവരെ പ്രായമുള്ള ഒരുപാട് സ്ത്രീകളെ അവിടെ കണ്ടെത്താനായി എല്ലാവരും സ്വന്തം സ്വപ്നസാക്ഷാത്ക്കാരത്തിനായി വന്നവർ.  സ്ത്രീകൾ ഒന്നിലും പിന്നിലല്ല, കുടുംബത്തിനോടുള്ള കടപ്പാടുമൂലം സ്വന്തം ആഗ്രഹങ്ങളെ ചങ്ങലക്കിട്ട് ജീവിക്കേണ്ടകാര്യമില്ല.  നമുക്ക് കിട്ടുന്ന അവസരങ്ങൾ തള്ളിക്കളയാതെ ഇത് എനിക്ക് ചെയ്യണം എന്ന് കുടുംബത്തെ പറഞ്ഞു ബോധ്യപ്പെടുത്തുക.  എല്ലാവരും അവരുടെ സ്വപ്‌നങ്ങൾ പിൻതുടരുന്നവരാണ് സ്ത്രീകൾക്കും അവരുടെ സ്വപ്നങ്ങളുണ്ട് അത് എന്തിനുവേണ്ടിയും ഉപേക്ഷിക്കേണ്ട കാര്യമില്ല.

English Summary: Interview With Saniya Stephan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT