ADVERTISEMENT

പ്രതിസന്ധികളാല്‍ ചുറ്റപ്പെടുമ്പോഴും സധൈര്യം മുന്നോട്ട്... തളര്‍ന്ന ശരീരവും തളരാത്ത മനസ്സുമായി ആത്മവിശ്വാസത്തിന്റെയും നിശ്ചയദാര്‍ഢ്യത്തിന്റെയും പ്രതീകമായി നിറഞ്ഞുനില്‍ക്കുകയാണ് കെ.വി.റാബിയ. വീല്‍ചെയറില്‍ ഇരുന്നുകൊണ്ട് വായന സമ്പത്താക്കിയും അക്ഷരങ്ങളെ ആയുധമാക്കിയും ഈ സാക്ഷരത പ്രവര്‍ത്തക നടത്തിയ പോരാട്ടങ്ങള്‍ക്ക് രാജ്യം ആദരം നല്‍കിയിരിക്കുകയാണ്. പത്മ പുരസ്‌കാരം തിരൂരങ്ങാടി വെള്ളിനക്കാട്ടെ നാട്ടുകാര്‍ ആഘോഷമാക്കുമ്പോള്‍ ഈ 55കാരി കട്ടിലില്‍ തളര്‍ന്നുകിടപ്പാണ്. ഇത്രയും കാലത്തെ പ്രവര്‍ത്തനങ്ങള്‍ക്കു ലഭിച്ച ഈ അംഗീകാരം തനിക്കു മുന്നോട്ടു പോകാനുള്ള പ്രചോദനമാണെന്ന് റാബിയ പറയുന്നു.

പത്മ മായ്ക്കുന്ന വേദനകള്‍

‘‘കോവിഡ് കാലം സമ്മാനിച്ചത് ഏറെ വേദനകളാണ്. മഹാമാരിയില്‍ രണ്ടു സഹോദരിമാരെ എനിക്ക് നഷ്ടമായി. എന്റെ ആരോഗ്യവും മോശമായി വരികയാണ്. ഒരുപാട് ആരോഗ്യപ്രശ്‌നങ്ങളുണ്ട്. അര്‍ബുദത്തിന്റെ ചികിത്സയ്ക്കു പിന്നാലെ കരളിന്റെ പ്രവര്‍ത്തനം തകരാറിലായ നിലയാണ്. ഇപ്പോള്‍ ഭക്ഷണമൊന്നും വയറിനും പിടിക്കുന്നില്ല. ഒന്നര വര്‍ഷമായി ചോറും വെണ്ടയ്ക്കയും മാത്രമാണ് കഴിക്കുന്നത്. കുടലില്‍ ജലാംശം നഷ്ടപ്പെട്ടിരിക്കുന്നു, എല്ലുകള്‍ക്ക് ബലക്ഷയം സംഭവിച്ചു, നട്ടെല്ലിന് പരുക്കേറ്റു, ഡയഫ്രം നഷ്ടപ്പെട്ട അവസ്ഥയാണ്. ആരോഗ്യം നിലനിര്‍ത്താനായി ബീറ്റ്‌റൂട്ട് ജ്യൂസും പച്ചമരുന്നുമെല്ലാം കഴിക്കുകയാണ്. ഇപ്പോള്‍ റിമോട്ട് കട്ടിലില്‍ ആണ് എന്റെ ജീവിതം.

കോവിഡില്‍ ചലനം കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിച്ച നിലയിലായി. വായനയോടുള്ള സമൂഹത്തിന്റെ പ്രതിബദ്ധത കുറഞ്ഞു. പൊതുവേദികളില്‍ പോകുമ്പോഴും മറ്റും പുസ്തകം വിറ്റു കിട്ടുന്ന പണം ചലനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിച്ചിരുന്നു. ഇപ്പോള്‍ അതും നിലച്ച അവസ്ഥയിലാണ്. ഇത്രയും വിഷമങ്ങള്‍ക്കിടയിലാണ് പത്മ പുരസ്‌കാരം എന്നെ തേടിയെത്തുന്നത്. വേദനകള്‍ മാറ്റിനിര്‍ത്തി ഇനിയും മുന്നോട്ടുപോകാന്‍ എന്നെ പ്രേരിപ്പിക്കുകയാണ് ഈ ബഹുമതി. സമൂഹത്തിന്റെ ദൃഢമായ കരങ്ങള്‍ എനിക്കൊപ്പം ഉണ്ട്. പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷവും അതിലേറെ നന്ദിയും ഉണ്ട്.

വീല്‍ചെയറില്‍നിന്ന് അക്ഷരവെളിച്ചത്തിലേക്ക്

20 ഓളം ആളുകള്‍ ഉള്ള കുടുംബത്തിലാണ് ജനനം. ആറ് പെണ്‍മക്കളില്‍ രണ്ടാമത്തേതാണ് ഞാന്‍. പെണ്‍കുട്ടികള്‍ മാത്രമായതുകൊണ്ടുതന്നെ സമൂഹത്തില്‍ നിന്ന് കുടുംബത്തിനു അവജ്ഞ നേരിട്ടിരുന്നു. ഇതിനിടയ്ക്ക് വൈകല്യവുമായി ഞാനും. പത്താം ക്ലാസ് പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് കാലിന്റെ ചലനശേഷി നഷ്ടപ്പെട്ടത്. പക്ഷേ ഞാന്‍ ഒരിക്കലും തളര്‍ന്നില്ല. തുടര്‍ന്ന് പഠിക്കണം, മുന്നോട്ടുപോകണം എന്ന ലക്ഷ്യം മാത്രമേ എനിക്കുണ്ടായിരുന്നുള്ളൂ. ഉപ്പയുടെ അനുജനാണ് സൈക്കിളില്‍ സ്‌കൂളില്‍ കൊണ്ടുപോയത്. 

എന്റെ കാര്യം ഓര്‍ത്ത് അമ്മ ഒരുപാട് വിഷമിച്ചിട്ടുണ്ട്. അവരുടെ കാലം കഴിഞ്ഞാല്‍ ഈ കുട്ടിയെ ആരു നോക്കും എന്നൊക്കെ ചിലര്‍ പറയാറുണ്ട്. എന്നെ സൃഷ്ടിച്ചത് ഈ മാതാപിതാക്കളാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ പ്രത്യക്ഷത്തില്‍ കാണുന്ന കണ്ണികള്‍ മാത്രമാണ്. അവരുടെ കാലം കഴിഞ്ഞാല്‍, എല്ലാവരെയും സൃഷ്ടിച്ച ദൈവം തനിക്ക് ഒരു ഉരുള ചോറു തരുമെന്ന് വിശ്വസിക്കാന്‍ മാത്രം പമ്പര വിഡ്ഢിയല്ല ഞാന്‍. ‘വീട്ടിലേക്ക് നിങ്ങള്‍ക്ക് വരാം, പോകാം, പക്ഷേ എന്റെ മാതാപിതാക്കളെ വിഷമിപ്പിക്കാനായി ഇങ്ങോട്ട് വരരുത്.’-എന്നാണ് ഇത്തരക്കാരോട് ഞാന്‍ പറഞ്ഞത്. 

പഠിക്കാന്‍ പോകുമ്പോള്‍ ഒരുപാടുപേര്‍ പരിഹസിച്ചിട്ടുണ്ട്, കുറ്റപ്പെടുത്തിയിട്ടുണ്ട്. ഓ...പഠിച്ച് കലക്ടറായിട്ട് ഉപ്പാനെയും ഉമ്മാനെയും തീറ്റിപ്പോറ്റാന്‍ പോകുകയാണ് എന്ന് ചിലര്‍ കളിയാക്കി. 'എന്തു ബുദ്ധിമുട്ടുണ്ടായാലും പഠിപ്പ് മുന്നോട്ട് കൊണ്ടുപോകണം. ഉപ്പായ്ക്ക് ആണ്‍മക്കളില്ലല്ലോ..കുടുംബത്തിന്റെ അത്താണിയായി നില്‍ക്കണം' എന്ന് പറഞ്ഞുവരുന്നവരും ഉണ്ടായിരുന്നു. എങ്കിലും സമൂഹത്തില്‍ ഏറെയും അവഗണനയായിരുന്നു.

ഞാന്‍ അന്ന് ശപഥം ചെയ്തതാണ്, ആണ്‍മക്കളില്ലാത്ത മാതാപിതാക്കള്‍ക്ക് ഒരു മകനായും സഹോദരന്മാരില്ലാത്ത പെണ്‍കുട്ടികള്‍ക്ക് ഒരു സഹോദരനായും നിന്ന് അവരെ നയിക്കുമെന്ന്. അന്നുമുതല്‍ വാശിയോടെ പഠിച്ചു. ഏതു പ്രവര്‍ത്തനത്തില്‍ മുന്നിട്ടിറങ്ങുമ്പോഴും എന്റെ വീട്ടുകാരെ പരിപൂര്‍ണാര്‍ത്ഥത്തില്‍ സംരക്ഷിച്ചുകൊണ്ടു മാത്രമാണ് ഞാന്‍ സമൂഹത്തിലേക്ക് ഇറങ്ങിയത്. 22 വര്‍ഷം മുന്‍പാണ് ഉപ്പയുടെ മരണം. അദ്ദേഹം കിടപ്പിലായപ്പോൾ നല്ലപോലെ പരിചരിക്കാനായി. ഉമ്മ എട്ടു വര്‍ഷം മുന്‍പാണ് വിടപറഞ്ഞത്. അവര്‍ ബാക്കിയാക്കി പോയ എല്ലാ മക്കളെയും മരുമക്കളെയും പേരമക്കളെയും ഒരു സഹോദരന്റെ സ്ഥാനത്തു നിന്ന് ഇന്നും ഞാന്‍ സംരക്ഷിക്കുന്നു.

സാക്ഷരതാ യജ്ഞത്തില്‍ നിന്ന് പുസ്തകത്തിലേക്ക്

കുട്ടിക്കാലം മുതല്‍ വായന ഏറെ പ്രിയപ്പെട്ടതാണ്. ചലനം സര്‍വീസ് സൊസൈറ്റി കൂട്ടായ്മ രൂപീകരിച്ചതിനു പിന്നാലെ, ചുറ്റുമുള്ളവര്‍ക്ക് അക്ഷരങ്ങളെ പരിചയപ്പെടുത്തി. പിന്നീട് ചലനത്തിന്റെ പ്രവര്‍ത്തനം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിച്ചു. സ്ത്രീകള്‍ക്കു വേണ്ടി ചെറുകിട നിര്‍മാണ ശാലകള്‍, വനിതാ ലൈബ്രറി തുടങ്ങിയവ ആരംഭിച്ചു. ഉണ്ണിയപ്പം വിറ്റും ഉപയോഗശൂന്യമായ വസ്തുക്കള്‍വച്ച് കരകൗശല വസ്തുക്കള്‍ ഉണ്ടാക്കി വിറ്റുമാണ് ചലനം പ്രവര്‍ത്തനത്തിനു പണം കണ്ടെത്തിയിരുന്നത്. നിരന്തര ഇടപെടലുകളിലൂടെ നിരവധി പുരസ്‌കാരങ്ങള്‍ തേടിയെത്തി. ആളുകള്‍ക്കിടയില്‍ കൂടുതല്‍ അറിയപ്പെടാന്‍ തുടങ്ങി.

എന്റെ ജീവിതം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുകയും നിരവധി ഡോക്യുമെന്ററികൾ വരികയും ചെയ്തതോടെ നിരവധിപ്പേര്‍ കാണാനും വിശേഷം അറിയാനും വന്നുതുടങ്ങി. എല്ലാവര്‍ക്കും എന്റെ ജീവിതകഥ അറിയണം. ആരു സഹായിച്ചു, എങ്ങനെയാണ് പ്രവർത്തനങ്ങൾ, മാതാപിതാക്കളുടെ കാര്യം അങ്ങനെ കുറേ ചോദ്യങ്ങള്‍...ആരോഗ്യനില മോശമായി വരുന്ന സാഹചര്യത്തില്‍ എല്ലാവരോടും മറുപടി പറയുന്നതില്‍ ബുദ്ധിമുട്ട് നേരിട്ടു. ഇതോടെയാണ് എന്റെ ജീവിതത്തെയും പ്രവര്‍ത്തനങ്ങളെയും ഉള്‍ക്കൊള്ളിച്ച് 'സ്വപ്‌നങ്ങള്‍ക്ക് ചിറകുകളുണ്ട്' എന്ന ആത്മകഥയും വിഡിയോയും പുറത്തിറക്കിയത്. ആളുകള്‍ വരുമ്പോള്‍ പുസ്തകവും വിഡിയോയും കൊടുക്കും. അതിലൂടെ പകുതി ഭാരം ഒഴിഞ്ഞു. ജീവിതത്തില്‍ പുതിയ കാര്യങ്ങള്‍ നടക്കുമ്പോള്‍ അതും വിഡിയോ ആക്കി സൂക്ഷിച്ചു. ഇനി വരുന്നവരോട് ഈ വിഡിയോയില്‍ ഇല്ലാത്ത കാര്യങ്ങള്‍ അറിയാനുണ്ടെങ്കില്‍ അതിനുമാത്രം ഉത്തരം നല്‍കാമെന്ന് പറയും. ശാരീരിക ബുദ്ധിമുട്ടുകള്‍ കൊണ്ടാണ്.

വൈകല്യത്തില്‍ തളരരുത്

ശരീരത്തിന്റെ ഒരു ഭാഗം തളരുമ്പോള്‍ മറുഭാഗത്ത് ശക്തി കൂടുകയേ ഉള്ളൂ. പ്രയാസം നേരിടുന്ന ശരീരവുമായി ജീവിക്കുന്നയാള്‍ക്ക് ജീവിതം മുന്നോട്ടു കൊണ്ടുപോകാനുള്ള പ്രത്യേക കഴിവ് എന്തെങ്കിലും ആ ശരീരത്തില്‍ത്തന്നെ ദൈവം ഒളിപ്പിച്ചിട്ടുണ്ട്. ഇത് ഓരോ ആളിലും വ്യത്യസ്തമായിരിക്കാം. ആ കഴിവിനെ കണ്ടെത്തി പരിപോഷിപ്പിക്കണം.

ഇപ്പോള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ ജോലികളില്‍ ഭിന്നശേഷിക്കാര്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആ വഴിയില്‍ സഞ്ചരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ അതിനുവേണ്ടി പരിശ്രമിക്കുക. കുടുംബത്തിനും സമൂഹത്തിനും ഭാരമാകാതെ സന്തോഷകരമായ ജീവിതം നയിക്കാം.

പെണ്‍കുട്ടികള്‍ക്ക് ആദ്യം വിദ്യാഭ്യാസം, വിവാഹം പിന്നെ 

ഈ കാലഘട്ടത്തില്‍ പെണ്‍കുട്ടികള്‍ക്കു വിവാഹത്തേക്കാള്‍ പ്രാധാന്യം വിദ്യാഭ്യാസവും ജോലിയുമാണ്. പഠനം ഉപേക്ഷിച്ച് വിവാഹിതരാകുന്ന പെണ്‍കുട്ടികളില്‍ ഏറിയ ശതമാനവും പീഡനങ്ങളും യാതനകളും അനുഭവിക്കുന്നവരാണ്. ഭര്‍തൃപീഡനം സഹിക്കാതെ നിരവധിപ്പേര്‍ ആത്മഹത്യ ചെയ്യുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ക്കിടയില്‍ കുട്ടികളെ വളര്‍ത്താനും കഷ്ടപ്പെടുകയാണ്. സ്ത്രീധനത്തിന്റെ പേരിലും പെണ്‍കുട്ടികള്‍ ഭര്‍തൃഗൃഹത്തില്‍ പീഡനങ്ങളും യാതനകളും അനുഭവിക്കേണ്ടി വരുന്നു.  വീട്ടിന്റെ അകത്തളങ്ങളില്‍ ഒതുങ്ങിയ ജീവിതം മാനസിക സമ്മര്‍ദ്ദത്തിലേക്ക് നയിക്കും.

ചെറിയ രീതിയിലെങ്കിലും വരുമാനമുണ്ടാവണം. ഇക്കാര്യത്തില്‍ സ്ത്രീയെന്നോ പുരുഷനെന്നോയില്ല. ഇന്നത്തെ കാലത്ത് സുഗമമായി ഒരു കുടുംബം മുന്നോട്ടുകൊണ്ടുപോകണമെങ്കില്‍ രണ്ടുപേര്‍ക്കും ജോലി വേണം. സ്ത്രീവിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കപ്പെടണം. പെണ്‍കുട്ടികള്‍  ജോലി നേടി സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തരാകണം. – റാബിയ പറയുന്നു.

English Summary: Special Story about Padmashri KV Rabia

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com