ADVERTISEMENT

രണ്ടു വർഷം മുമ്പ് ഇന്ത്യയിലെ പ്രധാന ട്രക്ക് നിർമാതാക്കളായ ഭാരത് ബെൻസ് ഒരു ക്യാംപെയ്ൻ നടത്തിയിരുന്നു. ഹെവി ട്രക്ക് പോലുള്ള വമ്പൻ വാഹനങ്ങളുടെ വളയം പിടിക്കാൻ കൂടുതൽ സ്ത്രീകളെ ആകർഷിക്കുകയായിരുന്നു 'ഭാരത് ഫോർ വിമൻ' എന്ന ആ ക്യാംപെയ്ൻ ലക്ഷ്യമിട്ടത്. ഒരു മലയാളി ട്രക്ക് ഡ്രൈവറായിരുന്നു ആ ക്യാംപെയിനിന്റെ മുഖം. കോട്ടയം ഏറ്റുമാനൂർ ചെറുവാണ്ടൂർ സ്വദേശി ജലജ രതീഷ്. 23 ദിവസം നീണ്ടു നിന്ന പെരുമ്പാവൂർ–ശ്രീനഗർ ട്രിപ്പ് കഴിഞ്ഞെത്തിയതേയുള്ളൂ ജലജ. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങൾക്ക് പറ്റിയ പണിയാണോ ഈ വണ്ടിപ്പണിയെന്ന് ആലോചിച്ച് നെറ്റി ചുളിക്കുന്നവർക്ക് മുമ്പിലൂടെ കൂളായി ട്രക്കോടിച്ച് പുതിയ ദൂരങ്ങൾ താണ്ടുകയാണ് ജലജ. സ്ത്രീകൾ ഇങ്ങനെ രാത്രിയിൽ ലോഡൊക്കെ കയറ്റി പോകുന്നത് സുരക്ഷിതമാണോ എന്നു ചോദിച്ചാൽ, ജലജ പറയും, അങ്ങനെയൊന്നും പേടിക്കേണ്ട കാര്യമില്ലെന്നേ! ഇതും ഒരു തൊഴിലല്ലേ? മാന്യതയുള്ള തൊഴിൽ!

 

ഹെവി ട്രക്ക് ഡ്രൈവിങ്ങിലേക്ക്

 

trek2

ജലജ ഡ്രൈവിങ് പഠിച്ചിട്ട് വെറും ഏഴു വർഷം ആയതേയുള്ളൂ. ഹെവി എടുത്തിട്ട് മൂന്നു വർഷം. വണ്ടി ഓടിക്കാനിഷ്ടമായിരുന്നു. 21 വയസിലായിരുന്നു വിവാഹം. ഭർത്താവ് രതീഷിന് ലോറി ട്രാൻസ്പോർട്ട് ബിസിനസായിരുന്നു. പതിയെ, ജലജയ്ക്കും ഡ്രൈവിങ്ങിൽ താൽപര്യം തോന്നി. അയൽവീട്ടിലെ കൂട്ടുകാരിക്കൊപ്പം ഡ്രൈവിങ് ലൈസൻസ് എടുക്കാൻ മുന്നിട്ടിറങ്ങി. അങ്ങനെ ടുവീലർ, ഫോർ വീലർ ലൈസൻസ് നേടിയെടുത്തു. 

 

ഒരു സ്കൂട്ടറെങ്കിലും ഓടിക്കണമെന്ന ആഗ്രഹത്തിൽ തുടങ്ങി. ആ ഇഷ്ടം ഹെവി ട്രക്ക് ഡ്രൈവിങ്ങിലേക്ക് റൂട്ടു മാറിയതിനെക്കുറിച്ച് ഒരു പുഞ്ചിരിയോടെ ജലജ പറഞ്ഞു തുടങ്ങി.  "ഒരു സ്കൂട്ടർ ഓടിക്കാനുള്ള ആഗ്രഹത്തിൽ തുടങ്ങിയതാണ്. ഇപ്പോൾ ഹെവി ട്രക്ക് വരെ ഓടിച്ചു തുടങ്ങി. ഭർത്താവാണ് ഹെവി എടുക്കാൻ നിർബന്ധിച്ചത്. അദ്ദേഹം ലോഡും കൊണ്ട് ദൂരയാത്ര പോകുമ്പോൾ കമ്പനിക്ക് ഡ്രൈവറായി ഞാനും കൂടി ഉണ്ടെങ്കിൽ ജോളിയായി പോയി തിരിച്ചു വരാമല്ലോ എന്നായിരുന്നു ചിന്ത. ലോഡെത്തിക്കലും ആയി... ഒരുമിച്ചൊരു യാത്രയും! ആ ഐഡിയ വർക്കൗട്ട് ആയി. എന്നെക്കൊണ്ട് ലോറി ഓടിക്കാൻ പറ്റുമോ എന്നൊരു സംശയം ആദ്യം ഉണ്ടായെങ്കിലും ഓടിച്ചു തുടങ്ങിയപ്പോൾ ആത്മവിശ്വാസം വന്നു. പിന്നെ, വീട്ടിൽ എപ്പോഴും ട്രക്ക് ഉള്ളതുകൊണ്ട് ഒരു അപരിചിതത്വം ഉണ്ടായിരുന്നില്ല."

 

trek3

കിക്ക് തരുന്ന ഉയരക്കാഴ്ചകൾ

 

ട്രക്ക് ഓടിക്കുമ്പോഴുള്ള അനുഭവത്തെക്കുറിച്ച് ജലജ പറയുന്നതിങ്ങനെ– "നല്ല ഉയരത്തിലല്ലേ നമ്മൾ ഇരിക്കുക. അവിടെ ഇരുന്നുള്ള കാഴ്ചകൾക്ക് ഒരു പ്രത്യേക രസമാണ്. അതും ഹൈവേയിലൂടെയുള്ള ഡ്രൈവിങ്. റോഡിനു ഇരുവശമുള്ള ഭൂപ്രകൃതി ഇങ്ങനെ മാറി മാറി വരും. കൂടുതലിഷ്ടം രാത്രിയിൽ വണ്ടി ഓടിക്കാനാണ്. മൊത്തം ഇരുട്ടായതു കൊണ്ട് ആസ്വദിക്കാവുന്ന കാഴ്ചകൾ കുറവായിരിക്കും. അപ്പോൾ ഡ്രൈവിങ് മാത്രമേ നടക്കുകയുള്ളൂ. പകൽ സമയങ്ങളിൽ നല്ല കാഴ്ചകൾ വരുമ്പോൾ ഡ്രൈവിങ്ങിൽ താൽപര്യം അൽപം കുറയും. അപ്പോൾ വളയം രതീഷേട്ടന് കൈമാറി കാഴ്ചകൾ ആസ്വദിക്കും," ജലജ പറയുന്നു. 

trek5

 

ട്രക്കിലെ ഉറക്കവും ഹൈവേ യാത്രകളും

 

ലോഡുണ്ടെങ്കിൽ രാത്രിയും പകലും തുടർച്ചയായി വണ്ടി ഓടിക്കണം. സവോളയോ പൈനാപ്പിളോ പോലുള്ള വസ്തുക്കൾ ആണെങ്കിൽ അതു കേടാകാതെ ലക്ഷ്യസ്ഥാനത്ത് എത്തിക്കണമല്ലോ. ട്രിപ്പിനിടയിൽ കൂടുതൽ‍ നേരം ഇടവേള എടുത്താൽ അവ കേടാകും. അതുകൊണ്ട്, പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും അത്യാവശ്യം ഭക്ഷണം കഴിക്കാനും മാത്രമാണ് വണ്ടി നിറുത്തുക. ബാക്കിയുള്ള മുഴുവൻ സമയവും വണ്ടി ഓട്ടത്തിലായിരിക്കും. മൂന്നു നാലു മണിക്കൂർ ഒരാൾ ഓടിക്കും. പിന്നെ മാറിയെടുക്കും. ട്രക്കിന്റെ ക്യാബിനൊക്കെ ഇപ്പോൾ എസി ആക്കിയത് സൗകര്യമായി. അതുകൊണ്ട്, പകൽസമയത്തും ഡ്രൈവിങ് അത്ര ആയാസമില്ല. പിന്നെ, ട്രക്ക് ക്യാബിനിൽ കിടന്നുറങ്ങുന്നത് ഇപ്പോൾ ശീലമായി. ഡ്രൈവ് ചെയ്ത് ക്ഷീണം തോന്നുമ്പോഴാണ് വളയം കൂടെയുള്ള ഡ്രൈവർക്കു കൈമാറി ക്യാബിനിലെ ചെറിയ സ്പേസിൽ കിടക്കുക. നല്ല ക്ഷീണം ഉള്ളതുകൊണ്ട് കിടക്കുമ്പോഴേക്കും ഉറങ്ങുമെന്ന് ജലജയുടെ അനുഭവസാക്ഷ്യം. 

trek6

 

ട്രിപ്പ് പോകുമ്പോൾ രണ്ടു നേരമാണ് ഭക്ഷണം പൊതുവെ കഴിക്കാറുള്ളതെന്ന് ജലജ പറയുന്നു. രാവിലെയും വൈകിട്ടും കഴിക്കും. ഉച്ച നേരത്ത് അങ്ങനെ വിശക്കാറില്ല. ഭക്ഷണം പാകം ചെയ്തു കഴിക്കാനുള്ള സംവിധാനങ്ങളുമായാണ് യാത്ര. ഗ്യാസ് കരുതും. അത്യാവശ്യം പാകം ചെയ്യാനുള്ള പാത്രങ്ങളും ഉണ്ടാകും.  ബാക്കി ആവശ്യമുള്ള വസ്തുക്കളൊക്കെ വഴിയിൽ നിന്നു വാങ്ങും. സമയമുള്ളപ്പോൾ മാത്രമാണ് ഈ പാചകം. അല്ലെങ്കിൽ ധാബയിൽ നിന്നാകും ആഹാരം. പല നാടുകളിലെ പല രുചികൾ ആസ്വദിക്കാനും പറ്റുമല്ലോ, യാത്രയിലെ ഭക്ഷണ പരിപാടികളുടെ ടെക്നിക് ജലജ വെളിപ്പെടുത്തി.  

 

എനിക്കല്ല, കാണുന്നവർക്കാണ് കൗതുകം

 

ഭർത്താവിനൊപ്പം ജലജ ആദ്യം ലോഡ് കൊണ്ടു പോയത് മുംബൈയിലേക്കായിരുന്നു. അന്നൊക്കെ ഇടയ്ക്കൊന്നു കുളിച്ച് ഫ്രഷ് ആകുന്നതിന് ഒന്നു രണ്ടു മണിക്കൂർ നേരത്തേക്ക് റൂമെടുക്കും. കൂടുതലും പെട്രോൾ പമ്പുകളെയാണ് ആശ്രയിക്കുക. നോർത്തിലേക്ക് പോകുന്തോറും വൃത്തിയുള്ള വാഷ്റൂമുകൾ ലഭിക്കുക പ്രയാസമാണ്. പഞ്ചാബിൽ ഒരിടത്ത് ഭക്ഷണം കഴിക്കാനായി നിറുത്തിയപ്പോൾ അവിടെ കുളിച്ചു ഫ്രഷ് ആകാനുള്ള സൗകര്യമുണ്ടോയെന്ന് ചോദിച്ചു. ഡ്രൈവർമാരുടെ കൂട്ടത്തിൽ ഒരു സ്ത്രീയെ കൂടി കണ്ടപ്പോൾ അവർ അകത്തെ വാഷ്റൂം തുറന്നു കൊടുത്തുവെന്ന് ജലജ. "എല്ലായിടത്തു നിന്നും ഇതുവരെ നല്ല സമീപനമാണ് ലഭിച്ചിട്ടുള്ളത്. എവിടെ പോകുമ്പോഴും ട്രക്ക് ഡ്രൈവർമാരായി പുരുഷന്മാരേയുള്ളൂ. കൂട്ടത്തിൽ എന്നെ കാണുമ്പോൾ ഭൂരിപക്ഷം പേർക്കും കൗതുകമാണ്. വളരെ ബഹുമാനത്തോടെയാണ് എന്നോട് എല്ലാവരും പെരുമാറിയിട്ടുള്ളത്. പിന്നെ, സ്ഥിരം പോകുന്ന റൂട്ടാകുമ്പോൾ എല്ലാവരും പരിചയക്കാരാകും. അതുകൊണ്ട്, കാര്യമായൊരു ബുദ്ധിമുട്ടും നേരിടേണ്ടി വന്നിട്ടില്ല. ചിലരൊക്കെ വന്നു പരിചയപ്പെടും." ജലജ തന്റെ യാത്രാനുഭവങ്ങൾ ഓർത്തെടുത്തു. 

 

മറക്കാനാകാത്ത ശ്രീനഗർ ട്രിപ്പ്

 

ഏറ്റവും ഒടുവിൽ ജലജ ഭർത്താവിനും കസിനുമൊപ്പം ട്രക്ക് ഓടിച്ചു പോയത് ശ്രീനഗറിലേക്കായിരുന്നു. 23 ദിവസം നീണ്ട ആ യാത്ര ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് ജലജ പറഞ്ഞു. "പെരുമ്പാവൂർ നിന്ന് പുനെ വരെയായിരുന്നു ആദ്യ ലോഡ്. അവിടെ നിന്ന് സവോളയുമായി ശ്രീനഗറിലേക്ക്. ഞാനും രതീഷേട്ടനും അമ്മയുടെ അനിയത്തിയുടെ മകനും കൂടിയാണ് പോയത്. ഞങ്ങൾ മൂന്നു പേരും മാറി മാറി വണ്ടി ഓടിക്കും. കശ്മീർ ഒന്നു കാണണമെന്ന് ഞാൻ എപ്പോഴും പറയുമായിരുന്നു. ലോഡ് ശ്രീനഗറിലേക്കുണ്ടെന്ന് അറിഞ്ഞപ്പോൾ പിന്നെ ഒന്നും നോക്കിയില്ല. കശ്മീരിലൂടെ ട്രക്ക് ഓടിച്ചുകൊണ്ടുള്ള യാത്ര ഒരിക്കലും മറക്കാനാവില്ല. അപകടം പിടിച്ച റോഡുകളാണ്. എങ്കിലും ആത്മവിശ്വാസത്തോടെ ആ വഴികളിലൂടെ ഓടിക്കാൻ കഴിഞ്ഞു. പോകുന്ന വഴിയിൽ പട്ടാളക്കാർ വണ്ടി തടഞ്ഞു. ഞങ്ങൾ കേരളത്തിൽ നിന്നാണെന്നു മനസിലായപ്പോൾ അവരുടെ കൂടെയുള്ള മലയാളിയെ വിളിച്ചു വരുത്തി. ഒരു ഇടുക്കിക്കാരായിരുന്നു അദ്ദേഹം. ഞങ്ങൾ കയ്യിൽ കരുതിയിരുന്ന ചിപ്സൊക്കെ അവർക്ക് നൽകി ഒരു സെൽഫി കൂടി എടുത്താണ് ഞങ്ങൾ പിരിഞ്ഞത്", ഫോണിൽ അന്നെടുത്ത ഫോട്ടോ കാണിച്ചു തരുമ്പോഴും ആ യാത്രയുടെ ത്രില്ലിലായിരുന്നു ജലജ.

 

ട്രിപ്പിനിടയിലെ സ്വന്തം കറക്കങ്ങൾ

 

ലോഡിറക്കി ട്രക്ക് ഫ്രീയാകാൻ കുറച്ചധികം സമയം എടുക്കുമെങ്കിൽ അതു വെറുതെ വണ്ടിയിലിരുന്നു കളയാൻ ജലജയ്ക്ക് ഒട്ടും താൽപര്യമില്ല. അടുത്തു കാണാൻ പറ്റിയ സ്ഥലമുണ്ടെങ്കിൽ അവിടേയ്ക്കാവും ജലജയുടെയും ഭർത്താവിന്റെയും കറക്കം. "ഇത്തവണ ശ്രീനഗറിൽ ചെന്നപ്പോൾ ലോഡ് ഇറക്കി വണ്ടി ഫ്രീയാകാൻ രണ്ടു ദിവസം എടുക്കുമെന്നു പറ‍ഞ്ഞു. അതുകൊണ്ട്, ഞങ്ങൾ കശ്മീർ ഒന്നു ചുറ്റിയടിച്ചു കണ്ടു. തിരികെയുള്ള യാത്രയിൽ കശ്മീരിൽ നിന്ന് ലോഡ് ഉണ്ടായിരുന്നില്ല. അങ്ങനെ, ഞങ്ങൾ പഞ്ചാബ് എത്തിയപ്പോൾ അവിടെയും ഒന്നു തങ്ങി കാഴ്ചകൾ കണ്ടു. സുവർണക്ഷേത്രത്തിലും ജാലിയൻ വാലാബാഗിലുമെല്ലാം പോയി. കൂടാതെ ആഗ്രയിൽ പോയി താജ്മഹലും കണ്ടു," അങ്കവും കാണാം, താളിയും ഒടിക്കാം എന്ന ലൈനിൽ ജലജ പറയുന്നു.

 

കൂടുതൽ സ്ത്രീകൾ കടന്നു വരട്ടെ

 

ഇന്ത്യയിൽ പൊതുവെ ഹെവി ട്രക്ക് ഡ്രൈവർമാരായി സ്ത്രീകൾ കുറവാണ്. വിദേശത്ത് ധാരാളം സ്ത്രീകൾ ഈ മേഖലയിൽ തൊഴിലെടുക്കുന്നുണ്ട്. ട്രക്ക് ഓടിക്കുന്നുണ്ട്. അതുപോലെ ഇവിടെയും ഹെവി ട്രക്ക് ഡ്രൈവിങ്ങിലേക്ക് കൂടുതൽ സ്ത്രീകൾ കടന്നു വരണമെന്നാണ് ജലജയുടെ അഗ്രഹം. ഈ പ്രൊഫഷനിലേക്ക് കടന്നു വരാൻ ചിലർക്കെങ്കിലും തന്റെ ജീവിതം പ്രചോദനമാകുന്നുവെങ്കിൽ സന്തോഷമേയുള്ളൂവെന്ന് ജലജ പറയുന്നു. പ്ലസ് വണ്ണിലും പ്ലസ്ടുവിലും പഠിക്കുന്ന രണ്ടു പെൺമക്കളാണ് ജലജയ്ക്കുള്ളത്. മക്കൾക്കും ഡ്രൈവിങ്ങിൽ നല്ല താൽപര്യമുണ്ട്. കരിയർ ഏതു തിരഞ്ഞെടുത്താലും ട്രക്ക് ഓടിക്കാൻ പരിശീലിക്കുമെന്നാണ് അമ്മയുടെ ഡ്രൈവിങ് കണ്ടു തുടങ്ങിയപ്പോൾ മക്കളുടെ ആഗ്രഹം. അമ്മയും അച്ഛനും ഓടിക്കുന്ന ട്രക്കിൽ ഇന്ത്യ കറങ്ങാൻ കിട്ടുന്ന ഒരവസരവും ഇവർ പാഴാക്കാറില്ല. 

 

സ്വപ്നയാത്രകളെക്കുറിച്ചുമുണ്ട് ജലജയ്ക്ക് ഏറെ പറയാൻ. "ഇനിയൊരു ആഗ്രഹമുള്ളത് നോർത്ത് ഈസ്റ്റിലേക്ക് ലോഡുമായി പോകണമെന്നാണ്. കശ്മീരിലേക്ക് പോകുന്നതിനേക്കാൾ സാഹസികമാണ് ആ യാത്ര. കുത്തനെയുള്ള കയറ്റങ്ങൾ ധാരാളമുണ്ട്. ലോഡ് ഉള്ളപ്പോൾ ഡ്രൈവിങ്ങിൽ നന്നായി ശ്രദ്ധ വേണം. പ്രത്യകിച്ചും ക്യാബിൻ ലെവലിനേക്കാൾ ഉയരത്തിൽ ലോഡ് കയറ്റിയിട്ടുണ്ടെങ്കിൽ. വളവുകളിലൊക്കെ അതീവ ശ്രദ്ധയോടെ വേണം ഓടിക്കാൻ. ലോഡിനു അനുസരിച്ചു വേണം തിരിക്കാൻ. എങ്കിലും, നോർത്ത് ഈസ്റ്റിലേക്ക് ലോഡുമായി പോകണമെന്നു തന്നെയാണ് ആഗ്രഹം. പിന്നെ, മഞ്ഞുള്ളപ്പോൾ കശ്മീരിലേക്കും!"– അതെ, ജലജയുടെ യാത്രാമോഹങ്ങൾ എപ്പോഴും ടോപ്പ് ഗിയറിലാണ്! 

English Summary: Life Story Of Trek Driver Jalaja

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com