ADVERTISEMENT

ആതുര സേവന രംഗത്ത് പ്രവർത്തിക്കുന്ന നഴ്‌സുമാർക്ക് നൽകുന്ന പരമോന്നത പുരസ്‌കാരമാണ് ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ പുരസ്‌കാരം. സാധാരണ നഴ്‌സിങ് വിഭാഗത്തിൽ പെടുന്നവർക്കു നൽകുന്ന പുരസ്കാരത്തിൽ ഇത്തവണ പാലിയേറ്റിവ് വിഭാഗത്തെക്കൂടി ഉൾപ്പെടുത്തിയിരിക്കുകയാണ്. എഴുന്നേറ്റു നടക്കാൻ വയ്യാത്ത കിടപ്പു രോഗികളെ അവരുടെ വീടുകളിൽ പോയി നിത്യവും പരിചരിക്കുന്നവരാണ് പാലിയേറ്റിവ് ഉദ്യോഗസ്ഥർ. സാന്ത്വന പരിചരണ വിഭാഗം ഏറ്റവും നന്നായി എല്ലായിടങ്ങളിലും പ്രവർത്തിക്കുന്ന ഒന്നാണ്. അത്തരത്തിൽ ജോലി ചെയ്യുന്ന നഴ്‌സായ കിടങ്ങൂർ സ്വദേശി ഷീലാ റാണിയ്ക്കാണ് ഇത്തവണ രാഷ്ട്രപതിയിൽനിന്ന് ഉന്നതമായ പുരസ്‌കാരം വാങ്ങാനുള്ള അവസരം ലഭിച്ചത്. സിസ്റ്റർ ഷീലാ റാണി സംസാരിക്കുന്നു.

 

കാണുന്നവരുടെ പുച്ഛം 

 

ഇന്ത്യയിലെ പരമോന്നത നഴ്‌സിങ് പുരസ്‌കാരമായ ഫ്ലോറൻസ് നൈറ്റിങ്‌ഗേൽ പുരസ്‌കാരം കേരളത്തിലെ എഗ്രിമെന്റ് വ്യവസ്ഥയിൽ ജോലി ചെയ്യുന്ന ഒരു പാലിയേറ്റിവ് നഴ്‌സിന് ലഭിക്കുമ്പോൾ ഇത് ഇവിടുത്തെ പാലിയേറ്റിവ് കെയറിനു നൽകുന്ന അംഗീകാരമാണ്. വർഷങ്ങളായി ഇവിടെ ഇങ്ങനെ ജോലി ചെയ്യുന്ന ഒരുപാട് പേരുണ്ട്. പല രീതിയിൽ നഴ്‌സിങ് പഠിച്ചവരായിരുന്നു ആദ്യമൊക്കെയുണ്ടായിരുന്നത്. ഹോസ്പിറ്റലിലെ രോഗീ പരിചരണമല്ല, വീടുകളിൽ പോയി രോഗികളെ പരിചരിക്കുക എന്നാൽ കാണുന്നവർക്കൊക്കെ പുച്ഛമായിരുന്നു. എന്തിനാണ് ഇങ്ങനെയാക്കെ പോയി ചെയ്യുന്നത് എന്നൊക്കെയാണ് പലരും ചോദിച്ചിരുന്നത്. ആർക്കാണ്, എന്താണ് പാലിയേറ്റീവിന്റെ ഗുണം എന്നുപോലും നമ്മളൊന്നും ശ്രദ്ധിക്കാറില്ല. ഈയൊരു ജോലിയിലേക്ക് ഞങ്ങളെ ദൈവം നിയോഗിച്ചതാണെന്നാണ് ഞാൻ കരുതുന്നത്. വീടുകളിൽ എഴുന്നേൽക്കാൻ പോലും പറ്റാതെ കിടക്കുന്ന മനുഷ്യർക്കു വേണ്ട കാര്യങ്ങൾ ചെയ്യുക എന്നതാണ് നമ്മുടെ സന്തോഷം. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം, യാതൊരു വിധത്തിലും ഒന്നിലും പെട്ട് പോകരുത് എന്നതാണ്, രാഷ്ട്രീയത്തിലോ ഒന്നിലും. ഞാൻ ഈ മനുഷ്യർക്ക് വേണ്ടി സഹായിക്കാൻ തയ്യാറാണ് എന്ന് സ്വയം തീരുമാനിക്കാനാകണം. വ്യക്തിപരമായി നോക്കിയാൽ അത്യാഗ്രഹമൊന്നുമില്ല. എന്തും ചെയ്യാൻ തയ്യാറായാണ് നമ്മൾ ഇതിലേക്കു വരുന്നത്. സർക്കാർ ശമ്പളം തരും, അത് മാത്രം മതി.

 

ദേഷ്യപ്പെട്ടാലും സാരമില്ലെന്ന്!

 

usha1

പല രാജ്യങ്ങളിലും വയസ്സായ ആളുകളുടെ കാര്യം പൂർണമായും സർക്കാരിന്റെ ഉത്തരവാദിത്തമാണ്. തീരെ വയ്യാതായാൽ അവരെ ഹോസ്പിറ്റൽ കെയർ സ്ഥാപനങ്ങളിലേക്കു മറ്റും. പക്ഷേ നമുക്കിവിടെ വീടുകളിലാണ് പ്രായമായ മാതാപിതാക്കളെ പരിചരിക്കേണ്ടത്. വൃദ്ധസദനങ്ങൾ ഒരുപാടുണ്ട്. വൃദ്ധരായ മാതാപിതാക്കൾക്ക് ആരോഗ്യം ക്ഷയിക്കുമ്പോഴും അസുഖം ബാധിക്കുമ്പോഴുമാണ് മക്കൾക്ക് ബുദ്ധിമുട്ടുണ്ടാകുന്നത്. ഇത്തരം അവസരങ്ങളിൽ നമ്മൾ അവിടെ പോകാറുണ്ട്, അവർക്കിടയിൽ എന്താണ് പ്രശ്നങ്ങൾ എന്ന് അറിയാൻ ശ്രമിക്കാറുണ്ട്. പക്ഷേ മക്കളെ ഉപദേശിക്കാനൊന്നും പോകാറില്ല, അവർ മടുത്തു നിൽക്കുന്നവരായിരിക്കാം. ചെയ്‌ത തെറ്റുകളെല്ലാം ഓർത്ത് പശ്ചാത്തപിച്ച് ദൈവത്തിന്റെ അടുത്തേക്കു പോകാനുള്ള ദൂരം കുറഞ്ഞു കിടക്കുന്ന മനുഷ്യരെയാണ് പാലിയേറ്റിവ് നഴ്‌സുമാർക്ക് പരിചരിക്കാൻ കിട്ടുക. അപ്പോൾ നമ്മൾ അവരോടു സമാധാനത്തിൽ സംസാരിക്കാനാണ് ശ്രമിക്കുക. പക്ഷേ ചിലരുണ്ട്, എത്ര നന്നായി നോക്കിയാലും ദേഷ്യപ്പെടുകയും മോശമായി പെരുമാറുകയും ചെയ്യുന്നവർ. അവരോടു സങ്കടമാണ് തോന്നുക, വീട്ടുകാർ ഈ സ്വഭാവത്തിൽ മടുത്ത് ദേഷ്യപ്പെട്ടു വിഷമിച്ചിരിക്കുകയായിരിക്കും, നമ്മളോടും അത്തരക്കാർ ദേഷ്യപ്പെടാറുണ്ട്, പക്ഷേ അപ്പോഴും അതിനെയൊക്കെ നിസാരമാക്കിയെടുത്ത് വേണ്ടത് ചെയ്തു കൊടുക്കും. രോഗികളെന്നു പോലും പാലിയേറ്റീവിലെ സഹായം ആവശ്യമുള്ളവരെ വിളിക്കാൻ ഞാനാഗ്രഹിക്കുന്നില്ല. ഓരോരുത്തരും ഓരോ വ്യക്തികളാണ്, അവർക്ക് അവരുടേതായ സ്വഭാവവുമുണ്ട്. നമ്മൾ അതനുസരിച്ച് അവരെ കെയർ ചെയ്യുകയാണ്.

 

"അയാളൊന്നു മരിച്ചു പോയിരുന്നെങ്കിൽ" എന്ന് നമ്മുടെ സ്വഭാവം കൊണ്ട് ആർക്കും തോന്നാനിടവരരുത് എന്ന് ഞാൻ അസുഖബാധിതരായി കിടക്കുന്നവരോട് പറയാറുണ്ട്. നമ്മളെ പരിചരിക്കേണ്ട മക്കളോട് ദേഷ്യപ്പെട്ടും മോശം സ്വഭാവം കാണിച്ചും നിൽക്കുമ്പോൾ അവർക്ക് മടുപ്പാവും. അതേസമയം ഓർക്കാൻ മധുരമുള്ള ഓർമകളാണുള്ളതെങ്കിൽ ആ ആളെ നമ്മൾ ഉറപ്പായും സ്നേഹത്തോടെ പരിചരിക്കും. അതിന്റെ സന്തോഷം നോക്കുന്നവർക്കും നോക്കപ്പെടുന്നവർക്കുമുണ്ടാകും.

 

വൃത്തിയാണ് പ്രധാനം

 

പരിചരണം ആവശ്യമുള്ളയിടത്തേക്ക് എന്നും കൃത്യസമയത്തു തന്നെ പോകാറുണ്ട്. പാലിയേറ്റിവിനു പോകുന്ന വണ്ടിയിൽ പലരുണ്ടാവും. ഒരു ടീം ആയാണ് പോകുന്നത്. വണ്ടിയിൽ കയറിയാൽ വീട്ടിലെ ഉൾപ്പെടെ മറ്റൊരു കാര്യവും സംസാരിക്കാറില്ല, പോകേണ്ട വീടുകളും അവിടെയുള്ള വയ്യാത്ത മനുഷ്യരുമായിരിക്കും സംസാര വിഷയം. ഓരോരുത്തരെയും എന്ത് ചെയ്യണം, എന്നതാണ് പ്രധാനം. പലപ്പോഴും പോകുന്ന വഴി പ്ലാൻ ചെയ്തതിൽ നിന്നു മാറി പോകാറുണ്ട്. ഏതെങ്കിലും മെമ്പർമാരോ ആശാ വർക്കറോ വിളിച്ച് മറ്റൊരിടത്തേക്ക് പോകാൻ പറയും. അവിടെ ചെല്ലുമ്പോൾ നമ്മളെ അത്രയും ആവശ്യമുള്ള ഒരാളായിരിക്കും അവിടെയുണ്ടാവുക. അവിടെയൊക്കെ ദൈവത്തിന്റെയൊരു കരുതൽ പ്രവർത്തിക്കുന്നതായി തോന്നാറുണ്ട്. വീണു മുറിഞ്ഞിരിക്കുകയോ ബെഡ് സോറോ മൂത്രം പോകാത്ത അവസ്ഥയോ ഒക്കെയാവും ചിലപ്പോൾ. മേലൊക്കെ നന്നായി തുടച്ചു കഴിയുമ്പോൾ പിറ്റേന്ന് മരിച്ചു പോകുന്നവരുമുണ്ട്. മക്കളൊന്നും നോക്കാത്ത ഒരു അമ്മയെ ഒരു വീട്ടിൽ ചെന്ന് കുളിപ്പിച്ച് വൃത്തിയാക്കി. പിറ്റേന്ന് വാർത്ത വന്നു അവർ മരിച്ചു എന്ന്. അത്രയും വൃത്തിയായി തന്നെ അവർക്ക് പോകാൻ പറ്റി എന്നതാണ് സമാധാനം. വയസ്സായി കിടക്കയിൽ കിടക്കുന്ന ഒരാളുള്ള ഒരു മുറിയിൽ വൃത്തി വളരെ പ്രധാനമാണ്. ക്ളീൻ ആയിരിക്കണം മുറിയും ആ വ്യക്തിയും. അനാവശ്യമായ ഒരു വസ്തു പോലും ആ മുറിയിൽ കാണാൻ പാടില്ല. ഇതൊക്കെ ഞങ്ങൾ ശ്രദ്ധിക്കാറുണ്ട്.

 

വീട്ടിൽ ചെന്നാണ് നോക്കേണ്ടത്!

 

ചിലർ ക്ലാസ്സെടുക്കാൻ വിളിക്കാറുണ്ട്. പാലിയേറ്റിവിനെക്കുറിച്ച് പറഞ്ഞുകൊടുക്കാൻ എനിക്കിഷ്ടമാണ്. പാലിയേറ്റിവ് തുടങ്ങിയ സമയത്ത് ആശുപത്രിയിൽ നിന്നൊക്കെ കത്തീറ്റർ ഇട്ടു മാസങ്ങൾ എടുക്കാതിരുന്നവരുണ്ട്, ബെഡ് സോർ ഉള്ളവരെ എങ്ങനെ നോക്കണം എന്നൊന്നും അറിയാതെ മുറിവുകൾ ഒക്കെ ആഴത്തിലായി പുഴു അരിച്ചു കിടക്കുന്നവർ വരെയുണ്ടായിരുന്നു. വീട്ടുകാർക്ക് എന്താണ് ചെയ്യേണ്ടതെന്നുള്ള അറിവുണ്ടാവില്ല. നമ്മൾ ഇതിനൊക്കെ പരിശീലനം കിട്ടുന്നവരാണ്. നമ്മൾ ചെന്നാണ് ഇതൊക്കെ വൃത്തിയാക്കുന്നത്. ആവശ്യമുള്ളവർക്കുള്ള മരുന്നുകളും ബിപിയും ഷുഗറും നോക്കാനുള്ള ഉപകരണങ്ങളും ഞങ്ങൾക്കുണ്ട്. ഒക്കെ പരിശോധിച്ചു വേണ്ട മരുന്നുകൾ നൽകും. മരുന്നു കഴിക്കാത്തവരാണെങ്കിൽ ഡോക്ടറുടെ അടുത്തേക്കു കൊണ്ട് പോകാൻ നിർദ്ദേശിക്കും. വീട്ടുകാർ ചെയ്യേണ്ടതും ശ്രദ്ധിക്കേണ്ടതും അവർക്കും പറഞ്ഞു കൊടുക്കാറുണ്ട്. കിടക്കുന്നവരെ തിരിച്ചും മറിച്ചും കിടത്തി ബെഡ് സോർ വരാതെ നോക്കുക, മരുന്ന് കെട്ടുക, എല്ലാം നോക്കാറുണ്ട്. ഞാനോർക്കാറുണ്ട്, പണ്ട് പാലിയേറ്റിവ് ഒന്നും ഇല്ലാതിരുന്ന ഒരു കാലത്ത് ഇങ്ങനെയുള്ള അറിവില്ലായ്മ കൊണ്ട് ശ്രദ്ധയൊന്നും ലഭിക്കാതെ എത്രയോ മനുഷ്യർ നരകിച്ച് മരിച്ചു പോയിട്ടുണ്ടാവും? എന്തൊരു കഷ്ടപ്പാടായിരുന്നിരിക്കണം അവരുടേത്. കൂടുതൽ ആളുകൾ വിതരണം സേവന പരിചരണ രംഗത്തേക്കു വരണം. കൂടുതൽ ആൾക്കാർക്ക് അതുവഴി പരിചരണം ലഭ്യമാവട്ടെ. 

 

ജനപ്രതിനിധികളെക്കാൾ ഞങ്ങളറിയുന്ന മനുഷ്യർ

 

ഒരിക്കൽ ഒരു വീട്ടിൽ ചെന്നപ്പോൾ വൃദ്ധയായ ആളെ വീട്ടിൽ തനിച്ചു കിടത്തി വീട്ടുകാർ എവിടെയോ പോയതാണ്. വാതിൽ ചാരിയിരിക്കുകയാണ്. ഞങ്ങൾ ചോദിച്ച് അകത്തു കയറി. ആ 'അമ്മ ഏറെ നേരമായി ദാഹിച്ചു കിടക്കുകയാണ്. ഒരു തുള്ളി വെള്ളം കുടിക്കാൻ നിർവ്വാഹമില്ല. ഞങ്ങൾ അടുക്കളയിൽ ചെന്ന് വെള്ളം കൊണ്ടുവന്നു കൊടുത്തു. അതിനു ശേഷം ആ അമ്മയുടെ കിടക്കയുടെ അരികിൽ തന്നെ വെള്ളം ഉൾപ്പെടെ അത്യാവശ്യ സാധനങ്ങൾ കയ്യെത്തുന്ന ദൂരത്ത് തന്നെ വയ്ക്കാനുള്ള രീതി ചെയ്തു കൊടുത്തു. ഇതെല്ലാം നമുക്കൊരു പാഠങ്ങളാണ്. ഒരു വീട്ടിൽ ചെല്ലുമ്പോൾ അവിടെ കിടക്കുന്നവർ, അവരുടെ വീട്ടുകാർ എല്ലാം നമ്മളെ ജീവിതം പഠിപ്പിക്കും. നമുക്കാവശ്യമുള്ള മനുഷ്യർ നമ്മുടെ അരികിലേക്ക് സമയത്തുതന്നെ എത്തിപ്പെടും, അതാണ് വിശ്വാസം. ചിലപ്പോൾ കുട്ടികൾ പോലും നമ്മളെ സഹായിക്കാറുണ്ട്. എല്ലാവർക്കും ഈ ജോലി ഇഷ്ടപ്പെടില്ല, ഇഷ്ടമായി വന്നാൽ മാത്രമേ മറ്റൊരാളെ സഹായിക്കാനാകൂ. ഇപ്പോൾ തന്നെ പലരെയും സഹായിക്കാൻ തയ്യാറായി വരുന്ന നല്ല മനുഷ്യരുണ്ട്, അവർ കാര്യങ്ങൾ ചോദിക്കുന്നത് ഞങ്ങളോടും ആശാ പ്രവർത്തകരോടുമാണ്. ഒരുപക്ഷേ നാട്ടിലെ ജനപ്രതിനിധികളെക്കാൾ ഓരോ വീട്ടിലും കയറിച്ചെന്നു മനുഷ്യരുടെ അവസ്ഥ കാണുന്നത് ഞങ്ങളാണ്, അതുകൊണ്ടാവും. 

 

പുരസ്‌കാരം കിട്ടിയപ്പോൾ.

 

ഏറ്റവും മികച്ച നഴ്‌സിനുള്ള പുരസ്‌കാരം ഇത്തവണ പാലിയേറ്റീവ് കെയറിലെ ഒരാൾക്കാണ്, അത് എനിക്കാണ് എന്നറിഞ്ഞപ്പോൾ ഒരുപാട് പേർ സ്നേഹം പങ്കു വച്ചു. സ്ഥിരമായി ചെല്ലുന്ന വീടുകളിലെ വ്യക്തികൾക്കൊക്കെ ഭയങ്കര സ്നേഹവും ബഹുമാനവുമായിരുന്നു. ചിലർ പൂവും മിഠായിയുമൊക്കെ തരാറുണ്ട്. മരിച്ചുപോയ വൃദ്ധരുണ്ടായിരുന്ന ചില വീടുകളിലെ മക്കൾ ഞങ്ങളുടെ അമ്മയുടെയും അച്ഛന്റേയുമൊക്കെ പ്രാര്ഥനയുമുണ്ട് കേട്ടോ എന്നൊക്കെ പറയുന്നത് കേൾക്കുമ്പോൾ ഭയങ്കര സന്തോഷമാണ്.

 

പുരസ്‌കാരം രാഷ്ട്രപതിയുടെ കയ്യിൽ നിന്നാണ് വാങ്ങേണ്ടത്. പരിശീലനം ഉണ്ടെന്നാണ് കേട്ടത്. പലരും കളിയാക്കാറുണ്ട്, ഹൗ ഓൾഡ് ആർ യു എന്ന സിനിമയിലെ മഞ്‍ജു വാരിയരുടെ കഥാപാത്രത്തെപ്പോലെ രാഷ്ട്രപതിയെ കാണുമ്പൊൾ തലകറങ്ങി വീഴല്ലേ എന്നൊക്കെ പറയാറുണ്ട്. ഓർക്കുമ്പോൾ രസമാണ്, ഞാനതൊക്കെ ഇപ്പോഴേ ആലോചിക്കാറുണ്ട്. 

 

സ്നേഹമാണ് വലുത്.

 

ചിലപ്പോൾ പലയിടത്തും ക്ലാസ്സെടുക്കാൻ വിളിക്കാറുണ്ട്. ഞാനപ്പോൾ പറയും എന്നേക്കാൾ മുതിർന്ന ഉദ്യോഗസ്ഥരുണ്ട്, ഡോക്ടർമാരുണ്ട്, ഹെൽത്ത് ഇൻസ്പെക്ടർമാരുണ്ട് അവരെക്കൊണ്ട് എടുപ്പിക്കൂ എന്ന്. പക്ഷേ അവർ പറയും, അവരെക്കാൾ, വയ്യാതെ കിടക്കുന്നവരെ പരിചരിക്കുന്ന നിങ്ങളുടെ ക്ലാസ്സാണ് ഞങ്ങൾക്ക് വേണ്ടത്, നിങ്ങൾ തന്നെ വന്ന ക്ലാസ് എടുക്കണം എന്ന് പറയും. ഒരു പാലിയേറ്റിവ് നഴ്സ് എന്ന നിലയിൽ അതൊക്കെ കേൾക്കുമ്പോൾ ഭയങ്കര സന്തോഷവും അഭിമാനവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com