ADVERTISEMENT

ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച കളിക്കാരിലൊരാളായ മിതാലി രാജിന്റെ വിരമിക്കലിനെ ആളുകൾ വിശേഷിപ്പിച്ചത് പെൺ സച്ചിൻ തെൻഡുൽക്കർ ക്രിക്കറ്റിൽനിന്നു വിടവാങ്ങുന്നു എന്നാണ്. മിതാലിക്ക് ഇന്ത്യൻ ടീമിൽ മികവു തെളിയിച്ച ഒരു ഇരിപ്പിടമുണ്ടായിട്ടും പുരുഷന്മാരുമായി ചേർത്ത് വച്ചു പറയുന്നതിന്റെ സാംഗത്യം സോഷ്യൽ മീഡിയയിൽ ചോദ്യം ചെയ്യപ്പെട്ടു. പരമ്പരാഗതമായി പുരുഷന്മാർക്ക് മാത്രമായി മാറ്റി വച്ചിരിക്കുന്ന അല്ലെങ്കിൽ ഏറ്റവുമധികം പുരുഷന്മാർ മികവു തെളിയിച്ച നിരവധി വിഭാഗങ്ങളുണ്ട്, അതിലൊന്നാണ് ക്രിക്കറ്റ്. സിനിമ, ഡ്രൈവിങ് തുടങ്ങിയവ മറ്റു ചിലതും. കഴിവു തെളിയിച്ച സ്ത്രീകളെപ്പോലും പുരുഷന്മാരുടെ തണലിൽ നിർത്തി വിലാസം കൊടുക്കുമ്പോൾ അവളുടെ നേട്ടങ്ങളെയാണ് ചെറുതാക്കുന്നത്. 

 

henna3

കേരള ക്രിക്കറ്റ് ടീമിൽ ബോളർ ആയി മികച്ച പ്രകടനം കാഴ്ചവച്ച ഹാൻസ് ജയന്തിന്റെ മകൾ ഹെന്ന ജയന്ത് ക്രിക്കറ്റിലേക്കും അവിടുന്നു കാർ റേസിങ്ങിലേക്കുമാണ് നടന്നു കയറിയത്. രണ്ടും ഹെന്നയ്ക്ക് ഏറെ പ്രിയപ്പെട്ട കാര്യങ്ങൾ. രണ്ടും പുരുഷൻമാർക്കുള്ളതെന്നു പറയപ്പെടുന്ന ഇടങ്ങളാകുമ്പോഴാണ് ഹെന്നയുടെ യാത്ര, എത്ര കരുത്തുറ്റതായിരുന്നുവെന്നു മനസ്സിലാവുക. പഠനകാലം മുതൽ ക്രിക്കറ്റിനെ കൈവിടാത്ത ഹെന്ന കേരള ടീമിൽ അംഗമായിരുന്നു. സ്‌കൂൾ ടീമിൽ നിന്നു ജില്ലാ ടീമിലും അതുവഴി കേരള ടീമിലുമെത്തിയ ഹെന്ന ഇപ്പോൾ കോഴിക്കോട് ജില്ലാ വനിതാ ക്രിക്കറ്റ് ടീമിന്റെ സിലക്‌ഷൻ കമ്മിറ്റിയിലുമുണ്ട്.. യാദൃച്ഛികമായാണ് കാറോട്ടമത്സരം ഹെന്നയുടെ ജീവിതത്തിന്റെ ഭാഗമാകുന്നത്. ഒരു സാധാരണ കോഴിക്കോട്ടുകാരി പെൺകുട്ടിക്ക് കാർ റേസിങ് എന്നത് അത്ര എളുപ്പമായിട്ടില്ല ഇപ്പോഴും. റേസിങ് ടാലന്റ് ഹണ്ട് എന്ന പരിശീലന പരിപാടിയാണ് ഹെന്നയുടെ പാഷനെ വഴി തിരിച്ചു വിട്ടത്. നിരവധി കാറോട്ട മത്സരങ്ങളിൽ പങ്കെടുത്ത ഹെന്ന ഇപ്പോൾ ഫോർമുല ഫോർ റേസിങ്ങിനു വേണ്ടി തയാറെടുപ്പുകൾ നടത്തുന്നു. ഹെന്ന സംസാരിക്കുന്നു:

 

henna2

പെണ്ണായാൽ എന്താ ഡ്രൈവിങ് പാടില്ലേ?

 

വണ്ടിയോടിക്കുമ്പോൾ പുരുഷന്മാരുടെ വല്ലാത്ത നോട്ടം പലപ്പോഴും സ്ത്രീകൾക്കു കിട്ടാറുണ്ട്. ഞാനും അനുഭവിച്ചിട്ടുണ്ട്. ഓവർടേക്ക് ചെയ്യുമ്പോൾ ചിലർക്ക് ഇഷ്ടപ്പെടില്ല. എന്റെ വണ്ടി അങ്ങനെ ഒരു പെൺകുട്ടി മറികടന്നു പോകണ്ട എന്നൊരു മനോഭാവമാണ് അവർക്ക്. അവരുടെയൊക്കെ നോട്ടം നമ്മളിലേക്ക് എത്താറുണ്ട്. അത്തരം നിരവധി അനുഭവങ്ങളുണ്ടായിട്ടുണ്ട്. പെണ്ണുങ്ങൾക്കു വണ്ടിയോടിക്കാൻ അറിയില്ലെന്നാണ് പലരുടെയും തോന്നൽ. വുമൺ ഡ്രൈവേഴ്സ് ആർ സേഫ് ഡ്രൈവേഴ്സ് എന്നാണ്. നമ്മൾ സ്പീഡ് കുറവാണെങ്കിലും സേഫ് ആയി ഓടിക്കുന്നവരാണ്. അത് നമുക്ക് ഡ്രൈവിങ് അറിയാത്തതുകൊണ്ടാണെന്നു കരുതുന്നവരുമുണ്ട്. പാലത്തിലൊക്കെ ഓവർടേക്കിങ് പാടില്ലെന്നാണ്, പക്ഷേ ഒരിക്കൽ ഞാൻ കടന്നു പോകേണ്ട ഇടത്തുകൂടി ഒരു ബസ് വന്നു. എന്റെ ട്രാക്കിലൂടെ എന്നെ ഭയപ്പെടുത്തിക്കൊണ്ടു പോയി. ഞാനൊരു പെൺകുട്ടി ആയതുകൊണ്ട് കൂടിയാണത് എന്ന് ഞാൻ കരുതുന്നു. പലപ്പോഴും ഇത്തരം പ്രശ്നങ്ങളുണ്ടാവാറുണ്ട്. ഇടയ്ക്ക് ഞാൻ ബഹളം ഉണ്ടാക്കാറുമുണ്ട് ഈ വിഷയത്തിൽ. പെൺകുട്ടികൾ പതുക്കെ പോകുന്നവരാണ് എന്നൊക്കെയുള്ള മിത്തുകളുണ്ട്. പെണ്ണുങ്ങളായാൽ ഇങ്ങനെയാണ് വണ്ടിയോടിക്കുന്നത്. ഇപ്പോഴത്തെ പെൺകുട്ടികൾ നന്നായി ഡ്രൈവ് ചെയ്യുന്നവരാണ്. നല്ല എക്സ്പീരിയൻസും അവർക്കുണ്ട്. അവർ സ്വതന്ത്രമായി ചിന്തിക്കുന്നവരുമാണ്. നിയമം എല്ലാവർക്കും ഒരുപോലെയാണ്, ആണിനും പെണ്ണിനും അത് പ്രത്യേകമല്ല. കേരളത്തിൽ ഇത്തരത്തിലുള്ള ബുദ്ധിമുട്ട് സ്ത്രീകൾ നേരിടുന്നുണ്ട് എന്നതൊരു യാഥാർഥ്യമാണ്. 

 

henna1

ആർക്കും ഭയമില്ല!

 

എല്ലായിടത്തും വാഹനമോടിക്കാൻ ചില നിയമങ്ങളുണ്ട്. പക്ഷേ അത് അനുസരിക്കാനുള്ള ബുദ്ധിമുട്ട് പലർക്കുമുണ്ട്. നിയമം തെറ്റിച്ചാലും ഫൈൻ അടച്ച് എനിക്ക് ഒഴിവാക്കാം എന്നൊരു സമാധാനം എല്ലാവർക്കുമുണ്ട്. ശിക്ഷ അത്ര കടുത്തതല്ലാത്തതുകൊണ്ട് നിയമം തെറ്റിക്കാൻ അവർക്ക് ഭയമില്ല. പക്ഷേ ചില രാജ്യങ്ങളിൽ ഡ്രൈവിങ് നിയമം ലംഘിച്ചാൽ ലൈസൻസ് കട്ടാക്കുകയാണ് ചെയ്യുക. ആ ഒരു ഭീതി കൊണ്ട് കൃത്യമായി നിയമം പാലിക്കാൻ എല്ലാവരും ശ്രദ്ധിക്കും. കാറിലാണെങ്കിൽ മുന്നിലിരിക്കുന്ന രണ്ടു പേരും നിർബന്ധമായും സീറ്റ് ബെൽറ്റ് ഇട്ടിരിക്കണം, അതൊരു അടിസ്ഥാനപരമായ കാര്യമാണ്. പക്ഷേ അതുപോലും ശ്രദ്ധിക്കാൻ പലരും ശ്രദ്ധിക്കാറില്ല. ഓവർടേക്കിങ് എങ്ങനെ വേണമെന്ന് നിയമമുണ്ട്, ഇതൊന്നും ആരും നോക്കാറില്ല. പക്ഷേ പൊതുവേ സ്ത്രീകൾ കുറച്ചുകൂടി ശ്രദ്ധിക്കാറുണ്ട് ഇക്കാര്യങ്ങൾ. ഇപ്പോൾ കേരളത്തിൽ സ്പീഡ് ക്യാമറകളൊക്കെ ഉണ്ടായതുകൊണ്ട് മാറ്റങ്ങൾ വന്നേക്കാം. ചെക്കിങ് നിരന്തരം ഉണ്ടെങ്കിൽ നമ്മൾ എപ്പോഴും സ്പീഡ് ഒക്കെ ചെക്ക് ചെയ്തുകൊണ്ടിരിക്കും. അതുകൊണ്ട് തന്നെ ഇത്തരം കാര്യങ്ങൾ നിർബന്ധമായി ഉണ്ടാവേണ്ടതുണ്ട്. അപ്പോൾ എല്ലാവർക്കും വളരെ എളുപ്പത്തിൽ,സ്മൂത്ത് ആയി ഡ്രൈവ് ചെയ്യാനാകും.

henna4

 

കാർ റേസിങ് പാഷൻ

 

റേസിങ് എന്റെ പാഷനാണ്. നമ്മുടെ റോഡുകൾ ഒരിക്കലും റേസിങ്ങിനു പറ്റിയ ഇടമല്ല. അതിനു ട്രാക്കുണ്ട്, അവിടെയാണ് അത് ചെയ്യേണ്ടത്. റേസിങ് ഒരിക്കലും ഭ്രാന്തോ അഹങ്കാരമോ ഒന്നുമല്ല. ഒരുപാടുപേർക്ക് അതിന് ആഗ്രഹവും ഇഷ്ടവുമുണ്ടാവും. നമുക്ക് ഇവിടെ അതിനു വേണ്ടി ലീഗൽ ആയ ബോർഡുകളുണ്ട്, അവർക്ക് നിയമങ്ങളും ലൈസൻസുമുണ്ട്. അതിനെ ലീഗൽ റേസിങ് എന്ന് പറയും. മാത്രമല്ല നമുക്ക് റേസിങ്ങിനു പറ്റിയ ട്രാക്കുകളും ഇവിടെയുണ്ട്, അത് തന്നെ പലതരം. നമ്മുടെ ആഗ്രഹങ്ങളെ മോൾഡ് ചെയ്യുന്നതിനാണ് ഇത്തരം ട്രാക്കുകളുള്ളത്. ടാർ ഇട്ട ട്രാക്കുകളടക്കം ഉണ്ട് കോയമ്പത്തൂരും മദ്രാസിലുമൊക്കെ  ഇവിടെയൊക്കെ നിയമപരമായി റേസിങ് നടത്താം. റോഡിലും സ്ട്രീറ്റിലും ഒക്കെയുള്ള റേസിങ് ആണ് അപകടം. അപ്പോൾ നമുക്ക് ചെയ്യാനുള്ളത് ലീഗൽ ആയ റേസിങ്ങുകളെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകൾ ഉണ്ടാവുക എന്നതാണ്. വണ്ടിയോടു പ്രണയം ഉണ്ടാവുന്നവർക്കും സ്പീഡിൽ ഓടിക്കുന്നവർക്കും ഒക്കെ ട്രാക്ക് സെറ്റ് ചെയ്തു കൊടുത്താൽ റോഡിൽ അവർക്ക് ഓടിക്കേണ്ടി വരില്ല. ഇതൊരു സ്പോർട്സ് ആയി തന്നെ എടുക്കണം. മോട്ടർ സ്പോർട്സിനെ മോട്ടിവേറ്റ് ചെയ്ത്, ഓഫ് റോഡ് , റാലി ക്രോസ് തുടങ്ങിയ റേസിങ്ങുകളും ചാംപ്യൻഷിപ്പുകളും വയ്ക്കാവുന്നതാണ്. ഇതൊക്കെ നിയമപരമായി തന്നെ നടത്താൻ നമുക്കാകണം. ഇതിനു വേണ്ടി ആളുകളെ നിയമിച്ച്, ഫണ്ട് റൈസിങ് നടത്തി ചെയ്യാം. പൊലീസും ആംബുലൻസും ഒക്കെ കയ്യകലത്ത് ഉണ്ടാവുകയും വേണം. ഇങ്ങനെ നിയമങ്ങളൊക്കെ പാലിച്ച് ട്രാക്ക് റേസിങ് നടത്തിയാൽ എല്ലാവർക്കും നല്ലതാണ്. ഇത്തരത്തിലുള്ള റേസിങ് ശരിയായ രീതിയിൽ ഇവിടെയും പ്രൊമോട്ട് ചെയ്യപ്പെട്ടാൽ റോഡിലെ തെറ്റായ ഡ്രൈവിങ് ഒരുപരിധി വരെ ഇല്ലാതാകും. ഒരാൾക്ക് വണ്ടി റേസ് ചെയ്യണമെന്ന് തോന്നിയാൽ അവർക്ക് അവസരങ്ങൾ ഉണ്ടെങ്കിൽ ആ വഴിയിൽ നിയമപരമായിത്തന്നെ ചെയ്യാനാകും. അപ്പോൾ അപകടങ്ങളും കുറയും. 

 

ക്രിക്കറ്റ് കുട്ടിക്കാലം മുതലേ കൂട്ടിനുണ്ട്

 

'അമ്മ ക്രിക്കറ്റർ ആയതുകൊണ്ടുതന്നെ കുട്ടിക്കാലം മുതലേ ക്രിക്കറ്റ് കൂടെയുണ്ട്.'അമ്മ സ്റ്റേറ്റ് പ്ലെയർ ആയിരുന്നു, ബോളർ ആയിരുന്നു. ഞാൻ സ്‌കൂളിൽ പഠിക്കുമ്പോൾ സ്പോർട്ട്സിൽ എനിക്ക് താൽപര്യമുണ്ടെന്ന് മനസ്സിലായി. അച്ഛനും അമ്മയും എന്നെ അന്നേ പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. ഫ്ലാറ്റിൽ ഒക്കെ ആയിരുന്നതുകൊണ്ട് കുട്ടികളൊക്കെ ക്രിക്കറ്റ് കളിക്കുന്നത് കാണുമ്പോഴേ ആവേശമാണ്. ക്രിക്കറ്റായിരുന്നു അന്നേ ആവേശം. വീട്ടിൽ ഇതാണ് നമ്മുടെ ബാക്ക്ഗ്രൗണ്ട്. ഇങ്ങനെയൊക്കെയാണ് ക്രിക്കറ്റിനോടുള്ള ഇഷ്ടം വന്നതും അതിലേയ്ക്ക് വന്നതും. കാർ പണ്ടേ ഓടിക്കുമായിരുന്നു, പക്ഷെ റേസിങ് എന്നത് തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ്. അത് അങ്ങനെ തന്നെ ചെയ്യണം. ക്രിക്കറ്റ് എന്റെ ആദ്യ പ്രണയമാണ്, അതെപ്പോഴും എന്റെ കൂടെയുണ്ട്. ഒരു അവസരം കിട്ടിയാൽ ഇനിയും ഞാൻ കളിക്കും. പക്ഷെ റേസിങ് മറ്റൊരു അനുഭവമാണ്. എന്റെ എല്ലാമാണ് അത്. എത്ര അവസരം കിട്ടിയാലും കാണാൻ അവസരം കിട്ടിയാലും ഞാൻ പോകും. 

 

കാർ റേസിങ് അച്ചടക്കം വേണ്ട ഒന്നാണ്. അതാണ് അവർ നമ്മളെ ആദ്യം പഠിപ്പിക്കുക. റാഷ് ഡ്രൈവിങ്, മറ്റൊരാളെ തട്ടിയിടുക ഇതൊന്നും പറ്റില്ല. എല്ലാ ഡ്രൈവർമാരെയും ആൺകുട്ടി, പെൺകുട്ടി എന്ന് നോക്കാതെ ബഹുമാനിക്കാനാണ് നമ്മളെ പഠിപ്പിക്കുക. സ്റ്റിയറിങ്ങിന്റെ പിന്നിലിരിക്കുന്ന ആൾ സ്ത്രീയോ പുരുഷനോ എന്നത് പ്രധാനമല്ലല്ലോ, ആരായാലും ആ ബഹുമാനം അവർക്ക് നൽകിയിരിക്കണം. കൂടെയുള്ള മത്സരാർഥിയെ ബഹുമാനിക്കാനാണ് ആദ്യം നമുക്ക് പറഞ്ഞു തരുക. റേസിങ് ഉള്ള സമയത്ത് ഒരാളെ അപകടത്തിൽപ്പെടുത്തി നിങ്ങൾക്ക് ജയിക്കാനാവില്ല, അവിടെ തോൽക്കുകയാണ് ചെയ്യുക, കാരണം അവർ എല്ലാവരെയും കൃത്യമായി മോണിറ്റർ ചെയ്യുന്നുണ്ടാവും. ആ തെറ്റ് ചെയ്തെങ്കിൽ, വേണമെന്ന് വിചാരിച്ചാണ് ചെയ്യുന്നതെങ്കിൽ റേസിങ്ങിൽ നിന്നു നിങ്ങളെ ഡിസ് ക്വാളിഫൈ ചെയ്യും. ഇത്തരത്തിലുള്ള നിർബന്ധമായ നിയമങ്ങൾ എല്ലായിടത്തും, പ്രത്യേകിച്ച് ഡ്രൈവിങ്ങിൽ ഉണ്ടാവണം. 

 

 

മുന്നോട്ടു വരട്ടെ പെൺകുട്ടികൾ.

 

നിരവധി പെൺകുട്ടികൾ കാർ റേസിങ്ങിൽ താൽപര്യമുള്ളവരുണ്ട്. അവരോടു സംസാരിക്കാറുണ്ട്. എന്ത് ഫീൽഡ് ആണെങ്കിലും ശക്തമായ ആഗ്രഹമാണ് ഉണ്ടാകേണ്ടത്. ആ പാഷൻ ഉറച്ചു കഴിഞ്ഞാൽ നമുക്ക് അതിൽ വർക്ക് ചെയ്യാനാകും. പതിനെട്ടാമത്തെ വയസ്സിൽ കാർ ഡ്രൈവ് ചെയ്യാൻ പഠിക്കാം. അതിപ്പോൾ എന്താണെകിലും ആദ്യം ഒരു ഭയമുണ്ടാകുമല്ലോ, ഇത്തരത്തിലുള്ള ഭീതികൾ മാറ്റി വച്ച് ഡ്രൈവിങ് പഠിക്കാം. ഇത് ചെയ്യാൻ പറ്റും എന്ന് വിചാരിച്ചാൽ ഉറപ്പായും ആ ആത്മവിശ്വാസമുണ്ടാകും. ശ്രമിച്ചു നോക്കിയാലേ പറ്റുമോ എന്ന് നമുക്കറിയാൻ പറ്റൂ. ആ അവസരം എപ്പോഴും എടുക്കണം, എടുത്തിട്ട് പരാജയപ്പെട്ടാലും സാരമില്ല, ശ്രമിച്ചില്ലെന്ന പശ്ചാത്താപം ഉണ്ടാവില്ലല്ലോ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com