‘അന്ന് യൂട്രസ് നീക്കം ചെയ്യേണ്ടി വന്നു, ജീവിതത്തിലേക്ക് തിരിച്ചു വന്നത് ഭാഗ്യം’: കനൽവഴികൾ താണ്ടിയ പി.ടി ഉഷ

Mail This Article
‘ഇന്ത്യയ്ക്കു വേണ്ടി സ്വർണമുണ്ടാക്കുന്ന കമ്പനി’ എന്ന് പി.ടി. ഉഷയെ വിദേശമാധ്യമങ്ങള്‍ വിശേഷിപ്പിച്ച കാലമുണ്ട്. പി. ടി. ഉഷ, ഇന്ത്യ എന്നായിരുന്നു വിേദശത്തെ ആരാധകര്‍ േപാസ്റ്റ് െചയ്യുന്ന കത്തിലെ വിലാസം.
അപ്പോഴൊക്കെയും അതിലൊന്നും ഭ്രമിക്കാതെ ഷൂലേസ് മുറുക്കികെട്ടി രാജ്യത്തിന്റെ യശസ്സ് കാക്കാൻ ഓടാന്‍ തയാറെടുക്കുകയായിരുന്നു നമ്മുടെ ‘പയ്യോളി എക്സ്പ്രസ്.’ ഓടിയോടി നേടിയെടുത്തത് നൂറിലധികം രാജ്യാന്തര മെഡലുകൾ.
പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണിൽ വിളിച്ച് ‘രാജ്യസഭാംഗമായി നാമമിർദേശം ചെയ്തു’ എന്ന വാർത്ത അറിയിച്ചപ്പോഴും പിലാവുള്ളകണ്ടി തെക്കേപറമ്പിൽ ഉഷയുടെ മുഖത്ത് പുഞ്ചിരി തന്നെ.
‘‘പ്രധാനമന്ത്രിയുടെ ശബ്ദം കേട്ടതും ആകെ പരിഭ്രമമായി. കണ്ണ് നിറഞ്ഞു. എന്താണു മറുപടി പറയേണ്ടതെന്നറിയാതെ കുഴങ്ങി. രാജ്യസഭയിലേക്ക് കായികതാരങ്ങളെ നാമനിർദേശം ചെയ്യാറുണ്ടെന്ന് അറിയാം. സച്ചിൻ തെണ്ടുൽക്കർ, മേരികോം എന്നിവരൊക്കെ അങ്ങനെ എത്തിയതാണല്ലോ. ഓടണം, ജയിക്കണം എന്നു മാത്രമേ ഞാൻ ചിന്തിച്ചിട്ടുള്ളൂ. പണമോ പ്രശസ്തിയോ ആഗ്രഹിച്ചിട്ടില്ല. എല്ലാം എന്നെ തേടി വന്നതാണ്.
ഡൽഹിയിൽ പല തവണ പോയിട്ടുണ്ടെങ്കിലും രാജ്യസഭാംഗമായി പോകുന്നത് വേറിട്ടൊരനുഭവമാണ്. രാജ്യസഭയിൽ എന്തൊക്കെയാണ് ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് പലരും ചോദിച്ചു. അവിടെ ചെന്ന് കാര്യങ്ങൾ പഠിക്കാതെ എങ്ങനെയാണ് അതിനു മറുപടി പറയുക? ചില രാഷ്ട്രീയക്കാരുടെ വിമർശനങ്ങളും ഉണ്ടായി. അവരെല്ലാം ഞാൻ ബഹുമാനിക്കുന്ന ജനകീയ നേതാക്കളാണ്. അവർക്ക് ആർക്കെതിരെയും എന്തും പറയാനുള്ള അധികാരമുണ്ട്. മറുപടി പറയാൻ ഞാനില്ല.
1985 ൽ പത്മശ്രീ കിട്ടിയതിനു പിറ്റേക്കൊല്ലമാണ് ഞാൻ ഇന്ത്യയ്ക്കു വേണ്ടി അഞ്ച് മെഡലുകൾ നേടിയത്. അതിനു തൊട്ടടുത്ത വർഷം ഏഷ്യൻ റെക്കോർഡ്സിൽ പതിനാലാം സ്ഥാനത്തു നിൽക്കുന്ന ഇന്ത്യയെ വിജയങ്ങളിലൂടെ നാലാം സ്ഥാനത്തേക്ക് കൊണ്ടുവന്നു. ഒരു വിജയത്തിനു ശേഷവും ഞാൻ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ലഭിക്കാത്ത പുരസ്കാരങ്ങളിൽ ദുഃഖമോ പരിഭവമോ ഇല്ല.
എങ്കിലും അംഗീകാരങ്ങൾ നൽകുമ്പോൾ ഞാനത് സന്തോഷത്തോടെ സ്വീകരിക്കും. രാജ്യത്തിനു വേണ്ടി നേടിയ നേട്ടങ്ങൾക്ക് നൽകുന്ന അംഗീകാരം എന്തിന് നിരസിക്കണം?
എനിക്കൊരിക്കലും പ്രത്യേക രാഷ്ട്രീയം ഇല്ല. ബിജെപി അല്ല, ഏതു പാർട്ടി ഭരിക്കുമ്പോൾ നൽകിയാലും ഞാനീ രാജ്യസഭാഗത്വം സ്വീകരിക്കുമായിരുന്നു.
കോൺഗ്രസ്സുകാർ എന്നെ സിപിഎംകാരിയാക്കും, സിപിഎമ്മുകാർ ബിജെപിയാക്കുന്നു, ബിജെപിക്കാർ ഞാൻ സിപിഎം ആണെന്നു ചിന്തിക്കുന്നു. ഇതു കാലങ്ങളോളമായി നിലനിന്നു വരുന്ന കാര്യമാണ്. ഈ വാർത്തയറിഞ്ഞു സുഹൃത്തുക്കളും സ്പോർട്സ് ഇഷ്ടപ്പെടുന്ന രമേശ് ചെന്നിത്തല, എ.കെ. ബാലൻ എന്നിങ്ങനെ കുറച്ചുപേർ വിളിച്ചിട്ടുണ്ടെന്നല്ലാതെ മറ്റാരും വിളിച്ചിട്ടില്ല. വിളിക്കാത്ത ആളുകളുടെ മനസ്സിൽ സ്പോർട്സിന് അത്ര പ്രാധാന്യം തോന്നാത്തതു കൊണ്ടാകും. അതിലൊന്നും പരിഭവമില്ല. എന്റെ മനസ്സിൽ സ്േപാർട്സാണ് എല്ലാം. രാജ്യത്തിനു വേണ്ടി ഞാൻ നഷ്ടപ്പെടുത്തിയ സ ന്തോഷങ്ങളും ആഗ്രഹങ്ങളും എന്റെ മാത്രം വ്യക്തിപരമായ നഷ്ടങ്ങളാണ്.
നിറങ്ങൾ ഇഷ്ടപ്പെട്ട കുട്ടിക്കാലം
അച്ഛൻ ഇ.പി.എം. പൈതലിനും അമ്മ ടി.വി. ലക്ഷ്മിക്കും ആറുമക്കളായിരുന്നു. രണ്ടാമത്തെയാളാണ് ഞാൻ. അച്ഛന്റെ ഇഷ്ട മകൾ. നാലു വയസ്സില്‍ ശിവരാത്രി ആ ഘോഷത്തിന് അച്ഛൻ വാങ്ങിത്തന്ന ഉടുപ്പ് ഇഷ്ടപ്പെടാതെ വാശിപിടിച്ചു കരഞ്ഞതൊക്കെയോർമയുണ്ട്. അന്നു ചേച്ചി സീതയ്ക്കു കിട്ടിയത് ഇത്തിരി പളപളപ്പുള്ള നീല ഉ ടുപ്പായിരുന്നു. എന്റെ ഉടുപ്പിനെ തിരിഞ്ഞൊന്നു നോക്കുകപോലും ചെയ്യാതെ ഞാൻ നീല ഉടുപ്പിനു വേണ്ടി നിലവിളിക്കാൻ തുടങ്ങി. വിദേശത്തുനിന്നു വന്ന ആരോ അച്ഛനു വിറ്റ തുണിയാണ്. അത്തരമൊന്നു വീണ്ടും കിട്ടാൻ നിർവാഹമില്ല.
അച്ഛൻ ആ രാത്രി തന്നെ പുതിയ ഉടുപ്പു തപ്പിയിറങ്ങി. മിന്നുന്ന റോസ് നിറത്തിൽ അറ്റത്ത് സ്വർണ്ണക്കരയുള്ള നിറയെ ഞൊറികളുള്ള ഉടുപ്പുമായിട്ടാണ് മടങ്ങി വന്നത്.
നിറങ്ങളോട് ഭ്രമമായിരുന്നു എനിക്ക്. എട്ടാം വയസ്സിൽ സ്പോർട്സിൽ വന്നതോടു കൂടി ജീവിതത്തിൽ പലതരം ജഴ്സികൾ മാത്രമായി. യാത്ര ചെയ്യുമ്പോൾ, പരിശീലനസമയത്ത്, ട്രാക്കിൽ, വിജയപീഠത്തിൽ..
അന്ന് ബന്ധുവീടുകളിലെ കല്യാണങ്ങള്‍ക്കൊന്നും പ ങ്കെടുത്തിട്ടില്ല. പിറന്നാൾ ആഘോഷിക്കുകയോ ഇഷ്ടമുള്ള ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ല. ചെറി, ജിലേബി, മൈസൂർപാക്ക് ഒക്കെ വലിയ ഇഷ്ടമായിരുന്നു. രണ്ടരപതിറ്റാണ്ടോളം അതൊന്നും സ്വാദു നോക്കാൻ പോലും കഴിഞ്ഞിട്ടില്ല.