ഒരു വ്യക്തിയുടെ സ്വത്വം, അതെന്താണെങ്കിലും അവരെന്താണോ അങ്ങനെത്തന്നെയാണ് ബഹുമാനം നൽകേണ്ടത്. പുരുഷൻ, സ്ത്രീ എന്നിങ്ങനെയുള്ള കള്ളികളിൽ ജെൻഡർ എന്നത് ഒതുക്കി നിർത്താൻ ആവില്ലെന്ന് കഴിഞ്ഞ കുറെ കാലങ്ങളായി വന്ന ചർച്ചകളിലൂടെയും കാഴ്ചകളിലൂടെയും സമൂഹം മനസിലാക്കി വരുന്നുണ്ട്. മാറ്റങ്ങൾ കുടുംബങ്ങളിൽ പോലും വന്നിട്ടുണ്ട്. തങ്ങളുടെ കുഞ്ഞു ജെൻഡർ വിഷയത്തിൽ അമ്പരപ്പുള്ളവരെന്നുറപ്പായാൽ പുതിയ തലമുറയിലെ മാതാപിതാക്കൾക്ക് എന്താണ് ചെയ്യേണ്ടതെന്നിപ്പോൾ അറിയാം. ഒരു വ്യക്തിയുടെ വ്യക്തിത്വം എന്നത് സമൂഹം കാണുന്ന ജെൻഡർ എന്ന കാഴ്ചയിലല്ലെന്നും അതിനപ്പുറം വ്യത്യസ്തതയാർന്ന നിരവധി മനുഷ്യരുണ്ടെന്നും അവർക്കും അവകാശങ്ങളും നിലപാടുകളും ഉണ്ടെന്നും സമൂഹം പഠിച്ചുകൊണ്ടിരിക്കുന്നു. എന്നാലിപ്പോഴും നീതി നിർവഹണം നടപ്പാക്കേണ്ട താക്കോൽ സ്ഥാനങ്ങളിലിരിക്കുന്നവർക്ക് എന്താണ് ജെന്‍ഡർ എന്നും ലിംഗ നീതി എന്നും തിരിച്ചറിവില്ലാതിരിക്കുന്നത് ഒരുതരം അശ്ലീലമാണ്.
കഴിഞ്ഞ ദിവസം മോഡലും മേക്കപ്പ് ആർട്ടിസ്റ്റുമായ ദീപാ റാണി ശിവൻകുട്ടി അവർക്കുണ്ടായ അനുഭവം സോഷ്യൽ മീഡിയയിലൂടെ തുറന്നു പറഞ്ഞിരുന്നു. ട്രാൻസ്‌ജെൻഡർ ആക്ടിവിസ്റ്റ് കൂടിയായ ദീപ തനിക്കു നേരിട്ട ഒരു സാമൂഹിക ബുദ്ധിമുട്ടിനെതിരെ പരാതി കൊടുക്കാൻ പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് അപമാനിക്കപ്പെട്ടത്. ദീപ സംസാരിക്കുന്നു.

അപമാനിക്കപ്പെട്ടത് ഞാൻ മാത്രമല്ല
കുറച്ചു ദിവസമായി ഫോണിലൂടെ ഒരാൾ തെറി വിളിയാണ്. എന്നെ മാത്രമല്ല എന്റെ അമ്മയെയും വളരെ മോശമായാണ് അയാൾ അഭിസംബോധന ചെയ്യുന്നത്. ആദ്യം ഞാൻ അവഗണിക്കുകയായിരുന്നു. പരാതി കൊടുക്കണമെന്ന് തോന്നിയെങ്കിലും ശല്യം ഒരുപാടൊന്നും ഉണ്ടാകില്ലെന്ന് കരുതി മിണ്ടാതിരുന്നു. എന്നാൽ അയാൾ വീണ്ടും നിർത്താൻ ഉദ്ദേശമുണ്ടായിരുന്നില്ല. എന്നെ പറഞ്ഞാലും സാരമില്ല, വീട്ടുകാരെ പറയുന്നത് എനിക്കിഷ്ടമല്ല. അവിടെ ഞാൻ പ്രതികരിക്കും. ആർട്ടിസ്റ്റ് ആയതുകൊണ്ട് തന്നെ പലരും നമ്പർ അനാവശ്യമായി ഉപയോഗിക്കുന്നുണ്ട്. ട്രാൻസ്‌ജെന്‍ഡർ ആയതിനാൽ എന്തും ആകാം എന്ന തോന്നലുള്ളതുകൊണ്ടാവും കിട്ടുന്ന നമ്പർ വിളിക്കുകയും അനാവശ്യം പറയുകയും ചെയ്യുന്നത്. സാധാരണ ആളുകൾ വിളിച്ചാൽ നിങ്ങൾക്ക് നമ്പർ മാറിയതായിരിക്കും, എന്നൊക്കെ പറഞ്ഞു വയ്ക്കുകയാണ് പതിവ്, പക്ഷേ, ഇയാൾ ഫ്രോഡ് ആയതുകൊണ്ടാവും തെറി വിളിയിലേക്ക് നീങ്ങിയത്. അങ്ങനെ സഹികെട്ടാണ് കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കാൻ തീരുമാനിക്കുന്നത്.
എടാ അല്ല എടീ എന്ന് വിളിക്കണം!
സ്റ്റേഷനിലെ പൊലീസുകാരെ പലരെയും അറിയുന്നതാണ്. എല്ലാവരും വളരെ മാന്യമായും സ്നേഹത്തോടെയുമാണ് പെരുമാറിയിട്ടുള്ളതും. ട്രാൻസ്‌ജെൻഡർ എന്താണെന്നും അവർക്കൊക്കെ നന്നായി അറിയാം. ഞാൻ കൂടുതലും ഇത്തരത്തിൽ ഫോൺ വിളികളും ഐഡന്റിറ്റി ചോദ്യം ചെയ്യലും ഒക്കെ ബന്ധപ്പെട്ടിട്ടാണ് ഇതിനു മുൻപ് സ്റ്റേഷനിൽ പോയിട്ടുള്ളത്. കോഴിക്കോടുള്ള പോലീസുകാർ പൊതുവെ സഹാനുഭൂതിയോടെ പെരുമാറാറുമുണ്ട്. പക്ഷേ, ഈ പരാതിയുമായി ഞാൻ സ്റ്റേഷനിൽ ചെന്നപ്പോൾ പുതിയ സിഐ ആയിരുന്നു പരാതി കേട്ടത്. ആദ്യം വളരെ ശ്രദ്ധയോടെയും താൽപര്യത്തോടെയും പരാതി കേട്ട സി ഐ ഞാൻ ട്രാൻസ്ജെൻഡർ ആണോ എന്ന് ചോദിച്ചു. ആണെന്ന് കേട്ടതോടെ അതുവരെയുണ്ടായിരുന്ന രീതി മാറി. പിന്നീട് അയാൾ പറഞ്ഞ വാചകം വളരെ അപമാനകരമായിരുന്നു. "അത് നിന്റെ കസ്റ്റമേഴ്‌സിൽ ആരെങ്കിലുമായിരിക്കും" എന്നാണു അയാൾ പറഞ്ഞത്. അതെന്താ സർ അങ്ങനെ പറഞ്ഞത് എന്ന് ചോദിച്ചപ്പോൾ വളരെ മോശമായി ആണ് ട്രാൻസ്ജെൻഡേഴ്സ് കമ്യുണിറ്റിയെ ഉൾപ്പെടെ എന്നെ അധിക്ഷേപിച്ചത്. ട്രാൻസ് എല്ലാവരും സെക്സ് വർക്കേഴ്സ് ആണ് എന്ന നിലയിലായിരുന്നു സംസാരം. അതിനെതിരെ ഞാൻ പ്രതിഷേധിക്കുകയും ചെയ്തു. മാത്രമല്ല സംസാരത്തിൽ ഉടനീളം എന്നെ എടാ എന്ന് അഭിസംബോധന ചെയ്താണ് സംസാരിച്ചത്. താങ്കൾ താങ്കളുടെ ഭാര്യയെയും പെങ്ങളേയുമൊക്കെ എടാ എന്നാണോ വിളിക്കുന്നത് എന്ന് ഞാൻ ചോദിച്ചു. അപ്പോൾ അവർ സ്ത്രീകളാണ് എന്നായിരുന്നു മറുപടി. അപ്പോൾ ഞാനും സ്ത്രീയാണ് എന്നെയും അങ്ങനെ വിളിക്കണം എന്നും ഞാൻ പറഞ്ഞു. പക്ഷേ, എത്ര പറഞ്ഞിട്ടും അയാൾക്കത് മനസ്സിലായെന്നു തോന്നിയില്ല.

ബോധവത്കരണത്തിന്റെ കുറവുള്ള ഉദ്യോഗസ്ഥർ
ഒരു ട്രാൻസ്‌ജെൻഡർ, അവർ ഏതു ജോലിയോ ചെയ്യട്ടെ. ചിലപ്പോൾ സെക്സ് ജോലി ആയിരിക്കാം ചെയ്യുന്നത്. എന്ത് തന്നെ ആയാലും ഒരു പരാതിയുമായി നീതിക്കുവേണ്ടി പോലീസ് സ്റ്റേഷനിൽ പോകുമ്പോൾ അവർ അത് പ്രതീക്ഷിക്കുകയും ചെയ്യും. അത്തരക്കാരോട് ഉദ്യോഗസ്ഥർ മോശമായി പെരുമാറുന്നത് എന്ത് മര്യാദയാണ്! അവിടെയുള്ള ഉദ്യോഗസ്ഥർ തന്നെ പറഞ്ഞത് സിഐ പുതിയ ആളാണ്. ജെൻഡർ ഐഡന്റിറ്റിയെക്കുറിച്ചൊന്നും അദ്ദേഹത്തിന് വലിയ ധാരണയില്ല എന്നാണ്. അയാൾ മുൻപിരുന്ന വടകര സ്റ്റേഷനിൽ ഇത്തരം കേസുകളിൽ ഇടപെടൽ ഉണ്ടായിട്ടുണ്ടായിരിക്കില്ല എന്നാണ് അവർ പറഞ്ഞത്. ശരിയായിരിക്കാം. എന്നാൽ ഉദ്യോഗസ്ഥർക്ക് പ്രത്യേകിച്ച് സമൂഹത്തിലെ പ്രതികളെയും ക്രമാസമാധാനത്തെയും ശ്രദ്ധിക്കുന്ന ഉദ്യോഗസ്ഥർക്ക് എന്താണ് ട്രാൻസ്‌ജെൻഡർ, അവരോടു എങ്ങനെയാണ് പെരുമാറേണ്ടതെ നിന്നൊക്കെയുള്ള ബോധവത്കരണം ഉണ്ടാകേണ്ടത് അത്യാവശ്യമല്ലേ?
നേരിട്ടത് പരിഹാസം; പരാതി നൽകി
സോഷ്യൽ മീഡിയയിൽ ഞാൻ ഈ വിഷയം അപ്പോൾ തന്നെ ലൈവ് ഇട്ടിരുന്നു. സിഐ അങ്ങനെ സംസാരിക്കുമ്പോൾ അവിടെ നിന്ന് നാലഞ്ച് സ്ത്രീകൾ ഉൾപ്പെടെയുള്ളവർ പരിഹാസത്തോടെ ചിരിക്കുകയാണുണ്ടായത്. അയാൾ പറഞ്ഞത് എല്ലാമൊന്നും റെക്കോർഡ് ചെയ്യാനായില്ല. ഞാൻ ആദ്യം തന്നെ ഇത് കേട്ടപ്പോൾ ഷോക്ക് ആയിപ്പോയിരുന്നു. പിന്നീട് തെളിവിനു വേണ്ടിയാണ് അവസാനം ഷൂട്ട് ചെയ്തത്. അതിനും എതിർപ്പുണ്ടായിരുന്നു. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തപ്പോൾ എല്ലാവരും ഒപ്പം നിൽക്കുകയാണ് ചെയ്തത്. അവിടെ നിന്ന് അങ്ങനെ മോശമായ അനുഭവങ്ങളൊന്നും എനിക്കുണ്ടായിട്ടില്ല. ഞാനൊരു മോഡലാണ്. എന്റെ ജോലിയിൽ വളരെയേറെ അഭിമാനത്തോടെ നിൽക്കുന്ന ഒരാൾ. ഇപ്പോൾ രെഞ്ചു രെഞ്ചിമാരിൽ നിന്ന് മേക്കപ്പ് പഠിച്ചു, ഇനി അതിലും കരിയർ ബിൽഡ് ചെയ്യണമെന്നുണ്ട്. അങ്ങനെ വളരെ തിരക്കിലും എന്റേതായ കാര്യങ്ങളിലും ഞാൻ നടക്കുകയാണ്. അതെല്ലാം ഞാൻ ഇഷ്ട പേജിൽ ഷെയർ ചെയ്യാറുമുണ്ട്. നൂറു പേരിൽ ഒന്നോ രണ്ടോ പേരാണ് മോശമായി അവിടെ അഭിപ്രായം പറയുക. ബാക്കി എല്ലാവരും കൂടെ നിന്ന് അഭിനന്ദിക്കുന്നവരും പ്രചോദനം നൽകുന്നവരുമാണ്. എല്ലാവരും പറഞ്ഞത് സിഐക്കെതിരെ പരാതി കൊടുക്കാനാണ്. അതുകൊണ്ടു തന്നെ നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് എന്റെ തീരുമാനം. സംഭവവുമായി ബന്ധപ്പെട്ട് കോഴിക്കോട് നടക്കാവ് സിഐ ജിജീഷിനെതിരെ ദീപാ റാണി കോഴിക്കോട് സിറ്റി പൊലീസ് കമ്മിഷണർക്ക് പരാതി നൽകി.

നീതി നിഷേധമുണ്ടായാൽ ട്രാന്‍സ്ജെൻഡേഴ്സിനും പ്രതിഷേധിക്കാനുള്ള അവസരമുണ്ട്. അവർക്കും ബഹുമാനത്തിനും ആദരവിനും അർഹതയുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു. മാന്യമായാണ് ഞങ്ങൾ ജീവിക്കുന്നത്, ഞങ്ങളുടെ ജെൻഡറിനെ മനസിലാക്കി പ്രതികരിച്ചില്ലെങ്കിലും മോശമായി പ്രതികരിക്കാതിരിക്കാനാകണം. പ്രത്യേകിച്ച് പൊലീസിനെ പോലെയുള്ള ഉദ്യോഗസ്ഥരിൽ നിന്ന് കുറച്ചു കൂടെ മാന്യതയും തിരിച്ചറിവും പ്രതീക്ഷിക്കുന്നുമുണ്ട്. എല്ലാവരും ഒരിക്കലും മോശക്കാരല്ല, ഞാൻ പറഞ്ഞതുപോലെ കുറച്ചു പേരെ ഉണ്ടാകൂ, പക്ഷെ അവർക്കും തിരിച്ചറിവ് ഉണ്ടാവണം.
English Summary: Interview With Transgender Deepa Rani