ADVERTISEMENT

കർമ മേഖലയിൽ പുരുഷന്മാരെക്കാൾ വിമർശിക്കപ്പെടാറുള്ളത് സ്ത്രീകളാണ്. വനിതകൾ ഭരണത്തിന്റെ ചുക്കാൻ പിടിക്കുമ്പോൾ അവിടെ വിമര്‍ശനങ്ങളും കൂടുന്നു. സൈബറിടങ്ങളിൽ അടുത്തിടെ അത്തരത്തിൽ നിരന്തരമായി വിമർശനങ്ങൾ നേരിട്ട വ്യക്തിയാണ് പത്തനംതിട്ട ജില്ലാ കലക്ടർ ദിവ്യ എസ്. അയ്യർ. ജില്ലാകലക്ടറുടെ ഒഫീഷ്യൽ പേജിൽ കുഞ്ഞിനൊപ്പമുള്ള ചിത്രം പങ്കുവച്ചതിന്റെ പേരിലും ശബരിമലയുമായി ബന്ധപ്പെട്ട പൊതുപരിപാടിയിൽ ശരണം വിളിച്ചതിന്റെ പേരിലും രൂക്ഷമായ വിമർശനങ്ങൾ നേരിടേണ്ടി വന്നു ദിവ്യക്ക്. ഒരു കലക്ടറെന്ന നിലയിൽ തന്റെ ജീവിതത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് ദിവ്യ എസ്. അയ്യർ മനോരമ ഓൺലൈൻ ‘ഷീ ടോക്കി’ലൂടെ. ഒപ്പം വിമർശനങ്ങൾക്കുള്ള മറുപടിയും നൽകുന്നു. 

വാടക വീട്ടിലെ കുട്ടിക്കാലം

കുട്ടിക്കാലത്ത് അച്ഛനും അമ്മയും എനിക്കു നൽകിയ സ്വാതന്ത്ര്യം വളരെ വലുതാണ്. അവർ ഒരിക്കലും എന്നോട് അത് നിന്നെകൊണ്ട് കഴിയില്ല എന്ന രീതിയിൽ പ്രതികരിച്ചിട്ടില്ല. ഒരു ആഗ്രഹം പറയുമ്പോൾ അതിനു കൂടെ നിൽക്കുന്നവരും പ്രോത്സാഹിപ്പിക്കുന്നവരുമായിരുന്നു എന്റെ മാതാപിതാക്കൾ. കുട്ടിക്കാലം തിരുവനന്തപുരത്തായിരുന്നു. അവിടെ ഒരു വാടകവീട്ടിലാണ് ഞാൻ ജനിച്ചത്. പത്തുവർഷക്കാലം അവിടെയായിരുന്നു. അതൊരു സാധാരണ വാടകവീട് ആയിരുന്നില്ല. സെക്രട്ടേറിയറ്റിനു തൊട്ടുപിറകിലായിരുന്നു ആ വീട്. ഇപ്പോൾ ആ വീട് അവിടെയില്ല. ബഹുനിലകെട്ടിടങ്ങളാണ് ഉള്ളത്. ഔദ്യോഗിക ആവശ്യങ്ങൾക്കായി സെക്രട്ടേറിയറ്റിലേക്കു പോകുമ്പോൾ ബാല്യകാലത്തെ ആ ഓർമകൾ എനിക്കു വലിയ ഊർജം പകരാറുണ്ട്. 

ഡോക്ടറായ ബ്യൂറോക്രാറ്റ്

ചെറുപ്പകാലം മുതൽ തന്നെ ഐഎഎസ് എന്നൊരു മോഹം മനസ്സിലെവിടെയോ ഉണ്ടായിരുന്നു. അക്കാലത്ത് ഡോ. ബാബു പോളിനെ നേരിൽ കാണുവാനും അദ്ദേഹത്തിൽ നിന്ന് ഒരു സമ്മാനം വാങ്ങുവാനുമുള്ള അവസരം ഉണ്ടായി. അന്നുമുതല്‍ എന്നെങ്കിലും അദ്ദേഹത്തെ പോലെയൊക്കെ ആകണമെന്ന ഒരു ചിന്ത മനസ്സിൽ വന്നു. പഠിക്കാൻ തുടങ്ങിയപ്പോൾ ശാസ്ത്ര വിഷയങ്ങളോട് ഒരിഷ്ടം തോന്നി. പ്രത്യേകിച്ച് ബയോളജിയോട്. സമൂഹ്യ സേവനവും ബയോളജിയും ഒരുമിച്ചു വരുന്ന ഒരു മേഖല എംബിബിഎസ് ആണ്. സിഎംസി വെല്ലൂരിൽ എംബിബിഎസ് പഠിക്കാൻ കഴിഞ്ഞത് എനിക്കു കിട്ടിയ ഭാഗ്യമായി കരുതുന്നു. ഞാനെന്ന വ്യക്തിയെ പരിവർത്തനപ്പെടുത്തിയ കാലമാണ് അത്. അവിടത്തെ അധ്യാപകരും കൂടെയുണ്ടായിരുന്നവരും എനിക്കുള്ളിൽ ഒരു നേതൃപാടവമുണ്ടെന്നു കണ്ടെത്തിയതും അവരായിരുന്നു. 

രാഷ്ട്രീയ നേതാവുമായുള്ള വിവാഹം

വിവാഹം കഴിക്കുമ്പോൾ രാഷ്ട്രീയത്തേക്കാൾ കൂടുതൽ വ്യക്തികൾ തമ്മിലുള്ള ബന്ധമാണല്ലോ പ്രധാനം. പക്ഷേ, ഞങ്ങൾ ആദ്യം കണ്ടതും ഒരു ഔദ്യോഗിക യോഗത്തിലായിരുന്നു. അന്ന് വളരെ ഔദ്യോഗികമായ സംഭാഷണം മാത്രമായിരുന്നു അന്ന് നടന്നത്. പിന്നീട് അതിനു ശേഷം വീണ്ടും അദ്ദേഹത്തിന്റെ മണ്ഡലത്തിൽ ഒരു മെഡിക്കൽ ക്യാംപിൽ പോയിരുന്നു. അന്നാണ് ഞാൻ എന്ന വ്യക്തി അദ്ദേഹത്തിന്റെ ശ്രദ്ധയിൽപ്പെട്ടതെന്നു തോന്നുന്നു. വീട്ടിലിരിക്കുമ്പോൾ ജോലിയെ കുറിച്ചു സംസാരിക്കാറില്ല. അത് വിവാഹത്തിനു മുന്‍പു തന്നെ പറഞ്ഞിരുന്നു. 

എന്റെ രാഷ്ട്രീയ ബോധം

വോട്ടു ചെയ്യുന്നതിനപ്പുറം എനിക്കൊരു രാഷ്്ട്രീയം കുട്ടിക്കാലത്തുണ്ടായിരുന്നില്ല. രാഷ്ട്രീയത്തെ കുറിച്ചു വലിയ അറിവൊന്നുമില്ലാത്ത ഒരു സാധാരണ മധ്യവർഗ കുടുംബമായിരുന്നു എന്റേത്. നിലവിൽ എന്റെ ഉദ്യോഗമാണ് എന്റെ രാഷ്ട്രീയം. സർക്കാരിന്റെയും കോടതിയുടെയും നിർദേശങ്ങളും നിയമത്തിനു തുല്യമായ ഏതൊരു ശ്രുതിയും അതാണ് എന്റെ രാഷ്ട്രീയം

വെല്ലുവിളികൾ നേരിടുന്ന ജില്ല

മറ്റുള്ള ജില്ലകളിൽ നിന്നും വ്യത്യസ്തമായ വെല്ലുവിളികളും ക്ലേശഘട്ടങ്ങളുമാണ് നമ്മൾ പത്തനംതിട്ടയിൽ നേരിടുന്നത്. പ്രളയം, ശബരിമല, മാരാമൺ കൺവെൻഷൻ അങ്ങനെ എന്തുതന്നെയായാലും വ്യത്യസ്തമായ രീതിയിലുള്ള പ്രവർത്തനങ്ങളുള്ള ജില്ലയാണ് പത്തനംതിട്ട. മലയോരപ്രദേശങ്ങൾ ഏറെയുള്ള ജില്ലയാണ്. ഏറ്റവും കൂടുതൽ വിദേശ പൗരന്മാരും വയോധികരുമുള്ള ജില്ലയാണ് പത്തനംതിട്ട. പലസവിശേഷതകളുള്ള ജില്ലയായതിനാൽ വെല്ലുവിളികളും കൂടുതലായിരിക്കും. അത് തരണം ചെയ്യാൻ കൂടുതൽ പരിശ്രമങ്ങളും ആവശ്യമാണ്. 

വനിതാ സംഘടനകളുടെ ആവശ്യം

വനിതകൾക്കു സംഘടനകൾ അനിവാര്യമാണ്. സ്ത്രീകൾക്കു ചുറ്റുമുള്ള വരിഞ്ഞുകെട്ടുന്ന കടിഞ്ഞാൺ പലപ്പോഴും അവരുടെ താത്പര്യപ്രകാരമാകണമെന്നില്ല. പലപ്പോഴും സമൂഹവും സന്ദർഭങ്ങളും അവരുടെ താത്പര്യത്തിനെതിരായി വരിഞ്ഞു കെട്ടുന്നതായിരിക്കും. അല്ലെങ്കിൽ ബോധപൂർവം അവരെ സമ്മതിപ്പിച്ചെടുക്കുന്നതായിരിക്കും. അത്തരംഘട്ടങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീകൾ നമുക്കു ചുറ്റിലും ഉണ്ട്. അതിൽ നിന്ന് ഒരു മോചനം ലഭിക്കാനായി ഇത്തരം സംഘടനകൾ ആവശ്യമാണ്. 

സ്ത്രീ എന്ന രീതിയിൽ സംരക്ഷണം കിട്ടണമെന്നില്ല

എനിക്കു സ്വന്തമായി ഫേസ്ബുക്ക് പേജ് ഇല്ല. അധികനേരം സമൂഹമാധ്യമങ്ങളിൽ പേജില്ല. ശബരിയും മറ്റുള്ളവരും അയച്ചു തരുമ്പോഴാണ് ഞാൻ അറിയുന്നത്. ഔദ്യോഗിക പേജായതുകൊണ്ടു തന്നെ അത്തരത്തിലുള്ള ആക്രമണങ്ങൾക്ക് ഞാൻ കൂടുതൽ പ്രാധാന്യം നൽകാറില്ല.  ആക്രമണങ്ങളെ പലപ്പോഴും അവഗണിക്കുകയാണു പതിവ്. ഒരുസാധാരണ സ്ത്രീ കടന്നുപോകുന്ന എല്ലാഘട്ടങ്ങളിലൂടെയും ഞാൻ കടന്നു പോയിട്ടുണ്ട്. കലക്ടറായതുകൊണ്ട് ഒരിക്കലും ഞാൻ എന്ന സ്ത്രീ ആക്രമിക്കപ്പെടാതിരിക്കില്ല. കുറച്ചുപേർക്കെങ്കിലും അങ്ങനെ ഒരു ധാരണയുണ്ട്. കലക്ടറായതുകൊണ്ട് സംരക്ഷിത മേഖലയിലാണെന്നു കരുതുന്നവരുണ്ട്. ഏതൊരു സ്ത്രീയും കടന്നു പോയിട്ടുള്ള കടന്നുപോകാവുന്ന ചൂഷണങ്ങളുടെ സാഹചര്യം എനിക്കുണ്ടായിട്ടുണ്ട്. തുടർന്നും ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്. ഒരു കലക്ടറെന്ന നിലയിൽ എനിക്കു സംരക്ഷണം ലഭിക്കും പക്ഷേ, ഒരു സ്ത്രീ എന്ന നിലയിൽ അതുലഭിക്കണമെന്നില്ല. ഒഫീഷ്യൽ പേജിൽ പോലും അശ്ലീലം എഴുതി വയ്ക്കുന്ന വ്യക്തികളുണ്ട്. 

സോഷ്യൽ മീഡിയ വിവാദം

കുഞ്ഞിനോടൊപ്പമുള്ള ചിത്രം പ്രൊഫൈൽ പിക്ചറാക്കിയിരുന്നു. ആരും പറഞ്ഞതുകൊണ്ടല്ല അതു മാറ്റിയത്. മലകയറുന്ന കുഞ്ഞുങ്ങൾക്ക് ഒരു സുരക്ഷിതത്വം ഉറപ്പു വരുത്തുന്നതുമായി ബന്ധപ്പെട്ടാണ് സോഷ്യൽ മീഡിയ പേജ് കൈകകാര്യം ചെയ്യുന്നവർ ആ ചിത്രമിട്ടത്. അതില്‍ കുഞ്ഞിന്റെ മുഖം പോലും കാണുന്നുണ്ടായിരുന്നില്ല. പക്ഷേ, ആ ചിത്രത്തിന്റെ ഉദ്ദേശശുദ്ധി ചിലർക്കു മനസ്സിലായില്ല. അത് സമൂഹത്തിന്റെ ഒരു പ്രത്യേകതയായാണ് കാണേണ്ടത്. പത്തുപേർ ഒരേ അഭിപ്രായം പറയുമ്പോൾ പതിനൊന്നാമത് വരുന്നയാണ് അതേ അഭിപ്രായം പറയുമ്പോള്‍ ചിലപ്പോൾ അതുകേൾക്കാൻ നമുക്ക് അത്രയും ആവേശം ഉണ്ടാകണമെന്നില്ല. പിന്നെ ഇത്തരം അഭിപ്രായങ്ങൾ വരുമ്പോഴാണല്ലോ നമ്മൾ കൂടുതൽ ജാഗ്രതയുള്ളവരാകുന്നത്. 

English Summary: Pathanamthittta District Collector Divya S Iyer About Social Media Attack Against Her

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com