ADVERTISEMENT

പതിനാലു വർഷം മുൻപാണ്. കൃത്യമായി പറഞ്ഞാൽ 2008ൽ. ഒരുപാട് പ്രതീക്ഷകളോടെ, സ്വപ്നങ്ങളോടെയാണ് ആ പെൺകുട്ടി യാത്ര ആഗ്രഹിച്ചത്. മനോഹരമായ സ്വന്തം ജീവിതം, വിദേശത്തു പഠിച്ചു സ്വന്തം പേരുണ്ടാക്കുക. അതിനായി നിരന്തര പരിശ്രമം നടത്തി. പക്ഷേ നിർഭാഗ്യവശാലോ ഭാഗ്യവശാലോ ആ യാത്ര നടന്നില്ല. ആ സ്വപ്നം പൂവണിഞ്ഞില്ല.

 

പക്ഷേ ആ പെൺകുട്ടി തളർന്നില്ല. ആ സ്വപ്നം തന്നെപ്പോലെയുള്ള ഒട്ടനേകം പേരുടെ കൂടി സ്വപ്നമായി തിരിച്ചറിഞ്ഞു സാക്ഷാത്കരിക്കാനുള്ള ശ്രമങ്ങൾക്കായി പിന്നീടു ജീവിതം. ചിലർ അങ്ങനെയാണ്, മറ്റുള്ളവരുടെ പുഞ്ചിരികളിലൂടെ സ്വന്തം പുഞ്ചിരികൾ കണ്ടെത്തുന്നു. അവർ കടന്നു വരുമ്പോൾ മറ്റുള്ളവരുടെ ലോകം തന്നെ മാറുന്നു. 

നമുക്ക്, പരിചയപ്പെടാം, അത്തരമൊരു സ്ത്രീശക്തിയെ. സ്വന്തം ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും പ്രകാശം പരത്തുന്ന ഒരാൾ.

കൊച്ചിയിൽ സംരംഭക, സ്വന്തം പ്രയത്നം കൊണ്ട് കൊച്ചിയിൽ മാത്രമല്ല കോട്ടയത്തും കോഴിക്കോടും ബെംഗളൂരുവിലുമുള്ള സ്ഥാപനങ്ങളുടെ സാരഥി. രേണു അനൂപ്.

 

പ്രതിസന്ധികളിലൂടെ ജീവിത വിജയം കൈവരിച്ച രേണുവുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ.

 

∙ അടുത്ത കാലത്തായുള്ള ഒരു പ്രവണതയാണ് വിദേശത്തു പഠിക്കാൻ പോയി അവിടെ സ്ഥിര താമസമാക്കുക എന്നത്. ഈ രീതിയെ എങ്ങനെ കാണുന്നു?

renu-1

 

വളരെ പോസിറ്റീവ് ആയിട്ടാണ് എനിക്കു തോന്നുന്നത്. വിദേശത്തുള്ള യൂണിവേഴ്സിറ്റിയിൽ, പുതിയ ലോകത്തിൽ, പുതിയ അന്തരീക്ഷത്തിൽ, സംസ്കാരത്തിൽ, പുതിയ ഭാഷയിൽ പഠിക്കാനും ഇടപെടാനും സാധ്യമാകും. നമ്മുടെ കഴിവുകളും അറിവുകളും പങ്കുവയ്ക്കപ്പെടുകയും അംഗീകാരം ലഭിക്കുകയും ചെയ്യും. നമ്മുടെ ആശയവിനിമയം കൂടുതൽ മെച്ചപ്പെടുകയും വ്യക്തിത്വവികാസം ലഭിക്കുകയും ചെയ്യുന്നു. ഒപ്പം, പുതിയൊരു അനുഭവലോകമാണ് നമുക്ക് മുന്നിൽ തുറക്കപ്പെടുന്നത്.

 

നമ്മുടെ കുട്ടികളെ നാമിവിടെ നമ്മുടെ ലോകത്തിൽ വളർത്തുന്നു, അവർക്ക് ആവശ്യമായ എല്ലാം കൊടുത്തു പഠിപ്പിക്കുന്നു. ജീവിതം, ഒരു പരിധി വരെ അവർക്കു മുന്നിൽ വലിയ ബുദ്ധിമുട്ടില്ലാത്ത അവസ്ഥയിൽ കൂടി കൊണ്ടു പോകാൻ നാം ശ്രമിക്കുന്നു. അതുകൊണ്ടുതന്നെ അവർ ജീവിതത്തിന്റെ എല്ലാ മേഖലകളും അറിയാതെ പോകുന്നു. അതൊരു തെറ്റല്ല, നമ്മുടെ രീതിയാണ്. വിദേശത്തൊക്കെ കുട്ടികൾ എല്ലാം സ്വയമാണ് ചെയ്യുന്നത്. അതുകൊണ്ടു അവർ ചെറുപ്പത്തിലേ സ്വയം പര്യാപ്തത കൈവരിക്കുന്നു.

 

വിദേശത്തു പോകുന്ന കുട്ടികൾ വളരെ വേഗം സ്വയം പര്യാപ്തരാകുന്നു. പഠിക്കുന്നു, ഒപ്പം ജോലി ചെയ്യുന്നു. പഠന വീസ എടുത്തു വന്ന് ജോലി വീസ നേടി പിആർ വീസയിലേക്ക് വളരുന്ന നമ്മുടെ കുട്ടികളുടെ വളർച്ച ഞാൻ ദിനംതോറും കണ്ടു കൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വളരെ പോസിറ്റീവായിട്ടാണ് ഞാൻ ഇതിനെ കാണുന്നത്.

 

ഈ ട്രെൻഡ് ഒരു പോസിറ്റീവ് ഔട്ട്ലുക്ക് ആണ് നമ്മുടെ സമൂഹത്തിനു സമ്മാനിക്കുന്നത്. അറിവിന്റെ കാര്യത്തിലും കഴിവിന്റെ കാര്യത്തിലും നമ്മുടെ കുട്ടികൾ മിടുക്കരാണ്. കഠിനാധ്വാനികളും നിരന്തര പരിശ്രമികളുമാണവർ. കൂടുതൽ ഉത്തരവാദിത്തവും കൂടുതൽ മാനുഷിക മൂല്യങ്ങളും കാത്തു സൂക്ഷിക്കാൻ അവർക്കു സാധിക്കുന്നു. തീർച്ചയായും, വളരെയേറെ പ്രതീക്ഷാനിർഭരമാണ് ഇത്. 

 

∙ എന്തുകൊണ്ടാണ് ഈ മേഖല തിരഞ്ഞെടുത്തത്?

 

ഞാനും വിദേശത്തു പഠിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ട്. കഴിഞ്ഞില്ല. അതേക്കുറിച്ചു പറഞ്ഞു തരാൻ ആരുമുണ്ടായിരുന്നില്ല. അതുകൊണ്ടു ഞാൻ ബിബിഎയ്ക്കു ശേഷം ഇവിടെത്തന്നെ എംബിഎ ചെയ്തു. ഈ മേഖലയെപ്പറ്റി കൂടുതൽ ആഴത്തിൽ പഠിച്ചതു കൊണ്ടാകാം ഇവിടെത്തന്നെ ഞാൻ എത്തിച്ചേർന്നത്. അറിവും വിവേകവും അനുഭവവും ആണല്ലോ നമ്മളെ നമ്മളാക്കുന്നത്. 2008 ൽ ഇന്റർനെറ്റോ മറ്റ് മാധ്യമങ്ങളോ ഇല്ല. കൺസൽറ്റന്റ് പറയുന്നതാണ് നാം കേൾക്കുക. കാരണം ഇതേക്കുറിച്ച് വിശദമായും സത്യസന്ധമായും അറിയാൻ മറ്റു വഴികൾ ഒന്നുമില്ല. അതുകൊണ്ടുതന്നെ ഒരുപാട് വ്യാജവിവരങ്ങൾ ആളുകൾക്കിടയിൽ ഉണ്ടായിട്ടുണ്ട്. പറ്റിക്കപ്പെട്ടിട്ടുമുണ്ട്.

 

നമുക്കു വേണ്ടതെന്താണ്, എങ്ങനെയുള്ളതാണ്, അതിന് എന്തു ചെയ്യണം, എവിടെ ഏതു യൂണിവേഴ്സിറ്റിയിൽ എന്തു പഠിക്കണം, അതിന് എന്തെല്ലാം ചെയ്യണം, എന്തൊക്കെ രേഖകൾ വേണം ഇവയൊക്കെ കൃത്യമായി പറഞ്ഞു തരാൻ വളരെ അപൂർവമായേ അന്ന് സംവിധാനങ്ങൾ ഉള്ളൂ. അതും എവിടെനിന്നു ലഭിക്കുമെന്നും ആർക്കും അറിയുകയും ഇല്ല. അത്ര വ്യാപകമായിരുന്നില്ല എന്നതായിരുന്നു കാരണം.

അതുകൊണ്ട് തന്നെ,ആളുകൾക്ക് കൃത്യമായി ഈ മേഖലയെ കുറിച്ച് അറിവ് കൊടുക്കുക എന്നത് എന്റെ ദൗത്യമായി എനിക്ക് തോന്നി. അറിവില്ലാത്തതിന്റെ പേരിൽ, കൃത്യമായ ധാരണകൾ ലഭിക്കാത്തതിന്റെ പേരിൽ ആരുടെയും സ്വപ്നം നാശമാകരുത് എന്നു കരുതി. തീർച്ചയായും, ഈ മേഖലയിൽ ഞാൻ എത്തിപ്പെടുകയായിരുന്നു. പിന്നീട് ഇതിൽ കൂടുതൽ അറിവും അനുഭവവും കഠിനധ്വാനവും ആർജവവും നേടി.

 

പിന്നീടത് എന്റെ ലക്ഷ്യവും ദൗത്യവുമായി. ഇപ്പോൾ ഇതെന്റെ ശ്വാസം പോലെ, ജീവിതത്തിന്റെ ഭാഗം പോലെയാണ്. മുന്നിൽ നിൽക്കുന്ന ഓരോ മുഖവും എന്റെ മുഖം ആയിട്ടാണ് തോന്നുന്നത്. അന്നെനിക്കുണ്ടായ നൂറു നൂറു ചോദ്യങ്ങൾ, ഉത്തരങ്ങൾ കിട്ടാതെ ഒടുവിൽ വീർപ്പുമുട്ടൽ തോന്നിയ നിമിഷങ്ങൾ, ജീവിതാവസ്ഥകൾ. ഒരാൾക്കും അത്തരം അനുഭവം വരരുതേ എന്നു പ്രാർഥിക്കും. അവർ അർഹരെങ്കിൽ, പ്രാപ്തരെങ്കിൽ, പരിശ്രമികളെങ്കിൽ അവരുടെ സ്വപ്നം സാക്ഷത്ക്കരിക്കാൻ ഞങ്ങൾ കൂടെയുണ്ടെന്ന് ഉച്ചത്തിൽ വിളിച്ചു പറയാൻ തോന്നും. കാരണം, അനുഭവത്തോളം മറ്റൊരു ഗുരു ലോകത്തിൽ ഇല്ല; ജ്ഞാനത്തോളം മറ്റൊരു ശക്തിയും.

ഞാൻ ഈ മേഖല തിരഞ്ഞെടുത്തതായിരുന്നില്ല. അത് എന്നെ തിരഞ്ഞെടുക്കുകയായിരുന്നു എന്നു പറയാം

 

സ്കൂൾ, കോളജ് വിദ്യാഭ്യാസം, കരിയർ, അനുഭവങ്ങൾ വിശദമായി പറയുമോ? അവ ജീവിതത്തിൽ എങ്ങനെയെല്ലാം ഉപയോഗപ്രദമായിട്ടുണ്ട്?

renu2

 

പ്ലസ്ടു വര പത്തനംതിട്ടയിലെ റാന്നിയിലും മറ്റുമായിരുന്നു. പിന്നെ ബിബിഎ റായ്പുരിൽ നിന്നും എംബിഎ പുണെയിൽ നിന്നും. 2008 ൽ ബെംഗളൂരുവിൽ ജോലി കിട്ടി. പല കമ്പനികളിൽ ജോലി ചെയ്തു. 2013 മുതൽ 2015 വരെ ബെംഗളൂരുവിൽ സ്വന്തമായി തുടങ്ങിയ ഒരു സ്ഥാപനത്തിന്റെ ഡയറക്ടർ ആയിരുന്നു 2015 ൽ ആണ് തിരിച്ചു കൊച്ചിയിൽ വരുന്നതും ഇവിടെ ഗോഡ്സ്പീഡ് ഇമിഗ്രേഷൻ എന്ന കമ്പനി തുടങ്ങിയതും.

 

ഇതിനിടയിൽ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ ഉള്ള ഒരുപാട് ആളുകളുമായി ഇടപഴകി. പഞ്ചാബി, കന്നഡ, തെലുങ്ക്, തമിഴ്, ഹിന്ദി  അങ്ങനെ മിക്ക ഭാഷകളും വശത്താക്കി. ഈ ഭാഷാ പരിജ്ഞാനം എന്റെ കരിയറിൽ ഒരുപാട് ഉപകാരപ്പെട്ടു. മറ്റു ഭാഷകളെ അറിയുക വഴി, ആ സംസ്‌കാരങ്ങളെയും അവരുടെ ജീവിതാഭിരുചികളെയും അറിയാനും ഉൾക്കൊള്ളാനും കഴിഞ്ഞു. തിരിഞ്ഞു നോക്കുമ്പോൾ എനിക്കു സന്തോഷമുണ്ട്. അഭിമാനമുണ്ട്. മറ്റൊന്നും കൊണ്ടല്ല, ആത്മവിശ്വാസം കൊണ്ട്. ഈ ആത്മവിശ്വാസം ഇല്ലായിരുന്നെങ്കിൽ എനിക്ക് ഈ ഞാൻ ആവാൻ പറ്റുമായിരുന്നോ? അറിയില്ല.

 

ഏതു ജീവിത പ്രതിസന്ധികളെയും തടസങ്ങളെയും നേരിടാനും ശാന്തമായ മനസ്സോടെ അതിജീവിക്കാനുമുള്ള പക്വത, തുറന്ന മനസ്സ് എനിക്കു ലഭിച്ചത് ഞാൻ സഞ്ചരിച്ച ഈ വഴികൾ കൊണ്ടാകാം.അത്ര പെട്ടെന്ന് പ്രശ്നങ്ങളിൽ പെട്ട് തകരുകയോ തളരുകയോ ഇല്ല. എനിക്ക് താങ്ങാൻ പറ്റുന്ന പ്രശ്നങ്ങളെ ഈശ്വരൻ എനിക്ക് തരൂ എന്നും ഞാൻ വിശ്വസിക്കുന്നു. ആ ഉറച്ച ഈശ്വര വിശ്വാസം തന്നെയാണ് എന്റെആത്മ ബലവും.

ഏത് അറിവും ഞാൻ കാണുന്നത് ഈശ്വര അംശത്തോടെയാണ്. ശരിയായ അറിവ് ലഭിക്കാനും ആ അറിവിനെ ശരിയായ രീതിയിൽ പകരാനും കഴിയുക എന്നതും വിദ്യാഭ്യാസം തന്നെയാണ്. 

 

പൊതുവേ സ്ത്രീകൾ കടന്ന് വരാൻ മടിക്കുന്ന ഈ രംഗത്തേക്കു വന്നപ്പോൾ നേരിട്ട പ്രതിസന്ധികൾ? അവയെ എങ്ങനെയാണ് തരണം ചെയ്തത്?

 

ഈ രംഗത്തേക്ക് കടന്നു വരുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ പ്രതിസന്ധിയാണ് ഇവിടെ ഒരു സ്ത്രീക്ക് കരിയർ സാധ്യമാകുമോ എന്ന സമൂഹത്തിന്റെ കാഴ്ചപ്പാട്. പുരുഷാധിപത്യം ഉള്ള ഒരു മേഖലയാണ് ഇത്. അതു തന്നെയായിരുന്നു ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കാലം കുറെ കൂടി മുൻപായിരുന്നു. ഇന്നും ആ ആധിപത്യത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ല. 

എന്റെ കരിയറിലെ ആദ്യ കാലങ്ങളിൽ ‘ഇത് ഒരു സ്ത്രീക്ക് ചെയ്യാൻ പറ്റുമോ’ എന്ന, അവിശ്വസനീയമായ നോട്ടം ഞാൻ നേരിട്ടിട്ടുണ്ട്. അതിനുള്ള മറുപടിയായി, അവർ പ്രതീക്ഷിച്ചതിലും കൃത്യമായി, പറഞ്ഞ തീയതിക്കു മുൻപായി അവരുടെ വിദേശ സ്വപ്നം സാക്ഷാത്കരിച്ചു കൊടുക്കുകയായിരുന്നു ഞാൻ ചെയ്തത്.

എനിക്ക് വലിയ ആത്മവിശ്വാസമുണ്ടായിരുന്നു .ആദ്യകാലം മുതലുള്ള അനുഭവവും ഈ രംഗത്തെ പറ്റിയുള്ള വിശദമായ പഠനവും ആത്മാർഥമായ ശ്രമവും കൊണ്ട് അത് എനിക്ക് തെളിയിക്കാൻ പറ്റി എന്ന് ഞാൻ വിശ്വസിക്കുന്നു. 

ഏതു മേഖലയിലും ഉള്ള പോലെ ഒരുപാട് മത്സരങ്ങൾ, ആരോഗ്യപരമായ മത്സരങ്ങൾ ഈ മേഖലയിലും ഉണ്ട്. പക്ഷേ, എവിടെയും നമ്മൾ  മൂല്യ ബോധം, സത്യസന്ധത എന്നിവ വിട്ട് ഒന്നും ചെയ്യരുത്. അങ്ങനെ നിന്നാൽ ഏതു മേഖലയിലും സ്വന്തം സ്ഥാനം, വ്യക്തിത്വം നമുക്ക് നേടാം. സ്ത്രീ ആയതു കൊണ്ട് അന്ന് തിരിഞ്ഞു നടന്നവർ, ഇന്ന് കഴിവ് തെളിയിച്ചു കാണിച്ചു കൊടുത്തപ്പോൾ അംഗീകരിക്കുന്നു. എവിടെയും നമ്മൾ നമ്മളായിട്ട് നിൽക്കുക. ആത്മ വിശ്വാസം ഒരിക്കലും നഷ്ടപ്പെടുത്താതിരിക്കുക.

 

വിദേശ പഠനത്തിനുള്ള യോഗ്യത മാനദണ്ഡങ്ങൾ എന്തെല്ലാമാണ്?

 

ഓരോ വീസയ്ക്കും പ്രത്യേകമാണ് യോഗ്യതാ മാനദണ്ഡങ്ങൾ. ഓസ്ട്രേലിയയിലേക്ക് ഞങ്ങൾ 50-60 വെറൈറ്റി വീസ ചെയ്യുന്നുണ്ട്. കാനഡയിലേക്കും ഒരു വിധം എല്ലാ വീസകളും ചെയ്യുന്നുണ്ട്. ഒട്ടുമിക്ക എല്ലാ വിദേശ വീസകളും ചെയ്യുന്നുണ്ട്.

യോഗ്യതാ മാനദണ്ഡങ്ങൾ എന്നത് ഒരാളുടെ പ്രായം, വിദ്യാഭ്യാസം, ജോലി പരിചയം, ഭാഷാ പ്രാവീണ്യം എന്നിവയെ അടിസ്ഥാന മാക്കിയുമാണ്. വിവാഹിതരെങ്കിൽ പങ്കാളിയുടെ യോഗ്യതകൾ കൂടി മാറ്റുരയ്ക്കുന്നു.

 

ഓരോ വീസയും പല മാനദണ്ഡങ്ങൾ നോക്കിയാണ് എടുക്കുന്നത്. അടിസ്ഥാന കാര്യങ്ങളിൽ ചെറിയ വ്യത്യാസങ്ങൾ ഉണ്ടാകും. വിദേശ പഠനത്തിന്, ഏതു വർഷമാണ് പാസായത്, ഏത് കോഴ്സ് ആണ് ചെയ്തത്, അവിടെ ഏതു കോഴ്സ് ആണ് ചെയ്യാൻ ആഗ്രഹിക്കുന്നത്, ആ കോഴ്സ് അവർക്ക് എത്രത്തോളം ഉപകരിക്കും, അത് പിആർ വീസയിലേക്കു മാറ്റാൻ പറ്റുമോ അങ്ങനെയെല്ലാം നോക്കിയാണ് അർഹത തീരുമാനിക്കുന്നത്.

ഒരാൾ വിളിച്ചാൽ അവരുടെ വിശദമായ വിവരങ്ങൾ എടുത്ത് നന്നായി പഠിക്കുന്നു. എന്നിട്ട് ഓരോ ടീമിനും കൈമാറുന്നു. ഓസ്ട്രേലിയ ആണെങ്കിൽ ഓസ്ട്രേലിയ ടീം, കാനഡ ആണെങ്കിൽ കാനഡ ടീം, യുകെ ആണെങ്കിൽ യുകെ ടീം അങ്ങനെയുണ്ട്. ഓരോ ക്ലയന്റിനും ഓരോ പ്ലാൻ ആദ്യം കൊടുക്കുന്നു. പ്ലാൻ എ, പ്ലാൻ ബി എന്നിവ തയാറാക്കുന്നു. എന്തെങ്കിലും കാരണവശാൽ പ്ലാൻ എ നടന്നില്ലെങ്കിൽ പ്ലാൻ ബി നോക്കുന്നു. ഈ രീതിയിൽ ആണ് ഇവിടെ ചെയ്യുന്നത്.

 

ജീവിതം പഠിപ്പിച്ച പാഠവും അനുഭവവും എന്താണ്?

 

ഒരു സ്ത്രീ സ്ഥാപനം നടത്തുക എന്ന് പറയുമ്പോൾ ഒരുപാട് പരിമിതികൾ ഉണ്ടാകുന്നു. ആ സാമൂഹിക അവസ്ഥയിലാണ് ഞാനെന്റെ കരിയർ സ്റ്റാർട്ട് ചെയ്യുന്നത്. അത്തരം അവസ്ഥകളിൽ എനിക്ക് തുണയായത് അർപ്പണബോധവും ചെയ്യുന്ന കാര്യത്തെ പറ്റിയുള്ള അഭിമാനവും സത്യസന്ധതയുമാണ്. അത് മുറുകെ പിടിച്ചാൽ ഏതു സ്ത്രീക്കും  എത്ര വലിയ പൊസിഷനിലും എത്താം എന്നുള്ളതാണ് എന്നെ ജീവിതം പഠിപ്പിച്ച പാഠം.

 

കുടുംബം, കരിയർ എല്ലാം ഒരുമിച്ച് എങ്ങനെ കൊണ്ടു പോകുന്നു?

 

അതിന് ഞാൻ പരിശീലിക്കുന്ന നാലു കാര്യമുണ്ട് – എച്ച്ആർസിഎം. ആരോഗ്യം (Health), ബന്ധങ്ങൾ (Relationship), ജോലി (Career), പണം (Money)  അതാണ്‌ ഈ നാല് കാര്യങ്ങൾ. ഇവ ഒന്നിച്ചു കൊണ്ടുപോകേണ്ടത് അത്യാവശ്യമാണെന്ന് ഞാൻ വിശ്വസിക്കുന്നു.

 

ഞാൻ രണ്ടായിട്ടാണ് ആരോഗ്യത്തെ കണക്കാക്കുന്നത് – മാനസിക ആരോഗ്യവും ശാരീരിക ആരോഗ്യവും.

മാനസിക ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. പുതിയ തലമുറയുടെ ഏറ്റവും വലിയ പ്രശ്നം സ്റ്റെബിലിറ്റി ഇല്ലാതാകുന്നതാണ്– വേഗം ടെൻഷൻ ഉണ്ടാവുക, ആത്മവിശ്വാസം പെട്ടെന്ന് പോവുക, പ്രശ്നങ്ങളിൽനിന്നു വിട്ട് നിൽക്കുക, ആത്മഹത്യാ പ്രവണത, നിസാര കാര്യങ്ങൾക്കു വഴക്കുണ്ടാക്കുക എന്നിങ്ങനെ. അതുകൊണ്ടാണ് മാനസിക ആരോഗ്യം ഏറ്റവും പ്രധാനമാണെന്നു പറയുന്നത്. യോഗ, ധ്യാനം എന്നിവ മാനസികാരോഗ്യം പ്രദാനം ചെയ്യും. ഞാൻ അവ ചെയ്യുന്ന ആളാണ്‌. 

 

ശാരീരിക ആരോഗ്യത്തിന് നടത്തം, ജിമ്മിൽ പോകുക, കൃത്യമായ ആരോഗ്യപരമായ ഭക്ഷണ രീതി പാലിക്കുക എന്നിവയാണ്. കല്യാണത്തിന് മുൻപ് എന്റെ തൂക്കം 75 കിലോ ആയിരുന്നു. അത് ഞാനിപ്പോൾ 50 ൽ എത്തിച്ചു. ജിമ്മിൽ പോയും കൃത്യമായി വ്യായാമം ചെയ്തും ഉപവാസം എടുത്തുമാണ് അങ്ങനെ ആയത്. അങ്ങനെ ആവുമ്പോൾ നല്ല മനസ്സോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ നമുക്കു കഴിയുന്നു. 

 

അടുത്തത് ബന്ധങ്ങളാണ്. എന്റെ ഭർത്താവ്, മകൾ എന്നതു മാത്രമല്ല ഞാൻ ഉദ്ദേശിക്കുന്നത്. ഭർത്താവിന്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ, അവരുടെ കുട്ടികൾ, എന്റെ അച്ഛൻ, അമ്മ, സഹോദരങ്ങൾ, കുട്ടികൾ, കൂടെ ജോലി ചെയ്യുന്നവർ, ഉപഭോക്താക്കൾ എല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്. എല്ലാവരുമായും മനോഹരമായ ബന്ധം കാത്തു സൂക്ഷിക്കാൻ ആഗ്രഹിക്കുന്ന ആളാണ്‌ ഞാൻ. ഇതെല്ലാം ചേർത്താണ് എന്റെ ബന്ധങ്ങൾ. 

 

ഈ രണ്ടു കാര്യങ്ങളും ശരിയായാൽ ബാക്കിയുള്ള രണ്ടുകാര്യങ്ങളും ശരിയാകും– ജോലിയും പണവും. അപ്പോൾ എല്ലാം ഒരുമിച്ചു കൊണ്ടു പോകാൻ സാധിക്കുന്നു. അങ്ങനെ സാധ്യമാകാൻ നിരന്തര പരിശ്രമം ചെയുന്നു.

 

ജീവിതത്തിൽ കടപ്പാട് ആരോടൊക്കെ?

 

എന്നെ ഞാനാക്കിയ എല്ലാ അനുഭവങ്ങളോടും കടപ്പാടുണ്ട്. എന്റെ അമ്മൂമ്മ. ഞാൻ കണ്ടതിൽ വച്ചേറ്റവും കരുത്തയായ സ്ത്രീയാണ്. സ്ത്രീ എന്നാൽ ശക്തി എന്നാണ് അമ്മൂമ്മയുടെ പക്ഷം. ഏതു ജീവിതാവസ്ഥകളെയും നേരിടാനും സധൈര്യം പ്രതിരോധിക്കാനുമാണ് ഞാൻ അമ്മൂമ്മയിൽനിന്നു പഠിച്ച പാഠം. പിന്നെ എന്റെ ഭർത്താവ്, അദ്ദേഹത്തിന്റെ വീട്ടുകാർ, എന്റെ സുഹൃത്തുക്കൾ, നല്ലതു പറഞ്ഞു തരുന്ന എന്നും നന്മ മാത്രം ആഗ്രഹിക്കുന്ന എല്ലാ സുമനസുകളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ആത്യന്തികമായി ഈശ്വരനോട്. പ്രപഞ്ച ശക്തിയോട്..

 

കുടുംബം?

 

അച്ഛൻ എ. ബാലചന്ദ്രൻ. എനിക്ക് ഒരു വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. അമ്മ സരസമ്മ. ഭർത്താവ് അനൂപ് കണ്ണൻ. സിനിമ സംവിധായകനും നിർമാതാവും ആണ്. അദ്ദേഹത്തിന്റെ സപ്പോർട്ട് എന്റെ ജീവിതത്തിലെ നിർണായക ഘടകമാണ്. എന്നെ എല്ലാവിധത്തിലും സപ്പോർട്ട് ചെയുന്നു. എല്ലാ സ്ത്രീകളെയും ബഹുമാനിക്കുന്ന ഒരാളാണ് അദ്ദേഹം. അദ്ദേഹമില്ലായിരുന്നെങ്കിൽ ഇത്രയും നന്നായി എന്റെ ജോലികൾ ചെയ്യാൻ പറ്റുമായിരുന്നില്ല. എപ്പോഴും എന്റെ കഴിവിനെയും അഭിരുചികളെയും അംഗീകരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ഒരാളാണ്. നിനക്കതു സാധ്യമാകും എന്ന് എന്നെ പ്രചോദിപ്പിക്കുന്നു. എന്റെ കഴിവിന്റെ ഏറ്റവും ഉന്നതമായ നിലവാരത്തിലേക്ക് എന്നെ കൈപിടിച്ചുയർത്തുന്നു.

മകൾ തിങ്കൾ. മൂന്നര വയസ്സുകാരി. നല്ല മനുഷ്യൻ ആവുക എന്നതാണ് അടിസ്ഥാനപരമായി വേണ്ടുന്ന കാര്യം. ആ നല്ല മനുഷ്യൻ എന്നതിലേക്കുള്ള പ്രയാണം, അതാണല്ലോ ജീവിതം..

 

നമ്മുടെ യുവതലമുറയ്ക്കു കൊടുക്കാൻ ആഗ്രഹിക്കുന്ന സന്ദേശം?

 

അത്ര വലിയ ആളായോ എന്ന് സംശയം ഉണ്ട്. ഒന്നേ ആഗ്രഹിക്കുന്നുള്ളൂ. അത് സന്ദേശം ആയിട്ടല്ല. ഒരു ആഗ്രഹം മാത്രമാണ്.

എല്ലാവർക്കും നന്മയും നല്ല ജീവിതവും സൗഭാഗ്യങ്ങളും സന്തോഷവും ഉണ്ടാകട്ടെ..

ലോകാ സമസ്താ സുഖിനോ ഭവന്തു..

 

ജീവിതത്തിൽ പ്രചോദനമായ വാക്കുകൾ?

 

ഏറ്റവും ഇഷ്ടപ്പെടുന്ന ഒരു ആപ്ത വാക്യം മദർ തെരേസയുടേതാണ്. ‘നിങ്ങൾ എന്തു ചെയ്യുമ്പോഴും ഏറ്റവും സന്തോഷത്തോടെ, സമർപ്പണത്തോടെ, ആത്മാർഥതയോടെ, സ്വീകാര്യതയോടെ, സത്യസന്ധതയോടെ ചെയ്യുക.’

ഈ വാചകത്തിൽ എല്ലാമുണ്ട്. ഒരു ജീവിതവും അതിലെ എല്ലാ അർഥങ്ങളും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com