ADVERTISEMENT

നാലു വർഷം മുൻപ്, മലയാളത്തിൽ ഏറെ ചർച്ച ചെയ്യപ്പെട്ട കവിതകളെഴുതിയ എഴുത്തുകാരിയായിരുന്നു മാനസി. കവിതകളിലെയും അഭിമുഖങ്ങളിലെയും ചില നിലപാടുകളുടെ പേരിൽ സമൂഹമാധ്യമ ആക്രമണങ്ങളും നേരിടേണ്ടിവന്നു. എന്നാൽ ഇന്ന് ഒരു ബിസിനസുകാരി എന്ന ലേബൽ അവർ എടുത്തണിഞ്ഞിരിക്കുന്നു. ഒരു സ്ത്രീ എന്ന നിലയിലും ബിസിനസുകാരി എന്ന നിലയിലും മാനസിയുടെ വളർച്ച അഭിനന്ദനീയമാണ്. കോവിഡ് സമയത്ത് നിലനിൽപിനായി തുടങ്ങിയ മാനസി എന്ന ബുട്ടീക്ക് ഇപ്പോൾ ഒരുപാട് സ്ത്രീകളുടെ വസ്ത്ര സംസ്കാരത്തിന്റെ സ്വന്തം ബ്രാൻഡ് പേരാണ്. മാനസി സംസാരിക്കുന്നു.

 

തലതൊട്ടപ്പനില്ലാത്ത മാനസി ബുട്ടീക്ക് 

manasi

 

പണ്ടൊക്കെ പുസ്തക മേളകളിൽ അല്ലെങ്കിൽ എഴുത്തിടങ്ങളിൽ പോകുമ്പോൾ എഴുത്തുകാരിയായി വായനക്കാർ തിരിച്ചറിയുമായിരുന്നു. പക്ഷേ ഇന്ന് എഴുത്തുകാരി എന്നതിലുപരി, സംരംഭകയായ മാനസിയെയാണ് കൂടുതൽ ആൾക്കാർ തിരിച്ചറിയുന്നത്. അത് നൽകുന്ന സന്തോഷം ചെറുതല്ല. കോവിഡ് കാലത്ത് ജോലി നഷ്ടമായി. ഒരു പേയിങ് ഗെസ്റ്റ് ഫെസിലിറ്റി ഉണ്ടായിരുന്നെങ്കിലും കോവിഡോടെ അതും അടച്ച് പൂട്ടേണ്ടി വന്നു. കോഴിക്കോട്ടു നിന്ന് തിരികെ നാട്ടിലേക്കു പോയെങ്കിലും വരുമാനമില്ലാത്തതു വലിയൊരു പ്രശ്നമായി. അങ്ങനെയാണ് ചെറിയ രീതിയിൽ ഒരു ഓൺലൈൻ ബുട്ടിക് തുടങ്ങുന്നത്. റീ സെല്ലറാവാൻ താത്പര്യമില്ലാത്തതു കൊണ്ടു തന്നെ ആദ്യം മുതലേ ഒരു ബ്രാൻഡ് ആക്കി അതിനെ വളർത്താൻ ശ്രമിച്ചു. ഒറ്റയ്ക്കു തുടങ്ങുകയും മുന്നോട്ടു കൊണ്ടു പോവുകയും ചെയ്തു. ഒരിക്കലും ഒരു തലതൊട്ടപ്പൻ ഉണ്ടായിരുന്നില്ല. തുടക്കത്തിൽ കുറച്ച് സുഹൃത്തുകളുടെ സപ്പോർട്ട് അല്ലാതെ കൂടെ നിൽക്കാൻ അധികം പേരുണ്ടായിരുന്നില്ല. എല്ലാം ഒറ്റയ്ക്കു തന്നെ ചെയ്യണമായിരുന്നു. പർച്ചേസിങ് മുതൽ പാക്കിങ് വരെ ഞാൻ തന്നെ ചെയ്യണമായിരുന്നു. ഊണും ഉറക്കവുമില്ലാതെ ഒത്തിരി കഷ്ടപ്പെട്ടു. അതിന്റെ ഫലം ഉണ്ടായി എന്നു പറയാം. ഇന്നിപ്പോ തിരിച്ചറിയപ്പെടുന്നത് അതിന്റെ പേരിലാവുമ്പോൾ ഭയങ്കര അഭിമാനമാണ്. എഴുത്തുകാരിയാകാൻ ഒരുപാട് ഇഷ്ടമായിരുന്നു. പക്ഷേ പുസ്തകമൊന്നും പുറത്തു വന്നിട്ടില്ല, ബുട്ടീക്കിലെ തിരക്കു കൊണ്ട് എഴുത്ത് കുറഞ്ഞു. എഴുത്തുകൊണ്ട് ജീവിതം മുന്നോട്ടു പോകില്ല എന്ന തിരിച്ചറിവു കൊണ്ട്, ജീവിക്കാൻ വേണ്ടി തുടങ്ങിയതാണ് മാനസി ബുട്ടീക്ക്. ഇപ്പോൾ അത് ശ്വാസം തന്നെയായി മാറി.

 

നാലു വർഷം മുൻപ് വേണ്ടെന്നു വച്ച അഭിമുഖം പിന്നെയും

 

എഴുത്തുകാരി എന്ന നിലയിൽ നാലു വർഷം മുൻപ് മനോരമ ഓൺലൈൻ എന്റെ അഭിമുഖം കൊടുത്തിരുന്നു. പക്ഷേ ആ അഭിമുഖത്തിൽ ഞാനുപയോഗിച്ച പേരും ചിത്രങ്ങളും എന്റെ കുടുംബത്തിലും നാട്ടിലും ഒക്കെ ചർച്ചാ വിഷയമാവുകയും പ്രശ്നമാവുകയും ചെയ്തു. മാനസി എന്ന പേര് എനിക്ക് എഴുതാൻ വേണ്ടി തിരഞ്ഞെടുത്ത പേരാണെന്ന തിരിച്ചറിവ് പോലും പലർക്കും ഇല്ലാതെ പോയി. ഞാൻ മതം ഉപേക്ഷിച്ച് പേര് മാറ്റി എന്നൊക്കെയായിരുന്നു പ്രചാരണം. അന്ന് അവരോടൊക്കെ യുദ്ധം ചെയ്യാൻ എനിക്ക് എളുപ്പമായിരുന്നില്ല. അതുകൊണ്ടുതന്നെ ആ അഭിമുഖം പബ്ലിഷ് ചെയ്യരുത് എന്നെനിക്ക് പറയേണ്ടി വന്നിരുന്നു. എന്റെ കുടുംബത്തിന് എന്നെ അറിയാം. പക്ഷേ ചുറ്റുപാടും നിന്ന് ആളുകൾ പറയുമ്പോൾ അവർ ഒരുപാട് വിഷമിച്ചു. മാനസി ബുട്ടീക്ക് തുടങ്ങിയതോടെ ആളുകളും മാറി. പണ്ട് പുച്ഛത്തോടെ നോക്കിയിരുന്നവർ പലരും ഇപ്പോൾ വന്നു മിണ്ടുന്നുണ്ട്. അകന്നു നിൽക്കുന്നവർ അടുത്തേക്കു വരുന്നുണ്ട്. അതു തരുന്ന സന്തോഷം വലുതാണ്. ഒപ്പം, ഞാൻ ഏറ്റവും അപമാനിതയാകേണ്ടി വന്ന പേരിനെത്തന്നെ ഒരു ബ്രാൻഡാക്കി മാറ്റാൻ കഴിഞ്ഞതിലുള്ള അഭിമാനവുമുണ്ട്.

Manasi-main

 

കാലം നമ്മളെ മാറ്റി വരയ്ക്കുന്നു

 

നാലു വർഷം മുൻപ്, നാൽപതുകളിലെ പ്രണയത്തെക്കുറിച്ച് എഴുതിയ കവിത വൈറൽ ആയ സമയത്താണ് മനോരമ ഓൺലൈനിൽ ഇന്റർവ്യു വരുന്നത്. പക്ഷേ കാലം കഴിയുന്തോറും എന്റെ ചിന്തകളിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഇപ്പോൾ നാൽപതുകളിലെ പ്രണയത്തെക്കുറിച്ചുള്ള കവിത വായിക്കുമ്പോൾ വളരെ പൈങ്കിളി ആയി തോന്നുന്നുണ്ട്. ഇനി അത്തരം കവിതകൾ ഞാൻ എഴുതാൻ സാധ്യതയില്ല. വായനയിലും ചിന്തകളിലും എഴുത്തിലും വ്യത്യാസം വന്നു. ജീവിതം മാറി, കാഴ്ചപ്പാടുകൾ മാറി. ഓർമക്കുറിപ്പുകളും സ്നേഹത്തെക്കുറിച്ചുള്ള രണ്ടു പുസ്തകങ്ങളും ഇറക്കണമെന്ന പ്ലാനിൽ എഴുത്ത് തുടങ്ങി, ഏതാണ്ട് തീർന്നിരുന്നു. പക്ഷേ പിന്നീട് അത് വേണ്ടെന്നു വച്ചു. കാരണം കാലം പോകുന്തോറും സ്നേഹത്തെക്കുറിച്ചുള്ള എന്റെ നിലപാടുകൾ മാറിക്കൊണ്ടേയിരിക്കുകയാണ്. അതുകൊണ്ടു വീണ്ടും അതിൽ എഡിറ്റിങ് ആവശ്യമായി വന്നേക്കും. അതുകൊണ്ട് ഉടനെ അങ്ങനെയൊരു പുസ്തകം വേണ്ട എന്ന നിലപാടിലാണ് ഞാൻ. പാകപ്പെട്ടു എന്ന് തോന്നുന്ന സമയത്തു മാത്രമേ ഞാൻ അത് പുറത്തിറക്കൂ. അനുഭവങ്ങളാണ് നമ്മളെ പാകപ്പെടുത്തുക. അതിനു വേണ്ടി ഞാൻ കാത്തിരിക്കും. 

 

പ്രണയത്തിനു ചുറ്റും കറങ്ങുന്ന ജീവിതങ്ങൾ 

 

പ്രണയത്തിൽ ഒരാൾക്ക് ചുറ്റും മാത്രമായി കറങ്ങരുത്. പ്രണയം എത്രയോ സുന്ദരവും അനുഭൂതിദായകവുമാണ്. പക്ഷേ ഇരുപത്തിനാലു മണിക്കൂറും ഒരു മനുഷ്യന് ചുറ്റും മാത്രമായി കറങ്ങിക്കൊണ്ടിരുന്നാൽ ജീവിക്കാൻ മറന്നു പോകും. ചുറ്റും ഉള്ള മനോഹരങ്ങളായ മറ്റെന്തിനെയും നോക്കാനുള്ള കാഴ്ച അത് മറച്ചു കളയും. പ്രണയിക്കാം, പക്ഷേ അത് ജീവിതത്തിന്റെ ഒരു ഭാഗം മാത്രമായി കാണാൻ കഴിയണം. എത്ര സമയം മാറ്റി വയ്ക്കണം എന്നൊക്കെ ചോദിച്ചാൽ മറുപടി പറയാനില്ല, അതൊക്കെ ഓരോരുത്തരുടെ സ്വകാര്യതയാണ്. പക്ഷേ അതെത്ര സമയമായാലും നമ്മുടെ കരിയർ, ജീവിതത്തിൽ കൂടെയുള്ള മറ്റുള്ളവർ, മറ്റു കാര്യങ്ങൾ ഇതൊക്കെ പൂർണമായും മറന്നിട്ടും മാറ്റി വച്ചിട്ടുമുള്ള ഒരു ബന്ധത്തിലും പെട്ട് പോകരുത്. ഞാൻ പ്രണയത്തിൽനിന്നു പ്രതീക്ഷിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട കാര്യം സത്യസന്ധതയാണ്. രണ്ടു പേർക്കിടയിൽ പ്രണയമുണ്ടാകുമ്പോൾ ഞാൻ ഇന്നതാണ് എന്ന് തുറന്നു പറയാനുള്ള ധൈര്യമുണ്ടാകണം. എല്ലാ കാര്യത്തിലും എന്നത് പോലെ പ്രണയത്തിലും മടുപ്പുണ്ടാകും. പക്ഷേ അങ്ങനെയുണ്ടാകുമ്പോഴും സൗഹൃദത്തോടെ കൈ കൊടുത്ത് സ്നേഹത്തോടെ പിരിയാൻ രണ്ടു പേർക്കും ആവണം. പൊസസീവ്നെസ് പോലെയുള്ള അവസ്ഥകൾ കൂടുമ്പോഴാണ് കൊലപാതകങ്ങളും മാനസികമായി ഉപേക്ഷിക്കലും ഒക്കെയുണ്ടാകുന്നത്. അത്തരം കാര്യങ്ങൾ ബുദ്ധിമുട്ടായി തോന്നുമ്പോൾത്തന്നെ തുറന്നു പറയാൻ കഴിയണം. അല്ലാത്ത പക്ഷം തൊട്ടപ്പുറത്തിരിക്കുന്ന വ്യക്തിയെ അതെത്രത്തോളം ഭീകരമായി ബാധിക്കുമെന്ന് പറയാൻ പറ്റില്ല. അവരുടെ മനസ്സിന്റെ താളം തെറ്റിപ്പോകുന്ന അവസ്ഥകളിലേക്ക് ഒന്നിനേയും വലിച്ചു നീട്ടിക്കൊണ്ടു പോകരുത് എന്നാണ് അഭിപ്രായം.

manasi2

 

വിൽപന നല്ല പണിയാണ്...

 

ഓൺലൈൻ വിൽപന നല്ല ബുദ്ധിമുട്ടുള്ള ജോലിയാണ്. ഫോണിൽ മുഴുവൻ സമയം സംസാരിക്കേണ്ടി വന്നേക്കാം. സ്വന്തമായി വെബ്‌സൈറ്റ് തുടങ്ങാത്തതു കൊണ്ട്‌ നേരിട്ടാണ് ഉപഭോക്താക്കളുമായുള്ള ഇടപെടലുകൾ. ഇത്രയധികം ഓൺലൈൻ വിൽപന ഉണ്ടാകുമെന്നു കരുതിയതല്ല, പക്ഷേ എല്ലാം അനുകൂലമായി വന്നു. ഒരു സ്ഥാപനം ഒറ്റയ്ക്ക് കൊണ്ടു പോയി എന്ന് പറയുമ്പോൾ, കൂടെ നിന്ന സുഹൃത്തുക്കളെ മറക്കാനാവില്ല. സോഷ്യൽ മീഡിയയിലും സുഹൃത്തുക്കൾക്കിടയിലും പ്രചരിപ്പിക്കാനും മറ്റും ഒരുപാട് സുഹൃത്തുക്കൾ കൂടെ നിന്നിട്ടുണ്ട്, എന്നാൽ ഒരു സംരംഭം ഇച്ഛാശക്തിയോടെ മുന്നോട്ടു കൊണ്ടുപോകാനുള്ള ധൈര്യം എനിക്ക് എപ്പോഴോ ഉണ്ടായി. എല്ലായ്പ്പോഴും എല്ലാവർക്കും നമ്മുടെ കൂടെ നിൽക്കാനാവില്ല. നമുക്ക് ഒറ്റയ്ക്ക് തന്നെ മുന്നോട്ടു പോയേ പറ്റൂ. അതിനു ശേഷം സോഷ്യൽ മീഡിയ മാനേജ്‌മെന്റ് മുഴുവനായി ചെയ്യുന്നത് ഞാൻ തന്നെയാണ്. മോഡൽ ആവാനുള്ള ആത്മവിശ്വാസം ആദ്യമുണ്ടായിരുന്നില്ല, പക്ഷേ ഇപ്പോൾ എന്റെ സാരികളുടെ മോഡലും ഞാൻ തന്നെ. 

 

ജീവിക്കാനുള്ള ആഗ്രഹത്തിൽ നിന്നാണ് ബുട്ടീക്ക് മുന്നോട്ടുകൊണ്ട് പോകാനുള്ള ധൈര്യമുണ്ടായത്. ഒരു ലക്ഷം രൂപയ്ക്കാണ് , സുഹൃത്തുക്കളുടെ സഹായത്തോടെ ബുട്ടീക്ക് തുടങ്ങുന്നത്. കുറച്ചു കാലം കൊണ്ടുതന്നെ ഇത് എങ്ങനെ കൊണ്ടുപോകണം എന്ന ആശയം എനിക്ക് മനസ്സിലായി. പൂർണമായും വിജയിച്ച സ്ത്രീ എന്ന് ഞാൻ പറയുന്നില്ല, പക്ഷേ പൊരുതി നേടിയ വിജയം തന്നെയാണിതെന്ന് എനിക്ക് അഭിമാനം തോന്നാറുണ്ട്. 

 

ഹംദാനും മാനസിയും രണ്ടു മക്കൾ

 

എനിക്ക് രണ്ടു മക്കൾ ഉണ്ടെന്നാണ് ഞാനിപ്പോൾ കരുതുന്നത്. എന്റെ മൂത്ത മകൻ ഹംദാൻ ആണെങ്കിൽ രണ്ടാമത്തെ മകൾ മാനസി ബുട്ടീക്കാണ്. എന്നെ സംബന്ധിച്ചിടത്തോളം മാനസി ബുട്ടിക് ഇപ്പോൾ ഒരു ശിശു ആണ്. ഒരു കുഞ്ഞിനെ നോക്കുന്നതു പോലെ പിച്ചവച്ചു നടത്തിച്ച് പതിയെ നടക്കാനും ഓടാനും പാകത്തിൽ ശ്രദ്ധയോടെ വളർത്തിക്കൊണ്ടു വരേണ്ടതുണ്ടെന്ന് കരുതുന്നു. വീഴ്ചകളൊക്കെ സ്വാഭാവികമാണ്. അതിൽനിന്നു പാഠങ്ങൾ ഉൾക്കൊണ്ട് വീണ്ടും എഴുന്നേറ്റു നടത്തിക്കുക തന്നെ ചെയ്യും.

 

ഇപ്പോൾ ഞാനും ഏഴ് വയസ്ലുള്ള മകനുമാണ് ഒരുമിച്ച് താമസിക്കുന്നത്. ഏറ്റവും കൂടുതൽ ബിസിനസ് ഉള്ളത് ശനിയും ഞായറുമാണ്, എന്നാൽ അവന് അവധിയും അതെ ദിവസങ്ങളാണ്. അതുകൊണ്ടു മുഴുവൻ സമയവും അവനൊപ്പം ഇരിക്കാൻ എനിക്ക് പറ്റാറില്ല. പക്ഷേ വളരെ അഡ്ജസ്റ്റ് ചെയ്യുന്ന കുട്ടിയാണ് അവൻ. അവനു വേണമെന്ന് തോന്നുമ്പോൾ കൂടെ ഇരിക്കാൻ ആവശ്യപ്പെടും, അപ്പോൾ എല്ലാ തിരക്കും മാറ്റി വച്ചിട്ട് കൂടെ ഇരിക്കുകയും ചെയ്യും. അവനെന്നെ നന്നായി മനസ്സിലാക്കിയിട്ടുണ്ട്. അതൊരു വലിയ ഭാഗ്യമായി തോന്നാറുണ്ട്. എത്ര തിരക്കുണ്ടെങ്കിലും ഇടയ്ക്ക് ഒന്ന് ശ്രദ്ധിച്ചാൽ മതി. ഉമ്മയും ബന്ധുക്കളും എല്ലാം കണ്ണൂരിലാണ്, പക്ഷേ എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ ഉമ്മ ഓടി വരാറുണ്ട്. എടുത്തു പറയേണ്ടത് സുഹൃത്തുക്കളുടെ കാര്യമാണ്. ബന്ധുക്കളെക്കാൾ കൂടുതലായി എന്റെ കൂടെ നിന്നിട്ടുള്ളത് അവരാണ്. 

 

ബിസിനസിൽ സ്ത്രീയാകുമ്പോൾ 

 

ബുട്ടീക്ക് തുടങ്ങി എനിക്കു വന്ന ആദ്യത്തെ മെസേജ് ഒരു അശ്ളീല സന്ദേശമായിരുന്നു. അതിൽ ഒന്നു പകച്ച് പോയെങ്കിലും ഇത്തരം അനുഭവങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന മുൻധാരണ ഉണ്ടായിരുന്നതു കൊണ്ട് അതിനെ മറികടക്കാൻ പറ്റി. പുരുഷന്മാർക്ക് ഇത്തരം പ്രശ്നങ്ങളൊക്കെ നേരിടേണ്ടി വരുമോ എന്ന് പലപ്പോഴും ആലോചിച്ചു പോയിട്ടുണ്ട്. ബ്രാൻഡ് വളർന്നതോടു കൂടി അത്തരം അശ്ളീല സന്ദേശങ്ങളുടെ എണ്ണം കുറഞ്ഞു. 

 

ഒരു ബിസിനസ് തുടങ്ങുമ്പോഴുള്ള ആദ്യത്തെ അബദ്ധങ്ങളും തെറ്റുകളും എനിക്കും സംഭവിച്ചിട്ടുണ്ട്. മെറ്റീരിയലുകളെ കുറിച്ച് കാര്യമായ അറിവില്ലാത്തതും മികച്ച മാനുഫാക്ചേഴ്സിനെ കണ്ടെത്താൻ കഴിയാത്തതും ഫണ്ടിന്റെ അപര്യാപ്തതയുമൊക്കെ തുടക്കത്തിൽ വല്ലാതെ ബുദ്ധിമുട്ടിച്ചുണ്ട്. പക്ഷേ അതിൽ നിന്നൊക്കെ പഠിക്കാനായി. എവിടേയാണു പിഴവ് പറ്റുന്നതെന്നു പെട്ടെന്നുതന്നെ തിരിച്ചറിയാൻ കഴിഞ്ഞത് പിന്നീടങ്ങോട്ട് ഗുണം ചെയ്തു.

 

സ്നേഹത്താൽ മുറിവേറ്റവൾ 

 

മുപ്പത് വയസ്സുവരെ ഞാൻ സ്നേഹത്താൽ ദരിദ്രയായിരുന്നു എന്നതായിരുന്നു എന്റെ പരാതി. സ്നേഹിക്കപ്പെടാത്ത ജീവിതം അര്ഥശൂന്യമായിരിക്കും എന്നായിരുന്നു എന്റെ കണ്ടെത്തൽ. അത് പ്രണയം മാത്രമല്ല. നമ്മളോട് മനുഷ്യർ പ്രകടിപ്പിക്കുന്ന സ്നേഹം, നമ്മൾ ആഗ്രഹിക്കുന്ന സ്നേഹം. അതായിരുന്നു എനിക്ക് വേണ്ടത്. എനിക്ക് സ്നേഹം കിട്ടുന്നുണ്ട്, എന്നാൽ ആഗ്രഹിച്ചത് കിട്ടുന്നില്ല എന്ന് തോന്നലായിരുന്നു എപ്പോഴും. എത്ര കിട്ടിയാലും കൊതി വരാത്ത കൊതിച്ചി. പക്ഷേ കാലം എന്നെ പഠിപ്പിച്ച വലിയ കാര്യം മറ്റൊരാളിൽ നിന്നുള്ള സ്നേഹവും കെയറിങ്ങും ഒന്നുമല്ല എനിക്കു വേണ്ടത്, സാമ്പത്തിക സ്വാതന്ത്ര്യമാണ് എന്നതാണ്. സ്നേഹത്താൽ നില നിൽക്കുമ്പോൾ മാത്രമേ എനിക്ക് എഴുതാൻ പറ്റുമായിരുന്നുള്ളൂ എന്ന് തോന്നിയിരുന്നു. പക്ഷേ പിന്നീട് മനസ്സിലായി, അതൊരു മനുഷ്യനും ഒപ്പമുണ്ടായിരുന്നതുകൊണ്ടല്ല, അതെന്റെയുള്ളിൽ തന്നെ ഉണ്ടായിരുന്നതു കൊണ്ടാണ് എഴുതാൻ കഴിഞ്ഞിരുന്നത് എന്ന്. അനുഭവങ്ങൾ വന്നു കുന്നു കൂടിയപ്പോൾ നമ്മൾ നമ്മളെ സ്നേഹിക്കുന്നത് പോലെ മറ്റൊരാൾക്കും നമ്മളെ സ്നേഹിക്കാനാവില്ല എന്ന് മനസ്സിലായി. മാതാപിതാക്കളുമായുള്ള സ്നേഹമായാലും, പ്രണയമായാലും എല്ലാത്തിനും ഏറ്റക്കുറച്ചിൽ ഉണ്ടാകും. ഒന്നും സ്ഥായിയല്ല എന്നു മനസ്സിലായി. കിട്ടുന്നതിൽനിന്നു കൂടുതൽ ആഗ്രഹിക്കരുത് എന്ന് മനസ്സിലായി. സ്നേഹത്തിൽ അകപ്പെട്ടിരുന്ന കാലത്ത് ഇതൊന്നും തിരിച്ചറിയാനാകാതെ കരയുകയും വിഷാദത്തിൽ വീഴുകയും ചെയ്തിരുന്നു. പക്ഷേ ഇപ്പോൾ മാനസി എന്ന വ്യക്തി പൂർണമായി മാറിയിരിക്കുന്നു. ഓരോ വീഴ്ചയും ഇപ്പോൾ എനിക്ക് ഓരോ പാഠങ്ങളാണ്. ജീവിതത്തിൽ ഏറ്റവും കൂടുതൽ അനുഭവിക്കേണ്ടി വന്നത് സന്തോഷമാണോ ദുഃഖമാണോ എന്ന് ചോദിച്ചാൽ ദുഃഖം എന്നു തന്നെയാണ് ഉത്തരം. ദുഃഖത്തെ മറികടക്കാൻ വേണ്ടി സന്തോഷങ്ങൾ തിരഞ്ഞു പോകുന്നു എന്നതാണ് സത്യം. 

 

സാമ്പത്തികമായ സ്വയം പര്യാപ്തതയാണ് പ്രധാനം എന്ന് ജീവിതം കൊണ്ട് ഞാൻ മനസ്സിലാക്കി. നമ്മുടെ ഒരുവിധം പ്രശ്നങ്ങളെയൊക്കെ അത് മാറി കടന്നിട്ടുണ്ട്. എപ്പോഴും ഞാനൊരു രക്ഷകനെ കാത്തിരുന്നിരുന്നു. ഇപ്പോൾ എന്റെ രക്ഷ ഞാൻ തന്നെ എന്ന് കണ്ടെത്തിയിരിക്കുന്നു. ഞാനിപ്പോൾ സന്തോഷത്താലും സമാധാനത്താലും തെളിഞ്ഞ ആകാശം പോലെയാണ്.

 

സ്ത്രീകളോട് എന്താണ് പറയാനുള്ളത്.

 

സാമ്പത്തിക സ്വാതന്ത്ര്യം നേടുക എന്നതാണ് ആദ്യത്തേത്. രണ്ടാമത്തേത് സഞ്ചാര സ്വാതന്ത്ര്യം. അതിൽ ആദ്യത്തേത് നേടാൻ കഴിഞാൽ ബാക്കിയൊക്കെ പിറകെ വന്നോളും. എങ്ങനെ നേടണം എന്ന് ചോദിച്ചാൽ അത് നേടണമെന്നുള്ള മനസ്സ് ഉണ്ടായാൽ മാത്രം മതിയെന്നാണ് എന്റെ ഉത്തരം

 

English Summary: Special Interview With Manasi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT