ADVERTISEMENT

തിരഞ്ഞെടുക്കുന്ന മേഖല ഏതായാലും പഠിച്ചുകഴിഞ്ഞാൽ ഒരു ജോലി. തൊണ്ണൂറു ശതമാനം ആളുകളുടെയും ചിന്തയും ലക്ഷ്യവും അങ്ങനെ തന്നെയാണ്. പ്രത്യേകിച്ചg പെൺകുട്ടികളുടെ കാര്യം പറയുകയും വേണ്ട. അത്തരത്തിൽ ഒരു ജോലിക്ക് പോകാനുള്ള അവസരമില്ലെന്ന് കരുതുമ്പോൾ മാത്രം സ്വയം സംരംഭകരാകുന്നവരാണ് ഏറെയും. എന്നാൽ പഠനം പൂർത്തിയാക്കി ഇറങ്ങുമ്പോൾ തന്നെ ഇഷ്ട മേഖലയിൽ സ്വന്തമായി ഒരു കമ്പനി ആരംഭിക്കാൻ അൽപം ധൈര്യമൊക്കെ വേണം. സ്വന്തം കഴിവിലുള്ള ആത്മവിശ്വാസവും ദൃഢനിശ്ചയവും കൈമുതലാക്കി കൗമാര കാലത്ത് സ്വന്തമായി ഒരു കമ്പനി ആരംഭിച്ച് ഇന്ന് 15 ഓളം രാജ്യങ്ങളിൽ ക്ലൈന്റ്സുമായി വിജയഗാഥ രചിച്ചിരിക്കുകയാണ് ഗീതു ശിവകുമാർ എന്ന  27 കാരി. ഗീതുവിന്റെ വിശേഷങ്ങളിലേക്ക്..

 

പേസ് ടെക്കിലേക്കുള്ള യാത്ര

geethu03

 

പുസ്തകങ്ങൾ മനഃപ്പാഠമാക്കി മാർക്ക് വാങ്ങിക്കുന്നതിനപ്പുറം ഒരു വിദ്യാർഥി എന്ന നിലയിൽ സ്വയം മുന്നേറാനുള്ള ആത്മവിശ്വാസം ചെറുപ്പകാലത്ത് തന്നെ സ്വന്തമാക്കിയതാണ്. ഈ പ്രയത്നങ്ങളുടെ ഫലമായി പന്ത്രണ്ടാം വയസ്സിൽ രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജിയുടെ ഫെലോഷിപ്പ് നേടി. സ്കൂൾ പഠനകാലത്ത് തന്നെ കോഡിങ്ങിൽ പ്രാവിണ്യം നേടിയിരുന്നു. തിരുവനന്തപുരം ബാർട്ടൻഹിൽ ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ നിന്നാണ് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ്ങിൽ ബിരുദം പൂർത്തിയാക്കിയത്. പഠനകാലത്ത് തന്നെ വരുമാനം നേടത്തക്ക വിധത്തിൽ ചെറിയ സോഫ്റ്റ്‌വെയർ പ്രോജക്ടുകളും പ്രൈവറ്റായി ചെയ്തു തുടങ്ങിയിരുന്നു. പാഠ്യേതര മേഖലയിൽ മികവ് പുലർത്തിയതിനെത്തുടർന്ന്  2012 ൽ ജപ്പാനിലേക്കുള്ള സംഘത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പോകാൻ അവസരവും ലഭിച്ചു. പഠനത്തിനുശേഷം സ്വന്തമായി ഒരു ഐടി ഫേം സ്ഥാപിക്കുക എന്ന ലക്ഷ്യം അന്നേ മനസ്സിൽ ഉറപ്പിച്ചതാണ്. അങ്ങനെ 2015 ൽ 19-ാം വയസ്സിൽ സ്വന്തമായി സ്റ്റാർട്ടപ്പ് തുടങ്ങി. എന്നാൽ മൂന്ന് വർഷങ്ങൾക്കു ശേഷമാണ് കമ്പനി എന്ന നിലയിൽ പേസ് ടെക് രജിസ്റ്റർ ചെയ്തത്.

 

geethu-main

ഓരോ ചുവടും മുന്നോട്ട്

 

ഐടി മേഖലയിൽ പ്രാവിണ്യം നേടിയതുകൊണ്ടുതന്നെ നിരവധി  തൊഴിൽ അവസരങ്ങൾ തേടി എത്തിയിരുന്നു. എന്നാൽ അതിനും മുകളിൽ തനിക്ക് എന്തെങ്കിലും ചെയ്യാനാവും എന്ന ഉറച്ച വിശ്വാസത്തോടെ പേസ് ടെക്കുമായി  മുന്നോട്ടു പോകാനായിരുന്നു തീരുമാനം. കേന്ദ്രസർക്കാർ ജീവനക്കാരനായ അച്ഛൻ ശിവകുമാറും അമ്മ സുജയും മകളുടെ തീരുമാനങ്ങൾക്കൊപ്പം നിന്നു. വട്ടിയൂർക്കാവ് സ്വദേശിനിയായ ഗീതു കവഡിയാറിലാണ് പേസ് ടെക്കിന്റെ ഓഫീസ് ആരംഭിച്ചത്. സ്ഥിരോത്സാഹത്തോടെ കമ്പനിക്കായി പ്രയത്നിച്ചതോടെ സംരംഭം പ്രതീക്ഷിച്ചതിലും വിജയം കൈവരിച്ചു.

geethu01

 

2020ൽ സിംഗപ്പൂരിലും രജിസ്റ്റേർഡ് ഓഫീസ് ആരംഭിച്ചതോടെ കൂടുതൽ പ്രോജക്ടുകളും തേടിയെത്തി തുടങ്ങി. ഇന്നിപ്പോൾ അമേരിക്ക, ബെൽജിയം, നോർവേ, സിംഗപ്പൂർ തുടങ്ങി പതിനഞ്ച് രാജ്യങ്ങളിൽ നിന്നുള്ള ക്ലൈന്റ്സ്  പേസ് ടെക്കിനുണ്ട്. രണ്ട് ഓഫീസുകളിലുമായി 30 പേരാണ് ഗീതുവിനു കീഴിൽ ജോലി ചെയ്യുന്നത്. 

മൊബൈൽ ആപ്ലിക്കേഷൻസ്, ഡിജിറ്റൽ മാർക്കറ്റിങ്, വെബ് ഡെവലപ്മെന്റ്, സോഫ്റ്റ്‌വെയർ ഡെവലപ്മെന്റ് ആൻഡ് അനലിറ്റിക്സ് എന്നിവയാണ് പേസ് ടെക്കിന്റെ പ്രധാന പ്രവർത്തന മേഖലകൾ.

 

തുടക്കത്തിലെ വെല്ലുവിളികൾ.

 

ചെറിയ പ്രായത്തിലുള്ള ഒരു പെൺകുട്ടി എന്ന നിലയിൽ പ്രോജക്ടുകളുമായി ബന്ധപ്പെട്ട് ആളുകളെ സമീപിക്കുമ്പോൾ പലരും അതത്ര ഗൗരവമായി എടുത്തിരുന്നില്ല എന്ന് ഗീതു പറയുന്നു. എന്നാൽ ഒരു കോഡർ എന്ന നിലയിലുള്ള പരിചയസമ്പത്തും അന്നോളം ചെയ്തിരുന്ന പ്രൊജക്ടുകളുടെ വിവരങ്ങൾ അടങ്ങിയ പ്രൊഫൈലും കണ്ടപ്പോൾ ആളുകൾ വിശ്വാസത്തിലെടുത്തു തുടങ്ങി. ഒരു ഐടി കമ്പനി തുടങ്ങുക എന്ന ആഗ്രഹം മനസ്സുലുദിച്ചതോടെ അതിനെക്കുറിച്ച് കൂടുതൽ ആഴത്തിലുള്ള അറിവ് സമ്പാദിച്ചതുതന്നെയാണ് ഗുണകരമായത്. 

 

ഒട്ടേറെ കഴിവുണ്ടായിട്ടും സ്വന്തമായി എന്തെങ്കിലും ചെയ്യാൻ മടിക്കുന്നവർ തനിക്ക് ചുറ്റുമുണ്ടെന്ന് ഗീതു പറയുന്നു. മറ്റുള്ളവരുടെ പിന്തുണയും അംഗീകാരവും ലഭിക്കുമോ എന്ന ആശങ്കയും വെല്ലുവിളികൾ ഓർത്തുള്ള ഭയവുമാണ് സ്വന്തമായി എന്തെങ്കിലും ചെയ്യുന്നതിൽ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്നത്. എന്നാൽ എല്ലാ സാഹചര്യങ്ങളും അനുകൂലമായി വരുന്ന അവസ്ഥ ഒരിക്കലും ഉണ്ടാവില്ല. തിരഞ്ഞെടുക്കുന്ന മേഖലയോട് ആഴത്തിലുള്ള പാഷൻ ഉണ്ടാവുകയും അതിൽ എന്തെങ്കിലും ചെയ്യണമെന്ന ദൃഢനിശ്ചയത്തോടെ മുന്നിട്ടിറങ്ങുകയും ചെയ്താൽ പിന്നീട് ഏത് പ്രതിസന്ധിയും നമുക്ക് മുന്നിൽ മുട്ടുമടക്കും എന്ന് സ്വന്തം അനുഭവത്തിലൂടെ കാണിച്ചു തരികയാണ് ഗീതു.

 

തിരക്കുകളിൽ മടുപ്പില്ലാതെ മുന്നോട്ട്.

 

സ്വന്തം സ്ഥാപനമാകുമ്പോൾ ഉത്തരവാദിത്വങ്ങളും അത്രതന്നെ ഏറെയാണ്. ഫാമിലി ടൈം ഓഫീസ് ടൈം എന്ന് വേർതിരിച്ചെടുക്കാനാവാത്ത അവസ്ഥയുണ്ട്. പ്രവർത്തിക്കുന്ന മേഖലയോട് അത്രയേറെ പാഷനുള്ളതുകൊണ്ട് മാത്രം അതൊരു ബുദ്ധിമുട്ടായി തോന്നുന്നില്ല.  എന്നാൽ തിരക്കില്ലാത്ത അവസരങ്ങളിലും സ്വന്തമായി ഇനി എന്ത് ചെയ്യാനാവും എന്നത് മാത്രമാണ് ഗീതുവിന്റെ ചിന്ത. അങ്ങനെ ഇതിനിടെ ലോക്ഡൗൺ കാലത്ത് ഒരു കോഫി ബ്രാൻഡും ആരംഭിച്ചു. റിക്കാർഡോ പ്രീമിയം കോഫി എന്ന് പേര് നൽകിയിരിക്കുന്ന ബ്രാൻഡ് ഓൺലൈൻ വിപണിയിലൂടെലാണ് ആവശ്യക്കാരിലേക്ക് എത്തുന്നത്.

 

ഹാർഡ്‌വെയർ മേഖല ലക്ഷ്യം.

 

ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻസ് പഠിച്ചതുകൊണ്ട് അതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ മുൻപ് തന്നെ താൽപര്യം തോന്നിയിരുന്നു. ഇലക്ട്രോണിക്സിലെ റോബോട്ടിക്സ് പോലെയുള്ള മേഖലകളിൽ എന്തെങ്കിലും ചെയ്യണമെന്നതാണ് നിലവിലെ ആഗ്രഹം. ഐടിയുമായി ചേർന്ന് നിൽക്കുന്ന മേഖലയായതിനാൽ അതത്ര ബുദ്ധിമുട്ടാവില്ല എന്നാണ് വിശ്വാസം. പേസ് ടെക്കുപോലെ കൃത്യമായി പ്ലാനിംഗ് നടത്തി ആ ആഗ്രഹവും നേടിയെടുക്കാനാകുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ഗീതു.

 

English Sumamry: IT Professional Geethu Shivakumar's Successful Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com