ADVERTISEMENT

യാദൃച്ഛികമായി മലയാളസിനിമയിലേക്കെത്തി, നിർമാതാക്കളിൽ ഒരാളും അഭിനേത്രിയുമായ സാന്ദ്ര തോമസ് ഒരിടവേളയ്ക്കു ശേഷം വീണ്ടും സിനിമാ രംഗത്ത് സജീവമാകുകയാണ്. പുതിയ പ്രൊഡക്ഷൻ ഹൗസുമായെത്തുന്ന സാന്ദ്ര എന്നും തന്റെ നിലപാടുകളിലും ചിന്തകളിലും വ്യത്യസ്തത പുലർത്തിയിരുന്ന വ്യക്തിയാണ്. ഒരു സ്ത്രീ നിർമാതാവ് എന്ന തലത്തിൽ താൻ നേരിട്ട പ്രതിസന്ധികളും അനുഭവങ്ങളും ജീവിതവും സാന്ദ്ര മനോരമ ഓൺലൈൻ ഷീടോക്കിലൂടെ പറയുന്നു.

 

സിനിമ വേണ്ടന്ന് വച്ചത് എന്റെ തന്നെ ചോയിസ്

സാന്ദ്ര തോമസ്
സാന്ദ്ര തോമസ്

 

ഒത്തിരി ആഗ്രഹിച്ച് സിനിമയിൽ വന്ന ആളല്ല ഞാൻ. യാദൃച്ഛികമായി സംഭവിച്ചതാണ്. അത് പിന്നെ ബിസിനസ് ആയി മാറി. ഒരു ഘട്ടത്തിൽ സിനിമ വേണ്ടെന്ന് വച്ച് തന്നെയാണ് മാറിയത്. അത് എന്റെ ചോയ്സ് ആയിരുന്നു. അന്ന് ഫാമിലി ലൈഫിനാണ് പ്രാധാന്യം കൊടുത്തത്. സിനിമയെ ഒരിക്കലും ഞാൻ മിസ് ചെയ്തിട്ടില്ല. കുട്ടികളുടെ കാര്യം നോക്കി മുന്നോട്ടു പോയി. എടക്കാട് ബറ്റാലിയൻ, കള്ളൻ ഡിസൂസ എന്നിങ്ങനെ രണ്ട് സിനിമകൾ പപ്പ ചെയ്തു. അപ്പോഴാണ് വീണ്ടും ഞാൻ സിനിമ ടച്ചിലേക്ക് വന്നത്. നിരവധി പേർ സിനിമ ചെയ്യാൻ ബന്ധപ്പെട്ടു കൊണ്ടിരുന്നു. ഒടുവിൽ ഒരുപാട് ആലോചനകൾക്ക് ശേഷം സിനിമയിലേക്ക് മടങ്ങുകയായിരുന്നു. 

 

കല്യാണത്തിന് വേണ്ടി ഒന്നും സമ്പാദിച്ചിരുന്നില്ല

sandra-thomas-post-birthday-photos-of-thankakolusu-in-kashmir

 

കല്യാണത്തിനു വേണ്ടിയുള്ള സമ്പാദ്യമെടുത്താണ് സിനിമ ചെയ്തതെന്നത്  തെറ്റായ വാർത്തയാണ്. എന്റെ കല്യാണത്തിന് വേണ്ടി ഒന്നും സമ്പാദിച്ച് വച്ചിരുന്നില്ല. എന്റെ പപ്പയും മമ്മിയും വളരെ ഫോർവേഡ് ചിന്താഗതിക്കാരായിരുന്നു. കല്യാണക്കാര്യമൊന്നും അന്നും നിർബന്ധിച്ചിരുന്നില്ല. പഠിക്കാനും ജീവിതം ആസ്വാദിക്കാനുമാണ് എന്നും പ്രേരിപ്പിച്ചിട്ടുള്ളത്. 

 

യൂട്യൂബിലേക്ക് അബദ്ധത്തിൽ

 

യൂട്യൂബിലേക്ക് അബദ്ധത്തിൽ വന്നതാണ് എങ്കിലും അതിൽ നിന്നു നല്ലൊരു വരുമാനം ലഭിക്കാനിടയായി. വരുമാനം മാത്രമല്ല ആളുകളുടെ സ്നേഹവും അവിടെ ഉണ്ട്. സിനിമ പ്രൊഡ്യൂസ് ചെയ്താൽ ആളുകളുടെ ശത്രുതയേ ഉണ്ടാകൂ. ടെറർ പ്രൊഡ്യൂസർ, അപ്രോച്ചബിൾ അല്ലാത്ത ആൾ, അഹങ്കാരി അങ്ങനെ‌ പല പേരുകളും കേട്ടിട്ടുണ്ട്. എന്നാൽ യൂട്യൂബിലെ വിഡിയോകൾ മറ്റൊരു തലത്തിലുള്ള പ്രതികരണമാണ് നൽകിയത്. പേരും പൈസയും മനഃസമാധാനവും സ്നേഹവും അതുവഴി ലഭിച്ചു.

 

എന്തായാലും എനിക്ക് പൈസ കിട്ടണം

 

ആദ്യസിനിമയുടെ കഥയൊക്കെ കേട്ട് എല്ലാ ആർട്ടിസ്റ്റിനും അഡ്വാൻസ് തുക കൊടുത്തു. അതിൽ ഒരു ആർട്ടിസ്റ്റിന് അഡ്വാൻസ് തുക കൊടുക്കാൻ ചെന്നപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു, എന്താണ് സിനിമ ചെയ്യാനുള്ള കാരണം? എന്തായാലും എനിക്ക് പൈസ കിട്ടിയാൽ മതി എന്നായിരുന്നു എന്റെ മറുപടി. സിനിമ മേഖലയിൽ ഞാൻ ആദ്യമായിട്ടാണ്. സംസാരിക്കുമ്പോൾ ഡിപ്ലോമാറ്റിക് ആയി സംസാരിക്കാനും അറിയില്ലായിരുന്നു. ഞാൻ ഡയറക്ടായിട്ട് കാര്യം പറഞ്ഞത് അവർക്ക് ഇഷ്ടപ്പെട്ടില്ല. ആ പ്രൊജക്ട് പോയി. ആ വാശിയിൽ നിന്നാണ് സിനിമ എടുക്കണമെന്ന് തോന്നിയത്.

 

രണ്ട് കഥ കേട്ടുകഴിഞ്ഞാൽ...

 

രണ്ട് കഥ കേട്ടുകഴിഞ്ഞാൽ കുറച്ച് നാളത്തേക്ക് വേറേ കഥകളൊന്നും കേൾക്കില്ല. കഥ കേട്ടു ഞാൻ അതിൽ എക്സൈറ്റഡ് ആയാൽ ആ കഥ വേറേ ചിലരോട് പറയും അവർ എക്സൈറ്റഡ് ആകാറുണ്ടോ അതോ അത് പഴയരീതിയിലുള്ള കഥയാണോ എന്ന് നോക്കാറുണ്ട്. എല്ലാവരുടേയും അഭിപ്രായം കേൾക്കും പക്ഷേ എനിക്ക് എന്താണോ ഇഷ്ടം അത് ചെയ്യാൻ ശ്രമിക്കും.

sandra3

 

സേഫ് പ്രൊജക്ടുകളല്ല ചെയ്യുന്നത്

 

ഫ്രൈഡേ ഫിലിം ഹൗസ് വ്യത്യസ്തമായി സഞ്ചരിച്ച പ്രൊഡക്ഷൻ ഹൗസായിരുന്നു. കൂടുതൽ പുതിയ ആളുകൾക്ക് അവസരങ്ങൾ കൊടുത്തു. കുറേ പരീക്ഷണങ്ങളിൽ ഞങ്ങൾ പങ്കാളികളായി. അങ്ങനെ പല കാര്യങ്ങൾ ചെയ്താണ് പ്രൊഡക്ഷൻ ഹൗസിന് ഒരു പേരാക്കി കൊണ്ടുവന്നത്. സാന്ദ്രാതോമസ് പ്രൊഡക്ഷനിലും അത് വരുന്നതായിരിക്കും. ഞാൻ സേഫ് പ്രൊജക്ടുകളല്ല ചെയ്യുന്നത്. എടുക്കുന്നതെല്ലാം പരീക്ഷണ ചിത്രങ്ങളാണ്. എനിക്കുള്ള ധൈര്യം പഴയ പ്രൊഡ്യൂസേഴ്സിന് പോലുമില്ല. അത് എന്റെയൊരു ശക്തി ആണ്. അത് ഞാൻ ഉപയോഗിക്കുന്നുണ്ട്. അതാണ് വ്യത്യസ്തയാക്കുന്നത്. സാധാരണക്കാരുടെ വിചാരം കൈയിൽ കാശുള്ള ആർക്കും പ്രൊഡ്യൂസർ ആകാം എന്നാണ്. അത് എളുപ്പമല്ല. കാരണം ഞാൻ സിനിമ ചെയ്തിരിക്കുന്നത് കൈയ്യിൽ കാശുണ്ടായിട്ടല്ല. പല സിനിമകളുടേയും പകുതി ആകുമ്പോൾ കാശിന്റെ ബുദ്ധിമുട്ട് വന്നിട്ടുണ്ട്. ഫ്രൈഡേ സിനിമ ചെയ്യുമ്പോഴും കൈയ്യിൽ അധികം കാശില്ലായിരുന്നു. അതൊരു ധൈര്യമായിരുന്നു.

 

എന്റെ പ്രശ്നങ്ങൾ ഒന്നും പരിഹരിക്കപ്പെടാറില്ല

 

എന്റെ പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാറില്ല. തുടർച്ചയായി ഒരു പ്രൊഡ്യൂസർ തന്നെ പല ആളുകളുടേയും പടങ്ങൾ ചെയ്യുന്നുണ്ട്. എനിക്ക് അങ്ങനെ ചെയ്യാൻ ഭയങ്കര ബുദ്ധിമുട്ടാണ്. അവരുമായിട്ട് എന്തെങ്കിലും പ്രശ്നം ഉണ്ടായിക്കഴിഞ്ഞാൽ അത് പരിഹരിക്കപ്പെടില്ല. ജെൻഡർ ഡിഫറൻസിലാണ് ഈ പ്രശ്നം കൂടുതൽ ഉണ്ടാകുന്നത്. പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെയാണ് മുന്നോട്ട് പോകുന്നത്. ഒരാൾ അപമര്യാദയായി പെരുമാറിയാൽ ഒരു പരാതി അസോസിയേഷന് കൊടുക്കും. അവിടെ ചെന്നാൽ ഇത്ര നിസാരകാര്യത്തിനാണോ പരാതി തന്നത്, സാന്ദ്ര എന്തിനാണ് എല്ലാത്തിനും പരാതിപ്പെടാൻ വരുന്നത് എന്ന് ചോദിക്കും. അവിടെ ഞാൻ കുറ്റക്കാരിയാകും. എന്റെ വികാരം അവർ മനസിലാക്കുന്നില്ല. വിജയ് ഉണ്ടായിരുന്നപ്പോ പ്രശ്നം പരിഹരിച്ച് തരുമായിരുന്നു. ഇന്നതില്ല. പരാതി നോക്കിക്കഴിയുമ്പോൾ ഇത് ഇത്ര വലിയ പ്രശ്നമാണോ നാല് ചീത്ത വിളിച്ചാൽ തീരാവുന്ന പ്രശ്നമല്ലേ ഉള്ളൂ എന്ന് പറയും. എനിക്ക് അത് പറ്റില്ല.

sandra-thomas

 

പ്രൊഡ്യൂസറിന് ക്രിയേറ്റിവിറ്റിയെ കുറിച്ച് എന്തറിയാം

 

പ്രൊഡ്യൂസറിന് ക്രിയേറ്റിവിറ്റിയേക്കുറിച്ച് എന്തറിയാം ക്രിയേറ്റിവ് കാര്യങ്ങളിൽ നിങ്ങൾ ഇടപെടേണ്ട, നിങ്ങളുടെ നിർദ്ദേശങ്ങൾ ആവശ്യമില്ല എന്ന് പറയുന്നവർ ഉണ്ട്. എന്റെ സിനിമയിൽ ഞാൻ അഭിപ്രായം പറയും എന്റെ നിർദ്ദേശങ്ങൾ എടുക്കാത്ത ആളിന്റെ കൂടെ ജോലി ചെയ്യാൻ താൽപര്യമില്ലെന്ന് പറയേണ്ടി വന്നിട്ടുണ്ട്. 

sandra2

 

ചില നടൻമാർ മാത്രമല്ല, ടെക്നിക്കൽ ക്രൂവും താമസിച്ചാണ് വരുന്നത്

 

ഷൂട്ടിങ് സ്ഥലത്ത് എല്ലാവരും വരുന്നതിനേക്കാൾ മുൻപ് ചെല്ലും. ഇപ്പോൾ ആക്ടേഴ്സിനെ മാത്രം പറഞ്ഞാൽ പോരാ ടെക്നിക്കൽ ക്രൂവും താമസിച്ചാണ് സെറ്റിൽ വരുന്നത്. പണ്ടൊക്കെ 6 മണിക്ക് ഡയറക്ടേഴ്സും ടെക്നീഷ്യൻസും എല്ലാം സെറ്റിൽ വരുമായിരുന്നു. ഇപ്പോൾ യൂണിറ്റുകാർ വന്നാൽ പോലും മറ്റുള്ളവർ വരില്ല. 

 

മാനുഷിക പരിഗണനയില്ലാത്ത നടൻമാരുണ്ട്

 

മാനുഷിക പരിഗണന ഇല്ലാതെ പെരുമാറുന്ന നടൻമാർ കുറവല്ല. ഒരേ സിനിമയിൽ അഭിനയിക്കുന്ന മറ്റ് നടൻമാരെ കാരവാനിലുള്ള ടോയ്‌ലറ്റ് യൂസ് ചെയ്യാൻ സമ്മതിക്കാത്ത സംഭവങ്ങളുണ്ട്. സെറ്റിൽ തന്നെ മൂന്നും നാലും കാരവാനാണ് കിടക്കുന്നത്. ഒരു റൂം യൂസ് ചെയ്യുന്നൊരാൾ വേറൊരു ആക്ടറിനെ അതിനുള്ളിൽ കയറ്റില്ല. കാരവന്റെ ഒരു സൈഡ് പ്രൊഡ്യൂസർക്ക് വേണമെന്നു പറഞ്ഞപ്പോൾ ആ കാരവാൻ തല്ലിപ്പൊളിച്ച സംഭവവും കേട്ടു.

 

10 രൂപയുടെ പേരിൽ പോലും ചിലപ്പോൾ ഷൂട്ട് മുടങ്ങും

 

ഞാൻ പൈസ അനാവശ്യമായി ചിലവാക്കാറില്ല. സിനിമയിൽ ഒരു 10 രൂപയുടെ പേരിൽ പോലും ചിലപ്പോൾ ഷൂട്ട് മുടങ്ങിപ്പോയേക്കാം. ഒരു ചെറിയ പൈസയാണെങ്കിൽ പോലും അത് വളരെ പ്രധാനപ്പെട്ടതാണ്. സിനിമയിൽ നമ്മൾ പൈസ ചെലവാക്കുന്നത് ഫ്രെയിമിൽ കാണണം. ഫ്രെയിമിൽ അല്ലാത്ത കാര്യങ്ങൾക്കു േവണ്ടി പൈസ ചെലവാക്കുന്നതെന്തിനാണ്. അല്ലാതെ തന്നെ ഇവർക്കെല്ലാം നമ്മൾ ശമ്പളം കൊടുക്കുന്നുണ്ടല്ലോ. ഈ ശമ്പളത്തിനു പുറമേ എന്തിനാണ് അനാവശ്യ കാര്യങ്ങൾക്ക് പൈസ െചലവാക്കുന്നത് അത് ഞാൻ സമ്മതിക്കില്ല.

 

ജെൻഡർ ഇക്വാലിറ്റിയെക്കുറിച്ച് 

 

ജെൻഡർ ഇക്വാലിറ്റി വരണമെന്ന് ഞാൻ ആഗ്രഹിക്കുന്നുണ്ട്. പക്ഷേ ഇപ്പോഴത്തെ സാഹചര്യത്തിൽ അതിനു കഴിയില്ല. കാരണം ഒരു കോമഡി മെയിൻ ആക്ടറെ കാണുമ്പോൾ കിട്ടുന്ന ഒരു കൈയടി പോലും നമ്മുെട ഒരു മെയിൻ സ്ട്രീം നായികയ്ക്ക് കിട്ടില്ല. ഇവിടെ നായികമാർ മാറി വന്നുകൊണ്ടിരിക്കുകയാണ്. നടൻമാർ അവരുടേതായ ഒരു വാല്യൂ ക്രിയേറ്റ് ചെയ്ത് വച്ചിട്ടുണ്ട്. ആ വാല്യൂ ഈ ഫീമെയിൽ ആർട്ടിസ്റ്റിന് ഉണ്ടാക്കാൻ പറ്റുന്നില്ല. പുതിയ നായികമാർ വന്ന് അവരുെട വാല്യൂ ക്രിയേറ്റ് ചെയ്താൽ മാത്രമേ ഈ പറയുന്ന പോലെ ഒരു പോലെ പേയ്മെന്റ് ഒക്കെ കൊടുക്കാൻ പറ്റുകയുള്ളൂ. ഇപ്പോൾ തുല്യവേതനത്തെപ്പറ്റി പറയാനേ പറ്റില്ല. ഒരു നായകന് കിട്ടുന്നതിന്റെ ഒരു ശതമാനമായിരിക്കും നായികയ്ക്ക് കിട്ടുന്നത്. മലയാള സിനിമയിൽ മാത്രമല്ല എല്ലാ സിനിമാ മേഖലയിലും മെയിൽ ഓറിയന്റഡ് ആണ്. സ്റ്റാർഡം ബേസ് ചെയ്തിട്ടാണ് ഇവിടുത്തെ ബിസിനസ്സ് നടക്കുന്നതുമെല്ലാം, അതുകൊണ്ടു തന്നെ അവർ ചോദിക്കുന്നു. അവർ ചോദിക്കുന്നത് കൊടുക്കാനും ആളുകളുണ്ട്. 

 

വാക്കിന് വിലയില്ലാത്ത നടന്മാരെ വച്ച് സിനിമ ചെയ്യില്ല; പുതുമുഖം മതി

 

പ്രതിഫലത്തിന്റെ പേരിൽ എന്റെ പടത്തിൽ നിന്നു ഒരു നായകനെ മാറ്റിയിരുന്നു. ആദ്യം പറഞ്ഞ പേയ്മെന്റ് അല്ല രണ്ടു മാസം കഴിഞ്ഞ് ഷൂട്ട് തുടങ്ങാനായപ്പോൾ പറഞ്ഞത്. അപ്പോൾ ഞാൻ പറഞ്ഞു എന്റെ പടത്തിൽ അഭിനയിക്കണ്ട. അങ്ങനെയുള്ളവരുടെ പുറകെ നടന്ന് പടം ചെയ്യുന്നവരുണ്ടാകാം. പക്ഷേ എനിക്ക് അങ്ങനെ പടം ചെയ്യേണ്ട. പുതിയ ആൾക്കാരെ വച്ച് പടം ചെയ്യാനും അറിയാം. ഞാൻ അതിന്റെ ഡയറക്ടേഴ്സിനോടും പറഞ്ഞു നിങ്ങൾ പുതിയ ആൾക്കാരെ വച്ച് പടം ചെയ്തോളൂ, ഞാനുണ്ട് നിങ്ങളുടെ കൂടെയെന്ന്. ഇവിടെ പ്രശ്നം വരുന്നത് ജെൻഡറിലൊന്നുമല്ല. ഇവിെട ഇഷ്യൂ വരുന്നത് കണ്ടെന്റിലാണ്കാര്യം. നല്ല കണ്ടെന്റ് ഇല്ലെങ്കിൽ നല്ല സിനിമയുമില്ല.

 

പ്രമോഷൻ കീറാമുട്ടി

 

ചില ആക്ടേഴ്സിനെ പ്രമോഷനു കൊണ്ടുവരിക എന്നത് വലിയ ബുദ്ധിമുട്ടാണ്. കാശുമുടക്കി ഇത്രയും ബുദ്ധിമുട്ടി എല്ലാ ചെയ്തു കഴിഞ്ഞിട്ട് അവസാനം നമ്മൾ ഇവരുടെ കാൽ പിടിക്കണം. ഇതനുഭവിക്കേണ്ടി വരുമ്പോൾ നമുക്കുണ്ടാകുന്ന ഒരു വേദന ഉണ്ടല്ലോ അവിടുന്നാണ് ഞാൻ സിനിമ ഉപേക്ഷിക്കാമെന്നു വിചാരിച്ചത്. നമ്മുെട മാത്രം ആവശ്യമാണ് പടം ഇറക്കുക, വിജയിപ്പിക്കുക എന്നതിലേക്ക് വരുന്നു. വിജയിപ്പിച്ചില്ലെങ്കിൽ കൂടി ആ പ്രൊഡ്യൂസർക്ക് അവർ മുടക്കിയ പൈസ എങ്കിലും തിരിച്ചു കിട്ടണമെന്ന ചിന്ത വേണം. നമ്മുടെ സീനിയർ ആക്ടേഴ്സൊക്കെ അങ്ങനെ ചിന്തിക്കുന്നവരാണ്. അവരെയൊന്നും മാനേജ് ചെയ്യാൻ ഇത്ര ബുദ്ധിമുട്ടില്ല. നമ്മുടെ പടത്തിന്റെ ട്രെയിലർ റിലീസായി അത് ഒന്നു ഫെയ്സ്ബുക്കില്‍ ഇടാമോ എന്നു ചോദിച്ചാൽ മമ്മൂക്കയോ ലാലേട്ടനോ അത് ചെയ്യും. എന്നാൽ ഇപ്പോഴുള്ള ചില പുതിയ നടൻമാർ പല കാരണങ്ങൾ പറഞ്ഞ് ഒഴിവാക്കും. അവർക്ക് അതൊക്കെ ബുദ്ധിമുട്ടാണ്.

 

പ്രൊഡ്യൂസറിനെ കാണുന്നത് എടിഎം മെഷീനായിട്ടാണ്

 

പ്രൊഡ്യൂസറിനെ പലരും കാണുന്നത് ഒരു എടിഎം മെഷീനായിട്ടാണ്. നിങ്ങൾ പൈസ മാത്രം തന്നാൽ മതി. നിങ്ങൾക്ക് ക്രിയേറ്റീവ് കാര്യങ്ങൾക്കൊന്നും അറിവും ഇല്ല അതിനെക്കുറിച്ച് സംസാരിക്കുകയും േവണ്ടയെന്ന് പറയും. സനിമയിൽ ഏറ്റവും എളുപ്പമുള്ള പണി അഭിനയമാണ്. ഏറ്റവും പ്രിവിലേജ് ഉള്ള പൊസിഷനിലാണ് അവർ നിൽക്കുന്നത്. നടൻമാർ അവർ അനുഭവിക്കുന്ന ദുരിതങ്ങളെപ്പറ്റി പറയും. പക്ഷേ അവിടെ അവർ മനസ്സിലാക്കേണ്ട കാര്യം ആ സിനിമയുടെ പിന്നിൽ പ്രവർത്തിച്ച നൂറു പേർക്ക് മൈക്ക് കിട്ടുന്നില്ല എന്നുള്ളതാണ്. അവരുടെ ബുദ്ധിമുട്ടുകള്‍ പറയാൻ അവർക്ക് മൈക്ക് കിട്ടുന്നില്ല. ആക്ടേഴ്സ് കുറച്ചു സമയം വെള്ളത്തിലോ വെയിലത്തോ നിന്ന് അഭിനയിച്ചിട്ടു പോകും ഈ പറയുന്ന ക്രൂ രാവിലെ മുതൽ രാത്രി വരെ ഈ വെയിലത്താണ് നിൽക്കുന്നത്. അങ്ങനെ മൈക്ക് കിട്ടാത്ത ആൾക്കാർക്കു വേണ്ടിയാണ് ഞാൻ സംസാരിക്കുന്നത്. അത് ചിലപ്പോൾ എന്റെ അഹങ്കാരമായി തോന്നിയേക്കാം.

 

ആമേനിൽ അഭിനയിച്ചത്...

 

എനിക്ക് ഏറ്റവും കൂടുതൽ ജനങ്ങളിൽ നിന്നുള്ള പ്രശംസ കിട്ടിയത് ആമേനിലെ റോളിനാണ്. ഒരുപാട് ഫാൻസ് ഉണ്ടായത് ആ ചിത്രത്തിലൂടെയാണ്. പിന്നെ അഭിനയിക്കണമെന്നൊന്നും തോന്നിയില്ല. ലിജോ പറഞ്ഞിട്ടാണ് ആമേൻ ചെയ്തത്. സക്കറിയയുടെ ഗർഭിണികൾ ചെയ്തത് വേറൊരു നടി ഒരുപാട് കാശ് ചോദിച്ചപ്പോള്‍ പൈസ ലാഭിക്കാൻ ചെയ്തതാണ്. കിളി പോയി എന്ന പടത്തിലെ ഒരു പ്രൊ‍ഡ്യൂസറായ വിജയ് ചോദിച്ചതുകൊണ്ടാണ് ആ പടത്തില്‍ അഭിനയിച്ചത്. ആടിലെ ക്യാരക്ടർ വളരെ ചെറിയ ക്യാരക്ടാറായതു കൊണ്ട് അതിനായി ഒരാളെ കൊണ്ടു വരേണ്ട എന്നു കരുതിയാണ് അഭിനയിച്ചത്.

 

പുതിയ ചിത്രമായ നിലാവുള്ള രാത്രിയെക്കുറിച്ച് ...

 

കഥ കേട്ടു ഇഷ്ടപ്പെട്ടു, വ്യത്യസ്തമായ ഒരു സബ്ജക്റ്റായിട്ടു തോന്നി. കഥ പറയുന്ന രീതി വ്യത്യസ്തമായിരുന്നു. അങ്ങനെ ഇത് ചെയ്യണമെന്ന് തോന്നി. സിനിമ ഒന്നും ചെയ്യുന്നില്ല എന്ന് കരുതിയിരിക്കുകയായിരുന്നു. ഈ ചിത്രത്തിന്റെ ഡയറക്ടർ എന്റെ ബാച്ച് മേറ്റ് ആണ്. എട്ടുപേരായതു കൊണ്ട് ആരും ഇത് ചെയ്യാൻ തയാറാകാത്തത്. നല്ല കഥയാണ്. ഇതിനകത്ത് പക്ഷേ ഭയങ്കര റിസ്കുണ്ട്. എന്നാൽ ഈ റിസ്കെടുക്കാം. എനിക്കല്ലാതെ ആർക്കാണ് ഇതിനുള്ള ധൈര്യം. റിസ്കെന്നു പറയുമ്പോൾ പ്രൊഡക്ഷനിലാണ്. കാരണം ഒന്നും സെയിലബിള്‍ ആർട്ടിസ്റ്റല്ല. ആ പ്രൊജക്ടിന് എനിക്ക് ധൈര്യമുണ്ട്. ഞാൻ ആ കണ്ടന്റിൽ വിശ്വസിക്കുന്നുണ്ട്. അതുകൊണ്ടാണ് ആ പ്രോജക്റ്റിൽ മുന്നോട്ട് പോയത്. 

 

സ്വന്തമായി ഒരു പ്രശ്നം വന്നാൽ എങ്ങനെ നേരിടും

 

ഞാൻ വളരെ ഇമോഷണല്‍ ആയിട്ടുള്ള ഒരാളാണ്, ഞാൻ ഭയങ്കരമായി വാവിട്ടു കരയും. കരഞ്ഞു കഴിഞ്ഞാൽ കൂടുതൽ സ്ട്രോങ്ങ് ആകും. എന്റെ പപ്പ പറഞ്ഞപ്പോഴാണ് ഞാനത് റിയലൈസ് ചെയ്യുന്നത്. ഞാൻ എല്ലാം ഹൃദയത്തിലേക്കെടുക്കുന്ന ഒരാളാണ്. ചെറിയ കാര്യം മതി എനിക്ക് വിഷമം വരാൻ കരയേണ്ട സാഹചര്യം വന്നാൽ കരയും. സെറ്റിലൊക്കെ കരഞ്ഞിട്ടുണ്ട്. ഞാനൊരു സാധാരണ സ്ത്രീയാണ്. എനിക്ക് വിഷമം വരും. പ്രതികരിക്കേണ്ടിടത്ത് പ്രതികരിക്കും. സ്ട്രോങ്ങ് ആയി ഇരിക്കുക എന്നു പറഞ്ഞാൽ കരയാതിരിക്കുക എന്നല്ല. നമ്മുടെ ഡിസിഷൻസാണ് നമ്മളെ സ്ട്രോങ്ങും ബോൾഡും ആക്കുന്നത്. ഒരു പ്രശ്നമുണ്ടായാൽ ആദ്യം അഭിപ്രായം തേടുന്നത്. ഫാമിലിയോടായിരിക്കും. എല്ലാവരുടെയും അഭിപ്രായം കേട്ട്. അതിൽ എനിക്ക് എന്ത് നല്ലതെന്ന് തോന്നുന്നോ അതായിരിക്കും ഞാൻ ചെയ്യുന്നത്. സിനിമയിൽ സൗഹൃദങ്ങളുണ്ട് പക്ഷേ പേടിയുമുണ്ട്.

 

ഭാവി പ്രൊജക്റ്റുകൾ

 

രണ്ടു മൂന്ന് നല്ല സിനിമകൾ സെലക്റ്റ് ചെയ്തു വച്ചിട്ടുണ്ട് ഈ സിനിമയുടെ ഒരു ഭാവി പോലെയിരിക്കും ബാക്കിയുള്ള സിനിമകളുടെ കാര്യം. പുതിയ ആൾക്കാരുടെ സിനിമകളാണ് എല്ലാം. അതേപോലെ രണ്ടു മൂന്ന് വെബ്സീരീസും ചെയ്യാൻ പ്ലാനുണ്ട്. എന്നെക്കൊണ്ട് പറ്റാവുന്ന ആളുകൾക്ക് സിനിമയിലേക്കുള്ള ഒരു ബ്രിഡ്ജ് ആയിട്ട് നിൽക്കണം എന്നാണ് എന്റെ ആഗ്രഹം.

English Summary: She Talks Interview With Sandra Thomas

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com