ADVERTISEMENT

പ്രായം അൻപതു കഴിഞ്ഞാല്‍ മക്കളുടെയും കൊച്ചുമക്കളുടെയും കാര്യങ്ങള്‍ നോക്കി വീടകങ്ങളിലേക്ക് ചുരുങ്ങുന്ന അമ്മമാരുടെ ലോകത്ത് ഗീതമ്മ വ്യത്യസ്തയാണ്, 54 ാമത്തെ വയസ്സിലാണ് ഗീതമ്മ യാത്രകളുടെ കൂട്ടുകാരിയാകുന്നത്. ഒരിക്കല്‍ അമ്മയുടെ വിരല്‍ത്തുമ്പില്‍ തൂങ്ങി നടന്ന മകന്‍ പിന്നീട് അമ്മയുടെ കൈകോര്‍ത്തുപിടിച്ച് ലോകം കാണാനിറങ്ങുമ്പോള്‍ ആ അമ്മയ്ക്ക് പ്രായം ഒരു തടസ്സമായതേയില്ല. അടച്ചിട്ട വാതിലുകള്‍ക്കു പിന്നില്‍ ഏതെങ്കിലും പുസ്‌തകത്താളുകളിലേക്കോ പതിവു രീതികളിലേക്കോ ചുരുങ്ങുമായിരുന്ന ഗീതമ്മയുടെ ജീവിതം മാറ്റിമറിക്കപ്പെട്ടത് അമ്പത്തിനാലാമത്തെ വയസ്സിലാണ്.

geethamma04

ഇന്നും പതിനെട്ടുകാരി

വീട്ടുമുറ്റത്തിറങ്ങി നിന്ന് ആകാശത്തേക്കു നോക്കി സൂര്യനോട് പരിഭവം പറഞ്ഞിരുന്ന ആ പതിനെട്ടുകാരി തന്നെയാണ് ഗീതമ്മയിന്നും. അല്ലെങ്കില്‍ റോതാങ്ങ് പാസും കൈലാസവും കുടജാദ്രിയുമെല്ലാം ഇത്ര അനായാസം കണ്ടുവരാനാകുമോ എന്നു സംശയമാണ്. ചെറുപ്പം മുതല്‍ ഗീതമ്മ ഒരു യാത്രാപ്രേമിയാണ്. പക്ഷേ എല്ലാ സാധാരണ പെണ്‍കുട്ടികളെയും പോലെ നന്നേ ചെറുപ്രായത്തില്‍ വിവാഹിതയായി, മൂന്നു കുട്ടികളുടെ അമ്മയായി. കാലം പല ഘട്ടങ്ങളിലേക്ക് ഗീതമ്മയെ നയിച്ചെങ്കിലും ഒരിക്കലും തന്റെ മനസ്സില്‍നിന്നു യാത്രയെന്ന സ്വപ്നത്തെ പടിയിറക്കിയിരുന്നില്ല. ഒരു വീട്ടമ്മയുടെ കര്‍ത്തവ്യം ഭംഗിയായി നിര്‍വഹിക്കുന്നതിനൊപ്പം തന്റെ ഇഷ്ടയിടങ്ങളിലേക്കു സ്വപ്‌നാടങ്ങള്‍ നടത്തിക്കൊണ്ടേയിരുന്നു. യാത്രാമാഗസിനുകളില്‍ നിന്നും പത്രത്താളുകളില്‍ നിന്നും ഓരോ സ്ഥലത്തിന്റെയും ചിത്രങ്ങളും വിവരങ്ങളും വെട്ടിയെടുത്ത് സൂക്ഷിച്ചുവച്ചു. എന്നാല്‍ ഗീതമ്മയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ മകന്‍ ശരത് തീരുമാനിച്ചയിടത്തുനിന്ന് ആരംഭിച്ചു ആ അമ്മയുടെയും മകന്റെയും യാത്രകള്‍. ‘‘ഈ പ്രായത്തില്‍ ലോകം കാണുമെന്ന് ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ഞാന്‍ ഭയങ്കര ഹാപ്പിയാണ്. ഓരോ യാത്ര കഴിയുമ്പോഴും അടുത്തത് പ്ലാന്‍ ചെയ്തുകൊണ്ടേയിരിക്കുന്നു. ശരിക്കും യാത്ര ഒരു ഹരംതന്നെയാണ്’’– ഗീതമ്മ പറയുന്നു.

geethamma01

സ്വപ്‌നാടനങ്ങളില്‍നിന്ന് സ്വപ്‌നസാക്ഷാത്കാരത്തിലേക്ക്

‘‘ഒരു ദിവസം മുംബൈയിലുള്ള മകന്റെ സുഹൃത്തിനെക്കാണാൻ അവനൊപ്പം പോയതാണ് എന്റെ ആദ്യ യാത്രാനുഭവം. വിവാഹം കഴിഞ്ഞ് ദുബായിലേക്കു പറിച്ചുനട്ട എന്റെ ജീവിതത്തില്‍ കുടുംബം മാത്രമായിരുന്നു ഉണ്ടായിരുന്നത്. എന്നും യാത്രകളോട് അടങ്ങാത്ത പ്രണയമായിരുന്നെങ്കിലും അധികമൊന്നും എവിടെയും പോയിട്ടില്ലായിരുന്നു; ശരത് മുംബൈയ്ക്കു കൊണ്ടുപോകുന്നതു വരെ. 2015 ല്‍ എന്റെ 54 മത്തെ വയസ്സിലായിരുന്നു അത്. രണ്ടു ദിവസത്തെ യാത്രയെന്നാണ് അവന്‍ എന്നോട് പറഞ്ഞത്. ആദ്യം മനസ്സ് പിന്‍വലിഞ്ഞെങ്കിലും പിന്നീട് പോകാന്‍ തീരുമാനിക്കുകയായിരുന്നു.’’ മഹാരാഷ്ട്രയെ അടുത്തറിഞ്ഞൊരു സഞ്ചാരം. അത് ശരിക്കുമൊരു വഴിത്തിരിവായി. അന്നുമുതല്‍ യാത്രയെന്ന ഹരം ഒരു ലഹരിയായി ഗീതമ്മയുടെ സിരകളിലേക്കു പടർന്നു. പിന്നെ ചെറുയാത്രകൾ പോലും ആസ്വദിച്ചുതുടങ്ങി. അമ്മയുടെ സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കുക എന്നത് തന്റെ കടമയേക്കാള്‍ ഇഷ്ടമായി കണ്ടെത്തിയ മകന്‍ ശരത് ഓരോ ട്രിപ്പും പ്ലാനിടാനരംഭിച്ചു.

geethamma02

‘‘എന്റെ യാത്രകളോടുള്ള ഭ്രമം എത്രത്തോളമുണ്ടെന്നതിന് ഒരു രസകരമായ സംഭവം പറയാം. സാധാരണ എല്ലാവരും പഴനിയില്‍പ്പോയി മൊട്ടയടിക്കാം എന്നാണല്ലോ വഴിപാട് നേരാറ്. ഞാന്‍ അത് തിരുപ്പതിയിലേക്ക് ആക്കി. അങ്ങനെയാകുമ്പോള്‍ അവിടെവരെ പോകുന്നവഴിയിലെ കാഴ്ചകളൊക്കെ കാണാമല്ലോ എന്നായിരുന്നു എന്റെ ചിന്ത. ഓരോ യാത്രകളും എനിക്ക് നല്‍കുന്നത് പുതിയ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളുമാണ്. പ്രായം ഒന്നിനും ഒരിക്കലും തടസ്സമാവില്ല എന്നു നമ്മള്‍ തീരുമാനിക്കുന്നിടത്ത് മാറ്റങ്ങള്‍ ആരംഭിക്കും. പണ്ട് പുസ്തകത്താളുകളിൽ മാത്രം കണ്ടുപരിചയിച്ച കാഴ്ചകള്‍ ഇന്ന് ഓരോന്നായി എനിക്ക് നേരിട്ടനുഭവിക്കാവുന്നുവെന്നത് ഈ ജന്മത്തിലെ ഏററവും വലിയ ഭാഗ്യമാണ്.’’

കൈലാസവും റോഹ്താങ്ങിലെ ബൈക്ക് റൈഡും

geethamma05

പലര്‍ക്കും സാധിക്കാതെ പോകുന്ന ഒരു യാത്രയാണ് തന്റെ ഈ പ്രായത്തില്‍ ഗീതമ്മ സാധ്യമാക്കിയത്. കൈലാസയാത്ര വല്ലാത്തൊരു അനുഭവമായിരുന്നുവെന്ന് ഗീതമ്മ. 

‘‘അങ്ങോട്ടേക്കുള്ള യാത്ര അത്ര എളുപ്പമല്ല, എങ്കിലും എന്റെ മകന്‍ എന്നെ അവിടെ കൊണ്ടുപോയി. ജീവിതത്തില്‍ ഒരിക്കലും അവിടെ കാലുകുത്താനാകുമെന്ന് ഞാന്‍ കരുതിയിട്ടേയില്ല, പക്ഷേ വിധി നമുക്ക് വേണ്ടി കരുതിവച്ചിരിക്കുന്ന അദ്ഭുതങ്ങള്‍ ഏറെയാണ്. അതുപോലെയാണ് ഞാൻ റോഹ്താങ്ങിലേക്കു പോയത്. ചെറുപ്പം മുതലേ എനിക്ക് ബൈക്ക് ഭയങ്കര പേടിയാണ്. എന്റെ അമ്മ ടീച്ചറായിരുന്നു അമ്മയെ ജോലിസ്ഥലത്ത് കൊണ്ടുപോയി വിടുന്നത് അച്ഛനും. അച്ഛന്റെ ടൂവീലറിന്റെ പുറകിൽ സാരി ഗാർഡ് ഇല്ലാത്തതിനാൽ സാരിയെല്ലാം വാരി പിടിച്ചിരിക്കുന്ന അമ്മയെയാണ് എനിക്ക് എപ്പോഴും ഓർമ്മ വരിക. അന്ന് കയറി കൂടിയ പേടിയെ ഇറക്കിവിട്ടത് ഹിമാലയത്തിലാണ്. ഇവിടെ വരെ എത്തിയതല്ലേ, റോഹ്താങ് പാസ് കൂടി കണ്ടു മടങ്ങാം എന്നായി, കാറിലോ ബസിലോ പോകാമെന്ന് തീരുമാനിച്ചിരുന്ന എന്നോട്, അങ്ങോട്ടേക്ക് ബൈക്കിൽ പോകണം, അത്രയും അഡ്വഞ്ചറസും മനോഹരവുമായ ഒരു യാത്ര വേറെ ജീവിതത്തിൽ ആസ്വദിക്കാൻ ആവില്ല എന്ന് അവൻ പറഞ്ഞപ്പോൾ രണ്ടും കൽപിച്ച് ഞാൻ ആ ബുള്ളറ്റിന്റെ പുറകിൽ കയറി. 

ഫ്രിജിലും ടിവിയിലും മാത്രം കണ്ടു പരിചയിച്ച ഐസ് നേരിട്ട് കണ്ടപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്നുപോയി. 60 വയസ്സുള്ള അമ്മ 18 വയസ്സുള്ള പെണ്‍കുട്ടിയായി മാറുന്ന കാഴ്ചയ്ക്ക് മകൻ സാക്ഷ്യം വഹിച്ചു. എനിക്ക് പത്തു വയസ്സ് കുറഞ്ഞതു പോലെയാണ് അപ്പോൾ ഫീൽ ചെയ്തത്. മഞ്ഞുവാരി കളിച്ചും അതിൽ കിടന്നുരുണ്ടും ഞാൻ ആവോളം അത് ആസ്വദിക്കുകയും ചെയ്തു.’’

ചില കാര്യങ്ങൾ നമ്മൾ ജീവിതത്തിൽ അനുഭവിക്കുന്നത് ഓരോ കാലഘട്ടത്തിലായിരിക്കും. ഓരോന്നിനും അതിന്റെ സമയമുണ്ട് ദാസാ എന്നു പറയുന്നതുപോലെ ഗീതമ്മയുടെ സമയം തെളിഞ്ഞത് 54 മത്തെ വയസ്സിൽ ആണെന്ന് മാത്രം. പിന്നീട് ഇങ്ങോട്ട് ആ അമ്മയ്ക്ക് വയസ്സ് കൂടുകയല്ല, കുറയുകയാണ് എന്ന് ഓരോ യാത്രയും തെളിയിച്ചു കൊണ്ടേയിരിക്കുന്നു. കുടുംബത്തിനും മക്കൾക്കും വേണ്ടി പല സ്വപ്നങ്ങളും കുഴിച്ചുമൂടുന്ന അമ്മമാർക്കിടയിലാണ് നമ്മൾ ജീവിക്കുന്നത്. അമ്മയുടെ ഇഷ്ടങ്ങളും സ്വപ്നങ്ങളും എന്താണെന്നു കണ്ടെത്താൻ മക്കൾക്ക് സാധിക്കട്ടെ. ഓരോ അമ്മയും കാണുന്ന സ്വപ്നങ്ങൾക്ക് ചിറകു മുളപ്പിച്ച് കൊടുക്കാനുമാകട്ടെ. 

English Summary: special story on geetha mother

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com