ADVERTISEMENT

ഉറങ്ങാതെ കരഞ്ഞു തീർത്ത രാത്രികൾക്കു പകരം മറ്റൊരു രാത്രിയിൽ നിറഞ്ഞ സദസ്സിൽ കയ്യടികളോടെ നിന്നപ്പോൾ നൈനിക മുരളിയുടെ കണ്ണുകൾ ആൾക്കൂട്ടത്തിൽ പാഞ്ഞു. മറ്റാരെയുമല്ല, അമ്മയും അച്ഛനും ആൾക്കൂട്ടത്തിലുണ്ടാകുമോയെന്ന്. കേരള സർവകലാശാല യൂണിയൻ കലോത്സവത്തിന്റെ സമാപന സമ്മേളനമാണ് വേദി. സർവകലാശാല പ്രഥമ കലാരത്ന പുരസ്കാരമെന്ന നേട്ടവുമായാണു നൈനിക മുരളി വേദിയിലെത്തിയത്. ഏഴാം ക്ലാസിൽ നൃത്തം അഭ്യസിക്കുന്ന പയ്യനിൽ നിന്ന്, ‌കലാരത്ന പുരസ്കാരം നേടിയതു വരെയുള്ള ‌നൈനികയുടെ ജീവിതം പോരാട്ടമാണ്. ആൺകുട്ടിയിൽ നിന്നു പെൺകുട്ടിയാകാൻ നടത്തിയ യാത്രയിലാണു ‘നൈനിക’യുടെ ജനനം.

ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ലളിതഗാനം, ശാസ്ത്രീയ സംഗീതം, കുച്ചിപ്പുഡി, ഭരതനാട്യം, നാടോടിനൃത്തം, മാപ്പിളപ്പാട്ട്, രംഗോലി എന്നിവയിലാണു നൈനിക മുരളി ഒന്നാം സ്ഥാനം നേടിയത്. 35 പോയിന്റ് നേടി ഇത്തവണത്തെ യുവജനോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്നയാളായാണു തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ നൈനിക മുരളി മടങ്ങിയത്. ‌‌

nainika-kalotsavam
കലോത്സവവേദിയില്‍. ചിത്രം: വിഘ്നേഷ് കൃഷ്ണമൂർത്തി

കൊല്ലം കൊട്ടാരക്കര സ്വദേശിനിയായ നൈനിക മൂന്നാം വർഷ ബിഎ മലയാളം വിദ്യാർഥിയാണ്. എഴുത്തിനോടാണു കൂടുതൽ താൽപര്യമെങ്കിലും ചെറുപ്പത്തിൽ നൃത്തം പഠിച്ചതിന്റെ ചുവടുകളുമായി ഭരതനാട്യം ഉൾപ്പെടെയുള്ളവ അതിവേഗം പങ്കെടുക്കുകയായിരുന്നു. കലോത്സവത്തിൽ നിന്നു പിന്മാറാൻ ഉദ്ദേശിച്ചെങ്കിലും ഡോ. ഷെറീന റാണിയുൾപ്പെടെയുള്ള അധ്യാപകരുടെ പിന്തുണ ലഭിച്ചതോടെ തീരുമാനം മാറ്റുകയായിരുന്നു.

സ്കൂളിൽ സംസാരിക്കാത്ത പയ്യൻ

കൊല്ലം കൊട്ടാരക്കര വിലങ്ങറയിൽ കെ.മുരളിയുടെയും വിജയമ്മയുടെയും വിവാഹം കഴിഞ്ഞ് 8 വർഷത്തെ കാത്തിരിപ്പിനു ശേഷം ജനിച്ച മകനാണു ഞാൻ. ലാളിച്ചാണു വളർത്തിയത്. പൊതുവേ ക്ലാസിൽ ആരോടും അധികം സംസാരിക്കാത്ത കുട്ടിയായിരുന്നു. ചെറുപ്പത്തിൽ തന്നെ ശാസ്ത്രീയ സംഗീതവും നൃത്തവും പഠിപ്പിക്കാൻ വിട്ടിരുന്നു. ഞങ്ങൾ കുടുംബത്തോടെ വെട്ടിക്കവലയിലുള്ള അമ്മ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.

ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ എനിക്കു സ്ത്രൈണഭാവം കൂടുതലാണെന്നു പറഞ്ഞ് അമ്മ നൃത്ത പഠനം അവസാനിപ്പിച്ചു. നൃത്ത പഠനം നിർത്തലാക്കിയത് എന്റെ മനസ്സിനെ തളർത്തി. എനിക്കു സ്ത്രൈണഭാവം കൂടുതലാണെന്ന് അമ്മ ചീത്ത പറയുമായിരുന്നു. ശാസ്ത്രീയ സംഗീത പഠനം മുന്നോട്ടു കൊണ്ടുപോയെങ്കിലും പത്താം ക്ലാസ് ആയപ്പോൾ അതും നിർത്തി. ഒരു പെൺകുട്ടിക്ക് അമ്മ എങ്ങനെയാണോ അതു പോലെയായിരുന്നു എനിക്കും അമ്മ എന്തിനും ഏതിനും എപ്പോഴും കൂടെ വേണം. പക്ഷേ, എന്റെ സ്വത്ത്വം പ്രശ്നമായപ്പോൾ, അതു മനസ്സിലാക്കാനും കൂടെ നിർത്താനും അമ്മയ്ക്ക് സാധിച്ചില്ല. പ്ലസ്ടുവിനു പഠിക്കുമ്പോഴാണു ഞാൻ അമ്മയോട് എന്റെ സ്വത്ത്വത്തെക്കുറിച്ചു പറഞ്ഞത്. അമ്മയ്ക്ക് അതിനോടു പൊരുത്തപ്പെടാൻ സാധിച്ചില്ല എന്നതാണു സത്യം- നൈനിക പറഞ്ഞു.

Read also: സ്വപ്നം ഫലിച്ചു; 10 വർഷങ്ങൾക്കു മുൻപ് ടൈറ്റന്‍ ദുരന്തം താൻ സ്വപ്നം കണ്ടിരുന്നുവെന്ന് യുവതി

വീട്ടിൽ നിന്നു പുറത്തേക്ക്

പ്ലസ്ടുവിനു ശേഷം ഒരു വർഷം ഐടിഐ പഠനം. അതുകഴിഞ്ഞ് കരുനാഗപ്പള്ളി പോളിടെക്നിക് ഐഎച്ച്ആർഡിയിൽ പഠനത്തിനു ചേർന്നു. എന്നാൽ പഠനം ഒരു വർഷം ആകുമ്പോഴേക്കും നിർത്തി വീട്ടിൽ നിന്നും ഇറങ്ങേണ്ടി വന്നു. സഹോദരൻ പുറത്തു പോകുമ്പോൾ കൂട്ടുകാർ കളിയാക്കുന്നു എന്ന പേരിൽ അവൻ എപ്പോഴും ദേഷ്യപ്പെടാൻ തുടങ്ങി. ആണിനെപ്പോലെ ജീവിക്കാൻ അമ്മയുടെ നിർബന്ധവും. വീട്ടിൽ എനിക്കു ഞാനായി ജീവിക്കാൻ കഴിയില്ലെന്നു മനസ്സിലായപ്പോൾ വീടു വിട്ടിറങ്ങി. അങ്ങനെ എറണാകുളത്തുള്ള മുദ്ര എന്ന ഷോർട്ട് സ്റ്റേ ഹോമിൽ ഒരു മാസത്തോളം താമസിച്ചു. അതിനിടയ്ക്കു വീട്ടുകാർ എന്നെ കാണാതായതായെന്ന് പൊലീസിൽ കേസ് കൊടുത്തു. കോടതിയിലെത്തിയപ്പോൾ എനിക്കു വീട്ടുകാരോടൊപ്പം പോകാൻ താൽപര്യമില്ലെന്നും എന്റെ സ്വത്ത്വം കോടതിയിൽ തുറന്നു പറയുകയും ചെയ്തു.

nainika-life
നൈനിക മുരളി. ചിത്രം: വിഘ്‌നേഷ് കൃഷ്ണമൂർത്തി

കൂട്ടിലേക്ക്

കോടതിയിൽ എന്റെ സ്വത്ത്വം തുറന്നു പറഞ്ഞതോടെ തിരുവനന്തപുരം സാമൂഹിക നീതി ഓഫിസിനു കീഴിലുള്ള കൂടെന്ന ഷെൽറ്റർ ഹോമിലേക്കു മാറി. അവിടെ വച്ചാണു കൃഷ്ണവർധനെ പരിചയപ്പെടുന്നത്. ഷെൽറ്റർ ഹോം പൂട്ടിയപ്പോൾ താമസം ഭക്ഷണം ഉൾപ്പെടെയുള്ള കാര്യങ്ങൾ എല്ലാം കൃഷ്ണനായിരുന്നു നോക്കിയിരുന്നത്. മുടങ്ങിപ്പോയ പഠനം തുടരാൻ തീരുമാനിച്ചു. ജീവിതത്തിൽ തളർന്നുപോകുമെന്ന ഘട്ടത്തിലെല്ലാം തോറ്റുകൊടുക്കാനുള്ളതല്ല ജീവിതമെന്നു കൃഷ്ണൻ പഠിപ്പിച്ചു. കൃഷ്ണവർധനുമായി രണ്ടു വർഷം മുൻപു വിവാഹിതയായി. കൃഷ്ണൻ ട്രാൻസ്മെൻ ആണ്. ‌തൃശൂരാണു വീട്. കൃഷ്ണന്റെ സഹോദരങ്ങളും അമ്മയും എന്നെ അവരിൽ ഒരാളായിട്ടാണു കാണുന്നത്. സാമൂഹികനീതി വകുപ്പിലാണു കൃഷ്ണനു ജോലി.

Read also: ഞാനും മക്കളും പൊട്ടിക്കരയുകയായിരുന്നു, അപ്പോൾ തോന്നി ഞാനൊരു മോശം അമ്മയാണെന്ന് ': സമീറ റെഡ്ഡി

യൂണിവേഴ്സിറ്റി കോളജിൽ

യൂണിവേഴ്സിറ്റി കോളജിലെ പഠനം എനിക്കു നഷ്ടമായ കുറെ നല്ല ദിനങ്ങളെ സമ്മാനിക്കാൻ സഹായകമായി. അവിടെ അധ്യാപകരും കൂട്ടുകാരും ചേർത്തു നിർത്തിയിട്ടേയുള്ളു. അധ്യാപിക ഷെറീന റാണിയുടെയും കൂട്ടുകാരുടെയും പിന്തുണ കൊണ്ടാണു കലോത്സവത്തിൽ പങ്കെടുക്കാൻ തീരുമാനിച്ചത്. എന്നാൽ കലോത്സവം അടുത്തതോടെ‌ കലോത്സവത്തിനു പോകേണ്ട എന്നു പോലും ചിന്തിച്ചു. പക്ഷേ, അധ്യാപകരും സുഹൃത്തുക്കളും പിന്മാറാൻ എന്നെ അനുവദിച്ചില്ല. ‘നീ നിനക്കു വേണ്ടി മാത്രമല്ല, വരും വർഷങ്ങളിൽ ഒട്ടേറെ ട്രാൻസ്ജെൻഡർ വ്യക്തികൾ കലോത്സവ വേദിയിലെത്താനുള്ള പ്രചോദനമാകും’ എന്നൊക്കെ അവർ പറഞ്ഞു. വീണ്ടും ചിലങ്കയണിയാൻ വേദിയിൽ ചുവട് വയ്ക്കാൻ അവസരം കിട്ടിയതോടെ ആത്മവിശ്വാസവും നൃത്ത പഠനം തുടരണം എന്ന ആഗ്രഹവും ഉണ്ടായി.

സർജറി

ഒരു വർഷം മുൻപാണു സർജറി നടത്തിയത്. അപ്പോഴെല്ലാം കൂട്ടായി സുഹൃത്തുക്കളും കൃഷ്ണനും കുടുംബവും ഉണ്ടായിരുന്നു. തിരുവനന്തപുരത്തു ഞങ്ങൾക്കു സ്വന്തമായി വീടില്ലാത്തതിനാൽ ട്രാൻസ് കമ്യൂണിറ്റിയിലെ തന്നെ സന്ധ്യ രാജേഷ് എന്ന അമ്മയുടെ വീട്ടിലാണു താമസം. സർജറി കഴിഞ്ഞ സമയത്തും അമ്മയുടെ കരുതൽ എടുത്തു പറയേണ്ടതാണ്. ഇപ്പോൾ തിരുവനന്തപുരത്താണു താമസം. മുടങ്ങിപ്പോയ പഠനം തുടരാൻ സാമൂഹികനീതി വകുപ്പ് നൽകി വരുന്ന സ്കോളർഷിപ്, ഹോസ്റ്റൽ ഫീസ് എന്നീ ധനസഹായങ്ങളാണു മുന്നോട്ടുള്ള ജീവിതത്തിനു സഹായമായത്.

നൈനിക മുരളി. ചിത്രം: വിഘ്‌നേഷ് കൃഷ്ണമൂർത്തി
നൈനിക മുരളി. ചിത്രം: വിഘ്‌നേഷ് കൃഷ്ണമൂർത്തി

കരുത്തായി അച്ഛൻ

വീട്ടിൽ എല്ലാരും കുറ്റപ്പെടുത്തിയെങ്കിലും എന്നെ അത്ഭുതപ്പെടുത്തിയത് അച്ഛനായിരുന്നു. അച്ഛനും അച്ഛന്റെ വീട്ടുകാരും പിന്തുണ നൽകുന്നുണ്ട്. നാട്ടിലുള്ള അച്ഛന്റെ വീട്ടിൽ ഇടയ്ക്കു പോകാറുണ്ട്. എന്നാൽ അമ്മയും അനിയനും അമ്മയുടെ വീട്ടുകാരുമാണ് ഇപ്പോഴും എന്നെ അംഗീകരിക്കാത്തത്. ഇപ്പോഴും അവരോടു സംസാരിക്കാനും അവരെ കാണാനും ശ്രമിക്കാറുണ്ട്. വീട്ടിൽ നിന്ന് ഇറങ്ങിയിട്ട് ഇപ്പോൾ മൂന്നു വർഷമായി. അധ്യാപിക ആകണമെന്നാണ് ആഗ്രഹം. കൂടെ ന‍ൃത്തവും കൊണ്ടുപോകണം.

Content Summary: Transgender Nainika and her Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com