ADVERTISEMENT

ഇന്ന് റിയാലിറ്റി ഷോകളുടെ കാലമാണ്. റിയാലിറ്റി ഷോകൾ പ്രചാരത്തിലാകുന്നതിനു വളരെ മുൻപ് മലയാളത്തിലെ ആദ്യ മ്യൂസിക് റിയാലിറ്റി ഷോയിലെ വിജയി. കുട്ടി ഫ്രോക്കുമിട്ട് വളരെ മനോഹരമായി ഗാനങ്ങൾ ആലപിച്ചിരുന്ന ആ കൊച്ചു ഗായിക പിന്നീട് മലയാളത്തിലും മറ്റു ഭാഷകളിലും ഒരുപാട് ഗാനങ്ങൾ പാടി പ്രശസ്തയായി. മനോരമ ഓൺലൈനിലൂടെ രാജലക്ഷ്മി മനസ്സ് തുറക്കുന്നു.

∙ രാജി പ്രശസ്തയാകുന്നതിനു വളരെ മുൻപ് സ്റ്റേജ് ഷോകളും ഗാനമേളകളും പാടിക്കൊണ്ടിരുന്ന സമയത്ത്, ഒരു ഷോയിലെ പാട്ട് കേട്ടപ്പോൾ എനിക്കു തോന്നി എന്തുകൊണ്ടാണ് രാജിക്ക് സിനിമയിൽ പാടാൻ  അവസരങ്ങൾ കിട്ടാത്തത്. പക്ഷേ പിന്നീട് രാജിയുടെ ഗ്രാഫ് ഉയർന്നു പോകുന്നതാണ് കണ്ടത്. പിൽക്കാലത്ത് സംസ്ഥാന ചലച്ചിത്ര അവാർഡ് അടക്കം സ്വന്തമാക്കി. അന്ന് എനിക്ക് തോന്നിയ സംശയം പലർക്കും തോന്നിയിട്ടുണ്ടാകും. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്? 

അതിനു പല കാരണങ്ങൾ ഉണ്ട്. ഒന്നാമത് വളരെ ചെറുപ്പത്തിലേ ഇതൊരു കരിയറായിട്ട് തിരഞ്ഞെടുത്തു. ഒൻപതു വയസ്സു മുതൽ പ്രഫഷനൽ ഗാനമേളകളിൽ പാടാൻ പോയിത്തുടങ്ങി. അതോടൊപ്പം സ്കൂൾ യുവജനോത്സവങ്ങളിലും പങ്കെടുത്തു. അങ്ങനെയൊക്കെയല്ലേ നമുക്കൊരു പോപ്പുലാരിറ്റി ഉണ്ടാവുകയുള്ളൂ. അതിനുശേഷം കുറച്ചു കൂടി നാഷനൽ ലെവലിലുള്ള കോംപറ്റീഷനുകളിൽ പങ്കെടുത്തു. അന്നു തൊട്ടേ ലക്ഷ്യം സിനിമയിൽ പാടുക എന്നതാണ്. എന്റെ അമ്മയുെട ആഗ്രഹം സിനിമാപിന്നണി ഗായിക ആക്കുക എന്നതായിരുന്നു. അമ്മയുടെ ജീവനാണ് സിനിമയും സിനിമാപ്പാട്ടുമൊക്കെ. പക്ഷേ നമുക്കങ്ങനെ സിനിമയിലേക്ക് വരാനുള്ള പരിചയങ്ങളൊന്നുമില്ലായിരുന്നു. പക്ഷേ ഒരുപാട് പ്രതിസന്ധികൾ ഉണ്ടായിരുന്നു. പ്രതിസന്ധികൾ എന്നു പറയാൻ ഇപ്പോൾ എനിക്കിഷ്ടമല്ല. കാരണം അതൊക്കെ എനിക്കു വേണമായിരുന്നു എന്നാണു തോന്നുന്നത്. പക്ഷേ ആ സമയത്ത് നമുക്കു വേണ്ടി പറയാനൊന്നും ആരുമില്ല. കുട്ടിയായിരുന്ന ഞാനും യുവതിയായ അമ്മയും. ആ സമയത്ത് പല സ്ഥലത്തും ചെല്ലുമ്പോൾ നമുക്ക് പേടിയാണ്. എങ്ങനെയെങ്കിലും പാടി തിരിച്ചു വീടെത്തുക. പലരുമായിട്ട് റിലേഷൻഷിപ് മെയ്ന്റെയ്ൻ ചെയ്യാനും ഭയമായിരുന്നു. ഇതുവരെയും മോശമായിട്ടുള്ള ഒരു കമന്റുപോലും എനിക്ക് ഈ ഇൻഡസ്ട്രിയിൽനിന്ന് ഉണ്ടായിട്ടില്ല. എന്നെ ഇപ്പോഴും കുട്ടിഫ്രോക്കിട്ടു പാട്ടു പാടുന്ന ആ പഴയ രാജിയായിട്ടു തന്നെയാണ് എല്ലാവരും കാണുന്നത്. പത്തു മുപ്പതു വർഷം കഴിഞ്ഞിട്ടും ഇന്ന് അമ്മയെ കാണുമ്പോൾ രാജലക്ഷ്മിയുടെ അമ്മ എന്നു പറഞ്ഞ് അന്നു കണ്ട ആൾക്കാർ എഴുന്നേറ്റു നിൽക്കും. അത്ര ബഹുമാനമാണ്. പരിപാടികൾക്കോ കോംപറ്റീഷനോ ദൂരയാത്ര പോകുമ്പോഴും ഭയം ഉള്ളതുകൊണ്ട് പല സ്ഥലത്തേക്കും ചെല്ലാനൊക്കെ ഒരു മടി ഉണ്ടായിരുന്നു. പിന്നെ ആ ഒരു ജേണി ജീവിതത്തിലും വേണമായിരുന്നു ആ ഒരു സമയത്ത്. പക്ഷേ അതു നന്നായി, എല്ലാ സ്റ്റെപ്പും എനിക്ക് തൊടാൻ പറ്റിയിട്ടുണ്ടല്ലോ. അങ്ങനെ ഒരുപാട് വർഷങ്ങൾ കഴിഞ്ഞ് കോളജിലൊക്കെ എത്തുമ്പോഴാണ് സിനിമയുടെ പടി വാതിൽക്കൽ എത്തുന്നത്.

rajalakshmi-she-talks

∙ സത്യത്തിൽ ഒരു ഗോഡ്ഫാദർ ഇല്ലായിരുന്നു രാജിക്ക് 

അതെ. ഗോഡ്ഫാദറൊന്നുമില്ലായിരുന്നു. പക്ഷേ എവിടെയെങ്കിലുമൊക്കെ നമ്മളെ സഹായിക്കാൻ ആൾക്കാരുണ്ടായിരുന്നു. ഞാൻ അമ്മയുടെ അടുത്ത് പറയും, ദൈവം മനുഷ്യന്റെ രൂപത്തിൽ നമുക്ക് ആരെയെങ്കിലുമൊക്കെ കൊണ്ടുവന്ന് തരാറുണ്ട്. കലാഭവനിൽ ഞാൻ പാട്ടു പഠിക്കുന്ന സമയത്ത് ചൈൽഡ് ആർട്ടിസ്റ്റായി കലാഭവനിൽ ജോയിൻ ചെയ്യാൻ ആബേലച്ചനാണ് പറയുന്നത്. സിനിമ മനസ്സിൽ ഉണ്ടെങ്കിലും ആ സമയത്ത് ഇതൊക്കെ വലിയ കാര്യമായിരുന്നു. മണിച്ചേട്ടനൊക്കെ ആ സമയത്ത് ട്രൂപ്പിലുണ്ടായിരുന്നു. കലാഭവൻ എന്ന വലിയ പേരുള്ള സമയത്ത് എനിക്ക് അതിൽ ൈചൽഡ് ആർട്ടിസ്റ്റായി പാടാൻ പറ്റിയത് വലിയ കാര്യമായിരുന്നു. പിന്നെ സിനിമയിലേക്ക് എത്തി. പക്ഷേ തഴയപ്പെട്ടു. ഓരോ വിധിയാണത്. 

∙ഒരു സംഗീത കുടുംബത്തിലാണ് രാജി ജനിക്കുന്നത്. അമ്മയും അമ്മൂമ്മയുമൊക്കെ പാട്ടുകാരായിരുന്നു. അമ്മ ഗാനമേളകളിലും നാടകങ്ങളിലുമൊക്കെ പാടിയിരുന്നു. പാട്ടുകാരിയായ അമ്മയെ സംബന്ധിച്ച് മകൾക്കു പാടാൻ കഴിവുണ്ടെന്ന് തിരിച്ചറിയുന്ന നിമിഷം വലിയൊരു ബ്ലെസിങ് ആണ്. ആ മൊമന്റും കുട്ടിക്കാലവുമൊക്കെ എങ്ങനെയായിരുന്നു?

കുട്ടിക്കാലം അമ്മ പറഞ്ഞിട്ടുള്ള അറിവാണ്. കാരണം ഞാൻ വളരെ ചെറുതാണ്. അമ്മയ്ക്ക് വലിയ ആഗ്രഹമായിരുന്നു പാട്ടുകാരി ആകണമെന്ന്. പാട്ടുകാരി അല്ലെങ്കിൽ സംഗീത അധ്യാപിക, അങ്ങനെ സംഗീതമായി ബന്ധപ്പെട്ട് എന്തെങ്കിലും. പക്ഷേ അതൊന്നും അമ്മയ്ക്ക് പറ്റിയില്ല. അന്നൊക്കെ പെൺകുട്ടികളെ പാടാനോ പാട്ടു പഠിക്കാനോ വിടില്ല. എനിക്കൊരു ചേട്ടനുണ്ട്. അമ്മ പറയും രാജു ഉണ്ടായപ്പോൾ ഞാൻ അത്രയും പ്രാർഥിച്ചിട്ടില്ലെന്ന്. ഞാൻ വയറ്റിലുള്ളപ്പോൾ ഒരുപാട് പാട്ടുകൾ പാടിത്തീർക്കുമായിരുന്നു. അമ്മയുടെ ജീവിതത്തിൽ ഇവിടെ വരെയും സംഗീതം ഉണ്ടായിരുന്നു. പക്ഷേ വീട്ടിൽ പാടാനോ ഒന്നു മൂളാനോ ഉള്ള സാഹചര്യം ഉണ്ടായിരുന്നില്ല. 

അമ്മ പറയും, വീടിന്റെ പറമ്പിൽ ഒരു കുളം ഉണ്ട്. അവിടെ പോയി കുളത്തിലേക്ക് നോക്കിനിന്ന് പാടി നിർവൃതി അണഞ്ഞ് അമ്മ വീട്ടിലേക്ക് പോകും. അത്രയധികം പ്രശ്നങ്ങളായിരുന്നു. പിന്നീട് അമ്മ മൂകാംബികയില്‍ പോയപ്പോൾ അവിടെ ഒരു സ്ത്രീ നിന്ന് പാടുന്നത് കണ്ടു. അന്ന് ഞാൻ 9 മാസമൊക്കെയേ ഉള്ളൂ അമ്മ അപ്പോൾ പ്രാർഥിച്ചു, ദേവീ എന്റെ മോൾക്ക് സംഗീതം കൊടുക്കണേ എന്ന്. പിന്നെ ഇതെല്ലാം കഴിഞ്ഞ് വര്‍ത്തമാനം പറഞ്ഞു തുടങ്ങുന്ന സമയം തൊട്ട് അമ്മ പാട്ടു പാടിയിട്ട് ജോലിയൊക്കെ കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ആ പാട്ടിന്റെ അടുത്ത സ്റ്റാൻസ അതേ ശ്രുതിയിൽ ഞാൻ മൂളി എന്ന് അമ്മ പറയും. അപ്പോഴാണ് ഞാൻ പാടും എന്നുള്ള കാര്യം അമ്മയ്ക്ക് മനസ്സിലായത്. അന്ന് രണ്ടര വയസ്സേ കാണൂ. പാടുന്ന കുട്ടിയെ ഇനി എങ്ങനെ ഒരു പാട്ടുകാരിയാക്കുക എന്നുള്ള കാര്യമുണ്ടല്ലോ അതൊരു വലിയ കടമ്പയാണ്. 

∙ദേശീയ തലത്തിൽ നടന്ന ഒരു മത്സരത്തിൽ രാജി വിജയി ആകുന്നത് ഒൻപതാം വയസ്സിലായിരുന്നെന്ന് തോന്നുന്നു. 

മത്സരങ്ങളിൽ പങ്കെടുത്തു കൊണ്ടിരിക്കുന്ന സമയത്താണ് ഓൾ ഇന്ത്യാ ലെവലിൽ ഒരു കോംപറ്റീഷന്റെ സ്ക്രീനിങ് എറണാകുളത്ത് നടക്കുന്നത് അറിഞ്ഞത്. അന്നൊക്കെ ഒരു ദിവസം തന്നെ അഞ്ചും ആറും മത്സരങ്ങൾക്കു പോയി പാടും, സമ്മാനങ്ങളുമായാണ് തിരിച്ചു വരുന്നത്. അമ്മൂമ്മയുടെയും മുത്തശ്ശന്റെയും കൂടെയായിരുന്നു ഞാനും േചട്ടനും അമ്മയും. എത്ര ട്രോഫി കൊണ്ടുവന്നു എന്ന് നോക്കി അവർ കാത്തിരിക്കുമായിരുന്നു. അങ്ങനെ ഒരു സമയമായിരുന്നു അത്. ഇന്നിപ്പോൾ അത്രയൊന്നും കോംപറ്റീഷന്‍ ഇല്ല. അന്ന് അങ്ങനെ വന്നതാണ് നാഷനൽ ലെവൽ കോംപറ്റീഷൻ. അതിന്റെ ഓഡിഷനു പോയി, അതിന്റെ അടുത്ത ലെവലിലേക്ക് പോയി, അങ്ങനെ സ്റ്റേറ്റ് ലെവലിൽ പ്രൈസ് കിട്ടയപ്പോഴാണ് ഞങ്ങൾ മനസ്സിലാക്കുന്നത് അടുത്ത ലെവലിന് ഡൽഹിയിലേക്ക് പോകണമെന്ന്. 

∙ഭാഷ അറിയില്ല. പരിചയമുള്ള ആരുമില്ല. അപ്പോൾ ടെൻഷൻ തോന്നിയിരുന്നോ?

ഭയങ്കര ടെൻഷൻ ആയിരുന്നു. ഇവിടെ കളമശ്ശേരിയിൽനിന്ന് ബസ് കേറി എറണാകുളം വരെയൊക്കെ പോകും അത്രയേയുള്ളൂ. അവിടുന്നിനി ഡൽഹി വരെ പോണം. അമ്മ പറഞ്ഞു പോകാമെന്ന്. മാർക്കിട്ടവരും പറഞ്ഞു എന്തായാലും കൊണ്ടുപോകണം എന്ന്.

∙അന്ന് ശാസ്ത്രീയമായി പാട്ടു പഠിച്ചിരുന്നോ?

ശാസ്ത്രീയ സംഗീതം അ​ഞ്ചു വയസ്സു മുതലേ പഠിക്കുന്നുണ്ട്. പക്ഷ കൂടുതൽ ലളിത സംഗീതമായിരുന്നു പാടിയിരുന്നത്. അങ്ങനെ ഡൽഹിയിൽ പോകാനുള്ള തയാറെടുപ്പു തുടങ്ങി. ട്രെയിനിലാണ് പോയത്. മൂന്നു ദിവസമൊക്കെ ആകും അവിടെ എത്താൻ. ഒരു ടീമും ഗോകുല ബാലൻ എന്നൊരു സാറുമുണ്ടായിരുന്നു. അദ്ദേഹം മരിച്ചു പോയി. അദ്ദേഹമാണ് ഒരു ടീമായിട്ട് ഞങ്ങളെ കൊണ്ടു പോകുന്നത്. ഞാൻ സബ്ജൂനിയർ വിഭാഗം ആണ്. ബാക്കി എല്ലാ വിഭാഗത്തിൽ നിന്നുമുള്ള വിന്നേഴ്സും ഉണ്ട്. പോകുന്ന വഴിയിൽ എല്ലാവരും പാട്ടുകൾ മാറ്റാൻ തുടങ്ങി. കാരണം ഡല്‍ഹിയില്‍ ഹിന്ദി ആയിരിക്കുമല്ലോ. ഹിന്ദിക്കാരായിരിക്കും ജഡ്ജ്. അപ്പോൾ അമ്മ പറഞ്ഞു, രാജി അതുതന്നെ പാടിയാൽ മതി. അവൾക്ക് ഹിന്ദി അറിയില്ല. മറ്റൊരു ഭാഷ നമ്മൾ എത്ര പറഞ്ഞാലും അതുപോലാവില്ല. അതുകൊണ്ട് നമുക്ക് നമ്മുടെ ഭാഷ മതിയെന്ന് അന്നേ അമ്മയ്ക്ക് വലിയ നിർബന്ധമായിരുന്നു. അങ്ങനെ അവിടെ പോയി. അവിെടയൊരു പ്രിലിമിനറി സെമിഫൈനലുണ്ട്. പിന്നെയാണ് ഫൈനൽ. ഞങ്ങൾ തണുപ്പു തുടങ്ങുന്ന ഫെബ്രുവരിയിലാണ് പോകുന്നത്. നമ്മൾ ഇവിടെനിന്നും ഒന്നും കൊണ്ടുപോയിട്ടില്ല. തണുപ്പിന് പുതയ്ക്കാനൊരു ഷോൾ പോലും ഇല്ല. എങ്ങനെയൊക്കെയാണ് മാനേജ് െചയ്തതെന്ന് അമ്മയ്ക്കു മാത്രമേ അറിയൂ. ഞാൻ ചെറുതല്ലേ, എനിക്ക് ഒന്നും മനസ്സിലാകുന്നില്ല. അവസാനം ഞങ്ങളവിടെ ചെന്ന് ഓരോ സ്റ്റേജും കഴിഞ്ഞ് അവസാനം ഫൈനലിലെത്തി. ഇവിടെനിന്നു പോയവരിൽ എനിക്കുമാത്രം സബ്ജൂനിയറിൽ സെലക്‌ഷൻ കിട്ടി. ബാക്കി ആർക്കും കിട്ടിയില്ല. എനിക്കിതൊന്നും അറിയില്ല, കുട്ടിപ്രായമല്ലേ. തളിരിട്ട കിനാക്കൾ എന്നുള്ള പാട്ടാണ് ഞാൻ അവിടെ പാടിയത്. അവിടെ ഓരോ സ്റ്റേറ്റില്‍ നിന്നുമാണ് ഓരോ കുട്ടികളും വരുന്നത്. അത്രയും സ്റ്റാൻഡേഡാണ്. ഇപ്പോഴും ഓർമയുണ്ട്, രാജസ്ഥാനിൽ നിന്നൊക്കെയുള്ള കുട്ടികൾ ഹാർമോണിയം വായിച്ചാണ് പാടുന്നത്. അതൊക്കെ കണ്ടപ്പോൾ അമ്മ പറഞ്ഞു. മോള് വെറുതെ പാടിക്കോ സമ്മാനമല്ല വലുത്, ഇവിടെ വരെ നമ്മൾ വന്നല്ലോ. 

she-talks-rajalakshmi

അങ്ങനെ ഫൈനലിൽ പാടി. അന്നത്തെ ന്യൂസ് റീഡേഴ്സ് ആയ റിനി സൈമൺ ഒക്കെയാണ കോംപയർ ചെയ്യുന്നത് അത്രയും പ്രാധാന്യമുള്ള ആ വേദിയിൽ കല്യാൺജി ആനന്ദ്ജി, നൗഷാദ് സാർ എന്നിവരായിരുന്നു ജഡ്ജസ്. അങ്ങനെ ആ വേദിയിൽ പാടി ഫൈനലൊക്കെ വിജയിച്ച് ബെസ്റ്റ് വോയിസ് എന്ന ടൈറ്റിലും കിട്ടി. എല്ലാവരുമായി ഫോട്ടോ എടുക്കലും ഒക്കെ കഴിഞ്ഞ് ഞങ്ങൾക്ക് തിരിച്ചു ഹോട്ടലിൽ പോരാൻ വണ്ടിയൊന്നുമില്ല. ഞാനും അമ്മയും എന്തുചെയ്യുമെന്നറിയാതെ നിൽക്കുവാണ്.

അപ്പോഴാണ് രാജസ്ഥാനിൽനിന്നു വന്ന് ഔട്ടായിപോയ ആകൃതി കക്കാർ എന്നൊരു കുട്ടിയുടെ അച്ഛനും അമ്മയും വന്നത്. എന്താ ഇങ്ങനെ നിൽക്കുന്നത് എന്ന് ചോദിച്ചു. അമ്മയ്ക്കു കുറച്ച് ഹിന്ദിയൊക്കെ അറിയാം, ഹോട്ടലിലേക്ക് പോകാൻ വണ്ടിയില്ലെന്നു പറഞ്ഞു. ഒരു മാരുതി ഒമ്നി വാനിൽ ഞങ്ങളെ അവര്‍ ഹോട്ടലില്‍ കൊണ്ടു വിട്ടു. അത‌ു കഴിഞ്ഞ് വർഷങ്ങൾക്കു ശേഷം മൂന്നു കൊല്ലം മുൻപ് തിരുവനന്തപുരത്ത് ഓണം പ്രോഗ്രാമിന് ഈ കുട്ടി പാടാൻ വന്നു. ആകൃതി ഇപ്പോൾ നോർത്തിൽ കുറച്ചു സിനിമയിലൊക്കെ പാടുന്ന കുട്ടിയാണ്. അപ്പോൾ ഞാൻ ചെന്ന് എന്നെ ഓർമയുണ്ടോ എന്നു ചോദിച്ചു. ആകൃതിയുടെ അച്ഛനോട് ഡൽഹിയില്‍ നടന്ന കോംപറ്റീഷന് എന്നെയും അമ്മയെയും ഹോട്ടലിൽ ഡ്രോപ് ചെയ്ത കാര്യം പറഞ്ഞു. അപ്പോൾ അങ്കിൾ പറഞ്ഞു ചെറിയ ഓർമയുണ്ട്. അത് ഞാനാണ് എന്നു പറഞ്ഞു. അത് ഭയങ്കര ഒരു മൊമന്റ് ആയിരുന്നു. ഞങ്ങൾ കെട്ടിപ്പിടിച്ചു കരഞ്ഞു. അന്ന് ആ മത്സരത്തിൽ സുനീതി ചൗഹാൻ ഉണ്ടായിരുന്നു. എനിക്ക് മുന്നെയുള്ള വർഷത്തെ വിന്നർ സുനിതി ആയിരുന്നു. പിന്നെ ശ്രേയാ ഘോഷാലൊക്കെ അതിൽ വിജയിച്ചിട്ടുണ്ട്. 

∙ ഈ വലിയ ഒരു അംഗീകാരം കിട്ടി. തിരികെ സ്കൂളിലേക്കും നാട്ടിലേക്കു വരുമ്പോൾ എന്തായിരുന്നു റെസ്പോൺസ് ?

തിരികെ വരുമ്പോഴത്തെ സന്തോഷം. എന്താ പറയേണ്ടത് എന്നെനിക്കറിയില്ല. എറണാകുളത്തെ ഏലൂർ സെന്റ് ആൻസ് സ്കൂളിലാണ് പഠിച്ചത്. അവിടുത്തെ സിസ്റ്റേഴ്സിന്റെ സ്നേഹവും സന്തോഷവും ഒക്കെ എന്റെ കൺമുന്നിൽ ഇപ്പോഴും ഉണ്ട്. അതിൽ എടുത്തു പറയാനുള്ളത്, കലാഭവനിലെ ആബേലച്ചൻ ഒരു ശനിയാഴ്ച ക്ലാസ് നടക്കുമ്പോൾ രാജലക്ഷ്മിയെ ഓഫിസിലേക്ക് വരാൻ പറഞ്ഞു വിളിപ്പിച്ചു. അച്ചനെ അങ്ങനെ എല്ലാവർക്കുമൊന്നും പോയി കാണാൻ പറ്റില്ല. നമ്മുടെ ഓഫിസ് സ്റ്റാഫൊക്കെയേ അവിടെ കാണുകയുള്ളൂ. അച്ചനെന്നെ ഒന്നു നോക്കിയിട്ട്, നീ പാടും അല്ലേ എന്ന് ചോദിച്ചു. ഒരു പാട്ടു പാടിക്കേ എന്നു പറഞ്ഞു. ഞാൻ പാടി. ഇവളെ നമ്മുടെ ഗാനമേളയ്ക്ക് എടുക്കാം കേട്ടോ എന്നാണ് അച്ചൻ പറഞ്ഞത്. വലിയൊരു ടേണിങ് പോയിന്റ് ആയിരുന്നു. അതിനുമുൻപ് ഞാൻ എറണാകുളത്ത് ടാൻസൻ മ്യൂസിക് എന്നു പറയുന്ന ഒരു ഗ്രൂപ്പിലൊക്കെ പാടാൻ തുടങ്ങിയിരുന്നു. പക്ഷേ കലാഭവനിൽ കേറിയപ്പോൾ അത് നമുക്ക് പറയാനൊരിത് കൂടിയുണ്ടല്ലോ. 

∙രാജിയെ സംബന്ധിച്ച് അതൊരു വലിയ കാര്യമാണല്ലോ. കാരണം രാജിയുടേതാണ് പ്രധാന വരുമാനം. അമ്മ തയ്ച്ചുണ്ടാക്കുന്ന കാശ് പലപ്പോഴും രാജിയെ ഷോയ്ക്കു കൊണ്ടുപോകുമ്പോഴുള്ള വണ്ടിക്കൂലിയിൽ പോകും. പിന്നെ ഇവിടെ നിന്നു കിട്ടുന്ന വരുമാനമായിരുന്നില്ലേ രാജിയുടെ പ്രധാന വരുമാന മാർഗം

തീർച്ചയായിട്ടും. അമ്മ പറയുമായിരുന്നു. അമ്മ എത്രയോ നാൾ തയ്ച്ചു കിട്ടുന്ന പൈസയാണ് ഒരു പരിപാടിക്കു പോയി വരുമ്പോൾ കിട്ടുന്നത്. അപ്പോൾ അത് ഞങ്ങൾക്ക് ഭയങ്കര അനുഗ്രഹമായിരുന്നു. അങ്ങനെ കലാഭവന്റെ കൂടെ ചേർന്ന് ദിവസം മൂന്ന് പ്രോഗ്രാമൊക്കെ ചെയ്യും. ഒരു മാസം മുപ്പത് പരിപാടി. അല്ല,  അതിൽ കൂടുതലുണ്ട്. അങ്ങനെ കേരളം മുഴുവനും കേരളത്തിനു പുറത്തുമൊക്കെ പോയി അലഞ്ഞു തിരിഞ്ഞിട്ടുണ്ട്. 

∙പ്രതിഫലം കിട്ടുമായിരുന്നോ?

പ്രതിഫലം വളരെ കുറവായിരുന്നു. പിന്നെ വേറെയും ട്രൂപ്പുകളിൽ പോകും. അങ്ങനെ അത്യാവശ്യം കാര്യങ്ങളൊക്കെ നടന്നു പോകും. ഇന്നിപ്പോൾ തുടക്കക്കാർക്ക് കിട്ടുന്ന വേതനം ഒന്നുമല്ല അന്നത്തെ കാലത്ത്. 

∙അച്ഛനില്ലാതെ ഒരമ്മ ബുദ്ധിമുട്ടി രണ്ടു കുട്ടികളെ വളർത്തുന്നു. അമ്മയും മകളും പല ഷോകൾക്കും പോകുന്നു. രാത്രി വൈകി വരുന്നു. ഇൻസെക്യൂരിറ്റി വളരെയധികം ഉള്ളൊരു കാലമാണ്. പലപ്പോഴും ആഗ്രഹിച്ചിട്ടുണ്ടാവില്ലേ അച്ഛനുണ്ടായിരുന്നെങ്കിലെന്ന്? സപ്പോർട്ട് ചെയ്യാൻ ആരെങ്കിലും ഉണ്ടായിരുന്നെങ്കിലെന്ന്, വീട്ടിൽ നിന്നെങ്കിലും അമ്മയല്ലാതെ കൂട്ടിന് വരാൻ ഉണ്ടായിരുന്നെങ്കിലെന്ന് തോന്നിയിട്ടുണ്ടോ?

അങ്ങനെ ഒരിക്കലും തോന്നിയിട്ടില്ല. കാരണം അമ്മ അത്രയും സ്ട്രോങ്ങായ ഒരു സ്ത്രീ ആയിരുന്നു. ഇൻസെക്യൂരിറ്റീസും ഈ പറഞ്ഞതെല്ലാം ഉണ്ടായിട്ടുണ്ട്. എന്റെ അമ്മയും അച്ഛനും സെപ്പറേറ്റഡ് ആണ്. ഇന്നാണ് ഡിവോഴ്സ്ഡാണെന്ന് അമ്മ പറയുന്നത്. അന്ന് അങ്ങനെ പറഞ്ഞാൽ അടുത്ത നോട്ടം വേറൊരു രീതിയിലായിരിക്കും. പല സ്ഥലത്തും അച്ഛനെവിടെ എന്നു ചോദിച്ചാൽ ഗൾഫിലെന്നു പറയും. പിന്നെയൊന്നും ചോദിക്കില്ലല്ലോ. സത്യം പറഞ്ഞാൽ പിന്നെ വേറൊരു കണ്ണുകൊണ്ടായിരിക്കും ആളുകൾ നോക്കുന്നത്. അതുകൊണ്ടത് വേണ്ട എന്നു വച്ചിട്ട് ഒരു വാക്കിൽ പറഞ്ഞു നിർത്തും. പക്ഷേ പല സ്ഥലത്തും ഇൻസെക്യൂരിറ്റീസ് ഉണ്ടായിട്ടുണ്ട്. കാരണം പ്രോഗ്രാം കഴിഞ്ഞ് ഞാനും അമ്മയും വരുന്നത് മിക്കവാറും രണ്ട്, മൂന്ന് മണി ഒക്കെ ആകും. പണ്ടൊക്കെ ചില ട്രൂപ്പുകാര് വീട് വരെ എത്തിക്കില്ല. മെയിൻ റോഡിൽ നിർത്തിയിട്ട് നടന്നു പൊയ്ക്കൊള്ളാൻ പറയും. അന്ന് എനിക്കൊരു നൊട്ടേഷൻ സ്റ്റാൻഡ് ഉണ്ടായിരുന്നു. ദുബായിൽ ആദ്യമായി പ്രോഗ്രാമിനു പോയപ്പോൾ എനിക്ക് ഒരു അങ്കിള്‍ ഗിഫ്റ്റായി തന്നതാണ്. അത് ഒരു 10–12 കിലോ വരും ഈ നൊട്ടേഷൻ സ്റ്റാൻഡും കൊണ്ടാണ് ഞങ്ങൾ പ്രോഗ്രാമിന് പോകുന്നത്. എന്തിനാണെന്നറിയോ, ഒരു സേഫ്റ്റിക്കുവേണ്ടി. ഞാൻ അമ്മയോട് ചോദിക്കും അമ്മ എന്തിനാണ് ഇത്രയും ഭാരമുള്ള സാധനം തൂക്കി കൊണ്ടു വരുന്നത്? അപ്പോൾ അമ്മ പറയും, അത് വേണം മോളെ. നമ്മുെട കയ്യില്‍ ഒരു ആയുധം വേണമല്ലോ. പക്ഷേ നമുക്കങ്ങനെ ഒരു മോശമായ അനുഭവം ഉണ്ടായിട്ടില്ല. ‍പലപ്പോഴും ഫ്ളൈയിങ് സ്ക്വാഡുകാർ ഞങ്ങളെ പല സ്ഥലത്തു വച്ചും കണ്ടിട്ടുണ്ട്. ആദ്യമൊക്കെ അവർ വന്നു ചോദിക്കും ‘എന്താ ഈ നേരത്ത് ഇതിലെ?’ എന്ന്. അപ്പോൾ പറയും ഞങ്ങൾ ഇന്ന ട്രൂപ്പിൽ പാടുന്നതാണ്. പരിപാടി കഴിഞ്ഞിട്ടു വരുന്നതാണ്, അപ്പോൾ വണ്ടിയിൽ കേറിക്കോ ഞങ്ങൾ ആക്കിത്തരാം എന്നു പറയും. അങ്ങനെ പലപ്പോഴും പൊലീസ് ജീപ്പിൽ ഞങ്ങളെ വീട്ടിൽ ആക്കിയിട്ടുണ്ട്. അങ്ങനെയൊക്കെ നോക്കുമ്പോൾ എവിടെയെങ്കിലുമൊക്കെ ആരെങ്കിലുമൊക്കെ അനുഗ്രഹമായിട്ട് വന്നിട്ടുണ്ട്. വേറൊരു ട്രൂപ്പ് ഇറക്കിവിട്ടാൽ മറ്റൊരു ട്രൂപ്പിന്റെ വണ്ടി ഞങ്ങളെ കണ്ട് അവിടെ നിർത്തും. ഈ അമ്മയും മോളും അങ്ങോട്ടുളളതാണ് കേട്ടോ. ഇവരെ നമുക്ക് അങ്ങോട്ട് ആക്കിയേക്കാം. അങ്ങനെ ഒരു ഇമേജ് എല്ലായിടത്തും ഉണ്ടായിട്ടുണ്ട്. ഇൻസെക്യൂരിറ്റീസ് ഒക്കെ ഉണ്ടായിട്ടുണ്ടെങ്കിലും അതൊക്കെ നമ്മൾ തരണം ചെയ്തിട്ടുണ്ട്.

∙ ഗാനമേളകളും പാട്ടു മത്സരങ്ങളും ഒക്കെയായി കാലം കുറേ കഴിഞ്ഞുപോയി, 16 വയസ്സൊക്കെ ആയപ്പോഴേക്ക് ട്രാക്ക് പാടാൻ തുടങ്ങി.

അന്നൊക്കെ റെക്കോർഡിങ് ഇൻഡസ്ട്രി ഭയങ്കര സ്ട്രോങ് ആയിരുന്നു. ഒരുപാട് ഓഡിയോ കാസെറ്റ് ലേബൽസ് മാഗ്നാ സൗണ്ട് അങ്ങനെ ഒരുപാട് ഉണ്ടല്ലോ. ഓഡിയോ ഇൻഡസ്ട്രിയിലും എനിക്ക് വരണം എന്ന് നല്ല ആഗ്രഹമുണ്ടായിരുന്നു. കാരണം ഓഡിയോ ഇൻഡസ്ട്രിയിൽ സക്സസ്ഫുൾ ആയാലേ സിനിമയിലേക്ക് ചെല്ലാൻ പറ്റൂ. കാരണം ഓഡിയോ പാടുന്നതും ലൈവ് പാടുന്നതുമായി നല്ല ‍ഡിഫറന്റ് ആണ്. അതും വേണമെന്നുള്ളത് അമ്മയ്ക്ക് നിർബന്ധമായിരുന്നു. അങ്ങനെ ആ സമയത്ത് റെക്കോര്‍ഡിങ്ങിനും ഞാൻ പാടിത്തുടങ്ങി. ട്രാക്ക് പാടുന്നത് ക്രെഡിറ്റായിട്ട് പോലും പറയേണ്ട കാര്യമല്ല. നമ്മുടെ ഒന്നും അവിടെ ഇല്ല. നമ്മൾ പാടി കഴിഞ്ഞ ഉടനെ സ്ട്രെയ്റ്റ് സിങ്ങർ വന്നു പാടും. ചിത്രച്ചേച്ചിയും സുജാതചേച്ചിയും പാടിയ ഒരുപാട് പാട്ടുകൾക്ക് ട്രാക്കുകൾ പാടിയിട്ടുണ്ട്. പലപ്പോഴും കുറേ കാലങ്ങൾ കഴിഞ്ഞ് ചേച്ചിയൊക്കെ കാണുമ്പോൾ പറയും, രാജീ, ഇന്ന പാട്ടു പാടിയായിരുന്നല്ലോ അപ്പോൾ മോളെ ഓർത്തു എന്ന് രണ്ടു പേരും പറയാറുണ്ട്. അത് അത്രേയുള്ളൂ. പക്ഷേ അത് ഭയങ്കര എക്സ്പീരിയൻസാണ്. കാരണം സംഗീതസംവിധായകൻ പറഞ്ഞു തരുന്ന പാട്ട് ആദ്യം പാടുന്നതും അതിനെ ഷേപ്പ് ചെയ്യുന്നതും ട്രാക്ക് പാടുന്നവരാണ്. പക്ഷേ നമ്മൾ അറിയപ്പെടുന്നില്ല. അറിയപ്പെടേണ്ട കാര്യവുമില്ല. 8–10 വർഷത്തോളം ട്രാക്ക് പാടിയ ആളാണ് ഉണ്ണിച്ചേട്ടൻ (ഉണ്ണിമേനോന്‍), എട്ട് വർഷം കഴിഞ്ഞാണ് സ്ട്രെയ്റ്റ് ഒരു പാട്ട് പാടിയത്. അതൊക്കെ എക്സ്പീരിയൻസിന്റെ ഭാഗമായി കാണേണ്ടതാണ്. പക്ഷേ പല പാട്ടുകളും നമ്മൾ പാടുമ്പോൾ ദൈവമേ, ഇതൊന്നു കിട്ടിയെങ്കിൽ, ഞാൻ പാടിയത് അവർക്ക് ഇഷ്ടമായെങ്കിൽ, ഇങ്ങനെയൊക്കെ നമുക്ക് തോന്നും. 

she-talks

∙സക്സസ്ഫുൾ ആയതിനുശേഷം രാജി ഇത് സന്തോഷത്തോടെ പറയുന്നു. അന്ന് എത്ര വിഷമിച്ചിട്ടുണ്ടാകും.

അന്ന് ഒരുപാട് വിഷമിച്ചിട്ടുണ്ട്. കാരണം ചിലപ്പോൾ ചില സിനിമയിൽ രാജലക്ഷ്മി പാടിയത് അവർക്ക് ഇഷ്ടപ്പെട്ടു കേട്ടോ എന്ന് അവർ തന്നെ നമ്മളോട് പറയും. ഇതുതന്നെയായിരിക്കും നമ്മൾ വയ്ക്കാൻ പോകുന്നത് എന്നെല്ലാം പറയും. ഓഡിയോ റിലീസ് ചെയ്തു കാസറ്റ് ഇറങ്ങുമ്പോഴായിരിക്കും നമ്മളല്ല എന്നു മനസ്സിലാകുന്നത്. ആദ്യത്തെ രണ്ടുമൂന്നു തവണയൊക്കെ ഭയങ്കര സങ്കടമായിരുന്നു. ചില സമയത്ത് സ്റ്റുഡിയോയിൽ വച്ചു തന്നെ പാട്ടുകാരിയെ അറിയാതെ ചില ഡയറക്ടർമാരോ പ്രൊഡ്യൂസർമാരോ വന്ന് സംസാരിക്കും. ഇതൊന്നും വേണ്ട കേട്ടോ, വേറെ പുതിയ ആരെയെങ്കിലും കൊണ്ട് പാടിക്ക് എന്ന് പറയുന്നതു വരെ ഞാൻ കേട്ടിട്ടുണ്ട്. പിന്നെ അവര് തിരിഞ്ഞു നോക്കുമ്പോൾ ഓ ഇത് പാടിയ ആളാണല്ലേ എന്നു ചോദിക്കും. അങ്ങനെയൊക്കെ ഒരുപാട് അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അപ്പോഴൊക്കെ വളരെ സങ്കടത്തോടെ കരഞ്ഞിട്ടുണ്ട്. അപ്പോൾ അമ്മ ആശ്വസിപ്പിക്കും. ‘കരയണ്ട പോട്ടെ നമുക്കെപ്പോഴെങ്കിലും വിധി ഉണ്ടാകും. ഇതൊക്കെ ഇതിന്റെ ഭാഗമാണ് ഇതൊക്കെ തരണം ചെയ്തു പോണം.’ പിന്നെപ്പിന്നെ ഇങ്ങനെ എന്റടുത്ത് പറയുമ്പോൾ തന്നെ എനിക്കറിയാം വന്നാലായി എന്ന്. അപ്പോൾ അമ്മ പറയും ഇങ്ങനെയൊന്നും പറയണ്ട നമ്മളിതു കുറേ കേട്ടിട്ടുണ്ട് എന്ന്. ഉണ്ടെങ്കിൽ വേഗം പാട്ട് താ പാടീട്ട് പോട്ടെ എന്ന് പറയും. 

∙ശരിക്കും എനിക്ക് തോന്നുന്നത് അമ്മയെപ്പോലെ ഒരു സപ്പോർട്ട് ഇല്ലായിരുന്നെങ്കിൽ ഒരുപക്ഷേ രാജി ഇടയ്ക്കു വച്ചു തന്നെ നിർത്തി പോരും.

ഒരുപക്ഷേ എന്നല്ല. ഞാൻ എപ്പോഴേ ഇതൊക്കെ നിർത്തി വേറെ വല്ലതിനും പോയേനെ. അമ്മയുടെ അത്രയും സ്ട്രോങ്ങായിട്ടുള്ള ഒരു സ്ത്രീയെ എന്റെ ജീവിതത്തിൽ ഇതുവരെ ഞാൻ കണ്ടിട്ടില്ല. വലിയ വലിയ ആൾക്കാരുടെ ഇന്റർവ്യൂസും ഒക്കെ നമ്മൾ കാണുകയല്ലേ. പക്ഷേ എന്റെ അമ്മയുടെ അത്രയും ഒരു ഇൻസ്പിരേഷണൽ അല്ലെങ്കിൽ ഇൻഫ്ലുവൻസ് ചെയ്യുന്ന ഒരു ലേഡിയെ ഞാൻ കണ്ടിട്ടില്ല. അമ്മ പല തീരുമാനങ്ങളും എടുത്തത് ഒരു ബാക്ക്അപ്പും ഇല്ലാതെയാണ്. അമ്മയ്ക്കു വലിയ വിദ്യാഭ്യാസമോ ജോലിയോ ഇല്ല. ഫോണില്ല, ഇന്റർനെറ്റില്ല. ആ സമയത്തൊക്കെ അമ്മ എടുത്ത ഉറച്ച ഒരു ഡിസിഷനാണ് അച്ഛനില്ലാതെയാണ് ഞാൻ കുട്ടികളെ നോക്കേണ്ടത് എന്ന്. അമ്മയ്ക്ക് മറ്റൊരു ജീവിതത്തിലേക്ക് പോകാമായിരുന്നല്ലോ. അമ്മ അതുമെല്ലാം മാറ്റിവച്ച് മക്കൾക്കു വേണ്ടി നിന്നു. എന്റെ ചേട്ടൻ സിംഗപ്പൂരിലാണ്. ഒരു ലക്ഷ്യം ഉണ്ടെങ്കിൽ മാർഗം കറക്റ്റായിട്ട് വരും എന്നാണ് അമ്മ പറയുന്നത്. വളഞ്ഞ വഴിയിൽ വരുന്നവര്‍ പോലും നമ്മുടെ നിൽപ് കണ്ടിട്ട് തൊഴുത് മാപ്പ് പറഞ്ഞിട്ടുണ്ട്. അമ്മ പറയുന്നത്, അത് മാനുഷികമാണ് മോളെ. അതിന് അയാളെ നമ്മൾ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഒരാൾ ആ രീതിയിൽ സംസാരിച്ചപ്പോൾ, അല്ല മോനെ, ഞാനും മോളും അങ്ങനെയല്ല എന്ന് പറയുന്ന മിനിറ്റിൽ അയാൾ തൊഴുത് കാലു പിടിക്കുവാണ്.

∙അങ്ങനെ മോശമായ എക്സ്പീരിയൻസ് ഉണ്ടായിട്ടുണ്ടോ?

ഉണ്ടായിട്ടുണ്ട്. നമ്മൾ യാത്രയൊക്കെ പോവുകയല്ലേ. ഒരുപാട് ദിവസം നീണ്ടു നിൽക്കുന്ന ടൂർ. അപ്പോൾ അങ്ങനെ ചില ചെറിയ അനുഭവങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ചിലരിൽ നിന്നൊക്കെ അങ്ങനെ അനുഭവങ്ങളുണ്ടായിട്ടുണ്ടെങ്കിലും എന്റെ അമ്മ അതൊരു വലിയ ഇഷ്യു ആക്കാറില്ല. അമ്മ പറയും, ‘മോനേ നിന്റെ അമ്മയുടെ അല്ലെങ്കിൽ ചേച്ചിയുടെയോ പെങ്ങളുടെയോ പ്രായമാണെനിക്ക്’, ആ നിമിഷം അയാൾ കരഞ്ഞ് ക്ഷമ ചോദിക്കും. അങ്ങനെയുള്ള ഒരുപാട് സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. 

ra

∙അങ്ങനെ സമ്മതിച്ചു കൊടുക്കാത്തതുകൊണ്ട് രാജിക്ക് അവസരങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടോ?

അങ്ങനെ പറയാൻ പറ്റില്ല. പക്ഷേ ആ സമയത്ത് ഒരു ട്രെൻഡ് ആയിരുന്നു, ഹോട്ടലിൽ വരാൻ പറയുക. ഒരു സിനിമയിൽ ലക്ഷ്മിയെ പാടിക്കാം എന്ന് പറയുന്നു. ഡയറക്ടറും പ്രൊഡ്യൂസറും ഇന്ന ഹോട്ടലിൽ ഉണ്ട്. അവിടേക്ക് ഒന്നു വരൂ. ഒന്നു കാണണം, അപ്പോള്‍ അമ്മ പറയും അങ്ങനെ കാണാൻ ഞങ്ങൾ വരില്ല. പാട്ടാണല്ലോ അത് കേൾക്കാനുള്ളതല്ലേ. ആ സമയത്ത് വലിയ ഒരാളിങ്ങനെ കാണാൻ വരാൻ പറഞ്ഞു. അപ്പോൾ അമ്മ പറഞ്ഞു കാണണ്ട, അവൾ പാട്ടുകാരിയാണ്. അവൾ പാടി ഇന്ന സ്റ്റുഡിയോയിൽ നിന്ന് പോയതേ ഉള്ളൂ. സാർ അവിടെ ഉണ്ടെങ്കിൽ സാറിന് അവളുടെ പാട്ട് ഇപ്പോൾ കേൾക്കാം. ഞങ്ങള്‍ അവിടുന്ന് ഇപ്പോൾ ഇറങ്ങിയതേ ഉള്ളൂ എന്ന് അമ്മ പറഞ്ഞിട്ടുണ്ട്. പക്ഷേ അതൊക്കെ ഡീൽ ചെയ്യുന്നൊരു രീതി ഉണ്ട്. അവര് നമ്മളെ തിരിച്ചു റെസ്പെക്ട് ചെയ്യും. അതാണൊരു മാജിക്. 

∙പക്ഷേ അതൊരു വാശിയായി എടുത്ത് രാജിയുടെ കരിയർ നശിപ്പിക്കാനൊന്നും ആരും ശ്രമിച്ചിട്ടില്ലേ?

ഇല്ല. അങ്ങനെയൊന്നും ഉണ്ടായിട്ടില്ല. നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കിയാൽ മതി. അതുകൊണ്ടു തന്നെ പുരുഷന്മാരെ നമുക്കങ്ങനെയൊന്നും പറയാൻ പറ്റില്ല. പിന്നെ എന്തെങ്കിലും വിരലിലെണ്ണാവുന്നതൊക്കെ മോശമായ രീതിയിൽ വരുന്നതൊക്കെ അവരുടെ അറിവില്ലായ്മ ആയിരിക്കും. അമ്മ അതു പറയും, ‘പ്രായത്തിന്റെ ചാപല്യമായിരിക്കും മോളെ. അങ്ങനെയൊക്കെ തോന്നും സ്ത്രീയും പുരുഷനും അല്ലേ എന്തെങ്കിലുമൊക്കെ തോന്നിയാൽ ചോദിക്കുന്നത് ഒരു ദ്രോഹമൊന്നുമല്ല നമ്മൾ അതിനെ ഇങ്ങനെ നേരിടണം.’

∙അച്ഛനില്ലാത്തതുകൊണ്ടാകുമോ ഇങ്ങനെയൊക്കെ സംഭവിക്കുന്നത്?

ആയിരിക്കാം. അറിഞ്ഞുകൊണ്ടു തന്നെയാണ്. ആൺതുണ ഇല്ലാത്തതുകൊണ്ട് സമീപിച്ചേക്കാം എന്നുള്ള രീതിയിൽ പലരും അങ്ങനെ എടുക്കും. അതുകൊണ്ടാണല്ലോ നമ്മൾ അച്ഛൻ ഗൾഫിൽ ആണെന്ന് പറഞ്ഞത്.

∙അതുകൊണ്ടാണോ രാജിയുടെ വിവാഹം വളരെ നേരത്തേ നടത്തിയത്? എനിക്കു തോന്നുന്നത് 20 വയസ്സിനു മുൻപേ കല്യാണം കഴിഞ്ഞെന്നു തോന്നുന്നു. 

അതെ. 20– 21 വയസ്സിൽ കല്യാണം കഴിഞ്ഞു. അമ്മ ഇതുവരെ കൊണ്ടു വന്ന സംഗീതം ഒട്ടും താഴാൻ പാടില്ല. അങ്ങനെയൊരാൾക്കേ മകളെ കല്യാണം കഴിച്ചു കൊടുക്കുകയുള്ളൂ എന്ന് അമ്മയ്ക്ക് വളരെ നിർബന്ധം ഉണ്ടായിരുന്നു. മറ്റൊന്നും ക്രൈറ്റീരിയ അല്ല. രാജിയുടെ പാട്ട് ഞാൻ കൊണ്ടു പോയതിനെക്കാൾ ഒരുപടി കൂടി കൂടുതൽ കൊണ്ടു പോകാന്‍ പറ്റണം. അങ്ങനെയുള്ള ഒരാൾക്കേ മോളെ കല്യാണം കഴിപ്പിച്ചു കൊടുക്കൂ. അതിനു വേണ്ടി എത്ര വരെ വേണമെങ്കിലും വെയ്റ്റ് ചെയ്തു നിൽക്കാൻ അമ്മ തയാറായിരുന്നു പക്ഷേ അതിന്റെ ആവശ്യം വന്നില്ല. 

∙രാജി നേരത്തേ സൂചിപ്പിച്ചതു പോലെ അമ്മയുടെ ഡിസിഷൻ രാജിയുടെ കല്യാണത്തിലും വളരെ പ്രധാനപ്പെട്ടതാണ്. 

അതെ. അമ്മയുടെ വിഷൻ ആ കാര്യത്തിൽ വളരെ ശരിയായി എന്ന് എല്ലാവരും പറയുന്നു. ‍ഞങ്ങൾക്കു കുറേ ലിമിറ്റേഷൻസ് ഉണ്ടായിരുന്നു. സ്ത്രീകളാണ്. പലരുടെ അടുത്തും മിണ്ടാനോ റിലേഷൻഷിപ് മെയ്ന്റെയ്ൻ ചെയ്യാനോ ഒക്കെ മടിയും പേടിയുമായിരുന്നു. പക്ഷേ എന്റെ ഹസ്ബൻഡ് അങ്ങനെയല്ല. ഹസ്ബന്‍ഡ് ഒരു മികച്ച സംഘാടകനായിരുന്നു. കേരള യൂണിവേഴ്സിറ്റി യൂത്ത് ഫെസ്റ്റിവൽ തൊട്ട്. അതുകൊണ്ട് എല്ലാവരുമായി ഇടപഴകാനും സംസാരിക്കാനും എങ്ങനെ ഒരു കാര്യം കൊണ്ടു പോകണം എന്ന് കറക്റ്റായിട്ട് അറിയാവുന്ന ആളായിരുന്നു. അപ്പോൾ അത് വളരെ ഭദ്രമായ കൈകളിലേക്കാണ് പോയത്. 

∙വിവാഹം രാജിയുടെ ഒരു ടേണിങ്പോയിന്റല്ലേ 

തീർച്ചയായിട്ടും. എല്ലാവരും ചോദിക്കുമായിരുന്നു. ഇനി പാടില്ലേ എന്ന് പാട്ട് നിർത്തും, കല്യാണം കഴിഞ്ഞില്ലേ. അമ്മയോട് പലരും ചോദിച്ചിട്ടുണ്ട്. മോളെ ആരു വന്ന് കല്യാണം കഴിക്കാനാ. നിങ്ങളീ പാടി നടക്കുന്ന ആൾക്കാരല്ലേ. ഒരു സ്ത്രീ അമ്മയോടിങ്ങനെ ചോദിച്ചപ്പോൾ അമ്മ ആ രാത്രിയിൽ ഉറങ്ങിയില്ലെന്ന് പറഞ്ഞു. ഇനി അങ്ങനെ സംഭവിക്കുമോ, അവള്‍ ഒരു മോശം ആണെന്ന് ആരെങ്കിലും പറയുമോ ഇങ്ങനെയൊക്കെയായി അമ്മയുടെ ഉള്ളിൽ. അന്ന് അമ്മ വിഷമിച്ചതിന്റെ തൊട്ടടുത്ത ദിവസമാണ് ഈ ആലോചന വന്നത്. ദൈവം അപ്പോൾ വന്നു അവിടെ. കുറച്ച് ദൂരെയാണ്. എറണാകുളത്തു നിന്ന് തിരുവനന്തപുരത്തേക്കാണ് കല്യാണം കഴിഞ്ഞത്. അതാണൊരു സങ്കടം അമ്മയ്ക്കുണ്ടായത്. 

raj

∙ജാസി ഗിഫ്റ്റുമായിട്ടുള്ള പരിചയം തുടങ്ങുന്നത് വിവാഹം കഴിഞ്ഞതിനു ശേഷമാണല്ലോ?

അതെ. ജാസിച്ചേട്ടന്റെ കൂടെ ട്രിവാൻഡ്രം യൂണിവേഴ്സിറ്റി കോളേജിൽ ഒരുമിച്ചു പഠിച്ചതാണ് എന്റെ ഹസ്ബെൻഡ്. ഒരുമിച്ച് ഇല്ലായ്മയിലും ഉള്ളപ്പോഴും ഒക്കെ ഒരുമിച്ചുണ്ടായിരുന്ന ആളാണ്. അതുകൊണ്ടു തന്നെ ലജ്ജാവതി ഹിറ്റായപ്പോൾ ജാസിച്ചേട്ടൻ ഈ ഒരു കൂട്ടുകാരനെക്കൂടെ കൂടെ കൂട്ടി. എനിക്ക് ഒറ്റയ്ക്ക് പറ്റില്ല. നീ കൂടി കൂടെ നിൽക്കണം എന്നു പറഞ്ഞ്. അങ്ങനെ ജോലിയൊക്കെയുണ്ടെങ്കിലും ജാസിച്ചേട്ടന്റെ കൂടെ ചേട്ടനും കൂടി. ജാസി ചേട്ടന്റെ പ്രോഗ്രാമുകൾക്ക് പോകുമ്പോൾ എന്നെ കണ്ടിട്ടുണ്ട്. ജാസിച്ചേട്ടന്റെ രണ്ടുമൂന്ന് പരിപാടികൾക്ക് ഞാൻ പോയിട്ടുണ്ട്. അങ്ങനെ എന്നെ അറിയാം. അദ്ദേഹത്തിന് ആ സമയത്ത് കല്യാണംപ്രായം ആണ്. എനിക്ക് കല്യാണപ്രായം ആയിട്ടുമില്ല. ചേട്ടന് 28 വയസ്സുണ്ടായിരുന്നു. പിന്നെ കുടുംബങ്ങൾ തമ്മിൽ ആലോചിച്ച് ഉറപ്പിച്ച കല്യാണമായിരുന്നു. 

∙ജാസിഗിഫ്റ്റിന്റെ സിനിമയിലാണ് ആദ്യം പാടുന്നത്; അശ്വാരൂഢൻ. 

മോനുണ്ടായി ഫിഫ്റ്റി ഡേയ്സ് ഒക്കെ കഴിഞ്ഞിട്ടേയുള്ളൂ. അപ്പോൾ പാടിയതാണ്. അതും ട്രാക്ക് പാടിയതാണ്. അത് ജയരാജ് സാറിന് ഇഷ്ടപ്പെട്ട് അതുറപ്പിക്കാമെന്ന് പറഞ്ഞ് അങ്ങനെ പാടിയതാണ്. പക്ഷേ അത് പോപ്പുലർ ആയില്ല. ഒരു കോമഡി ഉണ്ട്. ഇതിനു മുൻപ് ഞാൻ ചെറിയ ചെറിയ പാട്ടുകൾ പാടിയിട്ടുണ്ട്. ചിലത് റിലീസായിട്ടില്ല. ചിലതിൽ കാസറ്റിൽ മാത്രം പേരു വന്നിട്ടുള്ളൂ. അതിൽ ഒരു എ ഫിലിമിൽ എന്റെ പാട്ടുണ്ട്. അത് ഞങ്ങൾ അറിഞ്ഞില്ല. അവരെന്തോ പറഞ്ഞു നമ്മൾ പാടിയിട്ടു പോന്നു. ഡയറക്ടർ കുറച്ച് എക്സ്പ്രഷൻ കൂട്ടി പാടണമെന്നൊക്കെ പറഞ്ഞിരുന്നെങ്കിലും ഞാൻ ഇത്രയ്ക്ക് പ്രതീക്ഷിച്ചിരുന്നില്ല. കുറച്ചു നാളുകൾ കഴിഞ്ഞ് നമുക്ക് പരിചയമുള്ള വേറൊരു പാട്ടുകാരൻ അമ്മയോട് ചോദിച്ചു ചേച്ചിയുടെ മോള് രാജി ഈ സിനിമയിൽ പാടിയിട്ടുണ്ടോ. അപ്പോൾ ആ സിനിമ ഭയങ്കര ഹിറ്റാണ്. അങ്ങനെയാണ് നമ്മൾ അറിഞ്ഞത്. അമ്മ പറഞ്ഞു നീയിത് ആരോടും പറയണ്ട എന്ന്. അന്ന് അതാരോടും പറഞ്ഞില്ല. ഇന്നത് ഭയങ്കര കോമഡി ആയിട്ട് തോന്നുന്നു. അതിനുശേഷം ചിത്രച്ചേച്ചിയും ഉണ്ണിച്ചേട്ടനുമൊക്കെയായി സംസാരിച്ചപ്പോൾ, അങ്ങനെയല്ല രാജി സംഗീതത്തിന് അങ്ങനെയൊന്നുമില്ല. മട്ടിച്ചാറ് മണക്കണ് എന്ന് ഒരു പാട്ട് ഉണ്ണിച്ചേട്ടനും ചിത്രച്ചേച്ചിയും പാടിയ ഹിറ്റ്പാട്ടാണ് ഇതൊരു എ ചിത്രത്തിലേതാണ്. അതുകൊണ്ട് അത് പറയുന്നതിന് കുഴപ്പമൊന്നുമില്ല എന്നവർ പറഞ്ഞു. 

Content Summary: She Talks Interview with Singer Rajalakshmy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com