ADVERTISEMENT

വീട്ടിലെ ഊണ് എന്നു കേൾക്കുമ്പോൾ തന്നെ ഊണ് മാത്രമാകും എല്ലാവരുടേയും ശ്രദ്ധ. എന്നാൽ അത് പാകം ചെയ്തെടുക്കുന്ന ആളെയും അത് പാകപെട്ടുവരുന്ന ഇടവും നമ്മൾ പലപ്പോഴും നോക്കാറില്ല, അല്ലെങ്കിൽ അറിയാറില്ല. ലതചേച്ചി വിളമ്പിത്തരുന്ന ചോറിനും കറികൾക്കും രുചിയേറുന്നത് കൈപുണ്യം കൊണ്ട് മാത്രമല്ല. സ്വന്തം വീട്ടിലെ അടുക്കളയിൽ നിന്നും ചോറെടുത്ത് കഴിക്കുന്ന ഫീലായിരിക്കും ഇവിടെ എത്തിയാൽ നമുക്ക് ലഭിക്കുക. കഴിഞ്ഞ 18 വർഷത്തിനു മേലെയായി തൃപ്പുണിത്തുറയിലെ ഒരു ചെറിയ ഹോട്ടലിന്റെ പാചകമേൽനോട്ടം മുഴുവൻ വഹിക്കുന്നത് ഒരു അമ്മയാണ്. ആ അമ്മ തയ്യാറാക്കി നൽകുന്നതെന്തും മനസും വയറും നിറയ്ക്കും. പരിചയപ്പെടാം വിനായക ഹോട്ടലിന്റെ സാരഥികളിലാൾ ലതചേച്ചിയെ..  

ഉച്ചതിരിഞ്ഞ് മൂന്നുമണിയെങ്കിലുമാകണം ലതചേച്ചി ഒന്ന് ഫ്രീയാകാൻ. ചേച്ചിയുടെ ഒരു ദിവസം തുടങ്ങുന്നതുതന്നെ പച്ചക്കറി അരിഞ്ഞും കൂട്ടുകൾ തയ്യാറാക്കിയുമാണ്. അതിരാവിലെ തന്നെ ജോലി ആരംഭിച്ചിട്ടുണ്ടാകും. 7 മണിയോടെ ഭർത്താവ് ജയപ്രകാശ് ചന്തയിൽപോയി വാങ്ങിവരുന്ന മീനുകളെല്ലാം കഴുകി വൃത്തിയാക്കുന്നു. അത് വറക്കാനും കറി വയ്ക്കാനുമുള്ള കൂട്ടുകൾ തയ്യാറാക്കുന്നു. ഇതിനിടെ രാവിലത്തെ ഭക്ഷണം കഴിയ്ക്കും. ഇനി അടുക്കളയിലേയ്ക്ക്, എന്നും`10 തരം മീൻ വിഭവങ്ങൾ ഉണ്ടാകും. ഒപ്പം തോരനും കാളനും സാമ്പാറും, ലതചേച്ചിയുടെ സ്പെഷ്യൽ ചെമ്മീൻ ചാറും. ഇതെല്ലാം ഒറ്റയ്ക്കാണ് ചേച്ചി തയ്യാറാക്കുന്നത്. കഴിഞ്ഞ 18 വർഷമായി ലതയെന്ന വീട്ടമ്മയുടെ ദിനചര്യയാണ് ഈ പറഞ്ഞത്. കൊച്ചി തൃപ്പൂണിത്തുറയിൽ വിനായക എന്ന ഹോംലി മീൽസ് ഹോട്ടൽ നടത്തുന്ന ഒരു സാധാരണ വീട്ടമ്മയാണ് ലത ജയപ്രകാശ്.  

കൊച്ചിക്കാർക്ക് ഉച്ചയ്ക്ക് ചോറുണ്ണണമെങ്കിൽ ഒരു കഷ്ണം മീൻ വറുത്തതോ അല്ലെങ്കിൽ ഒരിത്തിരി മീൻചാറോ വേണം. അങ്ങനെ നല്ലൊരു ഊണും ഒപ്പം കിടിലൻ മീൻ വറുത്തതും കറിയും കൂട്ടി ഉണ്ണണമെങ്കിൽ നേരേ മെട്രോ കയറുക, പേട്ട മെട്രോ സ്റ്റേഷനിൽ ഇറങ്ങുക, അവിടെ നിന്നും രണ്ട് ചുവട് വച്ചാൽ നിങ്ങൾ വിനായകയിലെത്തും. കേരളത്തിന്റെ പല ഭാഗത്തുനിന്നും ജോലിയാവശ്യത്തിനും മറ്റുമായി സ്വന്തം വീട്ടിൽ നിന്നും മാറി നിൽക്കുന്നവരാണ് ഇന്ന് കൊച്ചിയിലധികം. വീടും അമ്മയുണ്ടാക്കുന്ന ഉച്ചയൂണും മിസ് ചെയ്യുന്നവർക്ക് വിനായകയിലെത്താം. ലത ചേച്ചി ഇവിടെ വിളമ്പുന്നത് ഒരമ്മയുടെ സ്നേഹത്തിൽ പാകം ചെയ്ത ആഹാരമാണ്. ലത ചേച്ചി ഒറ്റയ്ക്കാണ് ഇവിടുത്തെ എല്ലാ വിഭവങ്ങളും ഉണ്ടാക്കുന്നത്. ഈ ഹോട്ടലിന്റെ ഏറ്റവും വലിയ പ്രത്യേകത വൃത്തിയാണ്. നമ്മുടെയൊക്കെ വീട്ടിലെ അടുക്കളയിലേതുപോലെ വളരെ വൃത്തിയോടെയാണ് ലത ചേച്ചി ഇവിടെ പാചകം ചെയ്യുന്നത്. ഇത്രയധികം മീൻ വിഭവങ്ങൾ പാകം ചെയ്യുന്നുണ്ടെങ്കിലും അതിന്റെയൊന്നും മണമോ മറ്റു വേസ്റ്റോ ഒന്നും തന്നെ നമുക്ക് അവിടെ കാണാനാവില്ല. “നമുക്ക് കഴിയ്ക്കാനായിട്ടല്ലേ നമ്മുടെ വീട്ടിൽ ആഹാരം പാകം ചെയ്യുന്നത്. അപ്പോൾ അത് വളരെ വൃത്തിയോടെയും അടുക്കും ചിട്ടയോടെയുമായിരിക്കും നമ്മൾ ചെയ്യുക. അതുപോലെ തന്നെയാണ് മറ്റുള്ളവർക്ക് വേണ്ടി ഉണ്ടാക്കുമ്പോഴും. ഇവിടെ നിന്നും ഭക്ഷണം കഴിക്കുന്നവർക്കുണ്ടാകുന്ന സംതൃപ്തിയാണ് എന്റെ സന്തോഷവും സമ്പാദ്യവും”. ലത ചേച്ചിയുടെ ഉത്തരം ഇങ്ങനെയായിരുന്നു. 

സാമ്പത്തിക ബുദ്ധിമുട്ട് വന്നപ്പോൾ അറിയാവുന്ന ഏക കാര്യം പാചകം ആയിരുന്നതിനാൽ 2005 ൽ ഭർത്താവ് ജയപ്രകാശും ലതചേച്ചിയും ചേർന്ന് വിനായക എന്ന ഹോട്ടൽ ആരംഭിക്കുകയായിരുന്നു. ആദ്യമൊക്കെ ലതചേച്ചി ചായക്കടികൾ മാത്രമായിരുന്നു ഉണ്ടാക്കിയിരുന്നത്. 200 രൂപ ദിവസവേതനത്തിൽ ആരംഭിച്ച ലതചേച്ചിയുടെ പാചകസപര്യ ഇന്ന് ദിവസം 200 പേർക്ക് വെച്ചുണ്ടാക്കി വിളമ്പുന്ന ഈ ഹോട്ടലിലെത്തി നിൽക്കുന്നു. ഉച്ചയൂണും കറികളും മാത്രമേ ഇവിടെ ലഭിക്കു. കൂടുതലും മീൻ ഐറ്റംസാണ്. അതെല്ലാം തന്നെ അതാത് ദിവസം രാവിയൊണ് പാകം ചെയ്യുന്നത്. ഒന്നും തലേദിവസം ചെയ്തുവയ്ക്കുന്ന ശീലം തനിക്കില്ലെന്നും അന്നന്ന് ഉണ്ടാക്കുന്നത് അന്ന് തന്നെ തീർത്താണ് ഹോട്ടൽ അടയ്ക്കാറുള്ളതെന്നും ലത ചേച്ചി പറയുന്നു. പല അടുപ്പുകളിലായി വച്ചിരിക്കുന്ന ഓരോ വിഭവങ്ങളുടെ അടുത്തേയ്ക്കും ചേച്ചി ഓടിനടക്കുന്നതുകാണുമ്പോൾ അറിയാതെ നമ്മൾ ചോദിച്ചുപോകും, മടുക്കില്ലേ ഈ പ്രായത്തിലും ഇങ്ങനെ എന്ന്. അതിന് ചേച്ചിയുടെ മറുപടി ഇങ്ങനെയാണ്. “ഒരു ദിവസം ജോലിചെയ്യാതിരുന്നാൽ എനിക്ക് എന്തോ ഒന്നുമില്ലാത്തതുപോലെയാണ്. ഞായറാഴ്ച ദിവസം ഹോട്ടൽ തുറക്കാറില്ല. അന്ന് ഞാൻ വീട്ടിലൂടെ ചുമ്മാ അങ്ങോട്ടുമിങ്ങോട്ടും നടക്കും. ഒരു ഒഴിഞ്ഞ അവസ്ഥയാണ്. പിന്നെ ഞങ്ങൾ രണ്ടുപേരും കൂടി പുറത്തേയ്ക്ക് പോകും. എനിക്ക് ഇഷ്ടമാണ് ഇങ്ങനെ ആഹാരമുണ്ടാക്കാൻ. ഭയങ്കര സന്തോഷമാണ് ഈ അടുക്കളയിൽ നിൽക്കുമ്പോൾ. 

latha-cook

വിവാഹിതയായി ഭർത്താവിന്റെ വീട്ടിലെത്തുമ്പോൾ അങ്ങനെ കാര്യമായി ഒന്നും ഉണ്ടാക്കാൻ അറിയാത്തൊരാളായിരുന്നു ഞാൻ. ഭർത്താവിന്റെ അച്ഛനാണ് എല്ലാം പഠിപ്പിച്ചുതന്നത്. അദ്ദേഹം നല്ലതുപോലെ പാചകം ചെയ്യുമായിരുന്നു. അങ്ങനെ പതിയെ ഓരോന്നും പഠിച്ചെടുത്തു. പരിപ്പുവടയും മുളകുവടയും ദോശമാവും, അപ്പം മാവുമെല്ലാം ഉണ്ടാക്കി ഞാൻ കടകളിൽ കൊണ്ടുപോയി കൊടുത്തിട്ടുണ്ട്. പിന്നീട് ഹോട്ടൽ തുടങ്ങി. ആദ്യമൊക്കെ വീട്ടിലെ എല്ലാ കാര്യങ്ങളും കഴിഞ്ഞായിരുന്നു ഹോട്ടലിന്റെ കാര്യത്തിലേയ്ക്ക് ഇറങ്ങുക. അന്ന് മക്കളും കൂടും “ ലത ചേച്ചി സ്വന്തം സ്റ്റൈൽ കരിമീൻ പൊള്ളിക്കുന്നതിനിടെ തന്റെ വിശേഷങ്ങളും ഇങ്ങനെ പങ്കുവച്ചു. ഇന്ന് സഹായത്തിന് രണ്ടുപേർ ഉണ്ടെങ്കിലും പാചകം മുഴുവൻ ലതചേച്ചിതന്നെയാണ്. എല്ലാ കറികളുടേയും റെസിപ്പി ചേച്ചിയുടെ സ്വന്തം. കുടുംബത്തിന്റെ വിഷമഘട്ടത്തിലെടുത്ത തീരുമാനമായിരുന്നുവെങ്കിലും ഇന്ന് ലതചേച്ചി ഏറ്റവുമധികം ആസ്വദിക്കുന്ന കാര്യം ഈ പാചകം തന്നെയാണ്. ഒരു നോട്ടം തെറ്റിയാൽ മീൻ കരിഞ്ഞുപോവുകയോ, കറി അടിയ്ക്കു പിടിയ്ക്കുകയോ ചെയ്യാം. പക്ഷേ ഇന്നുവരെ ഇവിടെ നിന്നും ആഹാരം കഴിച്ചവരാരും അങ്ങനെയൊരു പരാതിയും പറഞ്ഞിട്ടുമില്ല, അതിനുള്ള അവസരം ലതചേച്ചി ഉണ്ടാക്കിയിട്ടുമില്ല. ഒറ്റയ്ക്ക് ഇതെല്ലാം ചെയ്യുമ്പോഴും ലതചേച്ചിയ്ക്ക് മടുപ്പ് തോന്നാത്തത് ഈ ജോലി അവർ ആസ്വദിക്കുന്നതുകൊണ്ടാണ്.കൈപുണ്യവും ഒരമ്മയുടെ സ്നേവും കരുതലും ഒപ്പം നല്ല ഒന്നാന്തരം ഊണും കറികളും എല്ലാം ഒരുമിച്ച് അനുഭവിക്കാം ഇവിടെയെത്തിയാൽ..

English Summary:

Latha cooks for more than 100 people a day

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT