sections
MORE

മനഃസാക്ഷി എന്നൊന്നുണ്ടെങ്കിൽ ആ കുറ്റബോധം നിങ്ങളെ വേട്ടയാടും; വല്യേച്ചിമാർ അറിയാൻ...!

idk-child-marriage
SHARE

നേപ്പാളിലെ വല്യേച്ചിമാർ – കേട്ടിട്ടുണ്ടോ അവരെ കുറിച്ച്... ഇല്ലെങ്കിൽ കേൾക്കണം. അഞ്ചിൽ രണ്ടു പെൺകുട്ടികൾ ബാല്യ വിവാഹത്തിന് ഇരയാകുന്ന രാജ്യമാണ് നേപ്പാൾ. പതിമൂന്ന് അല്ലെങ്കിൽ പതിനാല് വയസ്സിൽ തങ്ങളെക്കാൾ ഒന്നോ രണ്ടോ ഇരട്ടി പ്രായമുള്ള പുരുഷന്റെ വധുവാകേണ്ടി വരുന്ന ഈ കുരുന്നുകൾ അകാല ദാമ്പത്യവും പ്രസവവും വീട്ടുജോലികളുമൊക്കെയായി ശാരീരിക – മാനസിക ആരോഗ്യം തകർന്ന് ദുരന്തജീവിതം നയിക്കേണ്ടി വരുന്നു. അഭിഭാഷക, അധ്യാപിക, ശാസ്ത്രജ്ഞ, ബാങ്ക് ഉദ്യോഗസ്ഥ എന്നൊക്കെ സ്വന്തം കരിയറിനെ കുറിച്ച് സ്വപ്നം കണ്ട കുട്ടികളാണ്. പഠനം സ്കൂൾ ക്ലാസിലേ നിർത്തേണ്ടി വരുന്നത്. ഇതിനൊരു പരിഹാരമായി നേപ്പാൾ കണ്ടെത്തിയ പദ്ധതിയാണ് സിസ്റ്റേഴ്സ് ഫോർ സിസ്റ്റേഴ്സ്. കുഞ്ഞനിയത്തിമാർക്കു വേണ്ടി നൂറുകണക്കിന് വല്യേച്ചിമാർ. ബാലവിവാഹങ്ങൾ തടയുന്നതിനായി ഈ വല്യേച്ചിമാർ രംഗത്തുവരികയും കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും വേണ്ട കൌൺസലിങ് നൽകി വിവാഹം ഒഴിവാക്കുകയും ചെയ്യുന്നു. കുട്ടികളെ സ്കൂളിൽ തിരികെ എത്തിക്കുകയും പഠിച്ചുയരുന്നതിനു വേണ്ട മാർഗ നിർദേശങ്ങൾ നൽകുകയും ചെയ്യും ഇവർ. 

ഈ വല്യേച്ചിമാരിൽ ഭൂരിഭാഗവും ബാല്വിവാഹങ്ങളുടെ ഇരയാണ്. തങ്ങളുടെ തന്നെ ദുരന്തജീവിതങ്ങൾ ചൂണ്ടിക്കാട്ടിയാണ് അവർ കുട്ടികളുടെ അച്ഛനമ്മമാരെ പിന്തിരിപ്പിക്കുന്നത്. കൊടിയ യാതനയിലേക്കെന്ന് അറിഞ്ഞുകൊണ്ട് മക്കളെ ആ ദുരന്തത്തിലേക്കു തള്ളിയിടാൻ ഹൃദയാലുവായ ഏതു രക്ഷിതാവിനാണ് കഴിയുക...പുസ്തകസഞ്ചി ചുമലിൽ തൂക്കി പാറിപ്പറന്നു നടക്കേണ്ട പ്രായത്തിൽ ഒരു കുടുംബത്തിന്റെ മുഴുവൻ ഭാരവും തോളിലേറ്റി ഈ കുട്ടികൾ ഇഴഞ്ഞുനീങ്ങേണ്ടി വരുന്നതിനു കാരണം ദാരിദ്ര്യവും രക്ഷിതാക്കളുടെ നിരക്ഷരതയുമാണ്. രാജ്യത്തിന്റെ സാമ്പത്തിക പിന്നാക്കാവസ്ഥയാണ് ഇതിന്റെ മൂലകാരണം. നേപ്പാളിനെക്കാൾ സാമ്പത്തിക സുസ്ഥിതിയും ഉയർന്ന വിദ്യാഭ്യാസ നിലവാരവും ഉണ്ടായിട്ടും ഇന്ത്യയിൽ ഇന്നും ബാലവിവാഹങ്ങൾ നടക്കുന്നുണ്ട്.

അതിർത്തി ഗ്രാമങ്ങളിൽനിന്നു പുറത്തുവരുന്ന ചില സംഭവങ്ങൾ തെളിയിക്കുന്നത് കേരളവും ഈ ദുരാചാരത്തിൽ നിന്നു മുക്തമല്ലെന്നാണ്. ചിലപ്പോഴെങ്കിലും പെൺകുട്ടികൾക്ക് പുറംലോകത്തെ അറിയിച്ചാൽ ഇതിൽനിന്നു രക്ഷപ്പെടാനാകുന്നു. അപ്പോഴും മറ്റു ചിലർക്ക് അതിനു കഴിയാതെ പോകുന്നുണ്ട്. പ്രണയവും ചിലപ്പോൾ വില്ലനാകുന്നുണ്ട്. മോഹിച്ച ജീവിതം സ്വപ്നം കണ്ട് ഇഷ്ടപ്പെട്ട പുരുഷനു പിന്നാലെ ഇറങ്ങിത്തിരിച്ച ശേഷം ലൈംഗിക പീഡനത്തിന് ഇരയായി (ചിലപ്പോഴെങ്കിലും കാമുകന്റെ കൂട്ടുകാർക്കും ഇരയായി) ഈ കുട്ടികൾ പോക്സോ കേസിലെ അതിജീവിതകളായി മാറുന്നു. ഇനി അത്തരം കേസുകളിൽ പെടാതെ ജീവിതം തുടങ്ങിവച്ചവരോ... ഒന്നോ രണ്ടോ കുഞ്ഞുങ്ങളായ ശേഷം, കൈപിടിച്ചിറക്കിയവൻ കൈവിടർത്തി പോയതറിഞ്ഞ് തകർന്നുനിൽക്കുന്നു.

കോട്ടയത്ത് ഏതാനും വർഷം മുൻപു നടന്ന ഒരു സംഭവമുണ്ട്. അമ്മത്തൊട്ടിലിൽ ഒരു പെൺകുട്ടി കുഞ്ഞിനെ ഉപേക്ഷിച്ച ശേഷം അവനെ തിരിച്ചു കിട്ടാനായി സ്വന്തം ജീവിതം പണയപ്പെടുത്തി നടത്തിയ പോരാട്ടം. 16 വയസ്സിൽ ഇഷ്ടപ്പെട്ട പുരുഷനൊപ്പം ഇറങ്ങിപ്പോയ അവൾ എത്തിപ്പെട്ടത് അതിദുരന്തങ്ങളിലേക്കാണ്. ഈ പെൺകുട്ടിയെ ജീവിതത്തിലേക്കു തിരികെക്കയറ്റാൻ ഒരുപാട് ശ്രമിച്ചിട്ടും പരാജയപ്പെട്ടു പോയ ഒരു കഥ എന്റെ ജീവിതത്തിലുമുണ്ട്.

അച്ഛനമ്മമാരുടെ നിർബന്ധം മൂലമോ, സ്വന്തം തീരുമാനമനുസരിച്ചോ ഇത്തരം വിവാഹബന്ധങ്ങളിൽ കുരുതി കൊടുക്കേണ്ടി വരുന്ന പെൺജീവിതങ്ങളുണ്ട്. ഇത്തരം സംഭവങ്ങളുണ്ടാകുമ്പോൾ "ഞാനെന്തിന് ഇടപെടണം, എന്റെ സ്വൈരം നശിപ്പിക്കുന്നതെന്തിന്" എന്നു ചിന്തിച്ച് വഴിയൊഴിഞ്ഞു പോകാതിരിക്കുക. നിങ്ങളുടെ ഇന്നത്തെ നിസംഗത നാളെ വലിയൊരു ദുരന്തത്തിന് കാരണമായേക്കാം. മനഃസാക്ഷി എന്നൊന്നുണ്ടെങ്കിൽ ആ കുറ്റബോധം നിങ്ങളെ വേട്ടയാടുകയും ചെയ്യാം. അതിനാൽ ദയവായി പ്രതികരിക്കുക, നിശ്ശബ്ദമായ പ്രതികരണങ്ങൾക്കും ഇവിടെ ഒരുപാടൊക്കെ ചെയ്യാനാകും. ചൈൽഡ് ലൈനിനെയോ പൊലീസിനെയോ ഒരു ഫോൺകോളിലൂടെയെങ്കിലും അറിയിക്കാനായാൽ ഒരു കുട്ടിയുടെ ജീവിതമാകും രക്ഷിക്കപ്പെടുക. ദാരിദ്ര്യമാണ് അവളെ അതിലേക്ക് എത്തിച്ചതെങ്കിൽ ഈ നാട്ടിൽ സഹായിക്കാൻ സന്മനസ്സുള്ള ഒരുപാട് പേരുണ്ട്. അവരിലേക്ക് അവളുടെ കഥ എത്തിക്കാനായാൽ അവളുടെ സ്വപ്നങ്ങൾ വീണ്ടും തളിരെടുക്കും. പ്രണയത്തിന്റെ പക്വമാകാത്ത ചിന്തകളാണ് അവളെ നയിക്കുന്നതെങ്കിൽ കാത്തിരിക്കാൻ അവളെ പ്രേരിപ്പിക്കൂ. ആദ്യം പഠനം പൂർത്തിയാക്കി, പിന്നീട് ഒരു തൊഴിൽ നേടി അവൾ മുന്നോട്ടു നടക്കട്ടെ. അതിനുശേഷം ഇഷ്ടപ്പെട്ട ജീവിതം തിരഞ്ഞെടുക്കട്ടെ. കാത്തിരിക്കുന്നത് ദുരന്തങ്ങളാണെങ്കിൽ പോലും അവൾ അത്രയേറെ നിസ്സഹായ ആകില്ല.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN PENLOKAM
SHOW MORE
FROM ONMANORAMA