ADVERTISEMENT

ഉദ്യോഗ നിയമനങ്ങളിൽ പുരുഷൻമാരോടുള്ള ആഭിമുഖ്യം വ്യക്തമാക്കിയും സ്ത്രീകളെ അവഗണിച്ചുമുള്ള പരസ്യങ്ങൾക്കും പ്രചാരണങ്ങൾക്കും ഇനി ചൈനയിൽ സ്ഥാനമില്ല. സ്ത്രീ–പുരുഷൻമാർക്ക് നിയമനങ്ങളിൽ തുല്യപരിഗണന നൽകുന്നതിനൊപ്പം സ്ത്രീകളുടെ വിവാഹാവസ്ഥയെക്കുറിച്ചോ കുട്ടികളെക്കുറിച്ചോ അന്വേഷിക്കാനേ പാടില്ലെന്ന ഉത്തരവും പ്രാബല്യത്തിലായിക്കഴിഞ്ഞു. ഇനി പൊതു–സ്വകാര്യ നിയമനങ്ങളിലെങ്കിലും സ്ത്രീ–പുരുഷ വിവേചനം ഉണ്ടാവില്ലെന്ന് ചുരുക്കം. ഈ ഉത്തരവ് ചൈനയിലെ എല്ലാ ഓഫിസുകളിലും എത്തിക്കഴിഞ്ഞു. 

ഉദ്യോഗാർഥികൾക്കുവേണ്ടി ചൈനീസ് മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെടുന്ന പരസ്യങ്ങളിൽ അഞ്ചിലൊന്നിലും ഒരു പ്രത്യേകവാചകമുണ്ടായിരുന്നു ഇതുവരെ– ‘പുരുഷൻമാർ മാത്രം’ എന്നോ ‘പുരുഷൻമാർക്ക് മുൻഗണന’ എന്നോ. ഇനി അങ്ങനെയൊരു വിവേചനവാക്യം പരസ്യങ്ങളിൽ രേഖപ്പെടുത്താൻ പാടില്ല. കൂടുതലായി സ്ത്രീകളെ ജോലിയിലേക്ക് ആകർഷിക്കുന്നതിനും അതുവഴി സമൂഹത്തിൽ സ്ത്രീശാക്തീകരണം ശക്തിപ്പെടുത്താനും വേണ്ടിയാണ് നടപടികൾ. 

Don’t ask women about marriage, childbearing status
പ്രതീകാത്മക ചിത്രം

വിവാഹിതരാകുന്നതോടെ സ്ത്രീകളെ ജോലിയിൽനിന്ന് മാറ്റിനിർത്തുന്ന പ്രവണത ചൈനയിലുണ്ടായിരുന്നു. ഗർഭം ധരിക്കുന്നതോടെ സ്ത്രീകൾ അവധിയെടുക്കുന്നതു കൂടാറുണ്ട്. പ്രസവസമയത്തും മറ്റും മാസങ്ങൾ നീണ്ട അവധിതന്നെയെടുക്കും. കുട്ടികളാകുന്നതോടെ ജോലി ഉപേക്ഷിക്കുന്നവരുമുണ്ട്. ഇത്തരം നൂലാമാലകൾ ഒഴിവാക്കാനും ഓഫീസുകളുടെ പ്രവർത്തനം സുഗമമാകുന്നതിനും വേണ്ടിയാണ് ചൈനീസ് കമ്പനികൾ സ്ത്രീകളെ ഒഴിവാക്കിക്കൊണ്ടിരുന്നത്.

 ഈ സമീപനം സ്ത്രീ–പുരുഷ വിവേചനം രൂക്ഷമാക്കുകയും ജോലിയില്ലാതെ വീട്ടിലിരിക്കുന്ന സ്ത്രീകളുടെ എണ്ണം ക്രമാതീതമായി വർധിക്കാൻ ഇടവരുത്തുകയും ചെയ്തതു തിരിച്ചറിഞ്ഞപ്പോഴാണ് വിവാഹിതരെന്നോ കുട്ടികളെന്നോ വ്യത്യാസമില്ലാതെ സ്ത്രീകളെ ജോലിക്കെടുക്കണമെന്ന് സ്ഥാപനങ്ങൾക്ക് നിർദേശം ലഭിച്ചിരിക്കുന്നത്. വിവാഹിതരാണോ എന്നു പോലും സ്ത്രീകളോട് തിരക്കാൻ പാടില്ല, കുട്ടികളുണ്ടോ, എത്ര കുട്ടികളാണ് തുടങ്ങിയ ചോദ്യങ്ങളും പാടില്ലെന്ന് കർശന നിർദേശമുണ്ട്. ഉത്തരവ് ലംഘിക്കുന്ന സ്ഥാപനങ്ങൾക്ക് അഞ്ചു ലക്ഷം രൂപ വരെ പിഴ ചുമത്താനാണ് തീരുമാനം. 

Don’t ask women about marriage, childbearing status
പ്രതീകാത്മക ചിത്രം

ന്യൂയോർക്ക് ആസ്ഥാനമായ ഹ്യൂമൻറൈറ്റ്സ് വാച്ച് എന്ന സംഘനട ചൈനയിലെ സ്ഥാപനങ്ങളിൽ നടത്തിയ പഠനങ്ങളിൽ സ്ത്രീപുരുഷ വിവേചനത്തിന്റെയും സ്ത്രീകളുടെ വ്യക്തിത്വം അംഗീകരിക്കാതിരിക്കുന്നതിന്റെയും അനേകം ഉദാഹരണങ്ങൾ കണ്ടെത്തിയിരുന്നു. ഐടി രംഗത്തെ ചില ബഹുരാഷ്ട്ര സ്ഥാപനങ്ങളാകട്ടെ ഉദ്യോഗാർഥികൾക്കുവേണ്ടിയുള്ള പരസ്യങ്ങളിൽ തങ്ങളുടെ സ്ഥാപനങ്ങളിൽ ‘സുന്ദരികളായ പെൺകുട്ടികൾ ജോലി ചെയ്യുന്നുണ്ട്’ എന്നുപോലും പരസ്യപ്പെടുത്തിയിരുന്നു. 

ലിംഗനീതിയാണ് രാജ്യത്തിന്റെ ദേശീയ നയം എന്ന് അർഥശങ്കയില്ലാതെ വ്യക്തമാക്കുന്നുണ്ട് ഓഫിസുകളിലെത്തിയ നോട്ടീസ്. 9 സർക്കാർ മന്ത്രാലയങ്ങൾ ഒരുമിച്ചാണ് ഉത്തരവ് തയാറാക്കിയത്. സാമൂഹിക സാമ്പത്തിക മേഖലകളിൽ സ്ത്രീപുരുഷൻമാരുടെ യോജിച്ചുള്ള പ്രവർത്തനം സമൂഹം മുന്നോട്ടുപോകാൻ അത്യാവശ്യമാണ്. ഉത്പാദനക്ഷമത വർധിക്കണമെങ്കിലും സ്ത്രീകൾ കൂടി പൊതുരംഗത്ത് സജീവമായി ഉണ്ടാകണം– നോട്ടീസ് തുടർന്നുപറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com