ADVERTISEMENT

ചരിത്രപരമായ ഒരു വിധിയിലൂടെ പെണ്‍കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് തങ്ങളുടേതെന്ന് പ്രഖ്യാപിച്ചിരിക്കുന്നു ബ്രിട്ടനിലെ ഒരു കോടതി. മൂന്നുവയസ്സുള്ള പെണ്‍കുട്ടിയുടെ ജനനേന്ദ്രിയം മുറിച്ചെടുത്ത സംഭവത്തില്‍ അമ്മയ്ക്ക് 11 വര്‍ഷത്തെ ജയില്‍ശിക്ഷ വിധിച്ചുകൊണ്ടാണ് കോടതിയുടെ ശക്തമായ മുന്നറിയിപ്പ്.

37 വയസ്സുകാരിയായ യുവതിയാണ് കേസിലെ പ്രതി. ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായാണ് ഈ ക്രൂരകൃത്യം നടന്നതെന്നും സംശയിക്കപ്പെടുന്നു. പ്രതിയായ യുവതിയുടെ വീട്ടില്‍നിന്നും പശുക്കളുടെ നാക്ക് ഉള്‍പ്പെടെ ദുര്‍മന്ത്രവാദത്തിനുപയോഗിക്കുന്ന പല വസ്തുക്കളും കണ്ടെടുക്കുകയും ചെയ്തു. കുട്ടികളുമായി ബന്ധപ്പെട്ട അങ്ങേയറ്റം അശ്ലീലമായ രംഗങ്ങള്‍ സൂക്ഷിച്ചതിന്റെ പേരിലും കേസ് എടുക്കുകയും അതിനു പ്രത്യേക ശിക്ഷ പുറപ്പെടുവിക്കുകയും ചെയ്തിട്ടുണ്ട് കോടതി. രണ്ടു വര്‍ഷത്തെ അധികശിക്ഷയാണ് ഇതിന്റെ പേരില്‍ യുവതി അനുഭവിക്കേണ്ടിവരുന്നത്. പരാമവധി 14 വര്‍ഷത്തെ ജയില്‍ശിക്ഷ അനുഭവിക്കാവുന്ന കുറ്റമാണ് യുവതി ചെയ്തതെന്നും കോടതി നിരീക്ഷിക്കുകയുണ്ടായി. 

കുട്ടികള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ക്കെതിരെ പോരാടുന്ന പ്രവര്‍ത്തകര്‍ കോടതിവിധിയെ സ്വാഗതം ചെയ്യുകയാണ്. പ്രതി ഉഗാണ്ട സ്വദേശിയാണ്. അവരുടെ പങ്കാളിയാകട്ടെ ഘാനക്കാരനും. ഒരു കൊച്ചുകുട്ടിയോട് ചെയ്യാവുന്ന അങ്ങേയറ്റത്തെ ക്രൂരതയാണ് യുവതി ചെയ്തതെന്നാണ് കോടതിയുടെ വിലയിരുത്തല്‍. മുറവില്‍നിന്ന് പെണ്‍കുട്ടി മുക്തയായെങ്കിലും ഭാവിയില്‍ ലൈംഗിക ബലഹീനത ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ നേരിടേണ്ടിവന്നേക്കാം. ജീവിതം മുഴുവന്‍ ഈ ദുരന്തത്തിന്റെ അപമാനവും അവര്‍ക്ക് അനുഭവിക്കേണ്ടിവരും. 

സംഭവത്തില്‍ താന്‍ കുറ്റക്കാരിയല്ലെന്നും മകളുടെ ജനനേന്ദ്രിയം ഛേദിക്കാന്‍ ഒരമ്മയും തയാറാകില്ലെന്നുമാണ് സംഭവത്തെക്കുറിച്ച് പ്രതിയെന്നു സംശയിക്കപ്പെടുന്ന യുവതി പറയുന്നത്. ബിസ്കറ്റ് എടുക്കാന്‍ വേണ്ടി ശ്രമിച്ചപ്പോള്‍ കുട്ടി ഉയരത്തില്‍നിന്ന് വീഴുകയും വീഴ്ചയില്‍ കത്തികൊണ്ട് മുറിവേല്‍ക്കുകയുമായിരുന്നു എന്നാണ് അവരുടെ വിശദീകരണം. രണ്ടു വര്‍ഷം മുൻപുള്ള വേനല്‍ക്കാലത്താണ് ബ്രിട്ടനെ ഞെട്ടിച്ച സംഭവം നടന്നത്. പ്രതിയായ യുവതി പറയുന്നത് വിശ്വസിക്കുകയാണെങ്കില്‍ത്തന്നെ അവര്‍ എന്തുകൊണ്ടാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചില്ല എന്നതിനു മറുപടിയില്ല. രക്ഷാപ്രവര്‍ത്തകര്‍ ഉടന്‍ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചതുകൊണ്ടാണ് ജീവന്‍ രക്ഷിക്കാനായത്. ഇല്ലെങ്കില്‍ രക്തംവാര്‍ന്ന് മരിക്കുമായിരുന്നു.

യുവതിയുടെ ഘാനക്കാരനായ പങ്കാളിക്കെതിരെയും ഗുരുതരമായ കുറ്റകൃത്യങ്ങളുടെ പേരില്‍ കേസുണ്ട്. മൃഗങ്ങളുമായി ലൈംഗികബന്ധം പുലര്‍ത്തുന്ന ചിത്രങ്ങള്‍ സൂക്ഷിച്ചുവെന്നതാണ് അയാള്‍ക്കെതിരായ കുറ്റം. ഇതിന്റെ പേരില്‍ അയാള്‍ 11 മാസത്തെ ജയില്‍ശിക്ഷ അനുഭവിച്ചുകഴിഞ്ഞു. അയാളെ ബ്രിട്ടനില്‍നിന്നു നാടുകടത്തണോ എന്ന വിഷയത്തില്‍ തീരുമാനമെടുക്കേണ്ടത് ആഭ്യന്തര മന്ത്രാലയമാണെന്നും കോടതി വ്യക്തമാക്കി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com