ADVERTISEMENT

എല്ലാ കാര്യങ്ങളും സുഗമമായി കൊണ്ടുപോകാന്‍ സമയത്തെ നിയന്ത്രിച്ച് കാലത്തിലൂടെ മുന്നോട്ടുപോകണം. എത്രയൊക്കെ ശ്രമിച്ചിട്ടും എന്തൊക്കെയോ എനിക്കു നഷ്ടപ്പെടുന്നു... 23 വയസ്സ് മാത്രമേ പ്രായമുള്ളുവെങ്കിലും അതിനോടകംതന്നെ ലോകത്തിന്റെ പ്രിയം പിടിച്ചുപറ്റുകയും സൈക്ലിങ്ങിലെ അപൂര്‍വ പ്രതിഭാശാലി എന്നു വാഴ്ത്തപ്പെടുകയും ചെയ്ത കെല്ലി കാറ്റ്ലിന്‍ എഴുതിയ ഈ വാക്കുകളില്‍ വരാനിരിക്കുന്ന ദുരന്തത്തിന്റെ സൂചനയുണ്ടായിരുന്നോ. ഇല്ലെന്നാണ് കെല്ലിയെ അറിയാവുന്നവരും കുടുംബാംഗങ്ങളും സഹതാരങ്ങളുമെല്ലാം വിശ്വസിച്ചിരുന്നത്. 

എന്തിന് അവിശ്വസിക്കണം. ചെറിയ പ്രായത്തില്‍ത്തന്നെ ലോകം കീഴടക്കിയ ഒരു താരത്തിന് വേദനകളും നിരാശയുമെന്നു പറഞ്ഞാല്‍ ആരാണ് അംഗീകരിക്കുക. അതും കെല്ലിയെപ്പോലെ ഒരു താരത്തിന്. 2016 നും 18 നുമിടെ മൂന്നു ലോക ചാംപ്യന്‍ഷിപ്പുകളിലെ തിളങ്ങുന്ന കിരീടവിജയങ്ങള്‍. ഒളിംപിക്സിലെ വെള്ളിമെഡലിന്റെ തിളക്കം. സ്വര്‍ണമെഡലുകളുടെയും അംഗീകാരത്തിന്റെയും വഴിയില്‍ പോകാന്‍ ഇനിയുമേറെ ദൂരം.... ഒരു കൊച്ചു പെണ്‍കുട്ടിയെന്നോ യുവതിയെന്നോ എന്നതിനപ്പുറം പ്രതിഭയും സൗന്ദര്യവും ഒത്തിണങ്ങിയ ഈ താരത്തെ അമേരിക്ക സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്തിട്ടുമുണ്ട്. എന്നിട്ടും കെല്ലി എന്തിനതു ചെയ്തു എന്ന ചോദ്യത്തിന് ഉത്തരമില്ല. 

മാര്‍ച്ച് എട്ടിന് രാത്രി...അന്നാണ് കെല്ലി വിടപറഞ്ഞത്. ആത്മഹത്യ. അവിശ്വസനീയമായ മുറിവിന്റെ വേദനയില്‍, ആ ദുഃഖവാര്‍ത്ത ലോകത്തെ അറിയിച്ചത് കെല്ലി കാറ്റ്‍ലിന്റെ കുടുംബാംഗങ്ങള്‍ തന്നെ. ലോകം ആരാധനയോടെ നോക്കിയ ആ ലോകതാരത്തിന്റെ ഉള്ളിന്റെയുള്ളില്‍ വേദനയില്‍ കരയുന്ന ഒരു സാധാരണ വ്യക്തിയുമുണ്ടായിരുന്നു... കണ്ണീരോടെ കെല്ലിയുടെ സഹോദരി അറിയിച്ചു. വിശ്വസിക്കാനാവുന്നില്ലെങ്കിലും വാര്‍ത്ത സത്യമാണെന്നും സംഭവം തന്നിലുണ്ടാക്കിയത് ആഴത്തിലുള്ള മുറിവാണെന്നും പറഞ്ഞു കെല്ലിയുടെ പിതാവ്. 

അവളെക്കുറിച്ചു ചിന്തിക്കാത്ത ഒരു നിമിഷം പോലും ഞങ്ങളുടെ ജീവിതത്തിലില്ല. ആ ജീവിതം ഞങ്ങള്‍ക്കു ബാക്കിവച്ച ഓര്‍മകള്‍.. അവയോരോന്നും ഞങ്ങള്‍ക്കു പ്രിയപ്പെട്ടതാണ്. അവിസ്മരണീയവും..ഇടറുന്ന വാക്കുകളില്‍ കെല്ലിയുടെ പിതാവ് മാര്‍ക് കാറ്റ്ലിന്‍ പറയുന്നു. സ്റ്റാന്‍ഫോഡ് സര്‍വകലാശാല ക്യാംപസില്‍ സ്വന്തം മുറിയില്‍വച്ചുതന്നെയാണ് കെല്ലി ലോകത്തോടു യാത്ര പറഞ്ഞതും- ഇക്കഴിഞ്ഞ വെള്ളിയാഴ്ച ലോകം ഉറങ്ങിക്കിടക്കുമ്പോള്‍.

യുഎസ്ഐ സൈക്ലിങ് പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവുമായ റോബ് ഡി മാര്‍ട്ടിനിയും കെല്ലിയുടെ അകാലവിയോഗത്തി ലുള്ള ദുഃഖം മറച്ചുവച്ചില്ല. കെല്ലി ജനിച്ചത് 1995 നവംബര്‍ മൂന്നിന്. അമേരിക്കയില്‍ മിനസോട്ടയിലെ സെന്റ് പോളില്‍.

ഒളിംപിക്സിലെ ധീരനേട്ടം 2016 ല്‍. അമേരിക്കയുടെ സൈക്ലിങ് ടീമിന്റെ ഭാഗമായി റിയോയില്‍ വെള്ളിമെഡല്‍. അടുത്ത രണ്ടുവര്‍ഷത്തിനിടെ ടീം ഇനത്തില്‍ തുടര്‍ച്ചയായി മൂന്നുതവണ ലോക ചാംപ്യന്‍ഷിപ്പിലെ നേട്ടം. 2017 ലും 18 നും വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടാനും കെല്ലിക്കു കഴിഞ്ഞു. 

മിനസോട്ട സര്‍വകലാശാലയില്‍നിന്നു ബിരുദം- ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങിലും ചൈനീസിലും. കലിഫോര്‍ണിയയിലെ സ്റ്റാന്‍ഫോഡ് യൂണിവേഴ്സിറ്റിയില്‍ മാത്തമാറ്റിക്കല്‍ എന്‍ജിനീയറങ്ങില്‍ ബിരുദാനന്തര ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കെ അകാലത്തില്‍ സ്വയംഹത്യ. 

എല്ലാം കൃത്യമായി മുന്നോട്ടുകൊണ്ടുപാകാനാണ് എന്റെ ശ്രമം. പക്ഷേ, കാര്യങ്ങള്‍ എപ്പോഴും ഞാന്‍ വിചാരിക്കുന്നതുപോലെയാകുന്നില്ല. ഇതു കേള്‍ക്കുമ്പോള്‍ ടൈം മാനേജ്മെന്റ് എന്ന മന്ത്രം ഞാന്‍ പ്രയോഗിക്കണം എന്നായിരിക്കും നിങ്ങള്‍ പറയുക. മികച്ച ഒരു വിദ്യാര്‍ഥിക്ക് മികച്ച കായികതാരമാകാനും കഴിയും എന്നൊക്കെ ഞാന്‍ പറയണമെന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടാകും. അതേ, എല്ലാം കൃത്യമായി മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണ് എന്റെ ശ്രമം. പക്ഷേ, യഥാര്‍ഥത്തില്‍ പലപ്പോഴും ഞാന്‍ പരാജയപ്പെടുന്നു എന്നതാണ് ക്രൂരമായ സത്യം. 

കത്തികള്‍ ഇരുകൈകളിലും എടുത്ത് അമ്മാനമാടുന്നതുപോലെയാണത്. ഞാനതില്‍ വിജയിക്കുന്നില്ല എന്നു മത്രമല്ല കത്തികള്‍ എന്റെ കൈവിരലുകളിലൂടെ താഴേക്കു വീഴുകയും ചെയ്യുന്നു. എന്റെ ശരീരത്തിലേക്കല്ല, തറയിലേക്കാണ് ആ കത്തികള്‍ വീഴുന്നത്... ബ്ലോഗില്‍ ഒരിക്കല്‍ കെല്ലി എഴുതിയ വാക്കുകളില്‍നിന്ന് ദുരന്തത്തിന്റെ സൂചനകള്‍ വായിച്ചെടുക്കുകയാണ് ഇപ്പോള്‍ ലോകം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com