ADVERTISEMENT

വിവാദമുയര്‍ത്തിയ, രോഹിത് ശേഖര്‍ ദുരൂഹ കൊലപാതകക്കേസില്‍ ഭാര്യ അറസ്റ്റില്‍. കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തെക്കന്‍ ഡല്‍ഹിയിലെ വീട്ടില്‍നിന്നാണ് രോഹിതിന്റെ ഭാര്യ അപൂര്‍വയെ അറസ്റ്റ് ചെയ്തത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയതെന്ന് പൊലീസ് അഡീഷനല്‍ കമ്മിഷനര്‍ രാജീവ് രഞ്ജന്‍ അറിയിച്ചു. വിവാഹബന്ധത്തിലെ പൊരുത്തക്കേടുകളെത്തുടര്‍ന്ന് താന്‍ തന്നെയാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയതെന്ന് അപൂര്‍വ സമ്മതിച്ചതായും കമ്മിഷനര്‍ അറിയിച്ചു. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി എന്‍.ഡി.തിവാരിയുടെ മകനാണ് രോഹിത് ശേഖര്‍ തിവാരി.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് ഡല്‍ഹിയെ ഞെട്ടിച്ച കൊലപാതകം നടക്കുന്നത്. അന്നു രാത്രി മുറിയില്‍ കടന്നുചെന്ന് കൃത്യം നിര്‍വഹിച്ചതിനുശേഷം അപൂര്‍വ തെളിവു നശിപ്പിക്കുകയും ചെയ്തു. ഒന്നരമണിക്കൂറിനുള്ളിലാണ് സംഭവങ്ങളെല്ലാം നടന്നത്. കൊലപാതക വിവരം പുറത്തറിഞ്ഞതിനുശേഷം ക്രൈം ബ്രാഞ്ച് അന്വേഷണം വഴിതെറ്റിക്കാനുള്ള നീക്കങ്ങളും അപൂര്‍വ നടത്തിയിരുന്നു. അപൂര്‍വയും രണ്ടു വീട്ടുജോലിക്കാരും പൊലീസ് കസ്റ്റഡിയിലായിരുന്നു. ഇവരെ നിരന്തരമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. 

രാത്രി മുറിയില്‍ കടന്നുചെന്ന അപൂര്‍വ സ്വന്തം കൈ കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൃത്യം നടത്തിയതത്രേ. മദ്യലഹരിയിലായിരുന്നതിനാല്‍ രോഹിതിന് ഭാര്യയുടെ ആക്രമണം ചെറുക്കാനായില്ല. ഹൃദയസംബന്ധമായ ശസ്ത്രക്രിയയ്ക്കു ശേഷം ശാരീരികമായി രോഹിത് ദുര്‍ബലനുമായിരുന്നു. സംഭവം നടക്കുമ്പോള്‍ അപൂര്‍വയ്ക്കു പുറമെ രോഹിതിന്റെ ഇരട്ടസഹോദരന്‍ സിദ്ധാര്‍ഥും മുന്നു വീട്ടുജോലിക്കാരും വീട്ടിലുണ്ടായിരുന്നു. പുറത്തുനിന്ന് ഒരാള്‍ വന്ന് കൃത്യം നടത്താനുള്ള സാധ്യത തുടക്കത്തില്‍ത്തന്നെ പൊലീസ് തള്ളിക്കളഞ്ഞിരുന്നു. വീട്ടിലുള്ളവരെ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം പുരോഗമിച്ചതും.  

അഭിഭാഷകനായ രോഹിത് 2015 മുതല്‍ രണ്ടുവര്‍ഷം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ഉപദേശകനായി ജോലി ചെയ്തിരുന്നു. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ തിവാരി മരിക്കുന്നതുവരെ അദ്ദേഹത്തിന്റെ വസതിയിലായിരുന്നു താമസവും. രോഹിത് തന്റെ മകനാണെന്ന് തിവാരി തുടക്കത്തില്‍ സമ്മതിച്ചിരുന്നില്ല. രോഹിത് നല്‍കിയ ഹര്‍ജിയെത്തുടര്‍ന്ന് ഡിഎന്‍എ ടെസ്റ്റ് നടത്തിയാണ് പിതൃത്വം തെളിയിച്ചത്. ഉജ്ജ്വലയാണ് രോഹിതിന്റെ അമ്മ. പിതൃത്വക്കേസ് തെളിഞ്ഞതിനുശേഷം 2012 ലാണ് തിവാരി ഉജ്ജ്വലയെ വിവാഹം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com