sections
MORE

വിധിയെ ‘ചികിത്സിച്ച’ ജാസ്മിൻ; 5 ഡോക്ടർമാരുടെ ഉമ്മ

alapuzha-mom
SHARE

ഹരിപ്പാട് ∙ ജാസ്മിൻ എന്ന ‘ഉമ്മപ്പൂമ്പൊടി’യേറ്റതിന്റെ സൗരഭ്യമാണ് ഹരിപ്പാട്ടെ ഡോക്ടർ കുടുംബത്തിന്റെ കഥയിൽ മണക്കുന്നത്. അകാലത്തിൽ വിധവയാകുമ്പോൾ ജാസ്മിന്റെ സമ്പാദ്യം അഞ്ചു മക്കള‍ും കൈനിറയെ ബാധ്യതകളുമായിരുന്നു. ജീവിക്കാൻ തെരുവിൽ കൈനീട്ടേണ്ട അവസ്ഥയോളമെത്തിയ ആ ഉമ്മയുടെ നിശ്ചയദാർഢ്യം കാരണം മക്കൾ ഇന്നു ഡോക്ടർമാരും ഡോക്ടർ വിദ്യാർഥികളുമാണ്.

പ്രവാസജീവിതം ഉപേക്ഷിച്ച് നാട്ടിലെത്തി ഐസ് പ്ലാന്റ് തുടങ്ങി ലക്ഷങ്ങളുടെ കടബാധ്യതയുണ്ടായ ശേഷമാണ് ജാസ്മിന്റെ ഭർത്താവ് ലിയാഖത്ത് ഹൃദയാഘാതമുണ്ടായി മരിച്ചത്. അന്നു നെഞ്ചുവേദനയുമായി ആശുപത്രിയിൽ എത്തിച്ചപ്പോൾ ഹൃദ്രോഗവിദഗ്ധൻ ഉണ്ടായിരുന്നില്ല. അന്ന് ആ ഉമ്മ ഉറപ്പിച്ചു– ‘മക്കളിൽ ഒരാളെയെങ്കിലും ഡോക്ടറാക്കണം.’ കൈ നിറയെ കടം മാത്രമുള്ള ഒരാൾക്ക് അതു തന്നെ അതിമോഹമായിരുന്നു. ഭർത്താവ് മരിക്കുമ്പോൾ മക്കളായ സിയാന ഒൻപതിലും ജസ്ന രണ്ടിലും ഷെസ്ന ഒന്നിലും പഠിക്കുന്നു. ഇളയകുട്ടികളായ സുൾഫിക്കറിന് 2 വയസ്സും അക്ബർ അലിക്ക് ഒരു വയസ്സും പ്രായം. ജോലിയും വരുമാനവുമില്ലാത്ത ജാസ്മിൻ തെരുവുകളിലും പള്ളികളിലും വീടുകളിലും സഹായം തേടിയലഞ്ഞു. ഒരിക്കൽ ജീവനൊടുക്കാൻ വരെ തുനിഞ്ഞു. 

തോൽക്കരുതെന്നു മനസ്സു പറഞ്ഞപ്പോൾ ജാസ്മിൻ തീരുമാനിച്ചു, മക്കളെ പഠിപ്പിച്ചു നല്ലനിലയിൽ എത്തിക്കണമെന്ന്. മക്കളെ അനാഥാലയത്തിലാക്കി ജാസ്മിൻ അവർക്കു വേണ്ടി അധ്വാനം തുടങ്ങി. ആഗ്രഹിച്ച പോലെ സിയാനയ്ക്കു കോട്ടയം മെഡിക്കൽ കോളജിൽ എംബിബിഎസ് പ്രവേശനം ലഭിച്ചു. സന്നദ്ധ സംഘടനയുടെയും മെഡിക്കൽ കോളജിലെ പൂർവവിദ്യാർഥികളുടെയും സഹായത്തോടെ സിയാന പഠനം പൂർത്തിയാക്കി. ഇതു കണ്ടു മറ്റുമക്കളും വാശിയോടെ പഠിച്ചു. സുമനസ്സുകളും സഹായിച്ചു. സിയാന എംബിബിഎസ് കഴിഞ്ഞ് മദ്രാസ് മെഡിക്കൽ മിഷൻ ആശുപത്രിയിൽ ഉപരിപഠനത്തിലാണ്. ജെസ്ന കൊല്ലം ട്രാവൻകൂർ മെഡിക്കൽ കോളജിൽ എംബിബിഎസ് അവസാന വർഷ വിദ്യാർഥി. ഷസ്ന ബിഡിഎസ് കഴിഞ്ഞ് ഹൗസ് സർജൻസി ചെയ്യുന്നു. 

സുൾഫിക്കർ കൊല്ലം അസീസിയ മെഡിക്കൽ‌ കോളജിൽ എംബിബിഎസ് ഒന്നാം വർഷവും അക്ബർ അലി മംഗലാപുരം ശ്രീനിവാസ് മെഡിക്കൽ കോളജിൽ ബിഡിഎസ് രണ്ടാം വർഷവും വിദ്യാർഥികളാണ്. സിയാനയുടെ  ഉപരിപഠനത്തിനു വെരിഫിക്കേഷനായി പോകുമ്പോൾ ട്രെയിനിൽ നിന്നു വീണു മാരകമായി പരുക്കേറ്റ്, ഒരു വർഷത്തോളം അബോധാവസ്ഥയിലായി സുൾഫിക്കർ. അവനെ ജീവിതത്തിലേക്കു കൊണ്ടുവന്നതും ജാസ്മിന്റെ കഷ്ടപ്പാടുകളാണ്. മക്കളിൽ ഒരാളെയെങ്കിലും ഡോക്ടറാക്കാൻ ആഗ്രഹിച്ച ജാസ്മിൻ, മക്കളെല്ലാം പഠനം പൂർത്തിയാക്കുമ്പോൾ അഞ്ചു ഡോക്ടർമാരുടെ ഉമ്മയാകും. ‘ദൈവത്തെ മുൻ നിർത്തി ദാനം ചെയ്യുന്ന നല്ല മനുഷ്യരുള്ള കാലത്തോളം എനിക്കു പേടിയില്ല–’ ഇതാണു ജാസ്മിന്റെ വിശ്വാസം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA