ADVERTISEMENT

ഞായറാഴ്ച രാത്രി ഒരു മണി. മുംബൈ വിലെ പാര്‍ലെയില്‍ മണി ഭവനില്‍ വീട്ടമ്മയായ ഭക്തി പട്ടേല്‍ വീട്ടുജോലി പൂര്‍ത്തിയാക്കിയിട്ടേയുണ്ടായിരുന്നുള്ളൂ. അവര്‍ ഒരു നീല ഷര്‍ട്ടെടുത്ത് ധരിച്ചു. വെള്ളത്തൊപ്പി തലയില്‍ വച്ചു. വീടിനു പുറത്തിറങ്ങി വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയിലേക്കു നടന്നു. അവിടെ പൊലീസ് ചെക് പോയിന്റാണ് ഭക്തി പട്ടേലിന്റെ ലക്ഷ്യം. ഏതാനും നിമിഷം കഴിഞ്ഞപ്പോഴേക്കും ഹെല്‍മറ്റും ലൈസന്‍സും ഇല്ലാതെ ബൈക്കില്‍ പാഞ്ഞുപോയ ഒരു കൗമാരക്കാരനെ ഭക്തിപട്ടേല്‍ പിടികൂടി പൊലീസിനെ ഏല്‍പിച്ചു. ഭക്തി പട്ടേലിനൊപ്പം വിലെ പാര്‍ലെയില്‍നിന്നുള്ള ഏഴു വീട്ടമ്മമാരും പൊലീസ് ചെക്പോയിന്റിലുണ്ട്. ഇവര്‍ പൊലീസിന്റെ സഹായികളായി പ്രവര്‍ത്തിക്കുകയാണ്. എന്നും രാത്രി വീട്ടുജോലി കഴിഞ്ഞാല്‍ ഇവര്‍ ഏഴു പേരും ചെക് പോയിന്റിലെത്തി ഡ്യൂട്ടി തുടങ്ങും.

 

വിവിധ ജോലികള്‍ ചെയ്യുന്നവരാണ് ഈ വീട്ടമ്മാര്‍. അധ്യാപകരും അഭിഭാഷകരും സാമൂഹിക പ്രവര്‍ത്തകരുമൊക്കെയുണ്ട്. വെസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേ രാത്രിയില്‍ നിയമലംഘകരുടെ താവളമാണ്. മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കുന്നവരും മോഷ്ടാക്കളുമൊക്കെ സ്ഥിരമായി സഞ്ചരിക്കുന്ന വഴി. ഡ്യൂട്ടിയിലുള്ള നാമമാത്രമായ പൊലീസിനെക്കൊണ്ടുമാത്രം ഇവരെ പിടികൂടാനാവില്ല. അതുകൊണ്ടാണ് വീട്ടമ്മമാര്‍ സ്വമേധയാ പൊലീസിനെ സഹായിക്കാന്‍ ഇറങ്ങിയിരിക്കുന്നത്.

 

‘പാര്‍ലെ പൊലീസ് മിത്ര’ എന്നാണ് വിലെ പാര്‍ലെയില്‍ നിന്നുള്ള ഈ എട്ടംഗ വീട്ടമ്മമാരുടെ സംഘം അറിയപ്പെടുന്നത്. ഈഗിള്‍ ബ്രിഗേഡ് എന്നും ഇവര്‍ അറിയപ്പെടുന്നു. 2007 ലാണ് ഈഗിള്‍ ബ്രിഗേഡിന്റെ തുടക്കം. തങ്ങളുടെ വീടും പരിസരപ്രദേശവും സുരക്ഷിതമാക്കുക എന്ന ഉദ്ദേശ്യത്തോടെ പൊലീസിനെ സഹായിക്കാന്‍ നിയമിതരാകുന്ന പൗരന്‍മാരുടെ സംഘത്തെയാണ് ഈഗിള്‍ ബ്രിഗേഡ് എന്നുവിളിക്കുന്നത്. തുടക്കത്തില്‍ സജീവമായിരുന്നെങ്കില്‍ ഇടയ്ക്ക് ഇതു നിന്നുപോയിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വീണ്ടും സജീവമായി.

 

ഇപ്പോള്‍ എട്ടു സ്ത്രീകള്‍ ഉള്‍പ്പെടെ 39 പേര്‍ വിലെ പാര്‍ലെ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മാത്രം ഈഗിള്‍ ബ്രിഗേഡിന്റെ ഭാഗമായി ജോലി ചെയ്യുന്നു. ആഴ്ചയില്‍ മൂന്നുദിവസം രാത്രി ഒരു മണി മുതല്‍ വെളുപ്പിനെ അഞ്ചുമണി വരെയാണ് ഡ്യൂട്ടി. മോഷ്ടാക്കളെയും നിയമലംഘകരെയും പിടികൂടുക മാത്രമല്ല, രാത്രിയില്‍ ഒറ്റയ്ക്കു സഞ്ചരിക്കുന്ന സ്ത്രീകളുടെ സുരക്ഷയും ഇവരുടെ ലക്ഷ്യമാണ്. രാത്രി ഡ്യൂട്ടിക്ക് ശേഷം രാവിലെ പതിവു പോലെ ഇവര്‍ക്ക് ജോലിക്ക് പോകേണ്ടതുണ്ട്. എങ്കിലും പ്രദേശത്തിന്റെ സുരക്ഷിതത്വത്തിനാണ് തങ്ങള്‍ മുന്‍ഗണന കൊടുക്കുന്നതെന്നു പറയുന്നു ഭക്തി പട്ടേല്‍.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com