ADVERTISEMENT

പുരുഷൻമാര്‍ക്കൊപ്പം ഓടിയെത്തുകയാണ് സ്ത്രീശക്തി. ചില മേഖലകളില്‍ പുരുഷന്‍മാരെ പിന്നിലാക്കി കുതിക്കാനും സ്ത്രീശക്തിക്കു കഴിഞ്ഞിട്ടുണ്ടെങ്കിലും ലിംഗ സമത്വം ഇന്നും ജലരേഖയായി തുടരുന്ന ഒരു മേഖലയുണ്ട്- ആകാശം. ആകാശത്തെ നിയന്ത്രിക്കുന്ന, ആകാശ സഞ്ചാരത്തിന്റെ ചുക്കാന്‍ പിടിക്കുന്നവരില്‍ ഇന്നും പുരുഷന്‍മാരാണ് മുന്നില്‍. സ്ത്രീകള്‍ വളരെ പിന്നില്‍. വനിതാ വൈമാനികരുടെ രാജ്യാന്തര സംഘടന പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകളും ഈ സത്യത്തിന് അടിവരയിടുന്നു. ലോകത്തെ വൈമാനികരിൽ വെറും അഞ്ചു ശതമാനത്തിനു മുകളിൽ മാത്രമാണ് വനിതകളുടെ എണ്ണം. 20 വിമാനങ്ങളുടെ കണക്ക് എടുത്താല്‍ ഒരെണ്ണത്തിന്റെ കോക്പിറ്റില്‍ മാത്രമായിരിക്കും സ്ത്രീസാന്നിധ്യം. ലോകത്തെ മൊത്തം കണക്കാണിത്. ഇത് വസ്തുതയായി നില്‍ക്കുമ്പോള്‍ തന്നെ, വനിതാ വൈമാനികരുടെ മേധാവിത്വം നിലനില്‍ക്കുന്ന ഒരു രാജ്യമുണ്ട്. മുന്‍നിര സാമ്പത്തിക ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്ന നമ്മുടെ സ്വന്തം ഇന്ത്യ. രാജ്യത്ത് വനിതാ വൈമാനികരുടെ എണ്ണം 13 ശതമാനം വരും. അതേ, ആകാശത്തെ നിയന്ത്രിക്കുന്നത് ഇന്ത്യയിലെങ്കിലും വനിതകള്‍ തന്നെ. ഈ രംഗത്തേക്ക് കടന്നുവരുന്ന സ്ത്രീകളുടെ എണ്ണത്തിലും രേഖപ്പെടുത്തുന്നത് വര്‍ധന തന്നെ.

 

ആകാശയാത്രയിലും ഇന്ത്യ മുന്നോട്ടുതന്നെയാണ്. വിമാനയാത്ര ചെയ്യുന്നവരുടെ എണ്ണത്തില്‍ ഓരോ വര്‍ഷവും ക്രമാനുഗതമായ വര്‍ധനയുണ്ട്. ഈ വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തെ കണക്കിലും വിമാനയാത്രക്കാരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നു കണക്കുകള്‍ പറയുന്നു. യാത്രക്കാരുടെ എണ്ണമനുസരിച്ച് വിമാനങ്ങള്‍ പറപ്പിക്കാന്‍ വൈമാനികരെ കൂടുതലായി നിയമിച്ചുകൊണ്ടിരിക്കുകയാണ് രാജ്യത്തെ മുന്‍നിര വിമാനക്കമ്പനികളെല്ലാം. സ്പൈസ് ജെറ്റും ഇന്‍ഡിഗോയുമെല്ലാം കൂടുതലായി വൈമാനികരെ തേടുന്നു; നിയമിക്കുന്നു. പുതുതായി നിയമനം ലഭിക്കുന്നവരില്‍ മുന്നില്‍ നില്‍ക്കുന്നത് വനിതകള്‍. മൂന്നുവര്‍ഷത്തിനകം സ്പെസ് ജെറ്റില്‍ വനിതാ വൈമാനികര്‍ മൂന്നിലൊന്നായി ഉയരുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.

 

നിലവില്‍ ലോകത്ത് പുരുഷ വൈമാനികരുടെ എണ്ണം സ്ത്രീകളേക്കാള്‍ മുന്നിലാകാന്‍ ഒരു കാരണമേയുള്ളൂ- 20-ാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയിലും സ്ത്രീകള്‍ പല മേഖലകളില്‍നിന്നും മാറ്റിനിര്‍ത്തിയിരുന്ന സാമൂഹികാവസ്ഥ. പുതിയ തലമുറയുടെ ഉദയത്തോടെ നിഷേധിക്കപ്പെട്ട മേഖലകളിലേക്ക് സ്ത്രീകള്‍ കടന്നുവരുകയും ആധിപത്യം സ്ഥാപിക്കുകയും ചെയ്തുതുടങ്ങിയിരിക്കുന്നു. അതിപ്പോഴും തുടരുന്നു. മുന്നേറ്റത്തിന്റെ നല്ല ഫലങ്ങള്‍ കണ്ടുതുടങ്ങുന്നു. ഫ്ളൈയിങ് ക്ളബുകളില്‍ ഇപ്പോള്‍ കൂടുതലായി ചേരുന്നത് പെണ്‍കുട്ടികളും യുവതികളും. പുരുഷന്‍മാര്‍ക്കൊപ്പം തന്നെയുണ്ട് അവര്‍. ഇന്ന് പിന്നിലാണെങ്കിലും നാളെ ആകാശത്തിന്റെ നിയന്ത്രണം സ്ത്രീകള്‍ തന്നെ ഏറ്റെടുക്കുമെന്നുറപ്പ്.

 

2012-ല്‍ നടത്തിയ ഒരു പഠനത്തില്‍ സ്ത്രീകള്‍ക്ക് ജീവിക്കാന്‍ ഏറ്റവും ബുദ്ധിമുട്ടേറിയ രാജ്യങ്ങളിലൊന്നായാണ് ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടത്. അതേ രാജ്യത്തുതന്നെ വൈമാനികരുടെ എണ്ണത്തില്‍ വനിതകള്‍ കുതിച്ചുചാട്ടം നടത്തിയിരിക്കുന്നു എന്നതാണ് ശ്രദ്ധേയം. ശമ്പളത്തിലും സേവന-വേതന വ്യവസ്ഥകളിലും വൈമാനികരില്‍ സ്ത്രീ-പുരുഷ വ്യത്യാസം ഇല്ല എന്നതും ശ്രദ്ധേയം. സീനിയോറിറ്റിയുടെയും വിമാനം പറപ്പിക്കുന്ന മണിക്കൂറുകളുടെയും അടിസ്ഥാനത്തിലാണ് ശമ്പളം. സ്ത്രീയോ പുരുഷനോ എന്നത് പരിഗണിക്കപ്പെടുന്നതേയില്ല. ഇതും സ്ത്രീകള്‍ ഈ രംഗത്തേക്ക് കൂടുതലായി വരാനുള്ള കാരണങ്ങളിലൊന്നാണ്.

 

അമേരിക്കയില്‍ വനിതാ വൈമാനികരുടെ എണ്ണം ലോക ശരാശരിയിലും താഴെയാണ്. വെറും 4.4 ശതമാനം. പക്ഷേ, യുണൈറ്റഡ് എയര്‍ലൈന്‍സില്‍ 7.4 ശതമാനം വനിതാ വൈമാനികര്‍ ജോലി ചെയ്യുന്നുണ്ട്. പക്ഷേ, സൗത്ത് വെസ്റ്റ് കമ്പനിയില്‍ ഇത് 3.6 ശതമാനം മാത്രം.

പല രാജ്യങ്ങളിലും വൈമാനികരാകാനുള്ള പരിശീലന കോഴ്സുകളില്‍ ചേര്‍ന്നുപഠിക്കുന്നതിനുള്ള ചെലവ് കൂടുതലാണ്. യുവതികള്‍ കൂടുതലായി ഈ രംഗത്തേക്ക് വരാതിരിക്കാനുള്ള ഒരു കാരണവും ഇതുതന്നെ. കുട്ടികളായിരിക്കുമ്പോള്‍ ആണ്‍കുട്ടികള്‍ യന്ത്രങ്ങളും മറ്റുമായിരിക്കും കളിപ്പാട്ടങ്ങളായി തിരഞ്ഞെടുക്കുക. പെണ്‍കുട്ടികളാകട്ടെ ബാര്‍ബി ഡോളുകളും മറ്റും തിരഞ്ഞെടുക്കുന്നു. കുട്ടിക്കാലത്തേ തുടങ്ങുന്ന ഈ വിവേചനം കുറച്ചു പെണ്‍കുട്ടികളെയെങ്കിലും ആകാശത്തു നിന്നു മാറ്റിനിര്‍ത്തുന്നുണ്ട് എന്തായാലും കാലം മാറുകയാണ്. പുരുഷനോ സ്ത്രീയോ എന്നതിനപ്പുറം മികച്ച വൈമാനികയായി പേരെടുക്കാനാണ് ഇപ്പോള്‍ എല്ലാവരും ശ്രമിക്കുന്നത്. വനിതകള്‍ കൂടുതലായി ഈ രംഗത്തേക്ക് വരുന്നുണ്ട്. അവരുടെ എണ്ണം ഇനിയും കൂടൂം. സമീപഭാവിയില്‍തന്നെ ആകാശത്തും സ്ത്രീ-പുരുഷ സമത്വം എന്നത് യാഥാര്‍ഥ്യമായിക്കൂടെന്നില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com