ADVERTISEMENT

മലേഷ്യയില്‍ അഴിമതിക്കാര്‍ക്കും കൈക്കൂലിക്കാര്‍ക്കും  പേടിസ്വപ്നമാകാന്‍ ഒരു മലയാളി വനിത. കണ്ണൂര്‍ പഴയങ്ങാടി മാട്ടൂല്‍ നോര്‍ത്ത് സ്വദേശിയും  പ്രമുഖ അഭിഭാഷകയും മനുഷ്യാവകാശ പ്രവര്‍ത്തകയുമായ ലത്തീഫ കോയയാണ് മലേഷ്യന്‍ സര്‍ക്കാരിന്റെ അഴിമതി വിരുദ്ധ പോരാട്ടത്തിന് ചുക്കാന്‍ പിടിക്കാന്‍ നിയുക്തയായിരിക്കുന്നത്. അഴിമതി വിരുദ്ധ കമ്മിഷന്റെ മുഖ്യ കമ്മിഷണറായി ചുമതലയേറ്റ ലത്തീഫ ഈ പദവിയിലെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ്. 

കണ്ണൂരില്‍ 1973-ലാണ് ലത്തീഫയുടെ ജനനം. മലേഷ്യന്‍ പൗരത്വം സ്വീകരിച്ച കണ്ണൂര്‍ മാട്ടൂല്‍ സ്വദേശികളായ പി.കെ.കോയ- പി.പി.കെ.ബീഫാത്തു ദമ്പതികളുടെ മകള്‍. ജനിച്ചു മൂന്നാം മാസം തന്നെ ലത്തീഫ മാതാപിതാക്കള്‍ക്കൊപ്പം മലേഷ്യയില്‍ എത്തി. 1997-ല്‍ ലണ്ടന്‍ യൂണിവേഴ്സിറ്റിയില്‍നിന്ന് നിയമബിരുദം നേടിയ അവര്‍ പീപ്പീള്‍ ജസ്റ്റിസ് പാര്‍ട്ടിയുടെ സജീവപ്രവര്‍ത്തകയുമായി. 2008 മുതല്‍ 12 വരെ സിറ്റി കൗണ്‍സില്‍ അംഗമായതിനുശേഷമാണ് മലേഷ്യയുടെ ചരിത്രത്തിലെ നിര്‍ണായകമായ നിയോഗം അവരെ തേടിയെത്തിയിരിക്കുന്നത്. 

അഴിമതിയില്ലാത്ത സുതാര്യമായ ഭരണം എന്നതായിരുന്നു കഴിഞ്ഞ പൊതുതിരഞ്ഞെടുപ്പില്‍ ഡോ.മഹാതിര്‍ മുഹമ്മദിന്റെ പ്രധാന രാഷ്ട്രീയ മുദ്രാവാക്യം. അധികാരത്തിലേറിയതുമുതല്‍ ജനം പുതിയ നേതൃത്വത്തില്‍നിന്നു പ്രതീക്ഷിച്ചതും അഴിമതിക്കും കൈക്കൂലിക്കും എതിരായ പോരാട്ടം. ജനങ്ങളുടെ പ്രതീക്ഷയുടെ ചുവടുപിടിച്ചുതന്നെയാണ് ഇപ്പോള്‍ ലത്തീഫയെ തന്ത്രപ്രധാനമായ ചുമതലയിലേക്ക് മഹാതിര്‍ മുഹമ്മദ് ഉയര്‍ത്തിയിരിക്കുന്നതും. സുസമ്മതയാണ് മലയാളിയായ ലത്തീഫ. ജനങ്ങള്‍ അവരെ പൂര്‍ണമായി അംഗീകരിക്കുമെന്ന പ്രതീക്ഷയ്ക്കും അടിസ്ഥാനമുണ്ട്. പക്ഷേ, മന്ത്രിസഭാംഗങ്ങളോടും സഹപ്രവര്‍ത്തകരോടും കാര്യമായി ചര്‍ച്ച ചെയ്യാതെയാണ് പുതിയ നിയമനം നടത്തിയിരിക്കുന്നത്. ഇത് തിരിച്ചടിയാകുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നതും. 2009 ലാണ് മലേഷ്യന്‍ ആന്റി കറപ്ഷന്‍ കമ്മിഷന്‍ ആക്റ്റ് നിലവില്‍വരുന്നത്. 

അഴിമതിക്കെതിരെയുള്ള യുദ്ധം നയിക്കാന്‍ ലത്തീഫ യോഗ്യയാണെന്ന കാര്യത്തില്‍ എതിരാളികള്‍ പോലും സംശയം ഉന്നയിക്കുന്നില്ല. പക്ഷേ, തിരഞ്ഞെടുപ്പിന്റെ രീതി ചിലര്‍ ചോദ്യം ചെയ്യുന്നു. പ്രധാനപ്പെട്ട പൊതു പദവികളിലേക്ക് നിയമനം നടത്താന്‍ നേരത്തെ ഒരു പാര്‍ലമെന്ററി സെലക്റ്റ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിരുന്നു. പക്ഷേ, ഇപ്പോള്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനം തന്നെ നടക്കുന്നുണ്ടോ എന്ന കാര്യത്തില്‍ പലരും സംശയം ഉന്നയിക്കുന്നു. എന്നാല്‍ മുന്‍കാലത്ത് അഴിമതി നടത്തുകയും ഇപ്പോഴും രക്ഷപ്പെട്ടു നടക്കുന്നവരുമായ ചിലരാണ് ലത്തീഫയുടെ നിയമനത്തില്‍ എതിര്‍പ്പുമായി വരുന്നതെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. തങ്ങള്‍ക്കുനേരെ വരുന്ന ശിക്ഷാ നടപടികള്‍ ഒഴിവാക്കാനുള്ള അവരുടെ നീക്കത്തിന്റെ ഭാഗമാണത്രേ പുതിയ അഴിമതി വിരുദ്ധ കമ്മിഷണര്‍ക്ക് എതിരെയുള്ള എതിര്‍പ്പ്. എന്തായാലും മന്ത്രിസഭയിലും പാര്‍ലമെന്ററി സെലക്റ്റ് കമ്മിറ്റിയിലും മതിയായ ചര്‍ച്ച നടത്തി നിയമനം നടത്തിയിരുന്നെങ്കില്‍ ഇപ്പോഴത്തെയത്ര എതിര്‍പ്പ് ഉണ്ടാകില്ലായിരുന്നു എന്ന വസ്തുതയുണ്ട്. 

തിരഞ്ഞെടുപ്പില്‍ ജനങ്ങള്‍ക്കു നല്‍കിയ വാഗ്ദാനങ്ങള്‍ പാലിച്ച്, സുതാര്യമായ ഭരണം കാഴ്ചവയ്ക്കാന്‍ ആഗ്രഹിക്കുന്ന സര്‍ക്കാരിന്റെ ബുദ്ധിപരമായ നീക്കമാണ് ലത്തീഫയുടെ നിയമനം. ഒപ്പം എതിരാളികളുടെ വായടപ്പിച്ച് ജനങ്ങളുടെ അംഗീകാരം നേടുക എന്നതും ലക്ഷ്യം തന്നെ. വിദ്യാസമ്പന്നയും സുസമ്മതയുമായ ഒരു വനിതയിലൂടെ ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. രാജ്യാന്തര വേദികളില്‍ കഴിവു തെളിയിച്ച മലയാളി വനിതകളുടെ മുന്‍നിരയിലേക്കാണ് പുതിയ നിയമനത്തിലൂടെ ലത്തീഫ ഉയര്‍ന്നിരിക്കുന്നതും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com