ADVERTISEMENT

കോര്‍പറേറ്റ് ലോകം ഇന്നു പുരുഷന്‍മാരുടേതുമാത്രമല്ല, സ്ത്രീകളുടേതുമാണ്. പുരുഷന്‍മാരുടെ എണ്ണത്തിനത്രയും തന്നെ സ്ത്രീകളും ഇന്നു പല മേഖലകളിലും ജോലി ചെയ്യുന്നു. ആശാവഹമായ മാറ്റമാണിത്. കാത്തിരുന്നതും നൂറ്റാണ്ടുകളുടെ അനീതിക്ക് അവസാനം കുറിച്ചതും. പക്ഷേ, നേതൃപദവിയില്‍ ഇന്നും പുരുഷന്‍മാര്‍ക്കുതന്നെയാണ് ആധിപത്യം. ഒരു ടീമിനെ നയിക്കേണ്ട ഘട്ടം വരുമ്പോള്‍ സ്വാഭാവികമായും കൂടുതലും പുരുഷന്‍മാര്‍ തിരഞ്ഞെടുക്കപ്പെടുന്നു. കഴിവുകളുണ്ടെങ്കിലും സ്ത്രീകള്‍ അവഗണിക്കപ്പെടുന്നു. 

പുരുഷന്‍മാരുടെയും സ്ത്രീകളുടെയും സ്വഭാവം പരിശോധിച്ചാല്‍ നേതൃപദവിയില്‍ ഇന്നും സ്ത്രീകള്‍ എത്താത്തതിന്റെ കാരണങ്ങള്‍ കണ്ടെത്താം. ആധിപത്യ സ്വഭാവമുണ്ട് പുരുഷമാര്‍ക്ക്. ഒരു ടീമിനെ നയിക്കേണ്ടിവരുമ്പോള്‍ ഇതു ഗുണം ചെയ്യും. സ്ത്രീകളാകട്ടെ സഹകരണ മനോഭാവത്തില്‍ വിശ്വാസിക്കുന്നു. അവരുടെ സ്വഭാവത്തില്‍ മൃദുല വശങ്ങള്‍ക്കാണ് മുന്‍തൂക്കമെങ്കില്‍ പുരുഷന്‍മാര്‍ കഠിനമായ മനസ്സിന്റെ ഉടമകളാണ്. ഒരു കൂട്ടം ആളുകളുടെ ചര്‍ച്ച നടക്കുമ്പോള്‍ സ്വാഭാവികമായും പുരുഷന്‍മാര്‍ സംസാരിക്കുകയും സ്ത്രീകള്‍ കൂടുതലും കേട്ടിരിക്കുകയും ചെയ്യുന്നു. ഇത് നേതൃപദവിയില്‍നിന്ന് സ്ത്രീകളെ അകറ്റുന്നു. നേതൃശേഷിയുണ്ടെങ്കിലും അതു പ്രകടിപ്പിക്കാതിരിക്കുന്നതുമൂലം സ്ത്രീകള്‍ തഴയപ്പെടുന്നതും പതിവ്. 

പരിഗണനയും സഹതാപവും പ്രകടിപ്പിക്കുന്നതും സ്ത്രീകള്‍ക്ക് തിരിച്ചടിയാകുന്നു. ഇതിനു പകരമായി കാര്യങ്ങള്‍ ഉറക്കെപ്പറയുന്നവരും ആത്മവിശ്വാസമുള്ളവരുമായി കാണപ്പെടുന്ന പുരുഷന്‍മാര്‍ നേതൃപദവിയില്‍ എത്തുന്നു.  കഴിവുണ്ടെങ്കിലും അത് പ്രകടിപ്പിക്കാത്തതിനാലും പ്രകടിപ്പിക്കാന്‍ വൈകുന്നതുമൂലവും സ്ത്രീകള്‍ പിന്നോട്ടടിക്കപ്പെടുുന്നു. ഒരു അഭിമുഖം നടക്കുമ്പോള്‍ ആദ്യത്തെ 20 മിനിറ്റില്‍ത്തന്നെ പുരുഷന്‍മാര്‍ ആധിപത്യം നേടുന്നു. സ്ത്രീകള്‍ തങ്ങളുടെ ആജ്ഞാശക്തി പ്രകടിപ്പിക്കാന്‍ വൈകുന്നു. അപ്പോഴേക്കും തിരഞ്ഞെടുപ്പ് നടന്നിരിക്കും. ഒരു തവണമാത്രമായി കുറയ്ക്കാതെ പല തവണ അഭിമുഖം നടത്തിയാല്‍ ഒരുപക്ഷേ ഈ പതിവിന് മാറ്റം വരുത്താനാകുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

നേതൃപദവിയില്‍നിന്ന് സ്ത്രീകള്‍ അകറ്റപ്പെടുന്നതിനെക്കുറിച്ച് വിശാലവും ആഴത്തിലുള്ളതുമായ പഠനം നടത്തിയത് യൂണിവേഴ്സിറ്റി ഓഫ് ബഫലോ സ്കൂള്‍ ഓഫ് മാനേജ്മെന്റ് ആണ്. ഇരുപതിനായിരത്തോളം പേരെ പങ്കെടുപ്പിച്ച് വര്‍ഷങ്ങള്‍ കൊണ്ട് നടത്തിയ പഠനത്തിന് ഒടുവിലാണ് നേതൃപദവിയില്‍ ഇന്നും സ്ത്രീകള്‍ എത്താതിരിക്കുന്നതിന്റെ കാരണങ്ങള്‍ സംഘം കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com