ADVERTISEMENT

സ്ത്രീകള്‍ക്കു സ്വാതന്ത്ര്യം അനുവദിക്കാത്തതിന്റെ പേരിലും അവരെ തടവിലിടുന്നതുപോലുള്ള ക്രൂരതകളുടെ പേരിലും താലിബാന്‍ കുപ്രസിദ്ധമാണെങ്കിലും അവരുടെ നിലപാടില്‍ മാറ്റം കണ്ടുതുടങ്ങിയെന്ന സന്തോഷ സന്ദേശവുമായി ഒരു വനിത. അഫ്ഗാനിസ്ഥാന്‍-താലിബാന്‍ ചര്‍ച്ചയില്‍ അഫ്ഗാനെ പ്രതിനിധീകരിച്ചു സമാനധാനചര്‍ച്ചയില്‍ പങ്കെടുത്ത അസില വര്‍ദക് ആണു സന്തോഷവാര്‍ത്ത ലോകത്തെ അറിയിച്ചത്. 

അഫ്ഗാനിസ്ഥാനിലെ ഉന്നത സമാധാന കൗണ്‍സില്‍ അംഗമാണ് അസില. ഈയാഴ്ച ആദ്യം ഖത്തറില്‍ നടന്ന യോഗത്തിലാണ് നിയമവ്യവസ്ഥയ്ക്കുള്ളില്‍നിന്നുകൊണ്ട് സ്ത്രീകള്‍ക്ക് പരിമിതമായ തോതിലെങ്കിലും സ്വാതന്ത്ര്യം അനുവദിക്കാമെന്ന സംയുക്ത പ്രസ്താവന താലിബാന്‍ പുറപ്പെടുവിച്ചത്. അഫ്ഗാനില്‍ നിന്നു ക്രമേണ സൈന്യത്തെ പിന്‍വലിക്കാനുള്ള അമേരിക്കന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മനി കൂടി മുന്‍കയ്യെടുത്ത് നടത്തിയ ചര്‍ച്ചയിലാണ് ലോകത്തിന് ആശ്വാസം പകര്‍ന്ന തീരുമാനം വന്നത്. 

അഫ്ഗാന്‍ വിദേശ കാര്യമന്ത്രാലയത്തില്‍ ജോലി ചെയ്യുന്ന വനിതാ വിമോചനപ്പോരാളിയായ അസില ചര്‍ച്ചയില്‍ അഫ്ഗാന്‍ ഭാഗത്തുനിന്നുണ്ടായ മാറ്റത്തില്‍ ഒരുവേള അതിശയിക്കുക തന്നെ ചെയ്തു. ജോര്‍ജ് ടൗണ്‍ യൂണിവേഴ്സിറ്റിയില്‍ സമാധാനത്തിനുവേണ്ടിയുള്ള ഒരു സിംപോസിയത്തില്‍ കാബൂളില്‍നിന്ന് വിഡിയോ കോണ്‍ഫറന്‍സിങ്ങിലൂടെ സംസാരിച്ചപ്പോഴാണ് താലിബാന്റെ മാറുന്ന സമീപനത്തെക്കുറിച്ച് അസില വ്യക്തമാക്കിയത്. 

അഫ്ഗാനില്‍നിന്നുള്ള വനിതയെന്ന നിലയില്‍ താലിബാന്‍കാര്‍ ഊഷ്മളമായി ഹസ്തദാനം നടത്തുമെന്നൊന്നും എനിക്കു പ്രതീക്ഷയില്ലായിരുന്നു. പക്ഷേ അവര്‍ മുന്‍പൊരിക്കലുമില്ലാത്തരീതിയില്‍ സ്നേഹത്തോടും സന്തോഷത്തോടുമാണ് ഞങ്ങളെ സ്വീകരിച്ചത്- അസില വിശദീകരിക്കുന്നു.അഫ്ഗാനില്‍നിന്നുള്ള സ്ത്രീ പ്രതിനിധികളോട് തമാശ പറയാന്‍ പോലും അവര്‍ തയാറായെന്നും അസില പറയുന്നു. 

സ്ത്രീകളോടുള്ള താലിബാന്‍ സമീപനം പൂര്‍ണമായി മാറിയെന്ന എന്റെ അനുമാനം ഒരുപക്ഷേ ശരിയാകണമെന്നില്ല. എങ്കിലും സ്ത്രീകളോടും സര്‍ക്കാരിനോടും തൊഴിലാളികളോടുമുള്ള അവരുടെ സമീപനത്തിലെ വ്യത്യാസം എനിക്കു പ്രകടമായി മനസ്സിലായി. ആശയപരമായി അവര്‍ മാറി എന്നല്ല ഞാന്‍ അര്‍ഥമാക്കുന്നത്- അസില പറയുന്നു. ഇങ്ങനെ അവര്‍ കൂടുതല്‍ വിശദീകരണം നടത്താന്‍ കാരണമുണ്ട്. സമാധാന ചര്‍ച്ച തുടങ്ങുന്നതിനിടെത്തന്നെയാണ് കിഴക്കന്‍ അഫ്ഗാനിസ്ഥാനില്‍ നടന്ന സ്ഫോടനത്തില്‍ ഡസന്‍ കണക്കിനു കുട്ടികള്‍ക്കു പരുക്കേല്‍ക്കുകയും 12 പേര്‍ കൊല്ലപ്പെടുകയും ചെയ്തത്. സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ താലിബാന്‍ മാറിയെന്നു പറയുന്നത് അപക്വമാകുമെന്നതുകൊണ്ടാണ് അസില തന്റെ വാക്കുകള്‍ മയപ്പെടുത്തിയത്. 

അതിനിടെ, തങ്ങള്‍ വേഗം അഫ്ഗാനില്‍നിന്ന് ഒളിച്ചോടുകയാണെന്ന വാര്‍ത്തകള്‍ അമേരിക്ക നിഷേധിച്ചു. ചരിത്രത്തിലെ ഏറ്റവും ദീര്‍ഘമേറിയ യുദ്ധത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാണെങ്കിലും തുടര്‍ന്നും താലിബാനുമായുള്ള ചര്‍ച്ചയ്ക്ക് സ്ത്രീകളെ നിയോഗിക്കുമെന്നും 18 വര്‍ഷം നീണ്ട യുദ്ധം വിജയകരമായിത്തന്നെ പര്യവസാനിപ്പിക്കുമെന്നും അമേരിക്കന്‍ സൈനിക വക്താവ് വ്യക്തമാക്കി. പിന്‍മാറാനുള്ള ഉടമ്പടിക്കുവേണ്ടിയല്ല തങ്ങള്‍ ശ്രമിക്കുന്നതെന്നും സമാധാനം പുനഃസ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും വക്താവ് വ്യക്തമാക്കുകയും ചെയ്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com