ADVERTISEMENT

മാധ്യമ വിദ്യാര്‍ഥിയായ അംബാലിക ബാനര്‍ജിക്ക് ലഭിച്ചത് അപൂര്‍വ അവസരം. ജീവിതത്തില്‍ ഒരിക്കല്‍മാത്രം ലഭിക്കുന്നത്. ഒരുദിവസത്തേക്കാണെങ്കിലും ബ്രിട്ടിഷ് ഡപ്യൂട്ടി ഹൈക്കമ്മിഷണറാകാനുള്ള അവസരമാണ് അംബാലിക ബാനര്‍ജിക്കു ലഭിച്ചത്. ഇന്ത്യയില്‍ യുകെ ഉദ്യോഗസ്ഥരില്‍ മൂന്നാം സ്ഥാനത്താണ് ഡപ്യൂട്ടി ഹൈക്കമ്മിഷണര്‍ പദവി. 

ജെറമി പില്‍മോര്‍ ബെഡ്ഫോര്‍ഡില്‍നിന്ന് ചുമതല സ്വീകരിച്ച അംബാലിക പ്രധാന മീറ്റിങ്ങുകള്‍ക്ക് നേതൃത്വം കൊടുക്കുകയും വിവിധ ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. രാജ്യാന്തര തലത്തില്‍ പെണ്‍കുട്ടികളുടെ ദിവസം ആഘോഷിച്ചപ്പോഴാണ് ബെംഗളൂരുവില്‍നിന്നുള്ള മാധ്യമ വിദ്യാര്‍ഥിക്ക് ഒരു ദിവസത്തേക്കെങ്കിലും യുകെ ഉന്നത പദവികളിലൊന്ന് അലങ്കരിക്കാന്‍ അവസരം ലഭിച്ചത്. 

തിരക്കുപിടിച്ചതായിരുന്നു ആ ദിവസം. എല്ലാക്കാര്യങ്ങളും നേരത്തേതന്നെ പ്ലാൻ ചെയ്തിട്ടുണ്ടായിരുന്നു. ബെംഗളൂരുവിലെ ബ്രിട്ടിഷ് ഹൈക്കമ്മിഷണര്‍ ഓഫിസിലെ ജീവനക്കാരെ കാണുന്നതായിരുന്നു ആദ്യ നിയോഗം. പിന്നീട് വൈറ്റ്ഫീല്‍ഡിലെ ടെസ്കോയിലേക്കു പോയി. അവിടുത്തെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും പഠിക്കുകയും ചെയ്തു. ലിംഗനീതിയില്‍ ദൃഡമായി വിശ്വസിക്കുന്ന വിദ്യാ ലക്ഷ്മിയെ അവിടെ ഞങ്ങള്‍ കണ്ടു. ഒരു ദിവസത്തേക്കാണെങ്കിലും ബ്രിട്ടിഷ് ഹൈക്കമ്മിഷന്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നറിയുന്നത് ഒരനുഭവം തന്നെയായിരുന്നു. 

അതു മനസ്സിലാക്കാന്‍ കഴിഞ്ഞത് ഭാഗ്യം. ഇതൊരു തുടക്കം മാത്രമാണ്. ഇന്ത്യയിലെ പെണ്‍കുട്ടികളെ കാത്തിരിക്കുന്ന അവസരങ്ങളെക്കുറിച്ചുള്ള ഓര്‍മപ്പെടുത്തല്‍- അംബാലിക പറയുന്നു. സ്ത്രീ ശാക്തീകരണത്തില്‍ യുകെയുടെ പ്രതിബദ്ധതയാണ് ഇത്തരമൊരു പരിപാടിയിലൂടെ വെളിപ്പെടുത്തുന്നതെന്ന് ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

യുകെയില്‍ മന്ത്രിമാരില്‍ ഒട്ടേറെ പേര്‍ വനിതകളാണ്. ഹൈക്കമ്മിഷന്‍ ഓഫിസിലും വ്യത്യസ്ത റോളുകളില്‍ വനിതകളുണ്ട്. ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരില്‍നിന്നുള്ള അയേഷ ഖാന്‍ എന്ന പെണ്‍കുട്ടി ഹൈക്കമ്മിഷണര്‍ ഫോര്‍ എ ഡേ എന്ന മല്‍സരത്തില്‍ വിജയിക്കുകയും ഒക്ടോബര്‍ നാലിന് ഒരു ദിവസത്തേക്ക് പദവി കയ്യാളുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com