ADVERTISEMENT

564 പേരാണ് ഇതുവരെ ബഹിരാകാശത്തു പോയിട്ടുള്ളത്. അവരില്‍ 65 പേര്‍ മാത്രമാണ് വനിതകള്‍. എന്തുകൊണ്ട് വനിതകളുടെ എണ്ണം കുറ‍ഞ്ഞുപോയി എന്ന ചോദ്യത്തിന്റെ ഉത്തരം വ്യക്തം. മറ്റെല്ലാ മേഖലകളിലുമെന്നപോലെ വളരെക്കുറിച്ചു വനിതകള്‍ മാത്രമാണ് ഈ രംഗത്ത് എത്തിയത്. അതുന്നെ വളരെ വൈകി. ബഹിരാകാശ സഞ്ചാരികളായ സ്ത്രീ പുരുഷന്‍മാര്‍ക്ക് യാത്രയില്‍ ഒരേതരം വികാരങ്ങളും വിചാരങ്ങളുമാണോ എന്ന ചോദ്യത്തിനും പ്രസക്തിയുണ്ട്. 

 

ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ കഴിയുന്ന അപൂര്‍വം പേരില്‍ ഒരാളാണ് ഡോ.വര്‍ഷ ജെയ്ന്‍. എഡിന്‍ബറോ സര്‍വകലാശാലയില്‍ എംആര്‍സി സെന്റര്‍ ഫോര്‍ റിപ്രൊഡക്റ്റീവ് ഹെല്‍ത്തില്‍ ഗവേഷണം ചെയ്യുകയാണ് വര്‍ഷ. പ്രധാന വിഷയം ബഹിരാകാശത്തു യാത്ര ചെയ്യുന്ന വനിതകളുടെ മാനസിക-ശാരീരിക പ്രത്യേകതകള്‍ തന്നെ. 

 

യാത്രയിലുടനീളം സ്ത്രീകള്‍ക്ക് പലവിധ അസുഖങ്ങള്‍ അനുഭവപ്പെടാറുണ്ട്. പുരുഷന്‍മാര്‍ക്കാകട്ടെ ഓരോ യാത്രയ്ക്കു ശേഷവും വീണ്ടും യാത്ര ചെയ്യാനുള്ള ആഗ്രഹം വര്‍ധിക്കുകയും. പുരുഷന്‍മാര്‍ നേരിടുന്ന പ്രധാന പ്രശ്നം കാഴ്ചയുമായി ബന്ധപ്പെട്ടാണ്. കേള്‍വിയിലും തടസ്സങ്ങള്‍ ഉണ്ടാകാറുണ്ട്. ഈ പ്രശ്നങ്ങളൊന്നും സ്ത്രീകളെ അലട്ടാറേ ഇല്ല. പകരം രക്തസമ്മര്‍ദവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് അവര്‍ക്ക് നേരിടേണ്ടിവരുന്നത്. 

 

ഹോര്‍മോണ്‍ നിലയിലെ വ്യതിയാനങ്ങളാണ് ഈ വ്യത്യാസങ്ങള്‍ക്കു കാരണം. ഇതേക്കുറിച്ച് കൂടുതല്‍ പഠിക്കുന്നിതിലൂടെ ബഹിരാകാശ യാത്രികര്‍ മാത്രമല്ല, എല്ലാ സ്ത്രീ-പുരുഷന്‍മാരുടെയും ശാരീരിക മാനസിക വ്യതിയാനങ്ങളും കൂടുതലായി മനസ്സിലാക്കാന്‍ കഴിയുമെന്നാണ് ഡോ. വര്‍ഷ വിശ്വസിക്കുന്നത്. 

 

 

1983 ലാണ് അമേരിക്കയില്‍ നിന്ന് ഒരു വനിത ബഹിരാകാശ യാത്ര നടത്തുന്നത്. ലോകത്തിലെ മൂന്നാമത്തെ വനിത. സാലി റൈഡ്. സാലി യാത്ര ചെയ്തപ്പോള്‍ നാസ നേരിട്ട പ്രധാന പ്രശ്നങ്ങളിലൊന്ന് ബഹിരാകാശ യാത്രയ്ക്കിടെ സാലിക്ക് ആര്‍ത്തവം സംഭവിച്ചാല്‍ എന്തൊക്കെ മാറ്റങ്ങള്‍ കൂടുതലായി വരുമെന്നാണ്. അത് വരുമ്പോള്‍ നേരിടാം; അതുവരെ അതൊരു പ്രശ്നമായി കരുതേണ്ടതില്ല എന്നായിരുന്നു അന്ന് ബഹിരാകാശ യാത്രയുമായി ബന്ധപ്പെട്ട വനിതകള്‍ പറഞ്ഞത്. 

 

പക്ഷേ, സ്ത്രീകളുടെ എണ്ണമനുസരിച്ച് സാനിറ്ററി പാഡുകളും മറ്റും കരുതേണ്ടതിനാല്‍ ആ പ്രശ്നത്തെക്കുറിച്ച് ചിന്തിക്കുക തന്നെ വേണമെന്ന് പലരും വിശ്വസിക്കുന്നു. ഒരാഴ്ചത്തേക്ക് 100 മുതല്‍ 200 വരെ സാനിറ്ററി പാഡുകള്‍ എന്നാണ് ഒടുവിലവര്‍ കണക്കു കൂട്ടിയത്. പക്ഷേ, ആര്‍ത്തവം വരാതിരിക്കാനുള്ള ഗുളികകള്‍ കഴിച്ചുകൊണ്ടാണ് പലരും ബഹിരാകാശ യാത്രയ്ക്ക് ഒരുങ്ങുന്നത്. ആരോഗ്യമുള്ള വനിതകളായതിനാല്‍ ഗുളികകള്‍ അവരുടെ ആരോഗ്യത്തെ ബാധിക്കാറുമില്ല. 

 

ബഹിരാകാശത്തെ ശുചിമുറി സൗകര്യമാണ് മറ്റൊരു പ്രശ്നമായി ചിലര്‍ ഉയര്‍ത്തിക്കാട്ടിയത്. യഥാര്‍ഥത്തില്‍ ബഹിരാകാശത്ത് രണ്ടു ശുചിമുറികള്‍ ഉണ്ടെന്ന് വെളിവാക്കപ്പെട്ടു. ബഹിരാകാശത്ത് വെള്ളം പാഴാക്കിക്കളായാറില്ല. മൂത്രം ഉള്‍പ്പെടെ പുനഃചംക്രമണം നടത്തി ഉപയോഗിക്കുകയാണ് ചെയ്യുന്നത്. പുറത്തുവരുന്ന രക്തം ഏതാണ്ട് ഖരാവസ്ഥയിലായതിനാല്‍ അതു കഴുകിക്കളയുന്ന പ്രശ്നവും ഉദിക്കുന്നില്ല. യാത്ര നടത്തുന്നവര്‍ക്ക് കുട്ടികളുണ്ടാകുമോ എന്നതായിരുന്നു മറ്റൊരു പ്രശ്നം. ബഹിരാകശ യാത്ര നടത്തി തിരിച്ചെത്തിയ സ്ത്രീകള്‍ക്ക് കുട്ടികളുണ്ടായിട്ടുണ്ട്. അച്ഛന്‍മാരാകാന്‍  പുരുഷന്‍മാര്‍ക്കും കഴിഞ്ഞിട്ടുണ്ട്. 

 

സ്പെയ്സ് മെഡിസിന്‍ എന്ന വിഭാഗത്തിലാണ് ഡോ.വര്‍ഷ ആദ്യം മുതല്‍ തന്നെ പരിശീലനം നേടിയത്. സ്പെയ്സ് ഗൈനക്കോളജിസ്റ്റ് എന്ന നിലയിലേക്ക് ഉയരാന്‍ അവര്‍ക്കു കരുത്തായതും കുട്ടിക്കാലം മുതലേയുള്ള യാത്രകളോടും ആകാശത്തോടുമുള്ള പ്രണയം.

 

നാസ ജോണ്‍സണ്‍ സ്പെയ്സ് സെന്ററില്‍ ആദ്യം എത്തിയപ്പോള്‍ മിഠായിക്കടയില്‍ എത്തിയ കുട്ടിയെപ്പോലെ ആയിരുന്നു താനെന്ന് ഓര്‍മിക്കുന്നു ഡോ.വര്‍ഷ. ഇന്നും അതേ ഉന്‍മേഷവും പ്രസരിപ്പും നിലനിര്‍ത്തിക്കൊണ്ട് അത്യപൂര്‍വമായ ജോലിയില്‍ മികച്ച ഗവേഷണം നടത്തുകയാണ് ഡോ.വര്‍ഷ. 

English Summary : Does space affect men and women differently?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com