ADVERTISEMENT

ജയിലിൽ അച്ഛനെ കാണാനെത്തിയ 8 വയസ്സുകാരിയെ വിവസ്ത്രയാക്കി. ജയിലിലെ സുരക്ഷാ ജീവനക്കാരാണ് കുഞ്ഞിനോട് ക്രൂരത കാട്ടിയത്. വെർജീനിയയിലാണ് സംഭവം.വിവാദമായതോടെ ജയിൽ അധികൃതർ മാപ്പു പറഞ്ഞു. സംഭവത്തെക്കുറിച്ച് പുറത്തു വന്ന റിപ്പോർട്ടിങ്ങനെ :-

'' അമ്മ, ഞാനിപ്പോൾ ഭ്രാന്തമായ ഒരവസ്ഥയിലാണുള്ളത്. ജയിൽ അധികൃതർ എന്റെ വസ്ത്രങ്ങളെല്ലാം ഊരിമാറ്റി'' എന്ന സന്ദേശമാണ് ആ എട്ടു വയസ്സുകാരി അമ്മക്കയച്ചത്. പെൺകുട്ടിയുടെ സന്ദേശം ലഭിച്ചയുടൻ തന്നെ വിളിക്കണമെന്ന് അമ്മ അവളോട് നിർദേശിച്ചതായും അവർ നിന്റെ പാന്റ്സും അഴിച്ചെടുത്തോ എന്ന് അന്വേഷിച്ചു. 'അതേ അമ്മേ, എല്ലാ വസ്ത്രങ്ങളും' എന്നായിരുന്നു കുട്ടിയുടെ മറുപടി.

അച്ഛന്റെ പെൺസുഹൃത്തിനൊപ്പമാണ് ജയിലിൽ കിടക്കുന്ന അച്ഛനെ കാണാൻ പെൺകുട്ടി എത്തിയത്. തടവറയിൽ കിടക്കുന്ന ആളുകളെ കാണാൻ ഊഴം കാത്തുനിൽക്കുന്ന ആളുകളുടെ വരിയിൽ പെൺകുട്ടിയോടൊപ്പം സ്ത്രീയും നിന്നു. പൊലീസ് നായ അവരെ മണപ്പിച്ചതിനെത്തുടർന്ന് പ്രത്യേക സുരക്ഷാ പരിശോധനയ്ക്കായി അവരെ മാറ്റി നിർത്തി. രണ്ടു വനിതാ സുരക്ഷാ ഉദ്യോഗസ്ഥർ അവരുടെ ദേഹപരിശോധന നടത്തി. തന്റെയൊപ്പം വന്ന കുട്ടിയുടെയും ദേഹപരിശോധന നടത്തണോയെന്ന് സ്ത്രീ ചോദിച്ചപ്പോൾ ആദ്യം വേണ്ട എന്ന മറുപടിയാണ് സുരക്ഷാ ഉദ്യോഗസ്ഥർ നൽകിയത്. എന്നാൽ ക്യാപ്റ്റനുമായി സംസാരിച്ചശേഷം മടങ്ങി വന്ന അവർ പെൺകുട്ടിയെയും സുരക്ഷാ പരിശോധനയ്ക്ക് വിധേയയാക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്നായിരുന്നു അവളെ വിവസ്ത്രയാക്കി പരിശോധിച്ചത്.

പെൺകുട്ടി സുരക്ഷാ പരിശോധനയ്ക്ക് സമ്മതം മൂളിയിരുന്നില്ലെങ്കിൽ അവൾക്ക് അന്ന് അവളുടെ അച്ഛനെ കാണാൻ സാധിക്കുകയില്ലായിരുന്നുവെന്നും രണ്ടര മണിക്കൂർ യാത്രചെയ്തു വന്നത് വെറുതെയാകുമായിരുന്നുവെന്നും അവർ പറയുന്നു. വസ്ത്രങ്ങൾ അഴിച്ചുള്ള പരിശോധനയ്ക്ക് തയാറായില്ലെങ്കിൽ അച്ഛനെ കാണാൻ കഴിയിലില്ലെന്നു പറഞ്ഞപ്പോൾ അവൾ കരച്ചിൽ തുടങ്ങിയെന്നും പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന സ്ത്രീ പറയുന്നു.

സ്റ്റേറ്റ്സ് ഡിപ്പാർട്ട്മെന്റ് കറക്ഷൻ പോളിസിയിൽ പറയുന്നതിങ്ങനെ :-

'' ഒര സന്ദർശകൻ ദേഹ പരിശോധനയ്ക്ക് വിസമ്മതം പ്രകടിപ്പിച്ചാൽ, പ്രായപൂർത്തിയാകാത്തവരെ ദേഹപരിശോധനയ്ക്ക് വിധേയരാക്കരുതെന്ന് രക്ഷിതാക്കൾ പറഞ്ഞാൽ ആരും നിർബന്ധപൂർവം ദേഹ പരിശോധന നടത്തില്ല പക്ഷേ, അവർക്ക് തടവറയിലുള്ളവരുടെ അടുത്തേക്ക് പ്രവേശനമുണ്ടാകില്ല.'' എന്നിരുന്നാലും മനുഷ്യാവകാശ പ്രവർത്തകരും, പെൺകുട്ടിയുടെ അമ്മയും സ്റ്റേറ്റ് കറക്ഷൻ ഫെസിലിറ്റി അധികൃതരും അന്നത്തെ സംഭവം മോശമായിപ്പോയി എന്ന അഭിപ്രായക്കാരാണ്.

വെർജീനിയ ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻസ് സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. കുട്ടിയെ ദേഹപരിശോധനയ്ക്ക് വിധേയയാക്കിയ ഉദ്യോഗസ്ഥയ്ക്ക് അതിനുള്ള അധികാരമില്ലെന്നും അവർക്കെതിരെ ഉടൻ തന്നെ അച്ചടക്ക നടപടിയുണ്ടാകുമെന്നും ഖേദം പ്രകടിപ്പിച്ചയച്ച കത്തിൽ അവർ പറയുന്നു.

ഒരു പ്രാദേശിക ചാനൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത് മുതിർന്ന രണ്ട് വനിതാ സുരക്ഷാ ഉദ്യോഗസ്ഥർക്കൊപ്പം ഒരു എട്ടുവയസ്സുകാരി കരഞ്ഞുകൊണ്ട് നിൽക്കുന്നത് കണ്ടുവെന്നും അവർ കുട്ടിയോട് കുനിഞ്ഞു നിൽക്കാൻ ആവശ്യപ്പെട്ടന്നും അവർ പറയുന്നു.

അമേരിക്കൻ സിവിൽ ലിബെർട്ടീസ് യൂണിയൻ ഓഫ് വെർജീനിയ ഈ സംഭവത്തെ അപലപിച്ചു. കുഞ്ഞിനു നേരെയുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചറിഞ്ഞതോടെ ജയിലിൽക്കിടക്കുന്ന അച്ഛനെ കാണാൻ മകളെ ഇനി അയയ്ക്കില്ലെന്ന നിലപാടിലാണ് അമ്മ.

English Summery : Cruelty against 8 year old girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com