sections
MORE

‘മല്ലു ആന്റി ഓൺ‌ലൈൻ’, സൈബർ വയലൻസിനെതിരെ കളക്ടർ ബ്രോ

prashant-nair-pic
SHARE

സ്വന്തം അഭിപ്രായങ്ങൾ വ്യക്തവും ശക്തവുമായ ഭാഷയിൽ പറയുന്ന സ്ത്രീകളെ സമൂഹമാധ്യമങ്ങളിലൂടെ, ഒളിപ്പോരുകളിലൂടെ, ഒരു വ്യാജ അക്കൗണ്ടിന്റെ മറവിൽ നിന്നുകൊണ്ട് ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ ക്യാംപെയിനുമായി ഡബ്ലൂസിസി രംഗത്തെത്തിയിരുന്നു. ' നോ റ്റു സൈബർ വയലൻസ്' എന്ന ക്യാംപെയിന്റെ ഭാഗമായി നിരവധി നടിമാരും സെലിബ്രിറ്റികളും പ്രതികരിക്കുന്നുണ്ട്. ഈ വിഷയത്തിൽ കോഴിക്കോട് മുൻ കലക്ടരായിരുന്ന പ്രശാന്ത് നായരും ഡബ്ലൂസിസിയുടെ ബ്ലോഗിലൂടെ പ്രതികരിച്ചു.

പ്രശാന്ത് നായരുടെ ബ്ലോഗിന്റെ പൂര്‍ണരൂപം

മല്ലു ആന്റി ഓൺ ലൈൻ

സോഷ്യല്‍മീഡിയ എന്നത് സമൂഹത്തിന്‍റെ പരിച്ഛേദം തന്നെയാണ്. സമൂഹത്തിലുള്ള എല്ലാ നന്മയും തിന്മയും അവിടേയും കാണാം. വംശീയത, രാഷ്ട്രീയ അതിപ്രസരം, ഒളിഞ്ഞ് നോട്ടം, പുരുഷമേധാവിത്വം, പരസ്പരബഹുമാനമില്ലായ്മ, വിധ്വേഷം, അധാര്‍മിക പ്രവണത എന്നിങ്ങനെ സമൂഹത്തില്‍ കാണുന്ന എല്ലാം സോഷ്യല്‍മീഡിയയിലും കാണാന്‍ സാധിക്കും. ഇത്‌ കൂടുതല്‍ ആളുകള്‍ക്ക് കാണാന്‍ പറ്റുന്ന രീതിയിലായിരിക്കുമെന്നുമാത്രം. അതായത്, സൈബർ യുഗത്തിലും കുളിക്കടവിലെ ഒളിഞ്ഞ് നോട്ടക്കാരന് വംശനാശം വന്നിട്ടില്ല എന്ന് സാരം. കവലയിലെ ചട്ടമ്പിയും ഓൺലൈനിൽ സജീവം തന്നെ.

വലിയ സ്വതന്ത്രത്തിന്‍റേയും അറിവുകളുടേയും വിവരങ്ങളുടേയും പരിധിയില്ലാത്ത വിനിമയസാധ്യത നല്‍കികൊണ്ടാണ് സോഷ്യല്‍ മീഡിയ കടന്നുവന്നത്. ആഗോളതലത്തിലെ പൊതുചര്‍ച്ചകളില്‍ പങ്കെടുക്കുന്നതില്‍ മികച്ച ഉപകരണമാണ് സോഷ്യല്‍ മീഡിയ എന്നതില്‍ സംശയമില്ല. അതേസമയം, ഏതെങ്കിലും ഒരു കാര്യത്തിന് കൃത്യമായ ഒരു അഭിപ്രായം പറയുന്നതിന് പകരം മുന്‍വിധികളോടുകൂടി വാദങ്ങള്‍ നടത്തുകയും വാക്കുകള്‍ കൊണ്ട് ആക്രമിക്കുകയുമാണ് ട്രെന്റ്‌. സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ ഇടപെടലുകള്‍ നന്മയും തിന്മയും തമ്മിലുള്ള വിവേചനപരമായ ആലോചനയെ അടിസ്ഥാനമാക്കിയല്ലെന്ന് കാണാം. ധാര്‍മ്മിക വിധിന്യായങ്ങള്‍ പോലും കേവലമോ സാര്‍വ്വത്രികമോ അല്ലെന്നും കാണാം. ധാര്‍മ്മിക വികാരങ്ങള്‍ നമ്മുടെ പ്രവര്‍ത്തനങ്ങളുടെ ഒരു പ്രധാന പൂരകമാണെങ്കിലും സൈബർ ലോകത്ത് ഇതിനല്പം ദാരിദ്ര്യം ആണെന്ന് തോന്നുന്നു. പെരുമാറ്റനിയന്ത്രണത്തിന് ആവശ്യമായ നിയമമോ ശിക്ഷയോ അഭിപ്രായ പ്രകടനത്തിന് മറ്റ് നിയന്ത്രണങ്ങളോ ഇല്ലാത്ത ലോകം കൂടിയാണിത്‌. സാമൂഹിക നിയന്ത്രണങ്ങൾ കുറവായ ഇടങ്ങളിൽ മനുഷ്യരുടെ പെരുമാറ്റം നിരീക്ഷിക്കാനുള്ള ഒരു ലാബോറട്ടറി കൂടിയാണ്‌ ഇന്‍റര്‍നെറ്റ്.

Social Violence – Mob Lynching അഥവാ ആള്‍ക്കൂട്ടത്തിലെ കൊലപാതകം സർവ്വത്ര റിപ്പോർട്ട്‌ ചെയ്യപ്പെട്ട്‌ കാണാം. നിയന്ത്രിക്കാൻ ആളില്ലാത്തപ്പോൾ ആളുകള്‍ വട്ടംകൂടി നിന്ന് ഒരു Mob ന്‍റെ സ്വഭാവം കാണിക്കുന്ന പല അവസരങ്ങളുമുണ്ട്. ഒറ്റയ്ക്ക് ചെയ്യാന്‍ ധൈര്യമില്ലാത്ത പലതും, കൂട്ടത്തിൽ ചെയ്യുന്നവരുണ്ട്. ഒറ്റയ്ക്ക് ഒരാള്‍ ഒരു പോലീസ് ജീപ്പ് കത്തിക്കാൻ ശ്രമിക്കില്ല. എന്നാൽ സമരവും ജാഥയും മറ്റും നടക്കുന്ന സമയത്ത്, നൂറ് ആളുകളുടെ കൂട്ടത്തില്‍ നിന്ന് അതേ വ്യക്തി അതും അതിനപ്പുറവും ചെയ്യും. പിടിക്കപ്പെടില്ലയെന്നൊരു ധൈര്യമാണ് കാരണം. എണ്ണത്തിന്റെ ബലവും തിരിച്ചറിയാതിരിക്കുമെന്ന പ്രതീക്ഷയുമാണിതിന് ഈ ധൈര്യത്തിന് പിന്നിൽ. ഇതിന്റെ സൈബർ വകഭേദമാണ്‌ ഫേസ്‌ ബുക്കിലും മറ്റും കാണുന്നത്‌.

Cyber Lynching അല്ലെങ്കില്‍ Cyber Mob എന്നൊരു പ്രതിഭാസം കേരളത്തില്‍ മാത്രമല്ല ലോകത്ത് എല്ലായിടത്തും ഉള്ളത് തന്നെയാണ്. സോഷ്യല്‍ മീഡിയയുടെ വളര്‍ച്ച ദ്രുതഗതിയിലായതിനാൽ നിയന്ത്രണങ്ങളും നിയമവും ഒപ്പമെത്താൻ കിതക്കേണ്ടി വരും.

യൂറോപ്പും അമേരിക്കയും ഒർൽപം മുൻപെ ഇതിലൂടെ കടന്നുപോയിട്ടുള്ളതാണ്. ഇതുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ലോകത്തില്‍ ആദ്യമായിട്ട് അഭിമുഖീകരിക്കുന്ന ഒരു സമൂഹമൊന്നുമല്ല നമ്മൾ. പണ്ട് ടിവി കണ്ടുപിടിച്ച് പോപ്പുലറായ സമയത്ത് പലരും പറഞ്ഞ് നമ്മുടെ കള്‍ച്ചര്‍ ഇല്ലാതായി പോകുന്നു എന്നൊക്കെ, കേബിള്‍ ടിവി വന്നപ്പോഴും സാറ്റ്ലൈറ്റ് ടിവി വന്നപ്പോഴുമൊക്കെ ഇങ്ങനെതന്നെ പറഞ്ഞു. പക്ഷേ നമ്മള്‍ ഇതിനെയൊക്കെ എങ്ങനെ ഗ്രേസ്ഫുള്‍ ആയിട്ട് കൈകാര്യം ചെയ്യുന്നു എന്നതാണ്‌ വെല്ലുവിളി. വായ അടപ്പിക്കലോ മാധ്യമത്തെ ഇല്ലാതാക്കലോ അല്ല പരിഹാരം. ഇതിനകത്ത് ഉൾപ്പെട്ട സോഷ്യല്‍ സൈക്കോളജി കൂടി മനസ്സിലാക്കേണ്ടതുണ്ട്.

പൂവാലന്മാർ കുറേപ്പേര്‍ ഒരു വർച്വൽ കലുങ്കില്‍ ഇരുന്ന് കമന്‍റടിക്കുന്നതുപോലെയാണ് ഇന്ന് ഫേസ്ബുക്ക്. പല പോസ്റ്റുകളും കമന്‍റുകളും കലുങ്കിലെ വായനോക്കികളുടെ കമന്റടിയാണ്‌. അവര്‍ ചുറ്റുപാടിനെ ശ്രദ്ധിക്കുന്നില്ല. അവര്‍ക്ക് തങ്ങളെപ്പറ്റി മറ്റുള്ളവര്‍ക്ക്, എന്തിന്,അവരുടെ ബന്ധുക്കള്‍ക്ക് പോലും എന്തുതോന്നും എന്നൊരു വിചാരം ഇല്ല. ഈ കളിയാക്കലുകളും കമന്‍റുകളും അതിരുവിട്ട് മറ്റു വ്യക്തികളുടെ ജീവതത്തെ ബാധിക്കുന്ന രീതിയിലേക്ക് പോലും പോകുന്നു. നിയമത്തിന്‍റെ അതിര്‍വരമ്പുകള്‍ എപ്പോഴൊക്കെ ലംഘിക്കുന്നുവോ അപ്പോഴൊക്കെ കേസ് ആയിട്ട് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും വേണം. അതില്‍ വിട്ടുവീഴ്ച വിചാരിച്ചിട്ടൊന്നും ഒരു കാര്യവുമില്ല. അത് ചെയ്യാതെ വ്യസനിച്ചിരിക്കുന്നവരോട് ഒരു ശോക ഗാനം കൂടി കേട്ടോളൂ എന്നേ പറയാനുള്ളൂ. പൊതുവേ നിയമത്തിന്റെ വഴി ദുർഘടമെങ്കിലും സൈബർ നിയമത്തിന്റെ പാത നീണ്ടാലും സുനിശ്ചിതം തന്നെയാണ്. ടെക്നോളജി കോടതിയിൽ മൊഴി മാറ്റിപറയില്ല.

നിയമപരമായിട്ട് ഫ്രീ സ്പീച്ച് എല്ലാവരുടെയും അവകാശമാണ്‌. അതിന്റെ കടക്കൽ കോടാലി വെക്കാനാവില്ല. സംസാരസ്വാതന്ത്ര്യം റെഗുലേറ്റ് ചെയ്യുന്നത് ഭരണഘടനയുടെ കീഴില്‍ വളരെ പരിമിതമായ രീതിയില്‍ മാത്രമാണ്. അതാണ് നാട്ടിലെ നിയമം. മറ്റുള്ളവര്‍ എന്ത് പറയണമെന്നത് നമ്മള്‍ തീരുമാനിക്കാന്‍ തുടങ്ങിയാല്‍ അത് ജനാധിപത്യവിരുദ്ധമാവും. ഒഫ്ന്റ്‌ ചെയാനുള്ള അവകാശം ഇല്ലാതെ എന്ത്‌ ആവിഷ്കാര സ്വാതന്ത്ര്യം? ഇത് വ്യക്തമായി മനസ്സിലാക്കിയ ശേഷം വേണം നിയമപരമായി നീങ്ങാൻ. പരിമിതികളുണ്ട്.

സോഷ്യല്‍ മീഡിയയിൽ കൂടി ‘നിയമപരമായി’ ആക്രമിക്കുന്നതാണ് മറ്റൊരു പ്രശ്നം. നിയമപരമായി ‘ഓക്കെ’ ആണെങ്കിലും ചില എഴുത്തുകൾ ശരിയല്ല എന്ന് മനസ്സിലാക്കാൻ വക്കീലിന്റെ സ്പെക്കുലേഷൻ വേണ്ട. ഇതിന് ഒരേയൊരു പരിഹാരം സാമൂഹ്യ നിയന്ത്രണമാണ്. കുഴപ്പക്കാരെ സമൂഹത്തിന് പലരീതിയില്‍ ‘ശിക്ഷിക്കാന്’ പറ്റും. പ്രശ്നക്കാരെ അകറ്റി നിര്‍ത്തുക, ഇടപഴകാതിരിക്കുക, സഹകരിക്കാതെ ഇരിക്കുക എന്നതൊക്കെയാണ് നിത്യജീവിതത്തിൽ നമ്മൾ ചെയ്യാറ്‌. ഇതുപോലെയാണ് സോഷ്യല്‍ മീഡിയയിലും നടക്കേണ്ടത്. കുഴപ്പക്കാരെ ഭയപ്പെടുന്നതിനു പകരം അകറ്റിനിര്‍ത്താനുള്ള tools ഉപയോഗിക്കാനറിയണം. Block ചെയ്യാനറിയണം Report ചെയ്യാനറിയണം. ഇത്തരം ബട്ടനുകള്‍ ഉപയോഗിക്കാന്‍ തന്നെയുള്ളതാണ്. നമ്മള്‍ കരഞ്ഞുകൊണ്ടു നിന്നിട്ട് കാര്യമില്ല.

സമൂഹത്തെ കൂടെ നിർത്തിക്കൊണ്ടുള്ള ഇടപെടലാണ് ഇവിടെ മുഖ്യം. പക്ഷേ സമൂഹം മുഴുവനും കുഴപ്പക്കാരോടൊപ്പമായാലോ? ബഹുഭൂരിപക്ഷം പേരും ചിന്തിക്കുന്ന തെറ്റായ ചിരപുരാതന റൂട്ടിൽ നിന്ന് വണ്ടി മാറ്റിയോടിക്കാൻ കുറേ പണിപ്പെടേണ്ടി വരും. എന്തിലും ഏതിലും’പൊളിട്ടിക്കൽ കറക്ട്നസ്’ അടിച്ചേൽപ്പിക്കുന്ന, ഒരു തരി ഹാസ്യം പോലും അനുവദിക്കാത്ത വരട്ട് വാദമല്ല ഉദ്ദേശിക്കുന്നത്. കുറ്റപ്പെടുത്തലിന്റെ ഭാഷയെക്കാൾ തിരുത്തലിന്റെ ഭാഷയാണ് സാമൂഹ്യമാറ്റത്തിന് വേണ്ടത്. ‘Activism’ സമൂഹത്തെ ഒരു പുതിയ ചിന്തയിലേക്ക് ‘activate’ ചെയ്യാൻ ഉതകുന്നതാവണം. ഇത് ചെറിയ കളിയല്ല ഷാനി.

ചുരുക്കിപ്പറഞ്ഞാൽ, സോഷ്യല്‍ മീഡിയയില്‍ ആരും തിരിച്ചറിയില്ല എന്നൊരു വിശ്വാസത്തിന്‍മേല്‍, ഒരു പക്ഷേ നിയമപരമായി ആരും പിന്നാലെ പോയി നടപടി എടുക്കില്ലായെന്നൊരു ധൈര്യത്തിൽ കലുങ്കിലെ ചേട്ടന്മാർ അണ്ടർ വേൾഡായി മാറി. ഇപ്പൊ ഇതാണ് വേൾഡ് എന്നവർ കലുങ്കിലിരുന്ന് പ്രഖ്യാപിക്കുന്നു. വികൃത മാനസികാവസ്ഥയിലുളളവര്‍ സാധാരണ സമൂഹത്തില്‍ പ്രദര്‍ശിപ്പിക്കാൻ മടിക്കുന്ന, ക്രിമിനല്‍കേസിൽ അകപ്പെട്ടേക്കാമോ എന്ന് ഭയക്കുന്ന കാര്യങ്ങൾ സോഷ്യല്‍ മീഡിയ വേദികളില്‍ നിർബാധം പങ്കുവെച്ച് മാനസിക ഉല്ലാസം കണ്ടെത്തുന്നു. ഇത് സ്ത്രീകള്‍ക്ക് നേരെയാണ്‌ കൂടുതലും. അതുകൊണ്‍ാണ് സ്ത്രീകളോട് അവരുടെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യരുതെന്നും അത് ദുരുപയോഗം ചെയ്യപ്പെടുമെന്ന് പറഞ്ഞ് അവരെ പേടിപ്പിക്കുന്നത്‌. അര്‍ത്ഥമില്ലാത്തതാണ് ഈ അമ്മാവൻ സിണ്ട്രോം. രാത്രി സ്ത്രീകള്‍ പുറത്തിറങ്ങാന്‍ പാടില്ല എന്നുപറയുന്നത് പോലെയാണ് ഇത്‌. സോഷ്യല്‍ മീഡിയയിലും പുരുഷൻമാരെപ്പോലെതന്നെ വിഹരിക്കാനും, സംസാരിക്കാനും എല്ലാത്തിനുമുള്ള അവകാശം സ്ത്രീകള്‍ക്കും ഉണ്ട്. ഓൺ ലൈൻ ഇടങ്ങളിൽ നിയന്ത്രിക്കാൻ വെമ്പുന്ന ഈ അമ്മാവൻ സിണ്ട്രോം പൊതുസമൂഹത്തിലുള്ള അമ്മാവന്റെ ഇരട്ട സഹോദരനാണ്. രാത്രി ബീച്ചില്‍ ഇറങ്ങരുത്, കുട്ടിയുടുപ്പുകൾ ഇടരുത്, 6 മണി കഴിഞ്ഞാല്‍ വീട്ടിലോ ഹോസ്റ്റലിലോ കേറണം എന്നൊക്കെ ‘അമ്മാവൻ’ ന്യായം പറയുന്നത് സ്ത്രീകളുടെ സുരക്ഷ വിചാരിച്ചിട്ടാണ്! ഇതേ ലോജിക്‌ തന്നെയാണ് സോഷ്യല്‍ മീഡിയയിലും കാണാന്‍ സാധിക്കുന്നത്.

സൈബർ ആക്രമം കൂടുതലും നേരിടേണ്ടി വരുന്നത് സ്ത്രീകളാണെന്നതിൽ തർക്കമില്ല. എന്നാൽ സ്ത്രീവിരുദ്ധത ഏറ്റവും കൂടുതല്‍ കാണിക്കുന്നത് പുരുഷന്‍മാരാണ്‌ എന്ന തെറ്റിദ്ധാരണ വേണ്ട. സ്ത്രീകള്‍തന്നെയാണ് മുൻപന്തിയിൽ. സ്ത്രീ ആക്രമിക്കപ്പെട്ടാല്‍ ഇരയെ കുറ്റപ്പെടുത്താന്‍ ഏറ്റവും കൂടുതല്‍ ശ്രമിക്കുന്ന അമ്മാവനോടൊപ്പം മല്ലു ആന്റീസും കാണും. ആ ഫോട്ടോ ഇട്ടതുകൊണ്ടല്ലേ, ഇങ്ങനെയുള്ള ഡ്രസ്സ് ഇട്ടതുകൊണ്ടല്ലേ, രാത്രികാലത്ത് ചാറ്റിങ്ങിന് പോയിട്ടല്ലേ- അങ്ങനെ പല പഴികൾ കേള്‍ക്കാം. ഇര അനുഭവിച്ച മാനസികവ്യഥ മനസ്സിലാക്കുന്നതിനോ ആശ്വസിപ്പിക്കുന്നതിനോ പകരം അവര്‍ തെറ്റ് ചെയ്ത വ്യക്തിയെ ന്യായീകരിച്ച് പറയുകയും കുറ്റംമുഴുവന്‍ ഇരയില്‍ അടിച്ചേല്‍പ്പിക്കുകയുമാണ് ചെയ്യുന്നത്. കാരണം ആന്റി ആ ‘ടൈപ്പ്‌’ അല്ലല്ലോ! ഉപദേശി അമ്മാവനെക്കാൾ അപകടകാരി ഇത്തരം മല്ലു ആന്റിമാരാണ്‌. ഓൺലൈനായാലും ഓഫ്ലൈനായാലും.

തലക്കെട്ട് കണ്ട് ഈ ലേഖനം ആദ്യം വായിക്കാനെടുത്തവർക്ക് വന്ദനം പറഞ്ഞുകൊണ്ടവസാനിപ്പിക്കട്ടെ.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA