sections
MORE

പ്രണയം തിരസ്കരിച്ചാൽ കത്തിച്ചു കൊല്ലുന്ന കാമുകൻ; പെണ്‍കുട്ടികൾ അറിയണം 10 കാര്യങ്ങൾ

women-love
SHARE

പ്രണയം വേണ്ടെന്നുവച്ചാൽ പിന്നെ ജീവിക്കാൻ ഭയക്കണം എന്നതാണു പെൺകുട്ടികളുടെ അവസ്ഥ. തിരുവനന്തപുരം കാരക്കോണത്തു വിദ്യാർഥിനിയെ കഴുത്തറുത്തു കൊന്നതും കൊച്ചി കാക്കനാട്ട് വിദ്യാർഥിനിയെ കുത്തിപ്പരുക്കേൽപിച്ചതും കലൂരുള്ള വിദ്യാർഥിനിയെ തമിഴ്നാട്ടിലെ കാട്ടിൽ കുത്തികൊന്ന് ഉപേക്ഷിച്ചതുമെല്ലാം സൂചിപ്പിക്കുന്നതും അതു തന്നെ. പ്രണയം മനോഹരമാണെന്ന് പറയുന്ന പോലെ സ്ത്രീകളെ സംബന്ധിച്ച് പ്രണയം ഭയാനകമാണെന്നു പറയേണ്ടിയിരിക്കുന്നു. പ്രണയത്തിന്റെ പേരിൽ പെൺകുട്ടികൾക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങൾ ദിനം പ്രതി വർധിച്ചു വരുന്ന കാലഘട്ടത്തില്‍ സ്വന്തം കാമുകൻ ഒരു മനോരോഗിയാണോ എന്ന് പെൺകുട്ടികൾ തന്നെ തിരിച്ചറിയണം. 

ഇത്തരം സംഭവങ്ങൾ കേരളത്തിൽ പതിവു വാർത്തയാണിപ്പോൾ. പ്രണയം നിരസിച്ചാൽ പെണ്ണിനെ കൊല്ലണമെന്ന അപകടകരമായ ചിന്ത ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്. ഇതിനെതിരെ പെൺഡകുട്ടികൾ പുലർത്തേണ്ട ജാഗ്രതയെക്കുറിച്ച് പ്രശസ്ത മനശാസ്ത്രജ്ഞൻ ഡോ.സി.ജെ.ജോൺ എഴുതിയ കുറിപ്പ് വായിക്കാം. മൂന്ന് മാസം മുൻപ് എഴുതിയ കുറിപ്പ് ഇന്നും പ്രസക്തമാണ്

കുറിപ്പ് ഇങ്ങനെ: 

പ്രണയ തിരസ്കാരം നേരിട്ടാൽ പെണ്ണിനെ കത്തിച്ചു കൊല്ലണമെന്ന ഒരു വിചാരം ചില ചെറുപ്പക്കാരുടെയെങ്കിലും മനസ്സിൽ കയറിയിട്ടുണ്ട്. അത് കൊണ്ട് ജാഗ്രതാ നിർദ്ദേശം ഉൾക്കൊള്ളുന്ന ഈ പഴയ പോസ്റ്റ് വീണ്ടും. പാലിച്ചാൽ തടി രക്ഷപ്പെടുത്താം.

പ്രണയാതിക്രമങ്ങൾ തടയാൻ പോന്ന ജാഗ്രതകളെ കുറിച്ചുള്ള ഈ കുറിപ്പ് പ്രണയ സാധ്യത കൂടുതലുള്ള ഇടങ്ങളിൽ പ്രദർശിപ്പിക്കേണ്ടതാണെന്ന് തോന്നുന്നു.ഈ ലക്ഷണങ്ങൾ കാണിച്ചാൽ പക്വമായ ബന്ധം രൂപപ്പെടുത്താമോയെന്ന് ആദ്യം നോക്കാം .ഇല്ലെങ്കിൽ നയപരമായി പിൻവലിയാൻ നോക്കണം.എത്രയും വേഗം ചെയ്താൽ കുത്തിനും കത്തിക്കലിനും ഇരയാകാതിരിക്കാം.

1. എന്റെ ഇഷ്ടത്തിനനുസരിച്ചു മാത്രം പെരുമാറിയാൽ മതിയെന്ന വാശി കാണിക്കുന്നത് അപായ സൂചനയാണ്.അനുസരിക്കാതെ വരുമ്പോൾ ഭീഷണികളും വൈകാരിക ബ്ലാക്ക് മെയ്‌ലിങ്ങുകളുമൊക്കെ പുറത്തെടുക്കുന്നത് ചുവന്ന സിഗ്നലാണ്.

2.എവിടെ പോകണം ,ആരോട് മിണ്ടണം ,ഏതു വസ്ത്രം ധരിക്കണം തുടങ്ങിയ വ്യക്തിപരമായ സ്വാതന്ത്ര്യങ്ങളിൽ നിയന്ത്രണങ്ങൾ കൊണ്ട് വരാൻ തുടങ്ങുന്നത് ഒരു മുന്നറിയിപ്പാണ് .

3.ഫോണിൽ കാൾ ലിസ്റ്റ് പരിശോധിക്കൽ,മെസ്സേജ് നോക്കൽ ,സോഷ്യൽ മീഡിയയിൽ എന്ത് ചെയ്യുന്നുവെന്ന തിരച്ചിൽ -ഇവയൊക്കെ ഇരുത്തമില്ലാത്ത പ്രണയ ലക്ഷണങ്ങളാണ്.

4.ഫോൺ എൻഗേജ്ഡ് ആകുമ്പോഴും ,എടുക്കാൻ താമസിക്കുമ്പോഴും കലഹം കൂട്ടുന്നതും സീനാക്കുന്നതും കുഴപ്പത്തിന്റെ ലക്ഷണമാണ്.

5.നിനക്ക് ഞാനില്ലേയെന്ന മധുര വർത്തമാനം ചൊല്ലി മറ്റെല്ലാ സാമൂഹിക ബന്ധങ്ങളെയും പരിമിതപ്പെടുത്താൻ നോക്കുന്നത് നീരാളിപ്പിടുത്തതിന്റെ തുടക്കമാകാം.

6ചൊല്ലിലും ചെയ്തിയിലും വ്യക്തിപരമായ സ്വാതന്ത്ര്യത്തിൽ നിരന്തരം ഇടപെടുന്നതായി തോന്നുന്നുവെങ്കിൽ ജാഗ്രത പാലിക്കണം .

7.നേരവും കാലവും നോക്കാതെ ശല്യപ്പെടുത്തുന്ന വിധത്തിൽ വിളിക്കുകയും മെസ്സേജ് അയക്കുകയും,ഇപ്പോൾ തിരക്കാണെന്നു പറയുമ്പോൾ കോപിക്കുകയും ചെയ്യുന്ന ശൈലികൾ ഉണ്ടാകുമ്പോൾ സൂക്ഷിക്കണം .

8.നീ എന്നെ വിട്ടാൽ ചത്ത് കളയുമെന്നോ ,നിന്നെ കൊന്നു കളയുമെന്നോ ഒക്കെയുള്ള പറച്ചിൽ ഗുരുതരാവസ്ഥയിലേക്കുള്ള പോക്കാണ്.ശരീര ഭാഗങ്ങൾ മുറിച്ചു പടം അയച്ചു വിരട്ടുന്നത് ദുരന്ത സൂചനയാണ്. 

9. പ്രണയ ഭാവത്തിന്റെ കൊടുമുടിയിലേക്ക് പൊക്കി കയറ്റുകയും ,നിസ്സാരകാര്യങ്ങളിൽ നിയന്ത്രണം വിട്ട് കോപിച്ചു ആശയക്കുഴപ്പം ഉണ്ടാക്കുകയും ,പിന്നെ സോറി സോറിയെന്ന് വിലപിക്കുകയും ചെയ്യുന്നവരെ വിശ്വസിക്കാൻ പാടില്ല .

10.മറ്റാരെങ്കിലുമായി അടുത്ത് ഇടപഴകിയാൽ അസൂയ ,വൈകാരികമായി തളർത്തൽ.സംശയിക്കൽ -തുടങ്ങിയ പ്രതികരണങ്ങൾ പേടിയോടെ തന്നെ കാണണം. 

ഈ പത്തു സൂചനകളിൽ ഏതെങ്കിലും ഉണ്ടെങ്കിൽ സമാധാനപൂർണമായ പ്രണയം അസാധ്യം. ഈ പ്രണയ വണ്ടിയിൽ നിന്നും ഇറങ്ങുന്നതാണ് ബുദ്ധി .

<p>കോപ്പി റൈറ്റ് ഇല്ല .ആർക്കും എടുക്കാം

( ഡോ:സി .ജെ .ജോൺ)

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
FROM ONMANORAMA