ADVERTISEMENT

മുംബൈ• മീ ടൂ മുന്നേറ്റവുമായി ബന്ധപ്പെട്ട് ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരോപണ വിധേയനായ സംഗീത സംവിധായകന്‍ അനു മാലിക്കിനെ കുറ്റവിമുക്തനാക്കി ദേശീയ വനിതാ കമ്മിഷന്‍. രണ്ടു വര്‍ഷം മുമ്പ് ഒന്നിലധികം യുവതികള്‍ പീഡന ആരോപണം ഉന്നയിച്ചതിനെതുടര്‍ന്നു  സിനിമാ ലോകത്തുനിന്നും മാറി നിന്ന അനു മാലിക് അടുത്തിടെ ജനപ്രിയ ടെലിവിഷന്‍ റിയാലിറ്റി ഷോയില്‍ വിധികര്‍ത്താവായി രംഗത്തുവന്നിരുന്നു. ഇതിനെത്തുടര്‍ന്ന് എതിര്‍പ്പു രൂക്ഷമാകുകയും അനു മാലിക് വിധി കര്‍ത്താവ് സ്ഥാനത്തു നിന്നു പിന്‍മാറുകയും ചെയ്തിരുന്നു. ഇതേ സമയത്തുതന്നെയാണു ദേശീയ വനിതാ കമ്മിഷന്‍ സംഭവത്തില്‍ സ്വമേധയാ കേസ് എടുത്തത്. 

പക്ഷേ, പരാതിക്കാരി തെളിവുകള്‍ സമര്‍പ്പിക്കുന്നില്ലെന്നും കേസുമായി സഹരിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ ഇപ്പോള്‍ കേസ് തള്ളിക്കളഞ്ഞിരിക്കുന്നത്. പരാതിക്കാരിയോ മറ്റാരെങ്കിലുമോ തെളിവു സമര്‍പ്പിക്കുകയോ മുന്നോട്ടുവരികയോ ചെയ്താല്‍ കേസ് വീണ്ടും അന്വേഷിക്കാന്‍ തടസ്സമില്ലെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു. 

ഗായികമാരായ സോന മഹാപത്ര, ശ്വേത പണ്ഡിറ്റ്, കാരലിസ മൊണ്ടെയ്റോ,നേഹാ ഭാസിന്‍ എന്നിവരും നിര്‍മാതാവ് ഡാനിക ഡിസൂസയുമായിരുന്നു നേരത്തെ അനു മാലിക്കിനെതിരെ ആരോപണം ഉന്നയിച്ചത്. സംഭവം ദേശീയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. ഹോളിവുഡില്‍ തുടങ്ങിയ മീ ടൂ മുന്നേറ്റത്തില്‍ ഇന്ത്യയില്‍ ഏറ്റവും കോളിളക്കം സൃഷ്ടിച്ച കേസും പ്രശസ്തനായ അനു മാലിക്കിനെതിരെ ഉയര്‍ന്നതായിരുന്നു. 

ഒന്നിനു പിന്നാലെ ഒന്നായി ആരോപണങ്ങള്‍ ഉയര്‍ന്നതോടെ അനു മാലിക്കിന് റിയാലിറ്റി ഷോയിലെ വിധികര്‍ത്താവ് സ്ഥാനത്തു നിന്നു പിന്‍മാറേണ്ടിവന്നിരുന്നു. ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും തന്റെ കരിയറും ജീവിതവും സന്തോഷവും ഇല്ലാതായെന്നും അനു മാലിക് പരാതിപ്പെടുകയും ചെയ്തിരുന്നു. തന്റെ മാനസിക ആരോഗ്യം തകര്‍ന്നെന്നും കുടുംബ ജീവിതം ഇല്ലാതായെന്നും വര്‍ഷങ്ങള്‍ക്കുശേഷവും തന്നെ വേട്ടയായുകയാണെന്നും അദ്ദേഹം പരാതി പറയുകയും ചെയ്തിരുന്നു. താന്‍ വേദനയിലാണെന്നും ഇരുട്ടിലാണെന്നും തനിക്കു നീതി കിട്ടണമെന്നും അടുത്തിടെ സമൂഹമാധ്യമത്തിലൂടെ അനു മാലിക് അഭ്യര്‍ഥിക്കുകയും ചെയ്തു. ഇതിനോട് സോന മഹാപത്ര രൂക്ഷമായാണു പ്രതികരിച്ചത്. 

ആരോപണങ്ങള്‍ക്കു തെളിവുണ്ടെന്നും ഒന്നോ രണ്ടോ പേരല്ല, ഒട്ടേറെ യുവതികളാണു പീഡന പരാതി ഉന്നയിച്ചതെന്നും സോന ചൂണ്ടിക്കാട്ടി. ഇത്രമാത്രം ആരോപണം എതിരെ ഉയര്‍ന്ന ഒരാള്‍ എന്ന നിലയില്‍ ടെലിവിഷനില്‍ പുതുതലമുറയ്ക്കു മാതൃകയായി പ്രത്യക്ഷപ്പെടാന്‍ അനുമാലിക്കിന് അവകാശമില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. പീഡിപ്പിക്കുന്നവരര്‍ക്കുള്ള ഒരു മാനസികാരോഗ്യകേന്ദ്രത്തില്‍ പോയി കൗണ്‍സലങ്ങിനു വിധേയനാവുകയാണ് അനു മാലിക് ചെയ്യേണ്ടതെന്നും അര്‍ഹിക്കുന്ന ശിക്ഷയാണ് അദ്ദേഹത്തിനു കിട്ടിയതെന്നും സോന ഓര്‍മിപ്പിക്കുകയും ചെയ്തു. അനു മാലിക്കിനെ വിധികര്‍ത്താവാക്കിയ സോണി കമ്പനിക്കെതിരെയും ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെതുടര്‍ന്നാണ് അനു മാലിക് വിധികര്‍ത്താവ് സ്ഥാനം ഒഴിയുന്നതായുള്ള തീരുമാനം സോണി എന്റര്‍ടെയ്ന്‍മെന്റ് ടെലിവിഷന്‍ പ്രഖ്യാപിച്ചത്. 

സോനയുടെ ട്വിറ്റര്‍ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് ദേശീയ വനിതാ കമ്മിഷന്‍ പ്രശ്നത്തില്‍ ഇടപെടുകയും അനു മാലിക്കിനെതിരെ കേസ് എടുക്കുകയും ചെയ്തത്. പക്ഷേ സോനയുമായി ബന്ധപ്പെട്ടപ്പോള്‍ യാത്രിയിലാണെന്ന മറുപടിയാണു കിട്ടിയതെന്നു വനിതാ കമ്മിഷന്‍ അധികൃതര്‍ പറയുന്നു. 45 ദിവസം തങ്ങള്‍ കാത്തിരുന്നെന്നും പക്ഷേ പരാതിക്കാരി നേരിട്ടുവരികയോ തെളിവുകള്‍ ഹാജരാക്കുകയോ കൂടുതല്‍ പരാതി ഉന്നയിക്കാന്‍ തയ്യാറാകുകയോ ചെയ്തിട്ടില്ലെന്നും കമ്മിഷന്‍ പറയുന്നു. ഇതിനെതുടര്‍ന്നാണ് ജനുവരി മൂന്നിന്റെ തീയതി വച്ച് അനു മാലിക്കിനെ കുറ്റവിമുക്തനാക്കി വനിതാ കമ്മിഷന്‍ സോണി ടിവിക്ക് കത്തെഴുതിയിരിക്കുന്നത്. സംഭവത്തെക്കുറിച്ച് സോന മോഹപത്ര ഇതുവരെ പ്രതികരിച്ചിട്ടില്ല. 

English Summary: Indian Idol 11: Me Too case against Anu Malik closed due to lack of substantial evidence; Deets inside

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com