sections
MORE

വിമാനക്കമ്പനികളുടെ അനാസ്ഥ; വയോധികയ്ക്ക് 70 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്

flight
SHARE

ചണ്ഡിഗഡില്‍നിന്നുള്ള 60 വയസ്സുകാരിയുടെ പരാതിയില്‍ ലുഫ്താന്‍സ എയര്‍ലൈന്‍സ്, ബ്രിട്ടിഷ് എയര്‍വേയ്സ്, ട്രാവല്‍ ഏജന്‍സി എന്നിവര്‍ 70 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. ചണ്ഡിഗഡിലെ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയുടേതാണു വിധി. നിയമനടപടിയുടെ ചെലവും വയോധികയ്ക്കു നല്‍കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള വിമാനം പുന:ക്രമീകരിച്ചതിനെതുടര്‍ന്ന് കോപ്പന്‍ഹേഗന്‍ എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ വയോധിയയ്ക്ക് ഒരു രാത്രി ചെലവഴിക്കേണ്ടിവന്ന സംഭവമാണ് കേസിന് ആധാരം.

സ്വന്തമായി ഒരു കുറ്റവും ചെയ്യാത്ത ഒരു സ്ത്രീക്ക് ഒരു രാത്രി ഒരു പൊലീസ് സ്റ്റേഷനില്‍ കഴിയേണ്ടിവന്നത് ക്രൂരമായ അനുഭവമാണ്. അതും വിമാനക്കമ്പനികളുടെയും ട്രാവല്‍ ഏജന്‍സിയുടെയും അശ്രദ്ധ കൊണ്ടും ഉപേക്ഷ കൊണ്ടും. അതുകൊണ്ടാണു ഭീമമായ തുക പിഴ വിധിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ഹര്‍ഷന്‍ കൗര്‍ ധലിവാല്‍ എന്ന വയോധികയുടെ പരാതിയിലാണു ചരിത്രപ്രധാനമായ വിധി. സൂര്യ ട്രാവല്‍സ് ആന്‍ഡ് അസോസിയേറ്റ്സ് എന്ന ചണ്ഡിഗഡ് ട്രാവല്‍ ഏജന്‍സി വഴിയാലണ് വീട്ടമ്മ ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതും യാത്ര പ്ലാന്‍ ചെയ്തിരുന്നതും. ഡല്‍ഹിയില്‍നിന്ന് സൂറിച്ച് വഴി സാന്‍ ഫ്രാന്‍സിസ്കോയിലേക്കും ഫ്രാങ്ക് ഫര്‍ട്ട് വഴി തിരിച്ചുമായിരുന്നു യാത്ര. 2018 ജനുവരി 18 ന് ഡൽഹിയില്‍ നിന്ന് യാത്ര തിരിക്കുമ്പോള്‍ തന്നെ വീല്‍ചെയര്‍ ആവശ്യപ്പെട്ടെങ്കിലും നല്‍കിയില്ലെന്നും ഹര്‍ഷന്‍ കൗര്‍ പരാതിപ്പെടുന്നു. മടക്കയാത്ര ലുഫ്താന്‍സ വിമാനത്തിലായിരുന്നു. സാന്‍ ഫ്രാന്‍സിസ്കോയില്‍നിന്ന് ഫ്രാങ്ക്ഫര്‍ട്ടിലേക്ക്. ബോര്‍ഡിങ് പാസ്സും നല്‍കിയിരുന്നു. മൂന്നു മണിക്കൂര്‍ വിമാനത്തില്‍ കാത്തിരുന്നെങ്കിലും വിമാനം ടേക് ഓഫ് ചെയ്തില്ല.

വിമാനത്തില്‍നിന്ന് ഇറങ്ങാനും ബാഗുകള്‍ തിരിച്ചെടുക്കാനും അധികൃതര്‍ ആവശ്യപ്പെട്ടു. അപ്പോഴും വീല്‍ചെയര്‍ നല്‍കിയില്ല. ബാഗുകള്‍ കണ്ടുപിടിക്കാനും ബുദ്ധിമുട്ടി. ഒടുവില്‍ മകനെ വിളിച്ചുവരുത്തി സഹായം ആവശ്യപ്പെടുകയായിരുന്നു. ലുഫ്താന്‍സ എയര്‍ലൈന്‍സ് ഹര്‍ഷന്‍ കൗറിനോട് ആലോചിക്കാതെ പിന്നീട് യാത്ര മാറ്റിവയ്ക്കുകയും ചെയ്തു. പകരം ലണ്ടന്‍ വഴിയുള്ള ബ്രിട്ടിഷ് എയര്‍വെയ്സിന്റെ ടിക്കറ്റ് കൈമാറുകയും ചെയ്തു. പുതിയ യാത്രാപദ്ധതിയനുസരിച്ച് ഹര്‍ഷന്‍ കൗറിന് സാന്‍ ഫ്രാന്‍സിസ്കോയില്‍നിന്ന് ആദ്യം ലണ്ടനിലേക്കു യാത്ര ചെയ്യണം. അവിടെനിന്ന് കോപ്പന്‍ ഹേഗനിലേക്ക്. പിന്നീട് എയര്‍ ഇന്ത്യ വിമാനത്തില്‍ ഡല്‍ഹിയിലേക്കും. സാന്‍ഫ്രാന്‍സിസ്കോ വിമാനം ഹിത്രൂ വിമാനത്താവളത്തിൽ വിമാനത്തിയതുതന്നെ താമസിച്ചു. കോപ്പന്‍ഹേഗന്‍ വിമാനം അപ്പോഴേക്കും യാത്ര പുറപ്പെട്ടു. ഉടന്‍ മറ്റൊരു വിമാനത്തിലേക്ക് യാത്ര മാറ്റി. പക്ഷേ, ആ വിമാനത്തിനും കണക്ഷന്‍ വിമാനം ലഭ്യമായിരുന്നില്ല. കോപ്പന്‍ഹേഗനില്‍ വീസ പോലുമില്ലാതെ വീട്ടമ്മയ്ക്ക് വിമാനത്താവളത്തില്‍ മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു. അവസാനം ആ രാത്രി എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷനിലും ചെലവഴിക്കേണ്ടിവന്നു. ഈ സംഭവത്തിന്റെ പേരിലാണ് ഹര്‍ഷന്‍ കൗര്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തതും ഇപ്പോള്‍ വിധി വന്നിരിക്കുന്നതും.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN WOMEN NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA