ADVERTISEMENT

തൃശൂര്‍ വട്ടായി സ്വദേശിനായ എഴുപതു വയസുള്ള സുശീല വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. മൊബൈല്‍ ഫോണ്‍ നന്നാക്കാന്‍ കൊടുത്തതു വാങ്ങാന്‍ തൃശൂര്‍ തിരൂരില്‍ എത്തി. ഫോണ്‍ കടയില്‍ നിന്ന് വീട്ടിലേയ്ക്കു പോകാന്‍ ബസ് കാത്തു നില്‍ക്കുകയായിരുന്നു. ഏകദേശം മൂന്നു മണി കഴിഞ്ഞിട്ടുണ്ട്. ഈ സമയത്താണ്, ഒരു ഓട്ടോറിക്ഷ അതുവഴിവന്നത്. പുറകിലിരുന്ന യുവതി സുശീലയോട് ചോദിച്ചു. ‘‘ചേച്ചീടെ വീടെവിടെയാണ്. ഞങ്ങള്‍ ആ വഴിയ്ക്കാണ്. വീട്ടില്‍ വിടാം. ബസ് കാശ് തന്നാല്‍ മതി’’. പറയുന്നത് യുവതിയല്ലേ! സുശീല സംശയിച്ചില്ല.

യുവതി ഇറങ്ങി, സുശീലയെ ആദ്യം കയറ്റി

lady-attack-tcr (1)

ഓട്ടോറിക്ഷയില്‍ നിന്നിറങ്ങിയ യുവതി സുശീലയോട് ആദ്യം കയറാന്‍ പറഞ്ഞു. വണ്ടി വിട്ട ശേഷം യുവതിയുടെ സംസാര ശൈലി മാറി. വേഗം ആഭരണങ്ങള്‍ ഊരിത്തന്നോ, ഇല്ലെങ്കില്‍ കൊന്ന് കുഴിച്ചുമൂടും.  ഭീഷണി സ്വരത്തില്‍ പലക്കുറി ആവശ്യപ്പെട്ടു. വണ്ടിയോടിക്കുന്ന യുവാവും ആക്രോശിച്ചു.

വേഗം ആഭരണങ്ങള്‍ തായോ. ജീവന്‍ വേണേല്‍ പറ‍ഞ്ഞതു കേട്ടോ. രണ്ടു പേരും കള്ളന്‍മാരാണെന്ന് ആ വയോധിക തിരിച്ചറിഞ്ഞു. പിന്നെ, മനസില്‍ ഒരു ഐഡിയ തെളിഞ്ഞു. 

മുക്കുപണ്ടമാണ് മക്കളെ

സുശീലയുടെ രണ്ടു കൈകളിലും സ്വര്‍ണ വളകളുണ്ടായിരുന്നു. ഇത് ഊരാനാ‍യി യുവതിയുടെ ശ്രമം. ‘‘മോളെ ഇത് ഊരിയിട്ട് കാര്യമില്ല. നിങ്ങള്‍ക്ക് ഒന്നും കിട്ടില്ല. മുക്കുപണ്ടമാണ്’’. യുവതി വിശ്വസിച്ചു.  വളയില്‍ നിന്ന് കയ്യെടുത്തു. പിന്നെ, മാല കൈക്കലാക്കാനായി ശ്രമം. ഇതേ അടവ് സുശീല പറഞ്ഞു നോക്കിയെങ്കിലും അവര്‍ മാല പൊട്ടിച്ചു. ഇതിനിടെ, വണ്ടി വിജനമായ സ്ഥലത്ത് എത്തി. ഡ്രൈവര്‍ വണ്ടി നിര്‍ത്തി ഇറങ്ങി.

ചുറ്റികയെടുത്തു

വണ്ടിയുടെ പുറകില്‍ നിന്ന് ചുറ്റികയെടുത്ത് തലയില്‍ അടിച്ചു. തലയുടെ പുറകിലും നെറ്റിയിലും ചോരയൊഴുകി. പിന്നെ, കയറുപയോഗിച്ച് കഴുത്തു ഞെരിക്കാന്‍ ശ്രമിച്ചു. നിലവിളിച്ചപ്പോള്‍ ആള്‍പെരുമാറ്റം തോന്നി. അങ്ങനെ, സുശീലയെ ഇവര്‍ തൊട്ടടുത്തുള്ള പത്താഴക്കുണ്ട് ഡാം റോഡില്‍ തള്ളിയിട്ട് സ്ഥലംവിട്ടു. തലയാകെ രക്തത്തില്‍ മുങ്ങിയ നിലയില്‍ നാട്ടുകാര്‍ സുശീലയെ കണ്ടു. ഉടനെ, ആക്ട്സിന്റെ ആംബുലന്‍സ് വിളിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. തലയിലും നെറ്റിയിലുമായി ഒന്‍പത് തുന്നല്‍. 

ആരാണ് അക്രമികള്‍

തിരൂര്‍ മുതല്‍ പത്താഴക്കുണ്ട് ഡാം വരെയുള്ള ഒട്ടേറെ സിസിടിവി കാമറകള്‍ പൊലീസ് പരിശോധിച്ചുവരികയാണ്. ഓട്ടോയില്‍ എത്തിയ യുവാവിനേയും യുവതിയേയും തിരിച്ചറിയാനായിട്ടില്ല. ഓട്ടോയുടെ നമ്പര്‍ വ്യാജമാകാനാണ് സാധ്യതയെന്ന് പൊലീസ് കരുതുന്നു. വയോധികയെ കൊന്ന് ഡാമില്‍ തള്ളിയ ശേഷം ആഭരണങ്ങളുമായി മുങ്ങാനായിരുന്നു പദ്ധതി. വയസ് എഴുപത് ആയെങ്കിലും ആരോഗ്യമുണ്ടായിരുന്നതിനാല്‍ അല്‍പം ചെറുത്തു നില്‍ക്കാന്‍ സുശീലയ്ക്കു കഴിഞ്ഞു. ഇരുപത്തിയഞ്ചു വയസ് തോന്നിക്കുന്ന ആ യുവതിയെ എത്രയും വേഗം പിടിച്ചില്ലെങ്കില്‍ അവര്‍ മറ്റാരെയെങ്കിലും അപായപ്പെടുത്തുമോയെന്നാണ് സുശീലയുടെ പേടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com