ADVERTISEMENT

ഡല്‍ഹിയില്‍ ഹാട്രിക് ജയം നേടാന്‍ അരവിന്ദ് കേജ്‍രിവാളിനെ സഹായിച്ച ഏറ്റവും ഗണ്യമായ ഘടകം തേടിയുള്ള അന്വേഷണത്തിലാണു രാഷ്ട്രീയ നിരീക്ഷകരും പാര്‍ട്ടി പ്രമുഖരുമൊക്കെ. യഥാര്‍ഥത്തില്‍ വലിയ ചര്‍ച്ചയൊന്നും കൂടാതെതന്നെ മനസ്സിലാക്കാന്‍ കഴിയുന്ന ഒരു യാഥാര്‍ഥ്യമുണ്ട്: എഎപി വിജയത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചതു സ്ത്രീകളാണെന്ന നത്യം. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ത്രീകള്‍ പുരുഷ വോട്ടര്‍മാരുടെ ഒപ്പമെത്തി എന്നതുമാത്രമല്ല, അവരില്‍ ഭൂരിപക്ഷവും എഎപിക്കു വോട്ടു ചെയ്തു എന്നതാണു പ്രധാനം. പുരുഷ-സ്ത്രീ വോട്ടര്‍മാരില്‍ തമ്മില്‍ ഇത്തവണത്തെ വ്യത്യാസം കേവലം 0.07 ശതമാനം മാത്രമായിരുന്നു. 

പുരുഷന്‍മാരാണ് എല്ലാ തിരഞ്ഞെടുപ്പുകളിലെയും നിര്‍ണായക ശക്തി എന്നാണു വിലയിരുത്തപ്പെടാറ്. അവര്‍ സ്ത്രീകളുടെ തീരുമാനത്തെ സ്വാധീനിക്കുന്നു എന്നും പറയാറുണ്ട്. എന്നാല്‍ ഇത്തവണ ഡല്‍ഹിയില്‍ ഈ കണക്കുകൂട്ടലുകൊളൊക്കെ തെറ്റി. ഇത്തവണ സ്ത്രീകള്‍ ധാരളമായി വോട്ടു ചെയ്തിരുന്നില്ലെങ്കില്‍ എഎപിക്ക് ഇത്ര തിളക്കമാര്‍ന്ന വിജയം നേടാനാവുമായിരുന്നോ എന്നകാര്യത്തിലും സംശയമുണ്ട്. സ്ത്രീ-പുരുഷന്‍മാരുടെ കണക്കെടുത്താല്‍ സ്ത്രീകളില്‍ 11 ശതമാനം അധികം ചായ്‍വ് കേജ്‍രിവാളിന്റെ പാര്‍ട്ടിയോട് ഉണ്ടായി എന്നാണു വോട്ടിങ് കണക്കുകള്‍ വ്യക്തമാക്കുന്നത്. 

2015 ലെ തിരഞ്ഞെടുപ്പില്‍ ഇത്രയധികം സ്ത്രീകള്‍ എഎപിക്ക് അനുകൂലമായി വോട്ടു ചെയ്തിരുന്നില്ല. അന്നു സ്ത്രീകളില്‍ വലിയൊരു വിഭാഗം പുരുഷന്‍മാര്‍ക്കൊപ്പം ബിജെപിക്കു വോട്ടു ചെയ്തു. എന്നാല്‍ ഇത്തവണ സ്ഥിതി മാറി. ഷീല ദീക്ഷിത് എന്ന വനിത മൂന്നുവട്ടം ഡല്‍ഹിയില്‍ അനിഷേധ്യ നേതാവായി വാണപ്പോള്‍പോലും സ്ത്രീകളില്‍നിന്ന് ഇത്രവലിയ പിന്തുണ ലഭിച്ചിരുന്നില്ല എന്നും കണക്കുകള്‍ കാണിക്കുന്നു. സമുദായ, ജാതി വ്യത്യാസങ്ങളൊക്കെ നിഷ്പ്രഭമാക്കിയാണ് എല്ലാ പ്രായക്കാരിലും പെട്ട സ്ത്രീകള്‍ ഇത്തവണ എഎപിക്കൊപ്പം നിന്നത്. മുസ്ലിം, ഹിന്ദു എന്നൊന്നും വ്യത്യസമില്ലാതെ എല്ലാ സമുദായങ്ങളിലെയും ഭൂരിപക്ഷവും വീണ്ടും കേജ്‍രിവാള്‍ ഭരിക്കട്ടെ എന്നുതന്നെ തീരുമാനിച്ചു. 

ഹിന്ദു സമുദായത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കിടയിലും കേജ്‍രിവാളിനു വലിയ സ്വീകര്യതയാണു ലഭിച്ചത്. ദലിത് വിഭാഗത്തില്‍ പുരുഷന്‍മാരില്‍ 25 ശതമാനം അധികം സ്ത്രീകള്‍ പോളിങ് ബൂത്തില്‍ പോയത് ചൂലിനു വോട്ടു ചെയ്യാനാണ്. ജാട്ട്, ഗുജ്ജര്‍, യാദവ് എന്നീ വിഭാഗക്കാരൊക്കെ ഇക്കാര്യത്തില്‍ ഒരുമിച്ചുതന്നെ നിന്നു. ബ്രാഹ്മണ സമുദായത്തിലെ പുരുഷന്‍മാര്‍ കൂടുതലായി ബിജെപിക്കാണു വോട്ടു ചെയ്തതെങ്കില്‍ സ്ത്രീകള്‍ എഎപിക്കൊപ്പം നിന്നു എന്നും കാണാം. 

സ്ത്രീകള്‍ കൂടുതലായി ആവേശത്തോടെ ഇത്തവണ ചൂലിനു വോട്ടു ചെയ്തതിനു പിന്നില്‍ പ്രധാനമായും മൂന്നു കാരണങ്ങളുണ്ട്. 2019 ല്‍ ഒക്ടോബറില്‍ കേജ്‍രിവാള്‍ സ്ത്രീകള്‍ക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിരുന്നു. ഡല്‍ഹിയിലെ 50 ശതമാനം വീട്ടമ്മമാരും ഈ സൗജന്യത്തിന്റെ ഗുണഭോക്താക്കളാണ്. 

വിലക്കയറ്റമാണു മറ്റൊരു കാരണം. സാമ്പത്തിക മാന്ദ്യവും പണപ്പെരുപ്പവും ആവശ്യ സാധനങ്ങളുടെ വിലവര്‍ധനയും ജനങ്ങളെ ബിജെപിയില്‍നിന്ന് അകറ്റി. ഇതിനൊപ്പം വൈദ്യുതി ചാര്‍ജ് കുറച്ചതും വെള്ളക്കരം കുറച്ചതും സ്ത്രീകളെ ഗണ്യമായി സ്വാധീനിച്ചു. മൂന്നാമത്തെ കാരണം രാജ്യം അടുത്തകാലത്ത് ചര്‍ച്ച ചെയ്ത ഷഹീന്‍ ബാഗ് തന്നെ. പൗരത്വ സമരത്തിന്റെ പേരില്‍ ബിജെപി നേതാക്കള്‍ വ്യാപകമായി സ്ത്രീകളെ അധിക്ഷേപിച്ചിരുന്നു. ഇതു ഭൂരിപക്ഷം സ്ത്രീകളെയും പാര്‍ട്ടിയില്‍നിന്നകറ്റി. ജാമിയ മിലിയയില്‍ ഉള്‍പ്പെടെ വിദ്യാര്‍ഥിനികള്‍ക്കുനേരെ നടന്ന പൊലീസ് നടപടികളാണു സ്ത്രീകള്‍ക്കു ബിജെപിയോട് വിദ്വേഷം തോന്നാന്‍ മറ്റൊരു കാരണം. പൗരത്വ റജിസ്റ്ററും പൗരത്വ ഭേദഗതി നിയമവും മികച്ച നടപടികളായി സ്ത്രീകള്‍ കണ്ടില്ല എന്നൊരു ഘടകവുമുണ്ട്. പ്രതിഷേധിച്ച വിദ്യാര്‍ഥികള്‍ക്കും സ്ത്രീകള്‍ക്കും നേരെ പൊലീസ് സ്വീകരിച്ച ഭീകര നടപടികള്‍ വലിയൊരു വിഭാഗത്തെ കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് അകറ്റുകയും ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com