ADVERTISEMENT

രാജ്യമാകെ ചര്‍ച്ച ചെയ്ത ഷീന ബോറ വധക്കേസില്‍ നിര്‍ണായകമായ വെളിപ്പെടുത്തലുകളുമായി മുന്‍ മുംബൈ പൊലീസ് കമ്മിഷണര്‍. രാകേഷ് മരിയയാണ് ലെറ്റ് മി സേ ഇറ്റ് നൗ എന്ന ആത്മകഥാ പുസ്തകത്തിലൂടെ വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്. 2015 ല്‍ ഷീന ബോറ കേസില്‍ പ്രധാന പ്രതികളെന്നു സംശയിക്കുന്ന മാധ്യമ തലവന്‍ പീറ്റര്‍ മുഖര്‍ജിയെയും ഇന്ദ്രാണിയെയും തനിക്ക് അറിയാമെന്ന് വധക്കേസ് അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ പൊലീസ് ജോയന്റ് കമ്മിഷണര്‍ ദേവന്‍ ഭാരതി തന്നോട് പറഞ്ഞിട്ടില്ലെന്ന് രാകേഷ് ആരോപിക്കുന്നു. 2015 ല്‍ റായ്ഗഡിലെ വനപ്രദേശത്തുനിന്നും ഷീനയുടെ മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനുമുമ്പുതന്നെ അവരുടെ തിരോധാനത്തെക്കുറിച്ച് പീറ്റര്‍ ദേവന്‍ ഭാരതിയോട് പറഞ്ഞിട്ടുണ്ടായിരുന്നെന്നും രാകേഷ് ആരോപിക്കുന്നു. ജോയന്റ് കമ്മിഷണര്‍ ദേവന്‍ ഭാരതിയും മുഖര്‍ജിമാരുമായുള്ള സൗഹൃദത്തിന്റെ ആരും അറിയാത്ത കഥകളാണ് ആത്മകഥയിലൂടെ രാകേഷ് ഇപ്പോള്‍ വെളിച്ചത്തുകൊണ്ടുവന്നിരിക്കുന്നത്. ഇന്ദ്രാണിയുടെ അറസ്റ്റിനു ശേഷം ഖര്‍ പൊലീസ് സ്റ്റേഷനില്‍വച്ച് ചോദ്യ ചെയ്തപ്പോഴാണ് ഈ സൗഹൃദത്തിന്റെ ഉള്ളുകള്ളികള്‍ തനിക്കു മനസ്സിലായതെന്നും രാകേഷ് പറയുന്നു. 2012 ല്‍ ഷീനയുടെ തിരോധാനത്തെക്കുറിച്ച് അറിഞ്ഞിട്ടും എന്തുകൊണ്ടാണ് ഒന്നും ചെയ്യാതിരുന്നതെന്ന രാകേഷിന്റെ ചോദ്യത്തോട് പ്രതികരിക്കുമ്പോഴാണ് പീറ്റര്‍ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതത്രേ. 

സര്‍, ഞാന്‍ എല്ലാ കാര്യവും ദേവനോടു പറഞ്ഞിട്ടുണ്ട്- പീറ്റര്‍ പറഞ്ഞതായി രാകേഷ് വെളിപ്പെടുത്തുന്നു.സംശയത്തോടും അവിശ്വസനീയതയോടും താന്‍ ദേവന്റെ മുഖത്തേക്കു നോക്കിയെന്നും എന്നാല്‍ അദ്ദേഹം നോട്ടം മാറ്റിയെന്നും രാകേഷ് പറയുന്നു. അന്നു മുറിയിലുണ്ടായിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും പീറ്ററിന്റെ പ്രതികരണം ഞെട്ടിച്ചുവെന്നും എന്നാല്‍ ആരും ഒന്നും അറിഞ്ഞതായി ഭാവിക്കാതെയിരുന്നുവെന്നുമാണ് അദ്ദേഹം പറയുന്നത്. എന്നാല്‍ രാകേഷിന്റെ വെളിപ്പെടുത്തലുകളെ ഇപ്പോള്‍ ആന്റി ടെററിസം സ്ക്വാഡില്‍ എഡിജിപിയായി ജോലി ചെയ്യുന്ന ദേവന്‍ ഭാരതി പരിഹസിച്ചു തള്ളി. 

ബോളുവുഡിലെ തിരക്കഥയെഴുതുന്നപോലെയാണ് രാകേഷ് കാര്യങ്ങള്‍ പറയുന്നതെന്നും അവയ്ക്ക് യാഥാര്‍ഥ്യവുമായി ഒരു ബന്ധമില്ലെന്നുമാണ് ദേവന്റെ പ്രതികരണം. പുസ്തകത്തിന് കൂടുതല്‍ പ്രചാരം കിട്ടാനുള്ള അടവാണ് അദ്ദേഹം ഇറക്കുന്നതെന്നും ദേവന്‍ ആരോപിച്ചു. എല്ലാ സംഭവങ്ങളും അന്വേഷണ സംഘത്തിലെ എല്ലാവര്‍ക്കും അറിവുള്ളതാണെന്നും ഒരാള്‍ക്കു മാത്രമായി ഒന്നും മറച്ചുവയ്ക്കാനാവില്ലെന്നും അദ്ദേഹം വിശദീകരിക്കുകയും ചെയ്തു. 

സംഭവത്തെക്കുറിച്ച് തനിക്ക് ദേവന്‍ ഭാരതിയെ ചോദ്യം ചെയ്യാന്‍ കഴിഞ്ഞില്ലെന്ന് രാകേഷ് ആത്മകഥയില്‍ പറയുന്നുണ്ട്. എന്തായാലും പീറ്റര്‍ വെളിപ്പെടുത്തലുകള്‍ നടത്തിയ രാത്രി എനിക്ക് ഉറക്കമില്ലായിരുന്നു- രാകേഷ് എഴുതുന്നു. ദേവനും താനും ഒരുമിച്ച് ഒരു പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിട്ടും സഞ്ചാരം ഒരുമിച്ചായിരുന്നിട്ടുപോലും ദേവന്‍ തന്നോട് എന്തുകൊണ്ട് സത്യങ്ങള്‍ വെളിപ്പെടുത്തിയില്ല എന്നാണ് രാകേഷ് പുസ്തകത്തിലൂടെ ചോദിക്കുന്നത്. 2012 ല്‍ ഷീനയെ കാണാനില്ല എന്ന പരാതി ആദ്യം ഉയരുമ്പോള്‍ ദേവനായിരുന്നു അഡീഷണല്‍ പൊലീസ് കമ്മിഷണറെന്നും പരാതി കിട്ടിയിട്ടും അദ്ദേഹം ചെറുവിരലനക്കുക പോലും ചെയ്തിട്ടില്ലെന്നും കൂടി രാകേഷ് ആരോപിക്കുന്നുണ്ട്. 

കൊലപാതകത്തില്‍ പീറ്ററിന്റെ റോളിനെക്കുറിച്ച് മുംബൈ പൊലീസ് തനിക്ക് യഥാര്‍ഥ വിവരങ്ങള്‍ തന്നില്ല എന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് മാധ്യമങ്ങളോട് പറഞ്ഞത് തന്നെ വേദനിപ്പിച്ചെന്നും രാകേഷ് പുസ്കത്തില്‍ എഴുതിട്ടുണ്ട്. എന്തായാലും മറ്റു പ്രമുഖരും കൂടി പ്രതികരിക്കുന്നതോടെ വരും ദിവസങ്ങളില്‍ രാകേഷ് മരിയയുടെ  വെളിപ്പെടുത്തലുകള്‍ വന്‍ വിവാദങ്ങള്‍ സൃഷ്ടിക്കാനും സാധ്യതണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com