ADVERTISEMENT

32 വർഷങ്ങൾക്കു മുൻപ് ഭർത്താവ് ചന്ദ്രൻ മരിയ്ക്കുമ്പോൾ സുധാമ്മയ്ക്കു മുന്നിൽ ജീവിതം വലിയൊരു ചോദ്യചിഹ്നമായിരുന്നു. വലിയ പഠിപ്പില്ല... ലോകവിവരമില്ല. എട്ടിലും പ്ലസ് വണ്ണിലും പഠിക്കുന്ന രണ്ടു മക്കളുടെ ഭാവി സുരക്ഷിതമാക്കാൻ, കരഞ്ഞു തളർന്നു മുറിയിൽ ഇരുന്നിട്ടു കാര്യമില്ലെന്നു മനസിലാക്കി സുധാമ്മ പുറത്തേക്കിറങ്ങി. തട്ടേക്കാട് ഒരു ചായക്കട നടത്തി ഉപജീവനം കഴിച്ചിരുന്ന സുധാമ്മയുടെ ജീവിതം മാറി മറിഞ്ഞത് ഒരു സുപ്രഭാതത്തിലായിരുന്നില്ല. വെറുമൊരു ചായക്കടക്കാരിയിൽ നിന്ന് ഹോംസ്റ്റേ നടത്തിപ്പുകാരിയായും സഞ്ചാരികൾക്കു മുൻപിൽ കാടിനെക്കുറിച്ചും പക്ഷികളെക്കുറിച്ചും വാതോരാതെ സംസാരിക്കുന്ന ഗൈഡായും സുധാമ്മ മാറിയത് 30 വർഷങ്ങൾകൊണ്ടാണ്. തട്ടേക്കാട് സുധാമ്മ അറിയാത്ത പക്ഷികളില്ല... പോകാത്ത കാട്ടുവഴികളില്ല. ഈ കാടിന്റെ ജീവനും ജീവിതവും ഈ അറുപത്തിനാലുകാരിക്ക് മനഃപാഠം. സഞ്ചാരികൾക്കു മുന്നിൽ ആകർഷകമായി ഇംഗ്ലിഷിൽ സംസാരിക്കുന്ന സുധാമ്മയെ ആരും കൗതുകത്തോടെ നോക്കിപ്പോകും. കൗതുകത്തിനുമപ്പുറം വലിയൊരു പോരാട്ടമാണ് സുധാമ്മയുടെ ജീവിതം. ആ കഥ സുധാമ്മ മനോരമ ഓൺലൈനുമായി പങ്കുവയ്ക്കുന്നു.  

ജീവിതം കരഞ്ഞു തീർക്കേണ്ടതല്ല

1971ലായിരുന്നു എന്റെ വിവാഹം. ചന്ദ്രേട്ടനെ വിവാഹം ചെയ്ത് തട്ടേക്കാട് എത്തുമ്പോൾ ഇന്നു കാണുന്നതു പോലെയുള്ള കെട്ടിടങ്ങളോ യാത്രാസൗകര്യങ്ങളോ ഇല്ല. ചന്ദ്രേട്ടന് വഞ്ചിയുണ്ടായിരുന്നു. അന്നു പാലം ആയിട്ടില്ല. ആ കടവിന് അടുത്ത് ചെറിയൊരു വീടായിരുന്നു ഞങ്ങളുടേത്. 1983ലാണ് തട്ടേക്കാട് പക്ഷിസങ്കേതമായി പ്രഖ്യാപിക്കപ്പെടുന്നത്. അതിനു മുൻപെ നമുക്കൊരു ചായക്കടയുണ്ട് അവിടെ. ചന്ദ്രേട്ടന്റെ ഒപ്പം ചായക്കടയിൽ എന്തെങ്കിലും എടുത്തു കൊടുക്കാൻ നിൽക്കുമെങ്കിലും ആളുകളുമായി അങ്ങനെ ഇടപെഴുകുമായിരുന്നില്ല. അങ്ങനെയിരിക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്. അതോടെ, ജീവിതം വഴി മുട്ടി. ഒരു ആഴ്ചയോളം വീട്ടിൽ കരഞ്ഞിരുന്നു. സഹായിക്കാൻ ആരുമില്ല. അങ്ങനെ നിവൃത്തി ഇല്ലാതെ പുറത്തേക്കിറങ്ങി. അമ്മയുണ്ടായിരുന്നു ഒപ്പം. അടുത്ത വീട്ടിലെ ഒരു ചെറുക്കനും ഞാനും അമ്മയും ചേർന്ന് ചായക്കട വീണ്ടും തുറന്നു. നാട്ടുകാരുടെ ഭാഗത്തു നിന്ന് വലിയ മുറുമുറുപ്പ് ഉണ്ടായിരുന്നു. ഭർത്താവ് മരിച്ച് അധികം ദിവസം ആകുന്നതിനു മുൻപേ ഓരോന്നു ചെയ്തു തുടങ്ങി എന്നൊക്കെ പറഞ്ഞു. ഞാൻ ഒന്നിനും ചെവി കൊടുത്തില്ല. നല്ല രീതിയിൽ ജീവിക്കണമെന്ന് വാശിയായിരുന്നു. 

എന്നെ പക്ഷിനിരീക്ഷകയാക്കിയത് സുഗതൻ സർ

തട്ടേക്കാട് അന്ന് ഡോ.സുഗതൻ സാറിന്റെ (ഓർണിത്തോളജിസ്റ്റ്) നേതൃത്വത്തിൽ പക്ഷികളെക്കുറിച്ച് വിവിധ ക്ലാസുകൾ നടക്കുമായിരുന്നു. ഇടയ്ക്കിടെ നേച്ചർ ക്യാമ്പുകളും ഉണ്ടാകും. പ്രദേശത്തെ അന്നത്തെ ഏക ചായക്കട ഞങ്ങളുടേതായിരുന്നതിനാൽ ക്യാമ്പിലുള്ളവർക്ക് ചായയും ഭക്ഷണവും ഉണ്ടാക്കി കൊടുത്തിരുന്നത് ഞങ്ങളായിരുന്നു. ചായയും ഭക്ഷണവുമായി ഈ ക്ലാസുകളിൽ ചെല്ലുമ്പോൾ അവിടെ പക്ഷികളെക്കുറിച്ച് സർ ക്ലാസെടുക്കുകയാകും. ഒരു രസത്തിന് ഞാനും അതു ശ്രദ്ധിക്കാൻ തുടങ്ങി. അന്ന് ചില സഞ്ചാരികളൊക്കെ വീട്ടിൽ വന്നു ഹോംസ്റ്റേ പോലെ താമസിക്കാൻ തുടങ്ങിയിരുന്നു. അവർ വരുമ്പോൾ പക്ഷികളെക്കുറിച്ചുള്ള എന്തെങ്കിലും വിവരങ്ങൾ പറയാമല്ലോ എന്നു കരുതിയാണ് ക്ലാസ് ശ്രദ്ധിച്ചത്. ക്ലാസിന്റെ വാതിൽക്കൽ നിന്നുകൊണ്ട് സ്ഥിരമായി ക്ലാസ് കേട്ടിരുന്ന എന്നെ ഒരു ദിവസം സർ പിടിച്ച് ക്ലാസിലിരുത്തി. പക്ഷിനിരീക്ഷണത്തെക്കുറിച്ചും പക്ഷികളെക്കുറിച്ചും ഗൗരവമായി ക്ലാസെടുത്തു. അങ്ങനെയാണ് ഞാൻ അംഗീകൃത ഗൈഡ് ആകുന്നത്.    

എന്റെ കറക്കം തട്ടേക്കാട് മാത്രം

sudha

പക്ഷിനിരീക്ഷണം തുടങ്ങിയിട്ട് പതിനെട്ടു വർഷമായി. പ്രധാനമായും ഓർണിത്തോളജിസ്റ്റുകളും ശാസ്ത്രജ്ഞരുമൊക്കെയാണ് ഹോംസ്റ്റേയിൽ താമസിക്കാൻ എത്തുന്നത്. അവർക്കൊപ്പം കാട്ടിലേയ്ക്കിറങ്ങി ഓരോ കാര്യങ്ങൾ പതുക്കെ പഠിച്ചെടുത്തു. ഇംഗ്ലിഷ് പഠിച്ചതും അങ്ങനെയാണ്. ഇപ്പോൾ ലോകത്തിന്റെ ഏതു കോണിലുള്ള ആളെ കണ്ടാലും എനിക്ക് ഇടപെഴുകാൻ പറ്റും. അവരോടു സംസാരിക്കാൻ പറ്റും. നന്നായി ഇംഗ്ലിഷ് എഴുതാനും കഴിയും. ഫ്രഞ്ച് കേട്ടാൽ മനസിലാകും. തമിഴും ഹിന്ദിയും കുറച്ച് അറിയാം.  ഇതു വരെ 165 ഇനം പക്ഷികളെ കണ്ടിട്ടുണ്ട്. കണ്ടും കേട്ടും നേരിട്ടറിഞ്ഞുമുള്ള പഠനമാണ്. അനുഭവമാണ് ഗുരു. അനുഭവങ്ങളെ വാക്കുകൾ കൊണ്ട് വിവരിക്കാനാവില്ല. തട്ടേക്കാട് മാത്രം കറങ്ങുന്ന ഒരാളാണ് ഞാൻ. ഇതാണെന്റെ ലോകം. ഇതാണെന്റെ സാമ്രാജ്യം.  

കാടും പക്ഷികളും സഞ്ചാരികളുമായി ഓടി നടക്കുന്നതിനിടയിൽ അപ്രതീക്ഷിത അതിഥിയെപ്പോലെ കാൻസർ സുധാമ്മയെ തേടിയെത്തി. സെർവിക്കൽ കാൻസർ. 25 റേഡിയേഷൻ... അഞ്ചു കീമോ... ഓടി നടന്നിരുന്ന സുധാമ്മ കിടപ്പിലായി. പക്ഷേ, അതൊരു താൽക്കാലിക ഇടവേള മാത്രമായിരുന്നു. സുധാമ്മയുടെ കാട്ടിലെ കറക്കമെല്ലാം ഇതോടെ അവസാനിക്കും എന്നു കരുതിയിരുന്നവരുടെ മുന്നിലേക്ക് കൂടുതൽ കരുത്തോടെ സുധാമ്മയെത്തി. കാൻസർ തന്നെ മോഡേണാക്കി എന്നാണ് സുധാമ്മയുടെ നിരീക്ഷണം. അതിൽ അൽപം കാര്യവുമുണ്ട്. 

കാൻസർ വരുത്തിയ മാറ്റങ്ങൾ

കാൻസർ ട്രീന്റ്മെന്റിനു ശേഷം ഞാൻ അൽപം ദുർബലയായി. ഒന്നു വീണ് കൈ ഒടിഞ്ഞു. പിന്നെ, ബ്ലൗസ് ഇടാൻ പറ്റാതെയായി. അതോടെ ചുരിദാറായി വേഷം. ഇട്ടു തുടങ്ങിയപ്പോൾ ഈ വേഷത്തിന്റെ സൗകര്യം മനസിലായി. ഒരു ആന ഓടിക്കാൻ വന്നാലും ഓടാം. മുൻപൊക്കെ സാരി മാത്രമേ ഞാൻ ധരിക്കാറുണ്ടായിരുന്നുള്ളൂ. സാരി പൊക്കിക്കുത്തി നടക്കുന്ന ആളെന്ന രീതിയിലാണ് പലരും എന്നെ തിരിച്ചറിഞ്ഞിരുന്നതു തന്നെ. പക്ഷേ, ഇപ്പോൾ മാറി. ചുരിദാറാണ് സൗകര്യം. കാൻസർ ഇങ്ങനെ ചില മാറ്റങ്ങളാണ് ജീവിതത്തിൽ വരുത്തിയത്. പിന്നെ, ഇപ്പോഴാണ് എനിക്ക് ജീവിക്കാൻ കൊതി തോന്നുന്നത്. സമയം കുറഞ്ഞല്ലോ എന്നൊരു തോന്നലാണ്. ഒരുപാടു കാര്യങ്ങൾ ഇനിയും ചെയ്യാനുണ്ട്. മരിക്കാന്‍ എനിക്കു മനസില്ല. 

ഭയക്കേണ്ടത് കാടിനെയല്ല, മനുഷ്യരെ

കാടെന്നു പറഞ്ഞാൽ എനിക്ക് അമ്പലമാണ്. കാട് എന്റെ പുണ്യമാണ്. അതിനെ ഒരിക്കലും ഞാൻ ഭയപ്പെടുന്നില്ല. കാടിനെയല്ല, മനുഷ്യരെയാണ് ഭയപ്പെടേണ്ടത്. ഈ കാടിനെ മനസിലാക്കിയാൽ മതി. ഒരൊറ്റ പക്ഷി പോലും ആരെയും ഉപദ്രവിക്കുന്നില്ല. ഒരു മരക്കൊമ്പിൽ പല തരത്തിലുള്ള പക്ഷികൾ ഇരിക്കുന്നു. അവർ ഒരുമിച്ചു ഭക്ഷണം കഴിക്കുന്നു. പോകുന്നു. കാട്ടിലേക്ക് ആരുടെ കൂടെയും ഏതു സമയത്തു പോകാനും എനിക്ക് പേടിയില്ല. കാരണം, എനിക്ക് എന്നെ അറിയാം. കാട്ടിലേക്കു കയറുമ്പോൾ എന്റെ കൂടെ വരുന്നവരെ നിയന്ത്രിക്കുന്നത് ഞാനാണ്. ഞാൻ അവരെ തൊടും. അവർ എന്നെ തൊടില്ല. അനുവാദമില്ലാതെ വിദേശികൾ നമ്മുടെ ശരീരത്തിൽ തൊടില്ല. 

മാറ്റിയെഴുതേണ്ട ശീലങ്ങൾ

അടിച്ചു പൊളിച്ചു ചിരിക്കാൻ എനിക്കു വലിയ ഇഷ്ടമാണ്. ആരെ കണ്ടാലും ചിരിക്കും. കെട്ടിപ്പിടിക്കും. ചില കാര്യങ്ങൾ തിരുത്തിക്കുറിക്കാൻ വേണ്ടിയാണ് ഞാനിതു ചെയ്യുന്നത്. കാരണം, ഒരു സ്ത്രീ മറ്റുള്ളവരോട് ഇടപെഴകാൻ പാടില്ലെന്ന് പറഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. എന്നെ പലരും നോക്കിക്കൊണ്ടിരുന്നത് സംശയത്തിന്റെ കണ്ണോടെ ആയിരുന്നു. എനിക്ക് അത് ഇഷ്ടമല്ല. നേരെ മുഖത്തു നോക്കി സംസാരിക്കണം. എനിക്കു ശേഷം എത്ര വിധവകൾ ഈ കുട്ടമ്പുഴ പഞ്ചായത്തിലുണ്ടായി. ആർക്കും ഇപ്പോൾ പേടിക്കണ്ട. എന്റെ ഹീറോ ഞാൻ തന്നെയാണ്. മുപ്പതു വർഷത്തിൽ ഞാനൊരുപാടു മാറിപ്പോയി. പണ്ട് ഞാൻ സാധാരണ വീട്ടമ്മ മാത്രമായിരുന്നു. ഇപ്പോൾ ഞാൻ വ്യത്യസ്തയാണ്. പലർക്കും മാതൃകയും പ്രചാദനവുമാണെന്നാണ് എന്റെ വിശ്വാസം. കൂടാതെ. ആരും വനിതാ ഗൈഡുകളെ കേരളത്തിൽ കണ്ടിട്ടില്ലെന്നു പറയുന്നു. എന്തുകൊണ്ട് സ്ത്രീകൾക്ക് ഈ ജോലി ചെയ്തുകൂടാ? നമ്മൾ ശ്രമിച്ചാൽ നടക്കാത്തതായി ഈ ലോകത്ത് ഒന്നുമില്ല. Impossible is nothing!

ഈ ഭൂമിയിൽ അസാധ്യമായത് ഒന്നുമില്ല. അക്കാര്യം ഇത്രയും ആത്മവിശ്വാസത്തോടെ പറയാൻ സുധാമ്മയ്ക്കല്ലാതെ മറ്റാർക്കു കഴിയും?!  

English Summary: Forest Guide Sudhamma's Life Story

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com